കോരന് ഭ്രാന്തരം നാട്ടില്‍ ജനിച്ചു. പണ്ട് നല്ല മൂളയുള്ള ആള്‍ക്കാര് വളര്‍ത്തി വലുതാക്കിയ നാടാണിത്. പിന്നെ സായിപ്പ് വന്നു ചവിട്ടി കൊളാക്കി. പിന്നെ നാട്ടു രാസാക്കന്മാര്‍ നാട് ഭരവിപ്പിച്ചു. ഒരഞ്ചെട്ടു കൊല്ലംമുമ്പ് ഭ്രാന്തരം നാട് അവിടത്തെ അങ്ങാടികള്‍ മുഴുവന്‍ Full Time ആയി തുറന്നു വച്ചു. വികസിക്കാന്‍... അത്തറു നാട്ടില്‍ നിന്നു മുമ്പ് വന്നിരുന്ന കാശ് തെല്ലൊന്ന് ശമിച്ച നേരമായിരുന്നു. അപ്പോഴാണ് ഭ്രാന്തരം നാടിന്റെ തലപ്പത്ത് കൊമ്പനായി മനുമോന്‍ കയറികൂടിയത്. അതിനുമുമ്പ് ഏതൊ ഒരു ഗമണ്ടന്‍ ബ്ലേഡ് കമ്പനിയുടെ (IMF) പലിശകണക്കപ്പിള്ളയായിരുന്നു മൂപ്പര്. പിന്നങ്ങോട്ട് ഭ്രാന്തരം ഒരു വികസിക്കലായിരുന്നു. വികസിച്ച് വികസിച്ച് പൊളിയുമെന്നു വരെ തോന്നി. എല്ലാ നരകങ്ങളിലും വണ്ടക്കന്‍ ബംഗ്ലാവുകള്‍ വരിവരിയായി പൊന്തിതുടങ്ങി. പക്ഷെ കേരളത്തില്‍ വികസിക്കന്‍ പറ്റാത്ത അവസ്ഥ. വളരെ വീതി കുറവല്ലേ? ഇതൊക്കെ നാട്ടില്‍ നടക്കുമ്പോള്‍, കോരന്‍ പക്ഷെ പണിയന്വേഷിച്ച് ഭ്രാന്തരത്തിന്റെ തെക്കുവടക്ക് അലയുകയായിരുന്നു. കാലം കുറെ കഴിഞ്ഞ് കോരന്‍ നാട്ടില്‍ വന്ന കാലം. എല്ലാവര്‍ക്കും നല്ല ജോലി കിട്ടുന്നു, നാടു വികസിക്കുന്നു, അവനും ലവനും ആയിട്ടിയില്‍( IT )യില്‍ ജോലി. കണക്കുപ്പെട്ടി (computer) പഠിച്ചവരെല്ലാവരും ആയിട്ടിയില്‍, നല്ല ശമ്പളം. എവിടെ നോക്കിയാലും ആയിട്ടിക്കുട്ടന്മാരും ആയിട്ടിക്കുട്ടിച്ചികളും സ്ലേറ്റില്‍ പോകുന്നു, ലന്തനിലും കോറോപ്പിലും പോകുന്നു, അമ്പതും അറുപതും മാസ ശമ്പളം. മൊത്തം ആകെ ഒരു വികസനം തന്നെ.
