കോരന് ഭ്രാന്തരം നാട്ടില്‍ ജനിച്ചു. പണ്ട് നല്ല മൂളയുള്ള ആള്‍ക്കാര് വളര്‍ത്തി വലുതാക്കിയ നാടാണിത്. പിന്നെ സായിപ്പ് വന്നു ചവിട്ടി കൊളാക്കി. പിന്നെ നാട്ടു രാസാക്കന്മാര്‍ നാട് ഭരവിപ്പിച്ചു. ഒരഞ്ചെട്ടു കൊല്ലംമുമ്പ് ഭ്രാന്തരം നാട് അവിടത്തെ അങ്ങാടികള്‍ മുഴുവന്‍ Full Time ആയി തുറന്നു വച്ചു. വികസിക്കാന്‍... അത്തറു നാട്ടില്‍ നിന്നു മുമ്പ് വന്നിരുന്ന കാശ് തെല്ലൊന്ന് ശമിച്ച നേരമായിരുന്നു. അപ്പോഴാണ് ഭ്രാന്തരം നാടിന്റെ തലപ്പത്ത് കൊമ്പനായി മനുമോന്‍ കയറികൂടിയത്. അതിനുമുമ്പ് ഏതൊ ഒരു ഗമണ്ടന്‍ ബ്ലേഡ് കമ്പനിയുടെ (IMF) പലിശകണക്കപ്പിള്ളയായിരുന്നു മൂപ്പര്. പിന്നങ്ങോട്ട് ഭ്രാന്തരം ഒരു വികസിക്കലായിരുന്നു. വികസിച്ച് വികസിച്ച് പൊളിയുമെന്നു വരെ തോന്നി. എല്ലാ നരകങ്ങളിലും വണ്ടക്കന്‍ ബംഗ്ലാവുകള്‍ വരിവരിയായി പൊന്തിതുടങ്ങി. പക്ഷെ കേരളത്തില്‍ വികസിക്കന്‍ പറ്റാത്ത അവസ്ഥ. വളരെ വീതി കുറവല്ലേ? ഇതൊക്കെ നാട്ടില്‍ നടക്കുമ്പോള്‍, കോരന്‍ പക്ഷെ പണിയന്വേഷിച്ച് ഭ്രാന്തരത്തിന്റെ തെക്കുവടക്ക് അലയുകയായിരുന്നു. കാലം കുറെ കഴിഞ്ഞ് കോരന്‍ നാട്ടില്‍ വന്ന കാലം. എല്ലാവര്‍ക്കും നല്ല ജോലി കിട്ടുന്നു, നാടു വികസിക്കുന്നു, അവനും ലവനും ആയിട്ടിയില്‍( IT )യില്‍ ജോലി. കണക്കുപ്പെട്ടി (computer) പഠിച്ചവരെല്ലാവരും ആയിട്ടിയില്‍, നല്ല ശമ്പളം. എവിടെ നോക്കിയാലും ആയിട്ടിക്കുട്ടന്മാരും ആയിട്ടിക്കുട്ടിച്ചികളും സ്ലേറ്റില്‍ പോകുന്നു, ലന്തനിലും കോറോപ്പിലും പോകുന്നു, അമ്പതും അറുപതും മാസ ശമ്പളം. മൊത്തം ആകെ ഒരു വികസനം തന്നെ.
അപ്പോഴാണ് കോരനും ഒരു പൂതി കേറിയത്. കണക്കുപ്പെട്ടി പഠിക്ക്യാന്‍ തന്നെ തീരുമാനിച്ചു. പത്തിരുപത് കൊല്ലം മുമ്പ് സര്‍വ്വകൊലാശാല കഴുത്തു പിടിച്ച് ഉന്തിത്തള്ളി പൊറാത്താക്കിയതാണ് കോരനെ, "എവിട്യേങ്കിലും പോയി തൊലയടാ, ഇന്നാ നിന്റെ സര്‍ട്ടിഫിക്കറ്റ്, 35% പാസ്മാര്‍ക്കുംണ്ട്,you are passed out(away)..! get lost" എന്നും പറഞ്ഞ്. ഭാഗ്യത്തിന്, അകലിരിപ്പ് സമ്പ്രദായം (Distant Education) നാട്ടില്‍ സമൃദ്ധി. കോരന്‍ പഠിപ്പ് തുടങ്ങി. കോരന്റെ പെണ്ണിന് ഇതു പിടിച്ചില്ല. "കഷ്ടപ്പെട്ട് ഇണ്ടാക്‌ക്‍ണ കാശ് ഈ വയസ്സാന്‍കാലത്ത് ഇങ്ങനെ നശിപ്പിക്കണോ". പക്ഷെ കാലം കോരനൊത്തു കളിച്ചു. കോരന്‍ പാസ്സായി(ക്കി). Koran MCA. പെണ്ണിനല്‍ഫുതം. ആരാ..ധന... പിന്നെ ബംഗളൂരു വന്ന് ആയിട്ടിക്കമ്പനികളുടെ തെളങ്ങണ കൊട്ടാരങ്ങളുടെ പടിക്കല്‍ ചട്ടിയും പിടിച്ച് പാണ്ഡ്യത്ത സമ്പര്‍ക്കങ്ങള്‍! കൊല്ലം ഒന്നു കഴിഞ്ഞപ്പോള്‍ കുത്തുവലക്കാരനായി (.Net programer) ഒരു ചെറിയ ആയിട്ടിക്കമ്പനിയില്‍ ജോലി. കോരന്റെ വയസ്സു കണ്ടിട്ടാണോ അതോ പട്ടിണി കണ്ടിട്ടാണോ അതോ കുത്തുവലക്കാര്‍ കമ്പനിയില്‍ കൂടുതല്‍ ഉള്ളതുക്കൊണ്ടാണോ എന്നറിയില്ല, കോരനോട് ആയിട്ടി പറഞ്ഞു "നീ കമ്പനിയുടെ പത്തായപണിക്കാരനാണ് (Database Developer), പത്തായപുരയില്‍ വേറെ ആളില്ല". കോരന്‍ കോഴി കഞ്ചാവടിച്ച പോലെ അന്തംവിട്ട് എല്ലാം കേട്ടു. കമ്പനി മൊതലാളി തന്ന പേപ്പറില്‍ നോക്കിയപ്പൊള്‍ ...you will be working in the company in the capacity of a software engineer... ഞെട്ടി. താന്‍ ഒരു കാണാകുറിപ്പാശാരി(Software Engineer)!... ഉള്ളിലോതുക്കി, പേടി കയറി, ഇതു സത്യമാണോ! പശുവിനെ കറന്നും, പറമ്പ് കെളച്ചും, സദ്ദാം കുവൈത്തു പിടിച്ച് കക്ഷത്തിലൊതുക്കിയ കാലത്ത് ചോന്ന കോട്ടിട്ട് ബോംബയിലെ ഹോട്ടലില്‍ വൈറ്റററായി ഞെരങ്ങി നടന്നതും ഓര്‍ത്തുപോയി. നാട്ടില്‍ ചെന്ന് പെണ്ണിന്റെടുത്ത് കൂരിനെഞ്ച് വിരിച്ച് ഈ വിശേഷം പങ്കിടുമ്പോഴും കോരന്റേയും പെണ്ണിന്റേയും ഉള്ളുപെടഞ്ഞു... ഇതു സത്യാണോ!
