10/29/2010

മാസാദി വെള്ളി

നേരം വെളുത്തപ്പോൾ, അമ്മാമ്മ (അപ്പന്റെ അമ്മ) കൊരലുവിളിച്ച് തുടങ്ങി, “ടാ ഇന്ന് മാസാദി വെള്ള്യാ, കുമ്പസ്സാരിക്കാണ്ട് ഇങ്ങ്ട്ട് വന്നാ ചൂലുംകെട്ടാ പൊറത്ത്, ഏനിക്കറാ കെടന്നൊറങ്ങാണ്ട്”.

അഞ്ചിൽ പഠിക്കുന്ന മത്തായിക്ക് ഉറക്കം ധാരാളം മതിയായി. മുളംതൂണിൽ കെട്ടിത്തൂക്കിയ തകരപാത്രത്തിൽ നിന്ന് ഉമിക്കരിയെടുത്ത് പല്ലുതേക്കുമ്പോൾ നെഞ്ചിൽ ആധിയുടെ ഉമിത്തീ ആളിതുടങ്ങി. “ഇന്ന് എന്ത് നുണ്യാ പറയാ കരാത്ര അഛനോട്?”

“കരാത്ര” പള്ളീലെ വികാരിയഛൻ, വയസ്സൻ. മുൻകോപത്തിൽ ഒന്നാമൻ. പിള്ളേർക്ക് “ചെവിയാട്ടത്തിന്റെ” നിറകുടം. രണ്ട് ചെവിയും പിടിച്ച് തിരുമ്പി വട്ടത്തിലാടിച്ച് മണ്ടക്ക് നല്ല മുഴക്കമുള്ള മേട്ടംകൊടുത്തനുഗ്രഹിക്കുന്ന കരടി. സ്കൂളിന്റെയോ, പള്ളിയുടെയോ പരിസരത്ത് അഛനെ കണ്ടാൽ കുടലുവിറച്ച് ചൂളിപോകും ക്രിസ്ത്യാനി പിള്ളേര്‌.

നാലാം ക്ളാസ്സിൽ കുർബാന “കൈകൊണ്ട”തിൽ പിന്നെ “മനസ്സിൽകൊണ്ടു” നടക്കുന്ന ഭാണ്ഡകെട്ടാണ്‌ കുമ്പസാരം.

“നമ്മൾ പാപികളായാണ്‌ പിറക്കുന്നത്, ഈ പിറവിപാപത്തിൽ നിന്ന് നമ്മേ രക്ഷിക്കാൻ കർത്താവ് കുരിശിൽ കിടന്ന് മരിച്ച് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ്, ശിഷന്മാർ മുഖേനെ തന്ന കൂദാശയാണ്‌ കുമ്പസ്സാരം.” ഇങ്ങനെയൊരു ദുരിതം തരാനാണോ മൂപ്പര്‌ കഷ്ട്ടപ്പെട്ട് ഉയിർത്തതെന്ന് മത്തായി മനസ്സിൽ പറയും. “സ്വർഗ്ഗത്തിൽ എല്ലാവരും കൂടി സ്വർഗ്ഗീയവിരുന്നിൽ പങ്കെടുത്ത്” തിന്ന് കുടിക്കാൻ തരമാവുമല്ലോ എന്നൊരാശ്വസം മൂലം ഇതെല്ലാം സഹിക്കുന്നു മത്തായി.

മത്തായിയുടെ പ്രശ്നം കുമ്പസ്സാരമാണ്‌. കുമ്പസ്സാരിക്കുമ്പോൾ അഛനോട് തെറ്റുകൾ ഏറ്റുപറയണം. കുമ്പസ്സാരക്കൂടിന്റെ ഒരു വശത്ത് ആൺകുട്ടികൾ, മറുവശത്ത് പെൺകുട്ടികൾ. കുമ്പസ്സാരക്കൂട്ടിൽ കരടിയെപോലെ മുരളുന്ന കരാത്ത്രഛൻ, ചെറിയ ഓട്ടകളുള്ള ജനലിലൂടെ മത്തായി നുണകൾ ഒന്നൊന്നായി പറയുമ്പോൾ മൂക്കുപൊടിയുടെ ഗന്ധം വമിക്കുന്ന അഛന്റെ മൂളലുകൾ. അഞ്ചാറ്‌ തെറ്റുകളെങ്കിലും പറഞ്ഞില്ലെങ്കിൽ കരടി പുറത്ത് ചാടും, എല്ലാവരുടേയും മുന്നിൽ വച്ച് ചീത്തപറച്ചിലും ചെവിയാട്ടവും മതിയാവോളം കിട്ടും.