അപ്പോഴാണ് കോരനും ഒരു പൂതി കേറിയത്. കണക്കുപ്പെട്ടി പഠിക്ക്യാന്‍ തന്നെ തീരുമാനിച്ചു. പത്തിരുപത് കൊല്ലം മുമ്പ് സര്‍വ്വകൊലാശാല കഴുത്തു പിടിച്ച് ഉന്തിത്തള്ളി പൊറാത്താക്കിയതാണ് കോരനെ, "എവിട്യേങ്കിലും പോയി തൊലയടാ, ഇന്നാ നിന്റെ സര്‍ട്ടിഫിക്കറ്റ്, 35% പാസ്മാര്‍ക്കുംണ്ട്,you are passed out(away)..! get lost" എന്നും പറഞ്ഞ്. ഭാഗ്യത്തിന്, അകലിരിപ്പ് സമ്പ്രദായം (Distant Education) നാട്ടില്‍ സമൃദ്ധി. കോരന്‍ പഠിപ്പ് തുടങ്ങി. കോരന്റെ പെണ്ണിന് ഇതു പിടിച്ചില്ല. "കഷ്ടപ്പെട്ട് ഇണ്ടാക്‌ക്‍ണ കാശ് ഈ വയസ്സാന്‍കാലത്ത് ഇങ്ങനെ നശിപ്പിക്കണോ". പക്ഷെ കാലം കോരനൊത്തു കളിച്ചു. കോരന്‍ പാസ്സായി(ക്കി). Koran MCA. പെണ്ണിനല്‍ഫുതം. ആരാ..ധന... പിന്നെ ബംഗളൂരു വന്ന് ആയിട്ടിക്കമ്പനികളുടെ തെളങ്ങണ കൊട്ടാരങ്ങളുടെ പടിക്കല്‍ ചട്ടിയും പിടിച്ച് പാണ്ഡ്യത്ത സമ്പര്‍ക്കങ്ങള്‍! കൊല്ലം ഒന്നു കഴിഞ്ഞപ്പോള്‍ കുത്തുവലക്കാരനായി (.Net programer) ഒരു ചെറിയ ആയിട്ടിക്കമ്പനിയില്‍ ജോലി. കോരന്റെ വയസ്സു കണ്ടിട്ടാണോ അതോ പട്ടിണി കണ്ടിട്ടാണോ അതോ കുത്തുവലക്കാര്‍ കമ്പനിയില്‍ കൂടുതല്‍ ഉള്ളതുക്കൊണ്ടാണോ എന്നറിയില്ല, കോരനോട് ആയിട്ടി പറഞ്ഞു "നീ കമ്പനിയുടെ പത്തായപണിക്കാരനാണ് (Database Developer), പത്തായപുരയില്‍ വേറെ ആളില്ല". കോരന്‍ കോഴി കഞ്ചാവടിച്ച പോലെ അന്തംവിട്ട് എല്ലാം കേട്ടു. കമ്പനി മൊതലാളി തന്ന പേപ്പറില്‍ നോക്കിയപ്പൊള്‍ ...you will be working in the company in the capacity of a software engineer... ഞെട്ടി. താന്‍ ഒരു കാണാകുറിപ്പാശാരി(Software Engineer)!... ഉള്ളിലോതുക്കി, പേടി കയറി, ഇതു സത്യമാണോ! പശുവിനെ കറന്നും, പറമ്പ് കെളച്ചും, സദ്ദാം കുവൈത്തു പിടിച്ച് കക്ഷത്തിലൊതുക്കിയ കാലത്ത് ചോന്ന കോട്ടിട്ട് ബോംബയിലെ ഹോട്ടലില്‍ വൈറ്റററായി ഞെരങ്ങി നടന്നതും ഓര്‍ത്തുപോയി. നാട്ടില്‍ ചെന്ന് പെണ്ണിന്റെടുത്ത് കൂരിനെഞ്ച് വിരിച്ച് ഈ വിശേഷം പങ്കിടുമ്പോഴും കോരന്റേയും പെണ്ണിന്റേയും ഉള്ളുപെടഞ്ഞു... ഇതു സത്യാണോ!
പക്ഷേ, ആയിട്ടികുട്ട്യോളുടെ പുത്തിയല്ലലോ കാലത്തിന്റെ... പിന്നെ കോരന്റെയും!