പക്ഷേ, ആയിട്ടികുട്ട്യോളുടെ പുത്തിയല്ലലോ കാലത്തിന്റെ... പിന്നെ കോരന്റെയും!
കോരന്‍ കണക്കുപ്പെട്ടി തുറന്ന് പത്തായപ്പെട്ടിയിലേക്ക് എങ്ങനെ കടക്കാം എന്നു ഒരു ആയിട്ടിക്കാരനോടു ചോദിച്ചു മനസ്സിലാക്കി. പത്തായപ്പെട്ടി മുഴുവന്‍ വിവരങ്ങളും വിവരകഷ്ണങ്ങളുമാണ്(Information and Data, you know?). ഈ വിവരങ്ങളും വിവരകഷ്ണങ്ങളും അരിച്ചു പറുക്കലും (analysis), ആവശ്യമില്ലാത്തത് പുറത്തേക്ക് ചേറി കളയലും(delete), പുതിയ വിവരകഷ്ണങ്ങള്‍ ശുത്തം വരുത്തി അറയിലേക്ക് കോരിയിടലും(insert), ഉള്ള വിവരങ്ങളെ ഇടക്ക് പുറത്തേക്ക് എടുത്ത് കാറ്റും വെയിലും കൊള്ളിച്ച് പുതുക്കലും(update), പത്തായപ്പെട്ടിക്ക് വരുന്ന കേടുപാടുകള്‍ നേരാനേരത്തിന് കണ്ടുപിടിച്ച് ശരിപ്പെടുത്തലും, ഇടയ്ക്ക് കയറി വരുന്ന എലി,മൂട്ടാതികളെ തുരത്തലും (trouble shooting, maintenance and bug fixing, you got me?) ഒക്കെയാണ് കോരന്റെ പണി. ഈ പണിയൊക്കെ ചെയ്യാന്‍ പാകത്തില്‍ കോരന്റെ തലേലെ മസ്സില്‍ വളര്‍ന്നിട്ടില്ലായിരുന്നു. ശോഷിച്ച കൈകാലുകളുടെ അതേ അവസ്ഥ തന്നെ തലേലും. പോരാത്തതിന് കണക്കുപ്പെട്ടിയിലൂടെ പത്തായപ്പെട്ടിയില്‍ കയറി പണിയെടുക്കാന്‍ ആവശ്യമുള്ള കുറിപ്പടി(code)യുടെ അന്തമില്ലാത്ത കടലും അതില്‍ കിടന്നലയ്ക്കുന്ന Englisഷും കോരനെ വലച്ചു. അകലിരിപ്പ് സമ്പ്രദായത്തില്‍ പഠിച്ച കാരണം കോരന് കണക്കുപ്പെട്ടിയുമായി അത്ര നല്ല വഴക്കവും ഇല്ലായിരുന്നു.
മഴ പെയതു,മഞ്ഞു വീണു,വേനല് വന്നു... നേരം കോരന്റൊപ്പം കുതിച്ചു പാഞ്ഞു. കോരന്റെ തലയിലെ മൂള പുതുമഴകൊണ്ട പാടത്തെ പുല്ലുപോലെ മെല്ലെ മുളപൊട്ടി പച്ചിച്ചു. അധികം വൈകാതെ ഒരു ദിവസം വിപ്രാണി എന്ന ആയിട്ടി കൊപ്രയാട്ട് കമ്പനിയില്‍ നിന്ന് കോരന്റെ കൊണ്ടുനടക്കിയിലേയ്ക്ക് ഒരു ഫോണ്‍. Are you looking for a job change? ഞെട്ടി. ആയിട്ടിയില്‍ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഞെട്ടല്‍. ഞെട്ടല്‍ മറച്ച് കോരന്‍ മൊഴിഞ്ഞു. yaaaa... ഭ്രാന്തരത്തിലെ വളരേ വിശേഷപ്പെട്ട രണ്ട് കമ്പനികളാണ് വിപ്രാണിയും ഇമ്പോച്ചിയും. ഞെട്ടാനുള്ള കാരണവും ഇതുതന്നെ. സ്വപ്നം കണ്ടതിലും വലിയ ശമ്പളം, ബന്ധുക്കളുടെയിടയില്‍ പേര്... കോരന്റെ ഉള്ളു തുടുത്തു, പെണ്ണ് പരിഭ്രമിച്ചു, ഒപ്പം കോരനും. കാരണം, ഈ ആയിട്ടിയെ അത്രക്ക് വിശ്വസിക്കാന്‍ കോരന് പേടി. പോരാത്തതിന് അള്ളാക്കറിയാം പള്ളീലെ കാര്യം എന്ന് പറഞ്ഞപോലെ കോരനറിയാം തലേലെ കുറിപ്പടിയുടെ ദാരിദ്ര്യം.
പേപ്പറായ പേപ്പറിലെല്ലാം അന്നൊക്കെ ഭ്രാന്തരത്തിന്റെ ആയിട്ടി പാഞ്ഞുകയറ്റം വാര്‍ത്തയായിരുന്നു, ഭ്രാന്തരത്തിന്റെ കുന്തമുന(സെക്സുമായി ബന്ധപ്പെട്ട എന്തോ ഒരു സെന്‍സ് ആണ് എന്ന് കോരനറിയാം) ഒരുനാള്‍ 21000 ഒക്കെ മുട്ടിയത്രേ! നാട്ടിലെ ആയിട്ടികുട്ടികള്‍ ചെന്നയിലും ബംഗളൂരിലും ഭൂമിയിലാകെയും പുളച്ചുകയറി, അടിച്ചുപ്പൊളിച്ചു, യാഗങ്ങളിലും തര്‍ക്കങ്ങളിലും പങ്കെടുത്തു, ചന്ദനത്തിരിയും കുന്തിരിക്കവും വയറ്റിലെ ഗ്യാസും പുകച്ചു. മടിപ്പെട്ടി(laptop) തോളത്തിട്ട് ട്രെയിനിലും, വോള്‍വോയിലും yaa yaa കുരച്ച് വഴിവക്കിലെ പട്ടിണിപാവങ്ങളെ ഉണര്‍ത്തി, തകര്‍ത്താടി, ഊശാന്താടി ഉഴിഞ്ഞു. കാതടച്ച് വള്ളി തൂക്കി പാട്ടുമൂളി, സെന്‍, സ്കോര്‍പിയൊ, i10,i20 വാങ്ങിച്ചുകൂട്ടി, ലീവൈസിന്റെ വാലറ്റത്തില്‍ (പേഴ്സ് എന്ന് മലയാലം,you know?) പത്തിരുപത് credit പാത്തികള്‍ തിരുകി കയറ്റി, ഒപ്പം കാശുക്കൊട്ടയില്‍നിന്ന് കാശ് കൈയിട്ടുവാരാന്‍ debit പാത്തികളും... വികസിച്ചു. ഭ്രാന്തരം വികസിച്ചു. ഇതെല്ലാം കണ്ട് കോരന്‍ ഒന്നു വിയര്‍ത്തു.