ക്ലാസ്സുകഴിഞ്ഞാൽ, ക്രിസ്ത്യാനി കുട്ട്യോള്‌ കുമ്പസ്സാരിക്കണം, മാസാദി വെള്ളിയാഴ്ച്ച. കർശനം. മത്തായി പതിവ്‌പോലെ കൂട്ടുകാരോട് കു​‍ൂടിയാലോചിച്ചു. എല്ലാവരും അവരവരുടെ തെറ്റുകൾ പങ്കുവച്ചു, അതിൽ തരക്കേടില്ലാത്ത രണ്ടുമൂന്ന്‌ തെറ്റുകൾ കിട്ടിയാൽ മത്തായിക്ക് സന്തോഷം. പിന്നെ രണ്ടുമൂന്ന് നുണകൾ മത്തായിക്ക് സ്വന്തം ഉണ്ടാക്കാൻ പറ്റും. എല്ലാംകൂടി അഞ്ചാറെണ്ണം തികച്ചാൽ കുമ്പസ്സാരം കഴിഞ്ഞ് തടികേടുകൂടാതെ രക്ഷ്പ്പെടാം.

മുമ്പൊരിക്കൽ കുമ്പസ്സാരിക്കുമ്പോൾ മത്തായി പറഞ്ഞു “അമ്മയോട് നുണപറഞ്ഞു, അനിയനെ തല്ലി, പഠിക്കാതെ സ്കൂളിൽ പോയി, കഴിഞ്ഞു”. തെറ്റുകൾ നിരത്തികഴിഞ്ഞാൽ പോലീസ്സുകാർ വാക്കിട്ടോക്കിയിൽ “ഓവർ” എന്നു പറയുന്നതുപോലെ “കഴിഞ്ഞു” എന്നു പറയണം. അപ്പോൾ കരടി മുരണ്ടു, “കഴിഞ്ഞോ, ഇനീം ആലോയിക്കടാ, പറയടാ”. അത് കേട്ടാൽ മത്തായിക്ക് വിറയൽ തുടങ്ങും, “എന്തു തെറ്റു ചെയ്തൂന്നാ പറയാ ദൈവമേ, വേദേശം പഠിച്ചില്ല...”. “അത് പഠിക്കാതെ സ്കൂളിൽപോയി എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞില്ലേ, വേറെ പറയടാ”.

ഈ പെടാപ്പാട് അറിഞ്ഞകാരണം തെറ്റുകളുടെ പട്ടിക മുന്നേ ചിന്തിച്ചു തുടങ്ങും. കുറൊച്ചൊക്കെ ഒപ്പിച്ചെടുത്തു. “പാൽപ്പൊടി കട്ടു”, “കുടുംബപ്രാർത്ഥനക്കിടക്ക് ഉറങ്ങി”,“ചേട്ടനായി തല്ലൂടി”, “അമ്മയെ സഹായിച്ചില്ല”. പക്ഷേ പട്ടികയിൽ ഇനിയും വേണം. കൂട്ടുകാരോട് അവരുടെ തെറ്റുകളുടെ പട്ടികയിൽനിന്നും തനിക്ക് വല്ലതും കിട്ടുമോ എന്നു നോക്കി. നല്ല തരക്കേടില്ലാത്ത “തെറ്റ്” ഒന്നും കിട്ടിയില്ല. രാവിലെ മുതൽ മത്തായി തെറ്റുകൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു. ഒരു തെറ്റുകൂടെ കിട്ടാൻ ആവുന്നത്രെ ആലോയിച്ചു. നാലരക്കുള്ള ബെല്ലടിച്ചു, ക്ലാസ്സു കഴിഞ്ഞു. പള്ളിയിലേക്ക് പോയി. കുട്ടികളെല്ലാവരും അഛൻ വരുന്നതു വരെ കളിക്കും. പക്ഷേ മത്തായിക്ക് ഒരു തെറ്റ് കൂടി കിട്ടണം, പട്ടിക തികയ്ക്കാൻ.