കോരന്‍ കണക്കുപ്പെട്ടി തുറന്ന് പത്തായപ്പെട്ടിയിലേക്ക് എങ്ങനെ കടക്കാം എന്നു ഒരു ആയിട്ടിക്കാരനോടു ചോദിച്ചു മനസ്സിലാക്കി. പത്തായപ്പെട്ടി മുഴുവന്‍ വിവരങ്ങളും വിവരകഷ്ണങ്ങളുമാണ്(Information and Data, you know?). ഈ വിവരങ്ങളും വിവരകഷ്ണങ്ങളും അരിച്ചു പറുക്കലും (analysis), ആവശ്യമില്ലാത്തത് പുറത്തേക്ക് ചേറി കളയലും(delete), പുതിയ വിവരകഷ്ണങ്ങള്‍ ശുത്തം വരുത്തി അറയിലേക്ക് കോരിയിടലും(insert), ഉള്ള വിവരങ്ങളെ ഇടക്ക് പുറത്തേക്ക് എടുത്ത് കാറ്റും വെയിലും കൊള്ളിച്ച് പുതുക്കലും(update), പത്തായപ്പെട്ടിക്ക് വരുന്ന കേടുപാടുകള്‍ നേരാനേരത്തിന് കണ്ടുപിടിച്ച് ശരിപ്പെടുത്തലും, ഇടയ്ക്ക് കയറി വരുന്ന എലി,മൂട്ടാതികളെ തുരത്തലും (trouble shooting, maintenance and bug fixing, you got me?) ഒക്കെയാണ് കോരന്റെ പണി. ഈ പണിയൊക്കെ ചെയ്യാന്‍ പാകത്തില്‍ കോരന്റെ തലേലെ മസ്സില്‍ വളര്‍ന്നിട്ടില്ലായിരുന്നു. ശോഷിച്ച കൈകാലുകളുടെ അതേ അവസ്ഥ തന്നെ തലേലും. പോരാത്തതിന് കണക്കുപ്പെട്ടിയിലൂടെ പത്തായപ്പെട്ടിയില്‍ കയറി പണിയെടുക്കാന്‍ ആവശ്യമുള്ള കുറിപ്പടി(code)യുടെ അന്തമില്ലാത്ത കടലും അതില്‍ കിടന്നലയ്ക്കുന്ന Englisഷും കോരനെ വലച്ചു. അകലിരിപ്പ് സമ്പ്രദായത്തില്‍ പഠിച്ച കാരണം കോരന് കണക്കുപ്പെട്ടിയുമായി അത്ര നല്ല വഴക്കവും ഇല്ലായിരുന്നു.
മഴ പെയതു,മഞ്ഞു വീണു,വേനല് വന്നു... നേരം കോരന്റൊപ്പം കുതിച്ചു പാഞ്ഞു. കോരന്റെ തലയിലെ മൂള പുതുമഴകൊണ്ട പാടത്തെ പുല്ലുപോലെ മെല്ലെ മുളപൊട്ടി പച്ചിച്ചു. അധികം വൈകാതെ ഒരു ദിവസം വിപ്രാണി എന്ന ആയിട്ടി കൊപ്രയാട്ട് കമ്പനിയില്‍ നിന്ന് കോരന്റെ കൊണ്ടുനടക്കിയിലേയ്ക്ക് ഒരു ഫോണ്‍. Are you looking for a job change? ഞെട്ടി. ആയിട്ടിയില്‍ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഞെട്ടല്‍. ഞെട്ടല്‍ മറച്ച് കോരന്‍ മൊഴിഞ്ഞു. yaaaa... ഭ്രാന്തരത്തിലെ വളരേ വിശേഷപ്പെട്ട രണ്ട് കമ്പനികളാണ് വിപ്രാണിയും ഇമ്പോച്ചിയും. ഞെട്ടാനുള്ള കാരണവും ഇതുതന്നെ. സ്വപ്നം കണ്ടതിലും വലിയ ശമ്പളം, ബന്ധുക്കളുടെയിടയില്‍ പേര്... കോരന്റെ ഉള്ളു തുടുത്തു, പെണ്ണ് പരിഭ്രമിച്ചു, ഒപ്പം കോരനും. കാരണം, ഈ ആയിട്ടിയെ അത്രക്ക് വിശ്വസിക്കാന്‍ കോരന് പേടി. പോരാത്തതിന് അള്ളാക്കറിയാം പള്ളീലെ കാര്യം എന്ന് പറഞ്ഞപോലെ കോരനറിയാം തലേലെ കുറിപ്പടിയുടെ ദാരിദ്ര്യം.