ആയിട്ടികള്‍ ചാറ്റി തുടങ്ങി, യാഹുവില്‍. നാടു വികസിക്കാത്തതിന്റെ കാരണങ്ങളും അവര്‍ ചീറ്റി വച്ചു, ഓര്‍ക്കുട്ടയില്‍. ഭ്രാന്തരത്തിന്റെ അഭിമാന നായ മനുമോന്‍ മുലകുടിച്ചത് തൊട്ട് കൊമ്പത്ത് കയറിയതു വരെ എപ്പോഴും ഫസ്റ്റടിച്ചതിന്റെ പഞ്ചാംഗം ആയിട്ടികള്‍ ഈ-ക്കത്തിലൂടെ കൈമാറി. മൂന്നാം ക്ലാസ്സുമുതല്‍ 10-ആം ക്ലാസ്സുവരെ കണക്കിലും engളീഷിലും 0,1,2,3 എന്നീ strike ratuള്ള കോരന് ഇതൊന്നും അത്ര ദഹിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ മാന്തികള്‍ക്ക് (mind you, they are Ministers) ആയിട്ടികളുടെ സങ്കടങ്ങള്‍ ignoറിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. പോരാത്തതിന്, ചാന്ദിയും കോന്നിത്തലയും ഇടതു കക്ഷത്തില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു..."വികസനം പോരാ, പോരാ, ഇടതു കക്ഷം, വികസന വിരോധി..." അവസാനം രക്ഷയില്ലാതെ ഇളയമരം അണികളോട് ആക്ക്രോശിച്ചു. "നമ്മള്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ 'വ്യപിചരിക്കാന്‍' അവസരം നല്‍കണം, മരം മുറിച്ചായാലും അവര്‍ക്ക് കുടിലുക്കെട്ടികൊടുക്കണം, തെങ്ങിന്റെ മുകളില്‍ 'വ്യപിചരിക്കാന്‍' പറ്റുമോ? നിങ്ങള്‍ പറയൂ.". അങ്ങനെ ഇടത് കക്ഷം മാന്താന്‍ തുടങ്ങി, മല, മണ്ണ്, കുളം എല്ലാം. അങ്ങനെ വികസനത്തിനുവേണ്ടി കേരളം കാത്തുകിടന്നു. പക്ഷേ കടുത്ത വേനലുപോലെ ലോകമാന്ദ്യം കേരളത്തിനേയും പൊതിഞ്ഞു.
ഇതിനിടെ, കൊപ്രയാട്ട് കമ്പനിയിലെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ട് കോരന്‍ വിപ്രാണി വിട്ട് വേറൊരു പല-നാട് കമ്പനിയിലേക്ക്(MNC) ചാടി. ഭാഗ്യത്തിന് അത് നന്നായി. കാരണം, വിപ്രാണിയും ഇമ്പോച്ചിയും പോലുള്ള പല കമ്പനികളും ആയിട്ടികുട്ടന്മാരോടും ആയിട്ടികുട്ടിച്ചികളോടും വീട്ടില്‍ പോയി വിശ്രമിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം എന്നു പറഞ്ഞ് ഓല കൊടുത്തുകൊണ്ടിരുന്നു. ഒരു ഓല കോരന് ഉറപ്പായിരുന്നു. ചാടിയതുകൊണ്ട് ആ ഓല ഒഴിവായിക്കിട്ടി.
കോരന്‍ പെണ്ണിനെ നാട്ടില്‍ വിട്ട് നാലഞ്ച് ചെറുപ്പക്കാരുടെ കൂടെയായിരുന്നു പൊറുതി. ആട്ടവും കൂടിയാട്ടവും പതിവ്, വെപ്പും തീനും ഉണ്ട്. സഹമുറിയന്മാര്‍ക്ക് ജോലി ഇമ്പോച്ചിയിലും വിപ്രാണിയിലുമൊക്കെയാണ്. പക്ഷേ പാത്രം കഴുകല്‍, ചവറ്(തീറ്റബാക്കിയും മറ്റ് ചപ്പ്‌ചവറുകള്‍) കളയല്‍ എന്നിവ ഒരു പട്ടികജാതി/പട്ടികവര്‍ഗ്ഗ പണിയായി സഹമുറിയര്‍ കാണുന്നത് കോര്‍ന് മനസിലാക്കാന്‍ പറ്റിയില്ല. തീറ്റബാക്കി നാലഞ്ച് ദിവസം കഴിഞ്ഞ് മുറിയില്‍ ചീഞ്ഞ്‌നാറിയാലും, "ക്രൂരത"(brute), "മഴു"(axe) തുടങ്ങിയ സെന്റുകള്‍ കക്ഷങ്ങളില്‍ തൂറ്റിച്ചും, തേച്ചുമിനിപ്പിച്ച കുപ്പായങ്ങളുമിട്ട് അവര്‍ നടക്കും. ഒരു ആയിട്ടികുട്ടന്‍ ചവറു എടുത്ത് കളയുന്നത് അവര്‍ക്ക് ഓര്‍ക്കാനേ കഴിയില്ല. കുറേയൊക്കെ കോരന്‍ സഹിച്ചു. ഒരു ദിവസം, ക്ഷമകെട്ട് ഒരുത്തനെ പിടിച്ച് "അടിച്ച് തൂപ്പെറക്കി". അതില്‍ ക്ഷോഭിച്ച് അവന്‍ പത്തിരുപത് ഓണമധികമുണ്ട കോരനോട് കയര്‍ക്കുകയും തീറ്റമതിയാക്കുകയും ചെയ്തു. അവനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പെട്ടെന്ന് അവന്‍ ഒരിക്കല്‍ അയച്ചുത്തന്ന ഈ-ക്കത്ത് കോരന്‍ ഓര്‍ത്തു. അതിന്റെ അവസാനത്തില്‍ അവന്‍ കുറിച്ചിട്ട അവന്റെ അടയാളം.
Regards,
Knaa K Kma,
ഇമ്പോച്ചി DBA.
ഒന്നോ രണ്ടു കൊല്ലമായി ഇമ്പോച്ചിയില്‍ ജോലി ചെയ്തത ഇവന്‍ ഒരു DBA ആയതിന്റെ കനം അഞ്ചാറു കൊല്ലമായി ആയിട്ടിയില്‍ ജോലി ചെയ്തിട്ടുള്ള കോരന്‍ ഇനി എന്നാണ് മനസ്സിലാക്കുക?
3/26/2010
ഇമ്പോച്ചി ഡീബിയെ
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 8:38 AM 2 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
3/24/2010
സ്വര്‍ണവും മോഹന്‍ലാലും
സ്വര്‍ണവും മദ്യവും എങ്ങിനെ കേരളത്തിന്റെ ശാപമായി മാറി എന്നത് ഒരു അന്വേഷകനെ വിട്ടുകൊടുത്താല്‍, നമ്മുക്ക് മുന്നില്‍ ബാക്കിയാവുന്നത് അതിന്റെ ക്രൂരതകളും ഇരകളും കണ്ടുംകൊണ്ടും ന്‍ല്‍ക്കുന്ന നമ്മുടെ കലമ്പലുകളുമാണ്. മോഹന്‍ലാലിന്റെ സ്വര്‍ണ പരസ്യത്തിനെതിരെ സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍ ഒരു കച്ചവടക്കാരന് അവകാശമുള്ള ചെയ്തികളിന്മേലുള്ള കടന്നുകയറ്റമായി നമ്മുടെ യുവത്ത്വവും സിനിമയെ നെഞ്ചേറ്റിയ സാധാരണക്കാരും മുറുമുറുത്തപ്പോള്‍, മദ്യത്തിനെതിരെ എല്ലാവര്‍ക്കും ഒരേ മൗനസമ്മാതമായിരുന്നു, കലമ്പലുകളില്ലാതെ. മദ്യമെന്ന ദുര്‍വ്യാധിക്കെതിരെ മനംനൊന്ത് എല്ലാവരും ഉരുകി. കാരണം എന്താ? കുടുംബങ്ങള്‍ തകരുന്നു, ജീവിതങ്ങള്‍ തകരുന്നു.