അത്ര നല്ല രസത്തിലല്ലാത്ത ക്ലാസിലെ ഒരുത്തനെ, കളിക്കിടയിൽ പോയി തെറിപറഞ്ഞു. അവൻ ഈ പെട്ടെന്നുള്ള തെറിവിളിയെ കാര്യമാക്കി. കൈരണ്ടും അരയിൽകുത്തി കാലുവിരിച്ച് “ദൈര്യണ്ടെങ്കി മൂക്ക് തൊടറാ” എന്നായി. മത്തായി കുരിശ്ശുചുമക്കാൻ തീരുമാനിച്ചു, മൂക്ക് തൊട്ടു, ട്ടപാ ട്ടപാന്ന് അടിപൊട്ടി, എല്ലൻ മത്തായി നിലത്തു വീണു. പിടെഞ്ഞെഴുന്നേറ്റു. തല്ലു കഴിഞ്ഞു. അപ്പോഴേക്കും കരാത്ത്രഛൻ കുമ്പസ്സാരിപ്പിക്കാൻ പള്ളിയിലെത്തി.

മത്തായിക്ക് സമാധാനായി. തികഞ്ഞ ശാന്തതയോടെ അവൻ കുമ്പസ്സാരകൂടിന്റെ ആണ്‌കുട്ടികളുടെ വരിയിൽ നിന്നു. അടിയുടെ വേദനയുണ്ടെങ്കിലും, പറയാൻ ഒരു തെറ്റുകൂടെ കിട്ടിയതിന്റെ സന്തോഷം അവന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.

10/22/2010

വെളിവും വെളിപാടും

70 വയസ്സായ അമ്മ വീടിനു മുന്നിലെ എറ്റവും ഉയരമുള്ള തെങ്ങിൽ കയറി, കൊതമ്പും കോഞ്ഞാട്ടയും വലിച്ചു താഴെയിടുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ പെട്ടെന്ന്‌ കലങ്ങിമറിഞ്ഞു. ആരും സഹായത്തില്ലാത്തതുകൊണ്ടല്ലേ അമ്മക്കീ ഗതി. ശ്ശേ, എനിക്ക്‌ ഇതു തടയാമായിരുന്നു. ഉണങ്ങിയ ഒരു പട്ടയുടെ കവളിയിൽ പിടിച്ച് താഴെയിറങ്ങാൻ നോക്കുമ്പോൾ വിറക്കുന്ന ആ കൈകൾ അറിയാതെ തെറ്റി വീണെങ്കിലോ എന്ന് പേടിച്ചു. “അമ്മേ എന്തിനാ വെറുതേ ഇതിനൊക്കെ നിന്നത്...” എന്ന് വെറുതേ ചോദിക്കാൻ തോന്നിയെങ്കിലും കുറ്റബോധംകൊണ്ട് ഒന്നും പറഞ്ഞില്ല. മനസ്സ് കലങ്ങിമറിയുക തന്നെയാണ്‌.

പെട്ടെന്നാണ്‌ വെളിവുണ്ടായത്‌: "ഓ ഇതു ഒരു സ്വപ്നമായിരുന്നല്ലേ". മനസ്സ് സമാധാനിച്ചു.
പക്ഷേ, പെട്ടെന്ന് തന്നെ ഒരു വെളിപാടുണ്ടായി: “അത് ഒരു സ്വപ്നമായിരുന്നോ?”