പേപ്പറായ പേപ്പറിലെല്ലാം അന്നൊക്കെ ഭ്രാന്തരത്തിന്റെ ആയിട്ടി പാഞ്ഞുകയറ്റം വാര്‍ത്തയായിരുന്നു, ഭ്രാന്തരത്തിന്റെ കുന്തമുന(സെക്സുമായി ബന്ധപ്പെട്ട എന്തോ ഒരു സെന്‍സ് ആണ് എന്ന് കോരനറിയാം) ഒരുനാള്‍ 21000 ഒക്കെ മുട്ടിയത്രേ! നാട്ടിലെ ആയിട്ടികുട്ടികള്‍ ചെന്നയിലും ബംഗളൂരിലും ഭൂമിയിലാകെയും പുളച്ചുകയറി, അടിച്ചുപ്പൊളിച്ചു, യാഗങ്ങളിലും തര്‍ക്കങ്ങളിലും പങ്കെടുത്തു, ചന്ദനത്തിരിയും കുന്തിരിക്കവും വയറ്റിലെ ഗ്യാസും പുകച്ചു. മടിപ്പെട്ടി(laptop) തോളത്തിട്ട് ട്രെയിനിലും, വോള്‍വോയിലും yaa yaa കുരച്ച് വഴിവക്കിലെ പട്ടിണിപാവങ്ങളെ ഉണര്‍ത്തി, തകര്‍ത്താടി, ഊശാന്താടി ഉഴിഞ്ഞു. കാതടച്ച് വള്ളി തൂക്കി പാട്ടുമൂളി, സെന്‍, സ്കോര്‍പിയൊ, i10,i20 വാങ്ങിച്ചുകൂട്ടി, ലീവൈസിന്റെ വാലറ്റത്തില്‍ (പേഴ്സ് എന്ന് മലയാലം,you know?) പത്തിരുപത് credit പാത്തികള്‍ തിരുകി കയറ്റി, ഒപ്പം കാശുക്കൊട്ടയില്‍നിന്ന് കാശ് കൈയിട്ടുവാരാന്‍ debit പാത്തികളും... വികസിച്ചു. ഭ്രാന്തരം വികസിച്ചു. ഇതെല്ലാം കണ്ട് കോരന്‍ ഒന്നു വിയര്‍ത്തു.
ആയിട്ടികള്‍ ചാറ്റി തുടങ്ങി, യാഹുവില്‍. നാടു വികസിക്കാത്തതിന്റെ കാരണങ്ങളും അവര്‍ ചീറ്റി വച്ചു, ഓര്‍ക്കുട്ടയില്‍. ഭ്രാന്തരത്തിന്റെ അഭിമാന നായ മനുമോന്‍ മുലകുടിച്ചത് തൊട്ട് കൊമ്പത്ത് കയറിയതു വരെ എപ്പോഴും ഫസ്റ്റടിച്ചതിന്റെ പഞ്ചാംഗം ആയിട്ടികള്‍ ഈ-ക്കത്തിലൂടെ കൈമാറി. മൂന്നാം ക്ലാസ്സുമുതല്‍ 10-ആം ക്ലാസ്സുവരെ കണക്കിലും engളീഷിലും 0,1,2,3 എന്നീ strike ratuള്ള കോരന് ഇതൊന്നും അത്ര ദഹിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ മാന്തികള്‍ക്ക് (mind you, they are Ministers) ആയിട്ടികളുടെ സങ്കടങ്ങള്‍ ignoറിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. പോരാത്തതിന്, ചാന്ദിയും കോന്നിത്തലയും ഇടതു കക്ഷത്തില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു..."വികസനം പോരാ, പോരാ, ഇടതു കക്ഷം, വികസന വിരോധി..." അവസാനം രക്ഷയില്ലാതെ ഇളയമരം അണികളോട് ആക്ക്രോശിച്ചു. "നമ്മള്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ 'വ്യപിചരിക്കാന്‍' അവസരം നല്‍കണം, മരം മുറിച്ചായാലും അവര്‍ക്ക് കുടിലുക്കെട്ടികൊടുക്കണം, തെങ്ങിന്റെ മുകളില്‍ 'വ്യപിചരിക്കാന്‍' പറ്റുമോ? നിങ്ങള്‍ പറയൂ.". അങ്ങനെ ഇടത് കക്ഷം മാന്താന്‍ തുടങ്ങി, മല, മണ്ണ്, കുളം എല്ലാം. അങ്ങനെ വികസനത്തിനുവേണ്ടി കേരളം കാത്തുകിടന്നു. പക്ഷേ കടുത്ത വേനലുപോലെ ലോകമാന്ദ്യം കേരളത്തിനേയും പൊതിഞ്ഞു.