ഛാരായത്തിന്റെ പരസ്യത്തില്‍ സ്വര്‍ണപരസ്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയൊടെ മോഹന്‍ലാല്‍ തകര്‍ത്താടിയിരുന്നെങ്കില്‍, ഇതേ ജനം ലാലിനേയും പരസ്യത്തേയും തീക്കൊളുത്തുമായിരുന്നു... എന്താ സ്വര്‍ണം പാവനമാണോ? കേരളത്തില്‍ സ്വര്‍ണം സമാധാനത്തിന്റെയും ശാന്തിയുടെയും അമ്മരൂപമാണോ? കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലക്കണ്ണിയാണോ?
സ്വര്‍ണം പരിശുദ്ധിയുടെയും ഛാരായം അശുദ്ധിയുടെയും രൂപങ്ങളായതുകൊണ്ടാണോ നമ്മള്‍ ഇങ്ങനെ പെരുമാറുന്നത്? അല്ല എന്ന് പറയാന്‍ മനസ്സ് വെമ്പുന്നു.
ഇന്ന് കേരളത്തില്‍, സ്ത്രീക്ക് സ്വര്‍ണവും പുരുഷന് മദ്യവും ലഹരിയാണ്, അര്‍ബുദംപോലെ വളര്‍ന്ന് തലചോറ് കാര്‍ന്ന് തിന്നുന്ന ലഹരി. എല്ലാ പുരുഷനും സ്ത്രീക്കും ഇതു ബാധിക്കുന്നില്ല. ആര്‍ക്ക് എങ്ങിനെ ഇതു ബാധിക്കുന്നു എന്നത് കേരളത്തിന്റെ ഒരു പ്രശ്നമാണ്. മറ്റൊരു ദേശത്ത് മറ്റ് സാധനങ്ങളോ പ്രവര്‍ത്തിയോ ആയിരിക്കാം അവരുടെ അര്‍ബുദം. ഒരു പക്ഷേ അര്‍ബുദം ബാധിക്കാത്ത ഒരു ദേശവും ഉണ്ടായിരിക്കാം. വീണു ചതഞ്ഞ ഒരു പഴം കൊട്ടയിലുള്ള മറ്റ് പഴങ്ങളെ പുഴുക്കുത്തേല്‍പ്പിക്കുന്നതുപോലെ, ചീഞ്ഞഴുകിയ ഒരു സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ ഈ ലഹരി ഇന്നും നമ്മില്‍ പലരേയും ബാധിക്കുന്നു, നമ്മുടെ കേരളത്തില്‍.
ഇതില്‍ ഏതു ലഹരിയാണ് മാന്യമായത്? കുഴഞ്ഞാടി തെറിയും അക്രമവും ശര്‍ദ്ദിക്കുന്ന മദ്യലഹരിയോ, വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണചങ്ങലയില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചും സ്റ്റൗ പോട്ടിത്തെറിപ്പിച്ചും മച്ചിയാക്കിയും തെരുവിലെറിയുന്ന സ്വര്‍ണലഹരിയോ? നമ്മള്‍ തിരഞ്ഞെടുത്തു...സ്വര്‍ണലഹരി. നമ്മുക്കിന്ന് ഈ ലഹരി കണ്മണിയാണ്, അരുമയാണ്, പ്രമാണിത്തമാണ്. കാരണം...?
കാരണം, മദ്യലഹരി ലക്കില്ലാത്ത ആണ്‍കോയ്മയുടെ പരസ്യമായ തളര്‍ന്നുവീഴലാണ്, മറിച്ച് പെണ്ണിന്റെ രഹസ്യമായ പ്രതികാരത്തിന്റെ സ്വകാര്യതയാണ് സ്വര്‍ണലഹരി. അതുകൊണ്ട് പെണ്ണിനുമുമ്പില്‍ ആണാവാന്‍ ബലക്കുറവുള്ള പുരുഷന് ഇതിലും നല്ല ലഹരി വേറെയുണ്ടോ? അതുകൊണ്ടല്ലേ ഇന്നത്തെ 70% റ്റീവീ പരസ്യങ്ങളില്‍ സ്വര്‍ണലഹരി നുരഞ്ഞ്‌പൊന്തുന്നത്? സിനിമാനടന്മാര്‍ ആണത്തമില്ലാത്ത ചിരിയുമായി സ്വര്‍ണലഹരി വില്‍ക്കുന്നത്?
എന്തിനീ അരികുചേരല്‍? സ്വര്‍ണലഹരിപോലെ മദ്യലഹരിയും നിങ്ങള്‍ പരസ്യമാക്കണം, ആകര്‍ഷകമാക്കണം. എങ്കിലേ നമ്മള്‍ നമ്മളാകൂ, സത്യസന്ധരാകൂ. ചര്‍ച്ചകളില്‍, ഛാരായത്തിന്റെ നാറ്റം അസഹ്യമാണെങ്കില്‍, പൊന്നിന്റെ വിഷം എന്തുകൊണ്ട് ഭീഭത്സമായിക്കൂടാ? പുരുഷന്റെ ലഹരി മാന്യമാക്കാത്തവര്‍, എന്തിന് സ്ത്രീയുടെ ലഹരി മാന്യമാക്കുന്നു?
പരസ്യമായ തളര്‍ച്ചയേക്കാള്‍, രഹസ്യമായ ക്രൂരതയാണ് മാന്യമെന്ന നമ്മുടെ മനോരോഗം ഇനിയും നാം പേറണോ?
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 11:42 AM 0 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
4/08/2008
വെടിപ്പാക്കല്‍
പറമ്പിലാകെ ചുറ്റിനടന്ന്
തോന്നലുകള്‍ എല്ലാം വലിച്ചുകൂട്ടി
ഉണങ്ങിക്കരിഞ്ഞ കോഞ്ഞാട്ടകൊണ്ടു തീ കൊടുത്തു.
തോന്നലുകള്‍ കത്തികാളുന്നത് കണ്ടപ്പോള്‍
അവയുടെ നാളങ്ങള്‍, ചൂട് എല്ലാം തകര്‍പ്പനായിരുന്നു.
പിന്നെ, ഒന്നും സംഭവിക്കാത്തതു പോലെ, തെങ്ങിന്റെ കട
കത്തിയമര്‍ന്ന വെണ്ണീറേറ്റുവാങ്ങി,
പഴയപോലെ ഒരേ തേങ്ങകളുണ്ടാക്കാന്‍.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 12:06 PM 0 മറുമൊഴികള്‍
പട്ടിക : വരികള്‍
1/16/2008
പേടി
അനീതിയും അക്രമങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,
കപ്പയും പോത്തിറച്ചിയും തിന്നു
കുറച്ചു ദൂരം ഞങ്ങള്‍ ഒന്നിച്ച് നടന്നു.