10/21/2010

കഴുത്തിൽ ചരടു കെട്ടിയ പൂച്ചക്കുട്ടി

മഴ പെയ്തുകഴിഞ്ഞ ഒരു ഞായറാഴ്ച. തെളിഞ്ഞ ഒരു നാൾ. നാട്‌ പതിവുപോലെ: ഒരു ചെറിയ റോഡും, അതിൻമേൽ ഉരുളുന്ന, പായുന്ന കുറച്ച്‌ വണ്ടികളും, പിന്നെ വശങ്ങളിൽ പൊങ്ങച്ചം കാണിക്കാനില്ലാത്ത കുറച്ച്‌ പീടികകളും, അതിന്റെ ഉള്ളിലും പുറത്തും ഇരിക്കുന്ന, നടക്കുന്ന, പറയുന്ന കുറച്ച്‌ ആളുകളും, പിന്നെ തുടിക്കുന്ന പച്ചപ്പുകളും. ആളൻ* കൂർത്ത തലകൊണ്ട്‌ കുത്തിമറിക്കാത്ത ഒരിടം, അതാണല്ലോ നാട്‌. കാട്‌ കടന്ന്‌, നാട്‌ കടന്ന്‌ പട്ടണം ഉണ്ടാക്കിയ ആളൻ അവന്റെ പട്ടണം വെട്ടിയും കെട്ടിയും വലുതാക്കി കാടും നാടും മുടിക്കുമ്പോൾ ഞാൻ പേടിക്കുന്നതിന്‌ കാരണമറിയില്ല.

ആറു വയസ്സുള്ള മോൻ കൂടെ, ഞങ്ങൾ സൈക്കിളിൽ. തീപിടിച്ച അവന്റെ തലയിൽ ചോദ്യങ്ങൾ പെരുത്തുണ്ട്‌. മറുപടി എന്തായാലും കളങ്കമില്ലാതെ കോരിക്കുടിക്കുന്നവൻ. ലോകത്തെ പറ്റിയോ, ഓരോ സംഭവങ്ങളെ പറ്റിയോ ഞാൻ പറഞ്ഞാൽ കൂർത്ത കാതോടെ, മിഴിച്ച കണ്ണോടെ ഏതോ ലോകത്തിലേക്ക്‌ പറക്കുന്ന അവൻ. പക്ഷേ ഒരു പണി അവനോട്‌ പറഞ്ഞാൽ, കാതടപ്പിക്കുന്ന ഒരു വെടി പൊട്ടിക്കണം, കാര്യം നടന്നുക്കിട്ടാൻ. ഞാൻ പറയുന്നത്‌, അവെന്റെ അമ്മ പറയുന്നത്‌, അവന്റെ കൂട്ടുക്കാർ പറയുന്നത്‌, പള്ളിയിലും പള്ളിക്കൂടത്തിലും അവനെ പഠിപ്പിക്കുന്നത്‌ എല്ലാം കേട്ട്‌ അവൻ ഏത്‌ കോലത്തിലാകുമെന്ന്‌ ഞാൻ ആധിപിടിക്കുന്നതിന്‌ കാരണമറിയില്ല.

ഞങ്ങൾ അങ്ങനെ വെട്ടോഴിയിലൂടെ, ഉലകം മുഴുവൻ വിഴുങ്ങാൻ തയാറായി അവൻ സൈക്കിളിന്റെ പിന്നിലും. അപ്പോൾ ഒരു പൂച്ചയുടെ കരച്ചിൽ. വെട്ടോഴിയുടെ അരികിൽ ഒരു രണ്ടാൾ നീളത്തിൽ വീതിയുള്ള വെള്ളം നിറഞ്ഞ ഒരു കാന. കാനയോട്‌ ചേർന്ന്‌ ഒരു വലിയ വീടിന്റെ മതിൽ. മതിലിന്റെ തറയുടെ തിണ്ടിൽ അത് ഇരിക്കുന്നു, വഴിപോക്കരെ നോക്കി കരയുന്നു. ആ തിണ്ടിൽ നിന്ന് ഒരാൾ ഉയരമുണ്ട് മതിലിന്‌. മതിലിന്റെ തറയുടെ താഴെ വെള്ളം കെട്ടിനില്ക്കുന്നു. വെളുത്ത ഒരു പൂച്ചക്കുട്ടി. കഴുത്തിൽ ചരട് കെട്ടിയ പൂച്ചക്കുട്ടി. അല്പ്പം ഇരുണ്ട ചുകപ്പ് നിറമുള്ള വീതി കുറഞ്ഞ ഒരു തുണികൊണ്ടാണ്‌ ആ ചരട്. ഉപേക്ഷിച്ചുപോരുമ്പോൾ കൂടെ വരാതിരിക്കാൻ ആരോ വെള്ളത്തിലിറങ്ങി അതിനെ ആ തിണ്ടിൽ വെച്ചതാണ്‌. പൂച്ചക്കുട്ടിക്ക് മുന്നോട്ടോ പിന്നോട്ടോ മതിലിനോട് ചേർന്ന് കുറച്ച് നടക്കാം. അതിന്റെ വലത് വശത്ത് മുട്ടിനില്ക്കുന്ന ഉയർന്ന മതിൽ, ഇടത്, അതിനെ ആയിരം മടങ്ങ് മുക്കികൊല്ലാൻ കെല്പുള്ള വെള്ളം. എത്രയോ തവണ അത് കരയിലെത്താനുള്ള വഴി തേടിയിരിക്കാം. മരണം മണത്ത് പേടിച്ച് പേടിച്ച് അതിന്റെ കുഞ്ഞിക്കാലുകൾ വിറച്ചുതുടങ്ങിയിരുന്നു.