ഇതിനിടെ, കൊപ്രയാട്ട് കമ്പനിയിലെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ട് കോരന്‍ വിപ്രാണി വിട്ട് വേറൊരു പല-നാട് കമ്പനിയിലേക്ക്(MNC) ചാടി. ഭാഗ്യത്തിന് അത് നന്നായി. കാരണം, വിപ്രാണിയും ഇമ്പോച്ചിയും പോലുള്ള പല കമ്പനികളും ആയിട്ടികുട്ടന്മാരോടും ആയിട്ടികുട്ടിച്ചികളോടും വീട്ടില്‍ പോയി വിശ്രമിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം എന്നു പറഞ്ഞ് ഓല കൊടുത്തുകൊണ്ടിരുന്നു. ഒരു ഓല കോരന് ഉറപ്പായിരുന്നു. ചാടിയതുകൊണ്ട് ആ ഓല ഒഴിവായിക്കിട്ടി.
കോരന്‍ പെണ്ണിനെ നാട്ടില്‍ വിട്ട് നാലഞ്ച് ചെറുപ്പക്കാരുടെ കൂടെയായിരുന്നു പൊറുതി. ആട്ടവും കൂടിയാട്ടവും പതിവ്, വെപ്പും തീനും ഉണ്ട്. സഹമുറിയന്മാര്‍ക്ക് ജോലി ഇമ്പോച്ചിയിലും വിപ്രാണിയിലുമൊക്കെയാണ്. പക്ഷേ പാത്രം കഴുകല്‍, ചവറ്(തീറ്റബാക്കിയും മറ്റ് ചപ്പ്‌ചവറുകള്‍) കളയല്‍ എന്നിവ ഒരു പട്ടികജാതി/പട്ടികവര്‍ഗ്ഗ പണിയായി സഹമുറിയര്‍ കാണുന്നത് കോര്‍ന് മനസിലാക്കാന്‍ പറ്റിയില്ല. തീറ്റബാക്കി നാലഞ്ച് ദിവസം കഴിഞ്ഞ് മുറിയില്‍ ചീഞ്ഞ്‌നാറിയാലും, "ക്രൂരത"(brute), "മഴു"(axe) തുടങ്ങിയ സെന്റുകള്‍ കക്ഷങ്ങളില്‍ തൂറ്റിച്ചും, തേച്ചുമിനിപ്പിച്ച കുപ്പായങ്ങളുമിട്ട് അവര്‍ നടക്കും. ഒരു ആയിട്ടികുട്ടന്‍ ചവറു എടുത്ത് കളയുന്നത് അവര്‍ക്ക് ഓര്‍ക്കാനേ കഴിയില്ല. കുറേയൊക്കെ കോരന്‍ സഹിച്ചു. ഒരു ദിവസം, ക്ഷമകെട്ട് ഒരുത്തനെ പിടിച്ച് "അടിച്ച് തൂപ്പെറക്കി". അതില്‍ ക്ഷോഭിച്ച് അവന്‍ പത്തിരുപത് ഓണമധികമുണ്ട കോരനോട് കയര്‍ക്കുകയും തീറ്റമതിയാക്കുകയും ചെയ്തു. അവനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പെട്ടെന്ന് അവന്‍ ഒരിക്കല്‍ അയച്ചുത്തന്ന ഈ-ക്കത്ത് കോരന്‍ ഓര്‍ത്തു. അതിന്റെ അവസാനത്തില്‍ അവന്‍ കുറിച്ചിട്ട അവന്റെ അടയാളം.