പിന്നെ അവന്‍ കാശ് കുത്തിയൊഴുകുന്ന ഓടയിലേക്ക്
മറിഞ്ഞു വീണു
പുറത്ത് അപ്പോള്‍,
ചര്‍ച്ച ചെയ്ത അക്രമങ്ങളും അനീതിയും
തിന്ന കപ്പയും പോത്തിറച്ചിയും
എനിക്ക് ഒറ്റപെടലിന്റെ പേടി കാട്ടിത്തന്നു.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 8:08 PM 4 മറുമൊഴികള്‍
പട്ടിക : വരികള്‍
1/04/2008
ഇംഗ്ലീഷ് നായാട്ട് by മത്തായി
കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഉത്തരകടലാസ്സ് നോക്കുന്ന ഗുരുക്കന്മാര്‍ എന്നും കരയും. മൊഴിഭംഗിക്കും, മൊഴികളുടെ ശരിയായ പ്രയോഗത്തിനും തെറ്റാത്ത അക്ഷരങ്ങള്‍ക്കും കൊടുക്കേണ്ട മാര്‍ക്കുകള്‍...പട്ടിണി താണ്ഡവമാടുന്ന എത്യോപിയ ഉത്തരകടലാസില്‍... നൂറില്‍ രണ്ടോ മൂന്നോ മിടുക്കന്മാര്‍ പഠിച്ചെഴുതും, അറുപതോ എഴുപതോ പേര്‍ എയ്ഡ്‌സ് (AIDS)പരക്കുന്ന വേഗത്തില്‍ അവരെ പകര്‍ത്തും, ശേഷിക്കുന്ന ഇരുകാലികളുടെ ഉത്തരകടലാസ്സ് കണ്ട് ഉള്ളുനൊന്ത് കരയുന്ന മാഷ്‌ന്മാരെ കണ്ട് മത്തായിയുടെ ഉള്ളും നോവും. ഈ അവസാനത്തെ ഇരുകാലികളുടെ കൂട്ടത്തിലാണ് മത്തായി. വീട്ടിലെ പട്ടിണിയും, ചൂരലിന്റെ ചൂടും കാരണം മിടുക്കനായില്ല, ധൈര്യമില്ലാത്തതിനാല്‍ പകര്‍പ്പ്‌തന്ത്രം അറിഞ്ഞില്ല. ശോഷിച്ചു വരണ്ട അവന്റെ തലയില്‍ വീണ അറിവോ, തീയില്‍ വീണ പേപ്പറുപോലെ കത്തിചുരുങ്ങി.
മത്തായിക്കറിയാം is ന്റെ ഭൂതകാല രൂപമാണ് was, are ന്റെ were, has ന്റെ had, my name is matthaayi എന്നാല്‍ "എന്റെ പേര് മത്തായി" എന്നൊക്കെ. പക്ഷേ, is ഉം was ഉം എവിടെ വീശണമെന്നോ, has ഉം had ഉം വച്ച് ഒരു വരി തന്റേതായി വാര്‍ക്കാനോ കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ആ പാവത്തിനറിയില്ല. പരാതിയുമില്ല. കൂട്ടത്തില്‍ കൂടുന്ന കൂട്ടുക്കാര്‍ക്കും മറിച്ചൊരവസ്ഥയില്ലാത്തതിനാല്‍ അവന്‍ അപ്പോഴെല്ലാം ശാന്തനുമായിരുന്നു. തന്റെ അയല്‍ക്കാരുടെ മുന്‍പില്‍ "ഞനൊരു ഡിഗ്രിക്കാരന്‍" എന്ന് പറഞ്ഞ് നെഞ്ചുയര്‍ത്താന്‍ മോഹിക്കുമ്പോഴെല്ലാം ആരോ മണ്ടക്ക് മേടുന്ന പോലൊരു തോന്നല്‍ പൊന്തിവരും. "ഇതാണോ ഡിഗ്രി? ലോകത്തിലെ ബാക്കി ഡിഗ്രിക്കാരൊക്കെ എന്നെപോലെ തന്നെയാണോ?" പിന്നെ സ്വയം ആശ്വസിക്കും "അവരും എന്നെപോലെ തന്ന്യാവും ലേ"
ഈ ക്രമസമാധാനം തകര്‍ന്നു, കൊച്ചേട്ടന്‍ പേര്‍ഷ്യേന്ന് വന്നപ്പോള്‍. കൊച്ചേട്ടന്‍ അയലത്തുള്ള അഞ്ചുമക്കളുടെ അച്ചന്‍, കൂലിപണിക്കാരന്‍, രണ്ടുകൊല്ലംമുന്‍പ് പേര്‍ഷ്യക്ക് പോയിരുന്നു. വന്നപ്പോള്‍ നാഷ്‌ണല്‍ പനസോണിക്കിന്റെ ടേപ്പ് റെക്കോടും, ലേലാമു ലേലാ, കുര്‍ബാനി കുര്‍ബാനി എന്നൊക്കെ പാടുന്ന കേസ്സറ്റും, പിന്നെ എത്ര വലിച്ചുകെട്ടിയാലും അരയിലൊറക്കാത്ത പച്ചയും കറുപ്പും വരയുള്ള കള്ളിലുങ്കിയും കൊണ്ടുവന്നു.
ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്റെ ഒരു മോന്‍ മത്തായിയോട് വീട്ടിലേക്ക് വരാന്‍ അച്ചന്‍ പറഞ്ഞൂന്നും പറഞ്ഞ് കൂട്ടികൊണ്ടുപോയി. ഡിഗ്രി പാസ്സായതിന്റെ മധുരം മാറാത്ത കാലം. ആ ചുറ്റുപാടിലെ ആകെയുള്ള മൂന്ന് ഡിഗ്രിക്കാരില്‍ ഒരാളാണ് താനെന്നൊരഹംഭാവം ഒരു തരിപോലും കാണിക്കാതെ മത്തായി, പേര്‍ഷ്യക്കാശിന്റെ തണ്ട് കാണിക്കാതെ, അഭിമാനത്തൊടെ ചിരിച്ചുക്കൊണ്ട് കൊച്ചേട്ടന്‍. ഉമ്മറത്ത് കയറി ഇരിക്കാന്‍ പറഞ്ഞ് കൊച്ചേട്ടന്‍ തുടങ്ങി.
"നമ്മടെ നാട്ടിലൊരു ചെക്കന്‍ ഡിഗ്രി പാസ്സായീണ്ടേന്ന് ഞാനിപ്പ്‌ളാണ്ടോ അറിഞ്ഞത്. മത്തായിക്ക് ഇംഗ്ലീഷറിയാലോ." മത്തായി ഒന്നമര്‍ന്നിരുന്നു. ചിരി മാറി. തിരക്കില്ലാത്ത നാട്ടിലെ വെട്ടോഴിയില്‍ സൈക്കിള്‍ ചവിട്ടിപഠിക്കുമ്പോള്‍ ഒന്നരയുടെ ബാലകൃഷ്ണ എതിരേ വരുമ്പോഴുണ്ടാകുന്ന ഒരു വെപ്രാളം മത്തായിയുടെ ഉള്ളില്‍ പുകഞ്ഞുതുടങ്ങി.
കൊച്ചേട്ടന്‍ പറഞ്ഞു, "എന്റെ വിസ അടുത്ത രണ്ടാന്തീ തീരും. അതിന്‌മുമ്പ് അടുത്ത വിസ അയച്ചു തരണമ്ന്ന് എന്റെ പുത്യേ അറബാബിന് ഒരു കത്തെഴുതണം. ഇതണ് മൂപ്പര്‌ടെ വിലാസം".
ഒരു തുണ്ടു കടലാസ് തന്റെ മനസമാധാനം തകര്‍ക്കുന്നത് മത്തായി അറിഞ്ഞു. എല്ലാം കേട്ട് "ഞാന്‍ ശരിയാക്കി തരാം" എന്ന ഭാവത്തില്‍ മത്തായി തല താഴ്ത്തി അധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ പടിയിറങ്ങി.