കരച്ചിൽകേട്ട് നോക്കിയപ്പോൾ അതിന്റെ കണ്ൺ നിറയെ അതിന്റെ ഇത്തിരിപ്പോന്ന ഉയിരിനുവേണ്ടിയുള്ള യാചന. കണ്ണെടുത്ത് സൈക്കിളിന്റെ പാച്ചിൽ ശരിയാക്കി മുന്നോട്ട് കുതിക്കുമ്പോൾ ഉള്ളുതുടുത്തു, അതിന്റെ കണ്ൺ എന്റെ ഉള്ളുകൊളുത്തിവലിച്ചു. ഒരു നിമിഷം ആകാശത്ത് പറന്ന് നടക്കുന്ന മോനോട് പൂച്ചക്കുട്ടിയെപ്പറ്റി പറഞ്ഞു. “ടാ, ആ പാവം രക്ഷിക്കണേന്ന് പറയണ്‌കണ്ടോ, നമ്മുക്ക് അതിനെ പുറത്തേക്ക് എടുത്ത് വെക്ക്യാ?” പിന്നിലേക്ക് പൂച്ചക്കുട്ടിയെ നോക്കി അവൻ “ആ അപ്പാ, വേഗം വാ, അതിനെ എടുക്ക് അപ്പാ” എന്ന് പറയുമ്പോൾ സൈക്കിൾ തിരിച്ച്, ഞങ്ങൾ റോഡിന്നരികിൽ തയ്യാറായി. “പേടിക്കണ്ട്രാ കുട്ടാ, കരയണ്ടട്ടോ..” എന്ന് പറഞ്ഞ് അതിനെ നോക്കുമ്പോൾ അതിന്റെ നിലവിളിയും പരാക്രമവും കൂടി. മോൻ ഒന്നും മിണ്ടാതെ നെഞ്ചടക്കി നോക്കി നില്ക്കുന്നു. “വാ” എന്നു പറഞ്ഞപ്പോൾ വെള്ളത്തിലേക്ക് കാലെടുത്ത് വെക്കുന്നു, വെള്ളം തൊട്ടപ്പോൾ കാൽ പിൻവലിക്കുന്നു, കരച്ചിൽ കൂട്ടുന്നു, എന്റെ കണ്ണിൽ നോക്കി എന്നെവിട്ട് പോകല്ലേ എന്ന് നിലവിളിക്കുന്നു. മുണ്ട് പൊക്കി ഒരു വിധേനെ അതിന്നടുത്തേക്ക് കൈനീട്ടിയപ്പോൾ എന്റെ മലയാളം മൊഴിയും ആ പൂച്ചക്കുട്ടിയുടെ മൊഴിയും ഒന്നായിമറഞ്ഞ് അതിരില്ലാത്ത ഒരു തുടിപ്പറിഞ്ഞു. കരച്ചിലടക്കി അത് എന്റെ കൈവെള്ളയിൽ വിറച്ചുനിന്നു, കാനക്കരികിൽ അന്തം വിട്ട്, കണ്ണുതള്ളി അമ്പരപ്പോടെ അനങ്ങാതെ നിന്നു മോൻ. കരയ്ക്കുകയറി അതിനെ നിലത്ത് വെച്ചപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരെയോ, എന്തിനേയോ നോക്കുന്നപോലെ അതു തൊട്ടടുത്ത പറമ്പിലേക്ക് തേങ്ങലോടെ പാഞ്ഞു.