Regards,
Knaa K Kma,
ഇമ്പോച്ചി DBA.
ഒന്നോ രണ്ടു കൊല്ലമായി ഇമ്പോച്ചിയില്‍ ജോലി ചെയ്തത ഇവന്‍ ഒരു DBA ആയതിന്റെ കനം അഞ്ചാറു കൊല്ലമായി ആയിട്ടിയില്‍ ജോലി ചെയ്തിട്ടുള്ള കോരന്‍ ഇനി എന്നാണ് മനസ്സിലാക്കുക?
3/26/2010
ഇമ്പോച്ചി ഡീബിയെ
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 8:38 AM 2 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
3/24/2010
സ്വര്‍ണവും മോഹന്‍ലാലും
സ്വര്‍ണവും മദ്യവും എങ്ങിനെ കേരളത്തിന്റെ ശാപമായി മാറി എന്നത് ഒരു അന്വേഷകനെ വിട്ടുകൊടുത്താല്‍, നമ്മുക്ക് മുന്നില്‍ ബാക്കിയാവുന്നത് അതിന്റെ ക്രൂരതകളും ഇരകളും കണ്ടുംകൊണ്ടും ന്‍ല്‍ക്കുന്ന നമ്മുടെ കലമ്പലുകളുമാണ്. മോഹന്‍ലാലിന്റെ സ്വര്‍ണ പരസ്യത്തിനെതിരെ സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍ ഒരു കച്ചവടക്കാരന് അവകാശമുള്ള ചെയ്തികളിന്മേലുള്ള കടന്നുകയറ്റമായി നമ്മുടെ യുവത്ത്വവും സിനിമയെ നെഞ്ചേറ്റിയ സാധാരണക്കാരും മുറുമുറുത്തപ്പോള്‍, മദ്യത്തിനെതിരെ എല്ലാവര്‍ക്കും ഒരേ മൗനസമ്മാതമായിരുന്നു, കലമ്പലുകളില്ലാതെ. മദ്യമെന്ന ദുര്‍വ്യാധിക്കെതിരെ മനംനൊന്ത് എല്ലാവരും ഉരുകി. കാരണം എന്താ? കുടുംബങ്ങള്‍ തകരുന്നു, ജീവിതങ്ങള്‍ തകരുന്നു.
ഛാരായത്തിന്റെ പരസ്യത്തില്‍ സ്വര്‍ണപരസ്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയൊടെ മോഹന്‍ലാല്‍ തകര്‍ത്താടിയിരുന്നെങ്കില്‍, ഇതേ ജനം ലാലിനേയും പരസ്യത്തേയും തീക്കൊളുത്തുമായിരുന്നു... എന്താ സ്വര്‍ണം പാവനമാണോ? കേരളത്തില്‍ സ്വര്‍ണം സമാധാനത്തിന്റെയും ശാന്തിയുടെയും അമ്മരൂപമാണോ? കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലക്കണ്ണിയാണോ?
സ്വര്‍ണം പരിശുദ്ധിയുടെയും ഛാരായം അശുദ്ധിയുടെയും രൂപങ്ങളായതുകൊണ്ടാണോ നമ്മള്‍ ഇങ്ങനെ പെരുമാറുന്നത്? അല്ല എന്ന് പറയാന്‍ മനസ്സ് വെമ്പുന്നു.