ജോലി കിട്ടാന്‍വേണ്ടിയുള്ള അപേക്ഷ, അവധിയെടുക്കാനുള്ള അപേക്ഷ, ഇതു രണ്ടിന്റേയും ഒരു പകര്‍പ്പാണ് മത്തായിക്ക് പയറ്റാനുള്ള ആകെയുള്ള ആയുധം. വീടിന്റെ തിണ്ണപ്പുറത്തിരുന്ന് പഴയ ഇംഗ്ലീഷ് നോട്ട്‌ബുക്കിന്റെ ഏടുകള്‍ മറിച്ച് മത്തായി പുറംലോകമെന്തെന്നറിയാതെ പണിതുടങ്ങി. രണ്ടില്‍നിന്നും വാക്കുകള്‍ മുറിച്ചെടുത്ത് അറബാബിനുള്ള കത്ത് ശരിയാക്കി. എത്ര വായിച്ചാലും, മഠത്തില്‍നിന്ന് കിട്ടുന്ന പാവങ്ങള്‍ക്കുള്ള (മത്തായിയുടെ കൂട്ടം) അമേരിക്കന്‍ ഉപ്പുമാവ് തിന്നുമ്പോഴുള്ള അവസ്ഥ-കല്ലുകടി. കൊച്ചേട്ടന് ഇംഗ്ലീഷ് അറിയില്ല എന്ന ഒരു മനസമാധാനത്തോടെ കത്ത് കൊടുത്തു.
ആ കത്തിന്റെ പിന്നീടുള്ള അവസ്ഥയോ, തുടര്‍നടപടികളേകുറിച്ചോ ഒന്നും മത്തായി അന്വേഷിക്കാന്‍ പോയില്ല. കൊച്ചേട്ടന്‍ വീണ്ടും പേര്‍ഷ്യക്ക് പോയീന്ന്മാത്രം മത്തായിക്കറിയാം. പക്ഷേ അന്ന് മത്തായി തീരുമാനിച്ചു. "ഞാന്‍ ഇംഗ്ലീഷ് പഠിക്കും, ഛേ നാണക്കേട്"
അങ്ങനെ ഇംഗ്ലീഷിനായുള്ള നായാട്ട് മത്തായി തുടങ്ങി, ഒരു ചെറിയ വ്യാകരണ പുസ്തകത്തിലൂടെ. എല്ലാ വാചകങ്ങള്‍ക്കും ഒരു നേരമുണ്ട് (tense). ഈ നേരങ്ങള്‍ മൂന്നാണ്, ഭൂതം, വര്‍ത്തമാനം, ഭാവി. ഈ ഒരോ നേരങ്ങള്‍ക്കും നാലു ചെറുനേരങ്ങളുണ്ട്. ഭൂതത്തിന്റെ ചെറുനേരങ്ങള്‍: simple past-ചെറുഭൂതം, past continuous-തുടര്‍ച്ചഭൂതം, past perfect-തികഞ്ഞഭൂതം, past perfect continuous-തികഞ്ഞ തുടര്‍ച്ചഭൂതം. അതുപോലെതന്നെ വര്‍ത്തമാനത്തിനും, ഭാവിക്കും നാലുവീതം ചെറുനേരങ്ങള്‍. മൊത്തം പന്ത്രണ്ട് ചെറുനേരങ്ങളില്‍ ഇംഗ്ലീഷ് വിലസിക്കുന്നു. മത്തായിയുടെ മണ്ട ഈ അറിവുകള്‍ മൊത്തിക്കുടിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉള്ളിലുറപ്പിച്ചു. വീണ്ടും പഠിച്ചു. ഓരോ ചെറുനേരത്തിന്റേയും കോലം നന്നായി നോക്കിക്കണ്ട് നെഞ്ചിലുറപ്പിച്ചു. നേരങ്ങള്‍ മാറുമ്പോള്‍ ചെയ്‌ത്തങ്ങള്‍(verbs)ക്കുണ്ടാകുന്ന മാറ്റങ്ങളും നോക്കിവച്ചു. ഉദാഹരണത്തിന്, ഭൂതത്തിന്റെ നാലുചെറുനേരങ്ങള്‍:
Raman went home:- simple past
Raman was going home:- past continuous
Raman had gone home:- past perfect
Raman had been going home:- past perfect continuous
ഹാ... ഇതുപോലെ ബാക്കി നാലും നാലും എട്ട് ചെറുനേരങ്ങളും പഠിച്ചു.
ചുരുക്കി പറഞ്ഞാല്‍, is/am/are, was/were, will be/shall be കഴിഞ്ഞാല്‍ ing ചെയ്‌ത്തങ്ങള്‍ വരുന്നത് കാണാം. അവ തുടര്‍ച്ചകളില്‍ പെടും. അതുപോലെ has/have/had ന്റെ കൂടെ ചെയ്‌ത്തങ്ങള്‍ വന്നാല്‍ അവ തികഞ്ഞ നേരങ്ങളില്‍പെടും. പിന്നെ has/have/had ന്റെ കൂടെ been ഉം ing ചെയ്‌ത്തങ്ങളും വന്നാല്‍ തികഞ്ഞ തുടര്‍ച്ചകളുമാവും. പിന്നെ ചെറുഭൂതത്തിനും, ചെറുവര്‍ത്താനത്തിനും ഒറ്റ ചെയ്‌ത്തങ്ങളേ ഉള്ളൂ(went-goes). ചെറുഭാവിക്ക് will/shall+ചെയ്‌ത്തം.
കഷ്ടപ്പെട്ടാണെങ്കിലും രണ്ട്-മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് പന്ത്രണ്ട് ചെറുനേരങ്ങളുടെ കോലം ഉറപ്പിച്ചെടുത്തു. എല്ലാം ഉറപ്പായപ്പോള്‍ മത്തായിയുടെ നെഞ്ചുയര്‍ന്നു. ചിരി വിടര്‍ന്നു. കാരണം ഗ്രന്ഥകര്‍ത്താവ് എഴുതി, ഇംഗ്ലീഷിലെ എല്ലാ വരികളും ഈ പന്ത്രണ്ട് നേരങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ് എന്ന്. ഇംഗ്ലീഷ്‌നെ ഇത്ര അനായാസേനെ കീഴ്‌പ്പെടുത്തിയതിന്റെ ലഹരി നുരഞ്ഞ്‌പൊന്തി. പുസ്തകത്തിന്റെ ശേഷിച്ച ഭാഗമൊന്നും അത്ര കാര്യമില്ലെന്ന് മത്തായി മനസിലാക്കി.
ഈ തകര്‍പ്പന്‍ നേട്ടം നടപ്പിലാക്കാന്‍ മത്തായിയുടെ ഉള്ള് വെമ്പി. കെട്ടിട ആശാരിത്തം(civil engineering) പഠിക്കുന്ന അനിയനോട് ഒരു ദിവസം മത്തായി പറഞ്ഞു. "നിനക്ക് ഇംഗ്ലീഷില്‍ വെല്ല സംശയങ്ങളുണ്ടെങ്കില്‍ എന്നോട് ചോദിച്ചോ, ഞാന്‍ പറഞ്ഞ്‌തരാം. ഞാന്‍ ഇപ്പോഴാണ് എല്ലാം മനസിലാക്കിയത്".