എന്തൊക്കൊയോ സംഭവിച്ചുകഴിഞ്ഞു എന്ന ഞെട്ടലിൽ നിന്നുണർന്നപ്പോൾ “അതിനെ പിടിക്ക് അപ്പാ, നമ്മുക്കതിനെ വീട്ടീ കൊണ്ടുവാം” എന്ന് മോൻ പറയുമ്പോൾ എന്റെ കണ്ണിൽ ആ പൂച്ചക്കുട്ടിയുടെ കഴുത്തിലെ ചരട് തറച്ചുനിന്നു. ആരുകെട്ടി ആ ചരട്? എന്തിനു കെട്ടി? ചരട്കെട്ടി കരക്കും വെള്ളത്തിനുമിടയിൽ അനങ്ങാതാവതെ ആരതിനെ വെച്ചു? ആരുടെയൊക്കെയോ സൗകര്യത്തിനുവേണ്ടി ഉപയോഗിച്ചുതീർന്നപ്പോൾ സ്വന്തമായൊരു കരയില്ലാതെ അത് മരണത്തെ മണത്തു. പെട്ടെന്ന്, എന്താണ്‌ സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ്, മരണത്തെ കാത്ത് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ട ഒരു അവസ്ഥയിൽ ആ പൂച്ചക്കുട്ടി എത്തിചേർന്നിരിക്കുന്നു. ഒന്നുകിൽ പെട്ടെന്നൊരു മരണം, അല്ലെങ്കിൽ, മരണത്തെ കാത്ത് ഒന്നും ചെയ്യാനില്ലാതെ തളർന്ന് കിടക്കുക, അത് വിധി. പക്ഷേ ഇത്, ആളൻ കെട്ടികൊടുത്ത ചരട്, അല്ലെങ്കിൽ വരുത്തിതീർത്ത മണ്ടത്തരം. സൈക്കിളിൽ കയറുന്നതിനുമുമ്പ് ഞാൻ മോന്റെ കഴുത്തിലേക്ക് നോക്കി, അറിയാതെ ഞാൻ അവനു ചരട് കെട്ടിയിരുന്നോ? ഒന്നുമില്ല, ഇളം നെഞ്ചും കഴുത്തും അല്ലാതെ; സമാധാനം!. പൂച്ചക്കുട്ടിയുടെ കരച്ചിൽ അകലെയായിരുന്നു, സൈക്കിൾ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിൽ മോന്റെ പരാതി അതിനെ വീട്ടിലെത്തിക്കാൻ.

10/19/2010

ഈയ്യൊഴുക്ക്

പായുന്ന പുഴ തലതല്ലി ചിതറുമ്പോള്‍
വിരിയുന്ന പോളകള്‍ മേയ്യുന്നീയ്യൊഴുക്കില്‍
പകലോന്‍ തഴുകിയുണറ്ത്തുമ്പോള്‍ നാണിച്ചേ-
ഴഴകായ് ചിരിതൂകുന്നീപോളകളിവിടെ
ഇണയായ് ചേരുന്നു, പിരിയുന്നു പിന്നെ
താളം തുള്ളിയൊഴുകുന്നീകാഴ്ച്ചയെന്നും

മുന്നോട്ടൊരല്പ്പം നീങ്ങിയാപോളകള്‍
പൊട്ടിത്തകറ്ന്നടങ്ങുംപോളതിന്നു-
യിരെങ്ങുപോയി, അവയെങ്ങുപോയെന്നു
തിരയുന്നെന്‍ മുന്നിലാപ്പുഴ
പിന്നെയും തീറ്ക്കുന്നടക്കുന്നു പോളകള്‍
നിറങ്ങളേഴിലും താളത്തിലും

ജാലകം