ഇന്ന് കേരളത്തില്‍, സ്ത്രീക്ക് സ്വര്‍ണവും പുരുഷന് മദ്യവും ലഹരിയാണ്, അര്‍ബുദംപോലെ വളര്‍ന്ന് തലചോറ് കാര്‍ന്ന് തിന്നുന്ന ലഹരി. എല്ലാ പുരുഷനും സ്ത്രീക്കും ഇതു ബാധിക്കുന്നില്ല. ആര്‍ക്ക് എങ്ങിനെ ഇതു ബാധിക്കുന്നു എന്നത് കേരളത്തിന്റെ ഒരു പ്രശ്നമാണ്. മറ്റൊരു ദേശത്ത് മറ്റ് സാധനങ്ങളോ പ്രവര്‍ത്തിയോ ആയിരിക്കാം അവരുടെ അര്‍ബുദം. ഒരു പക്ഷേ അര്‍ബുദം ബാധിക്കാത്ത ഒരു ദേശവും ഉണ്ടായിരിക്കാം. വീണു ചതഞ്ഞ ഒരു പഴം കൊട്ടയിലുള്ള മറ്റ് പഴങ്ങളെ പുഴുക്കുത്തേല്‍പ്പിക്കുന്നതുപോലെ, ചീഞ്ഞഴുകിയ ഒരു സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ ഈ ലഹരി ഇന്നും നമ്മില്‍ പലരേയും ബാധിക്കുന്നു, നമ്മുടെ കേരളത്തില്‍.
ഇതില്‍ ഏതു ലഹരിയാണ് മാന്യമായത്? കുഴഞ്ഞാടി തെറിയും അക്രമവും ശര്‍ദ്ദിക്കുന്ന മദ്യലഹരിയോ, വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണചങ്ങലയില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചും സ്റ്റൗ പോട്ടിത്തെറിപ്പിച്ചും മച്ചിയാക്കിയും തെരുവിലെറിയുന്ന സ്വര്‍ണലഹരിയോ? നമ്മള്‍ തിരഞ്ഞെടുത്തു...സ്വര്‍ണലഹരി. നമ്മുക്കിന്ന് ഈ ലഹരി കണ്മണിയാണ്, അരുമയാണ്, പ്രമാണിത്തമാണ്. കാരണം...?
കാരണം, മദ്യലഹരി ലക്കില്ലാത്ത ആണ്‍കോയ്മയുടെ പരസ്യമായ തളര്‍ന്നുവീഴലാണ്, മറിച്ച് പെണ്ണിന്റെ രഹസ്യമായ പ്രതികാരത്തിന്റെ സ്വകാര്യതയാണ് സ്വര്‍ണലഹരി. അതുകൊണ്ട് പെണ്ണിനുമുമ്പില്‍ ആണാവാന്‍ ബലക്കുറവുള്ള പുരുഷന് ഇതിലും നല്ല ലഹരി വേറെയുണ്ടോ? അതുകൊണ്ടല്ലേ ഇന്നത്തെ 70% റ്റീവീ പരസ്യങ്ങളില്‍ സ്വര്‍ണലഹരി നുരഞ്ഞ്‌പൊന്തുന്നത്? സിനിമാനടന്മാര്‍ ആണത്തമില്ലാത്ത ചിരിയുമായി സ്വര്‍ണലഹരി വില്‍ക്കുന്നത്?
എന്തിനീ അരികുചേരല്‍? സ്വര്‍ണലഹരിപോലെ മദ്യലഹരിയും നിങ്ങള്‍ പരസ്യമാക്കണം, ആകര്‍ഷകമാക്കണം. എങ്കിലേ നമ്മള്‍ നമ്മളാകൂ, സത്യസന്ധരാകൂ. ചര്‍ച്ചകളില്‍, ഛാരായത്തിന്റെ നാറ്റം അസഹ്യമാണെങ്കില്‍, പൊന്നിന്റെ വിഷം എന്തുകൊണ്ട് ഭീഭത്സമായിക്കൂടാ? പുരുഷന്റെ ലഹരി മാന്യമാക്കാത്തവര്‍, എന്തിന് സ്ത്രീയുടെ ലഹരി മാന്യമാക്കുന്നു?
പരസ്യമായ തളര്‍ച്ചയേക്കാള്‍, രഹസ്യമായ ക്രൂരതയാണ് മാന്യമെന്ന നമ്മുടെ മനോരോഗം ഇനിയും നാം പേറണോ?
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 11:42 AM 0 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