നിത്യവും കാണുന്ന ചേട്ടന്റെ മണ്ടയില്‍ അനിയന് അത്ര വിശ്വാസം തോന്നീല്ല്യ. പക്ഷേ മത്തായിയുടെ ഉറച്ച നിലപാട് കണ്ടപ്പോള്‍ അനിയന് ഒരു പാതി മനസ്സ്. ഇഷ്ടികകനമുള്ള ഒരു പുസ്തകമെടുത്ത് അവന്‍ ഒരു വരി വായിച്ച് കാണിച്ചുകൊടുത്തു. "The machine is sold at Rs.2500. ഇതിന്റെ അര്‍ത്ഥം എന്താ, നീ ഒന്ന് പറഞ്ഞേ?"
മത്തായി സൂക്ഷിച്ചുനോക്കി. ഒരു കാര്യം ഒറപ്പായി, സംഗതി വര്‍ത്തമാനമാണ്. പക്ഷേ ing ചെയ്‌ത്തമില്ലാത്തതിനാല്‍ തുടര്‍ച്ചവര്‍ത്തമാനമല്ല. has/have/had ഇല്ലാത്തതിനാല്‍ തികഞ്ഞവര്‍ത്താനവുമല്ല. is ഓ sells ഓ ഒറ്റക്കായിരുന്നെങ്കില്‍ ചെറുവര്‍ത്താനമായിരുന്നേനെ. ആ വരി തെറ്റാണെന്ന് പറഞ്ഞാല്‍ അനിയന്റെ വായീന്ന് പുളിച്ച തെറി കിട്ടുമെന്നും ഉറപ്പാ. ഈ വരിയുടെ ശരിയായ അര്‍ത്ഥമറിയാതെ മത്തായി അങ്ങനെ കുനികൂടി ഇരിക്കുമ്പോള്‍ അനിയന്‍ ഇഷ്ടിക വലിച്ചെടുത്ത് മടക്കി അകത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു. "ഇതൊക്കെ അറിയണമെങ്കില്‍ അത്യാവശ്യത്തിന് പഠിക്കണംഷ്ടാ, നീ വിചാരിക്കണത്ര എളുപ്പോന്നല്ലത്"
B.Sc പാസ്സായത് എങ്ങനെയാണ്, എന്തിനാണ്, ആര്‍ക്‌ക്‍വേണ്ടി എന്നൊക്കെ ആലോചിക്കുന്ന മുറിവേറ്റ ആ നായാട്ടുകാരന്റെ മുന്നില്‍ ഇരുള് നിറഞ്ഞ കാട് അവനെ കണ്ട ഭാവം പോലും നടിച്ചില്ല.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 6:06 PM 1 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
1/02/2008
മത്തായിയും കണക്കും പിന്നെ വത്സലയും
അങ്ങനെ എല്ലാവരേയുംപോലെ മത്തായി സ്കൂളില്‍ ചേര്‍ന്നു. അപ്പന്റേയൊ അമ്മയുടേയൊ കൈയില്‍നിന്ന് അല്‍പ്പംപോലും ധൈര്യം ചൂരിനുപോലും അവന് കിട്ടിയില്ല, കാരണം അപ്പന്‍ പുറത്ത് ജോലിയില്‍, അമ്മ അമ്മായിയമ്മയുടെ കൈയിലെ മൂക്കില്‍പൊടി, മിണ്ടിയാല്‍ വലിച്ച് തുമ്മിതെറിപ്പിച്ചു കളയും. തറപറ പഠിച്ചു, ഒന്നേരണ്ടേ പഠിച്ചു, രണ്ടാംക്ലാസില്‍ വച്ച് ചൂരല് പിടിച്ച് കണക്ക് പഠിപ്പിക്കുന്ന "സിസ്റ്റിന്റെ" കൈയില്‍ നിന്ന് കണക്കിനോടുള്ള പേടിയും കിട്ടി. മൂന്നാംക്ലാസില്‍ മത്തായിയും വത്സലയും കണക്ക് ക്ലാസിന്റെ രോമാഞ്ചമായി. അത് ഇങ്ങനെ.
മൂന്നാംക്ലാസിലെ "സിസ്റ്റ്" ഫ്രാന്‍സീസിന് മത്തായിയുടെ ഉണ്ടക്കണ്ണിലെ കണക്കിനോടുള്ള പേടിയോട് ഒരുതരം വല്ലാത്ത ഹരമാണ്. അവരുടെ കൈയിലെ ചൂരലിന് ആറാടന്‍ പാകത്തില്‍ കാലിയായി കിടക്കുകയാണ് മത്തയിയുടെ മണ്ടയിലെ കണക്കിനുള്ള കളം. ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞാല്‍ 10 മിനിറ്റിന്റെ വിശ്രമം. അത് കഴിഞ്ഞാല്‍ കണക്ക് ക്ലാസ് തുടങ്ങുകയായി. "സിസ്റ്റ്" ക്ലാസില്‍ എത്തുന്നതോടെ പതിവുള്ള കാഴ്ചക്ക് അമര്‍ത്തിപിടിച്ച ചുണ്ടുകളോടെ കുട്ടികള്‍ കാത്തിരിക്കുന്നു. "മത്തായീ", സിസ്റ്റിന്റെ ചുണ്ട് പിളര്‍ന്ന് വരുന്ന ആദ്യത്തെ ആ ശബ്ദം വെട്ടിമുറിക്കപെടാന്‍ പോകുന്ന രോഗിയുടെ മൂക്കില്‍ വയ്ക്കുന്ന കുളിരുള്ള ക്ലോറോഫോമിന്റെ പഞ്ഞിയാണവന്. പെട്ട്രൊമേക്സിന്റെ വെളിച്ചം കണ്ട തവളയുടെ ഗതിയാണവന് പിന്നീട്. മുന്നില്‍ കറുത്ത തട്ടമിട്ട് ആരാച്ചാരുടെ മൗനം നിറച്ച മുഖവുമായി "സിസ്റ്റ്" ഫ്രാന്‍സീസ്. അതിന് പിന്നില്‍ തൂക്കുമരംപോലെ തൂങ്ങിനില്‍ക്കുന്ന കറുത്ത വലിയ എഴുത്ത് പലക (the so called Blackboard). എഴുത്ത് പലകയുടെ വിരിഞ്ഞ മാറില്‍ തന്റെ തലയറുക്കാന്‍ "സിസ്റ്റ്" കരുതിവച്ച തിളങ്ങുന്ന കഠാര ഇങ്ങനെ കാണാം
34 x
7
-----
പതിവുപോലെ, ചൂരലിന്റെ തുമ്പിലൂടെ വരുന്ന കല്‍പ്പനയനുസരിച്ച് മേശയില്‍നിന്ന് ചോക്കെടെത്ത് മത്തായി തൂക്കുമരത്തിലേക്ക് നീങ്ങുന്നു. ഏതൊ വൃത്തിക്കെട്ട അക്കങ്ങളുടെ ഈ ഗുണിതകോപ്രായം എന്ന് തീരും എന്ന ആധിയോടെ അവന്റെ പിഞ്ചുകൈകള്‍ എഴുത്ത്‌പലകയുടെ തണുത്ത ഭീകരത അറിയുന്നു, ഒരു പാമ്പിനെ തൊട്ടപോലെ. നാലിനെ ഏഴ് ഗുണിച്ചെറിഞ്ഞാല്‍ ഏത് കുരുത്തംകെട്ട സന്തതി പുറത്തുവരും എന്നതിനെപറ്റി ഒരു ഗന്ധംപോലുമില്ലാത്ത അവന്റെ ചെവിയില്‍ "ങ്‌ഹും" എന്ന "സിസ്റ്റിന്റെ" കനത്ത ശബ്ദം. വിറക്കുന്ന വിരലുകള്‍ക്ക് പിന്നില്‍ അവനറിയാം അവന്‍ ഒരു മാലപടക്കത്തിന് തിരികൊടുക്കുകയാണെന്ന്. വിറക്കുന്ന വിരലുകളും, ഇറുകിചിമ്മിയ കണ്ണുകളും അവസാനം പെറ്റിട്ടു ആര്‍ക്കും വേണ്ടാത്ത ഒരു അക്കം, 5. ആദ്യം വെട്ടി ഒരു വെള്ളിടി, മനസ്സില്‍. പിന്നാലെ വന്നു പുറംതുടയില്‍ പൊള്ളുന്ന ഒരു കീറല്‍, അതിനും പിന്നാലെ വന്നു കൂടെപഠിക്കുന്നവരുടെ കൂട്ടച്ചിരി, അതിനും പിന്നാലെ തന്റെതന്നെ ഇടംകൈ അറിയാതെ ആ കീറലിന് ഒന്നു തലോടി, ഈ മര്‍ദ്ദനം തീര്‍ന്നില്ലെന്നറിയിക്കാന്‍. കണ്ണുനീര്‍ വന്നിട്ടില്ല. വരാറായിട്ടില്ല.
ചൂട്‌മാറാത്ത ആ 5നെ തുടച്ച്‌മാറ്റി അടുത്ത ഏതു അക്കമാണെഴുതേണ്ടതെന്ന് ഒരു വിധ്വാനെപോലെ അവന്‍ ചിന്തിച്ചു. വീണ്ടും വിറക്കുന്ന വിരലുകളും ഇറുകിച്ചിമ്മിയ കണ്ണുകളും പെറ്റിട്ടു...8. വെള്ളിടി പാഞ്ഞു മനസില്‍, ആദ്യം. പക്ഷേ പൊള്ളുന്ന കീറല്‍ വീണില്ല ഇളംതുടയില്‍. മനസ്സ് ഒരു നെടുവീര്‍പ്പിട്ടു ആഘോഷിച്ചു ഈ വിജയം. "ങ്‌ഹും" എന്ന അടുത്ത കനത്ത ശബ്ദം കേട്ട മനസ്സ് മത്തായിക്ക് കൊടുത്തത് വീണ്ടും ആര്‍ക്കും വേണ്ടാത്ത അക്കം 4. മാലപടക്കം പൊട്ടി. കണ്ണ്‍ നിറഞ്ഞു. തുടച്ചുമാറ്റി 4നെ. 6 എഴുതിനോക്കിയപ്പൊള്‍ വീണ്ടും മാലപടക്കം. കണ്ണു തുളുമ്പി. കൂടെപഠിച്ചവരുടെ ചിരി കുറഞ്ഞു. ഇനി മത്തായിക്കുവേണ്ടി കളയാന്‍ സമയമില്ലാത്തതിനാല്‍, "സിസ്റ്റ്" മൂന്ന് കീറലുകളുംകൂടി ചാര്‍ത്തി മുറുക്കിചുവപ്പിച്ചു അവന്റെ തുടയെ. ഏങ്ങികരച്ചിലോടെ കണ്ണീര്‍ മുഖത്തും കൈതണ്ടയിലും നനച്ച് മത്തായി അന്നത്തെ കുരിശുമരണം അവസാനിപ്പിച്ച് ബഞ്ചിലേക്ക് മടങ്ങുമ്പോള്‍ "വത്സലാ.." എന്ന നീണ്ട വിളി. അവളുടെ തലയിലും കണക്കിനുള്ള കളം എന്നും ഉണങ്ങികരിഞ്ഞതായിരുന്നു. അവളുടേയും കുരിശുമരണം കരച്ചിലിലോടെ തീരുമ്പോള്‍, "സിസ്റ്റ്" ഫ്രാന്‍സീസ് പുതിയ പാഠം തുടങ്ങുന്നു, അടുത്ത ദിവസത്തേക്കുള്ള മത്തായിയുടെ കുരിശ്.
പിന്നെയുള്ള ഏഴുകൊല്ലങ്ങളില്‍ കണക്കിനെക്കുറിച്ച് മത്തായിക്ക് ആധിയുണ്ടായിരുന്നില്ല്ല. കാരണം ആധിപ്പെടാന്‍ ഒന്നും ബാക്കിയില്ലായിരുന്നു, കണക്കില്‍. എല്ലാ കണക്ക് പരീക്ഷകള്‍ക്കും മൂന്നില്‍ കുറഞ്ഞ മാര്‍ക്കും, അനാഥാലയത്തില്‍ നിന്ന് വന്നിരുന്ന വത്സല എന്ന പെണ്‍കുട്ടിയും ആഴങ്ങളില്‍ മൂടപെട്ട വെറുംകല്ലുകളാണ്.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:56 PM 4 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
1/01/2008
ടാ നീ ചിരിക്കണം...
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നീ എന്തിനാ വേദനിക്കുന്നത്?
നിന്റെ തിളങ്ങാത്ത മുണ്ടും കുപ്പായവും
കൈക്കോട്ടും തൂമ്പയും വാര്‍ക്കചട്ടിയുമെല്ലാം
നിന്റെ മുഖത്തെ ചിരി മായ്കുന്നതെന്തിന്?
തേച്ചുമിനുക്കിയ വേഷങ്ങളുമായി ഓഫിസ് ജോലിക്കും മറ്റും
പോകുന്നവര്‍ പുഛ്ത്തോടെ നിന്നെ നോക്കാം
നിന്റെ ഒതുക്കമില്ലാത്ത പണിയായുധങ്ങള്‍ യാത്രക്കാര്‍ക്ക്
ശല്ല്യമായിരിക്കാം...എങ്കിലും നീ ചിരിക്കണം
കാരണം, അവരുടെ തേച്ചുമിനുക്കിയ വേഷങ്ങള്‍
അവരുടെ പണിയായുധങ്ങളാണ്
ചിരിക്കാത്ത അവരുടെ ചുണ്ടുകള്‍
നീ വെട്ടിപൊളിക്കുന്ന കല്ലുകളാണ്
അവര്‍ പുലമ്പുന്ന കറുത്ത വാക്കുകള്‍
നിന്റെ തൂമ്പയില്‍ പുരണ്ട ചെളിയാണ്
അവരുടെ കറുത്ത നോട്ടങ്ങള്‍
നീ വെട്ടിതെളിക്കുന്ന കാടുകളാണ്
അര്‍ബുദം ബാധിച്ച അവരുടെ മനസ്സ്
മുറിപ്പാടുകള്‍ വീണ നിന്റെ തൊലിപ്പുറമാണ്
അന്തിക്കൊരു കുളത്തിലോ, പുഴയിലോ നീ മുങ്ങികുളിക്കുമ്പോള്‍
അന്തിമാനത്തില്‍ പരന്ന് പാറുന്ന കാറ്റാവുന്നു നീ
വേഷം മാറി ടീവിയിലേക്ക് നോക്കി ചാഞ്ഞിരിക്കുന്ന അവരോ
ഒരു ബ്രോയിലര്‍ കോഴിയുടെ അകലം കാണാത്ത കണ്ണാവുന്നു.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 4:04 PM 0 മറുമൊഴികള്‍
പട്ടിക : വരികള്‍