10/21/2010

കഴുത്തിൽ ചരടു കെട്ടിയ പൂച്ചക്കുട്ടി

മഴ പെയ്തുകഴിഞ്ഞ ഒരു ഞായറാഴ്ച. തെളിഞ്ഞ ഒരു നാൾ. നാട്‌ പതിവുപോലെ: ഒരു ചെറിയ റോഡും, അതിൻമേൽ ഉരുളുന്ന, പായുന്ന കുറച്ച്‌ വണ്ടികളും, പിന്നെ വശങ്ങളിൽ പൊങ്ങച്ചം കാണിക്കാനില്ലാത്ത കുറച്ച്‌ പീടികകളും, അതിന്റെ ഉള്ളിലും പുറത്തും ഇരിക്കുന്ന, നടക്കുന്ന, പറയുന്ന കുറച്ച്‌ ആളുകളും, പിന്നെ തുടിക്കുന്ന പച്ചപ്പുകളും. ആളൻ* കൂർത്ത തലകൊണ്ട്‌ കുത്തിമറിക്കാത്ത ഒരിടം, അതാണല്ലോ നാട്‌. കാട്‌ കടന്ന്‌, നാട്‌ കടന്ന്‌ പട്ടണം ഉണ്ടാക്കിയ ആളൻ അവന്റെ പട്ടണം വെട്ടിയും കെട്ടിയും വലുതാക്കി കാടും നാടും മുടിക്കുമ്പോൾ ഞാൻ പേടിക്കുന്നതിന്‌ കാരണമറിയില്ല.

ആറു വയസ്സുള്ള മോൻ കൂടെ, ഞങ്ങൾ സൈക്കിളിൽ. തീപിടിച്ച അവന്റെ തലയിൽ ചോദ്യങ്ങൾ പെരുത്തുണ്ട്‌. മറുപടി എന്തായാലും കളങ്കമില്ലാതെ കോരിക്കുടിക്കുന്നവൻ. ലോകത്തെ പറ്റിയോ, ഓരോ സംഭവങ്ങളെ പറ്റിയോ ഞാൻ പറഞ്ഞാൽ കൂർത്ത കാതോടെ, മിഴിച്ച കണ്ണോടെ ഏതോ ലോകത്തിലേക്ക്‌ പറക്കുന്ന അവൻ. പക്ഷേ ഒരു പണി അവനോട്‌ പറഞ്ഞാൽ, കാതടപ്പിക്കുന്ന ഒരു വെടി പൊട്ടിക്കണം, കാര്യം നടന്നുക്കിട്ടാൻ. ഞാൻ പറയുന്നത്‌, അവെന്റെ അമ്മ പറയുന്നത്‌, അവന്റെ കൂട്ടുക്കാർ പറയുന്നത്‌, പള്ളിയിലും പള്ളിക്കൂടത്തിലും അവനെ പഠിപ്പിക്കുന്നത്‌ എല്ലാം കേട്ട്‌ അവൻ ഏത്‌ കോലത്തിലാകുമെന്ന്‌ ഞാൻ ആധിപിടിക്കുന്നതിന്‌ കാരണമറിയില്ല.

ഞങ്ങൾ അങ്ങനെ വെട്ടോഴിയിലൂടെ, ഉലകം മുഴുവൻ വിഴുങ്ങാൻ തയാറായി അവൻ സൈക്കിളിന്റെ പിന്നിലും. അപ്പോൾ ഒരു പൂച്ചയുടെ കരച്ചിൽ. വെട്ടോഴിയുടെ അരികിൽ ഒരു രണ്ടാൾ നീളത്തിൽ വീതിയുള്ള വെള്ളം നിറഞ്ഞ ഒരു കാന. കാനയോട്‌ ചേർന്ന്‌ ഒരു വലിയ വീടിന്റെ മതിൽ. മതിലിന്റെ തറയുടെ തിണ്ടിൽ അത് ഇരിക്കുന്നു, വഴിപോക്കരെ നോക്കി കരയുന്നു. ആ തിണ്ടിൽ നിന്ന് ഒരാൾ ഉയരമുണ്ട് മതിലിന്‌. മതിലിന്റെ തറയുടെ താഴെ വെള്ളം കെട്ടിനില്ക്കുന്നു. വെളുത്ത ഒരു പൂച്ചക്കുട്ടി. കഴുത്തിൽ ചരട് കെട്ടിയ പൂച്ചക്കുട്ടി. അല്പ്പം ഇരുണ്ട ചുകപ്പ് നിറമുള്ള വീതി കുറഞ്ഞ ഒരു തുണികൊണ്ടാണ്‌ ആ ചരട്. ഉപേക്ഷിച്ചുപോരുമ്പോൾ കൂടെ വരാതിരിക്കാൻ ആരോ വെള്ളത്തിലിറങ്ങി അതിനെ ആ തിണ്ടിൽ വെച്ചതാണ്‌. പൂച്ചക്കുട്ടിക്ക് മുന്നോട്ടോ പിന്നോട്ടോ മതിലിനോട് ചേർന്ന് കുറച്ച് നടക്കാം. അതിന്റെ വലത് വശത്ത് മുട്ടിനില്ക്കുന്ന ഉയർന്ന മതിൽ, ഇടത്, അതിനെ ആയിരം മടങ്ങ് മുക്കികൊല്ലാൻ കെല്പുള്ള വെള്ളം. എത്രയോ തവണ അത് കരയിലെത്താനുള്ള വഴി തേടിയിരിക്കാം. മരണം മണത്ത് പേടിച്ച് പേടിച്ച് അതിന്റെ കുഞ്ഞിക്കാലുകൾ വിറച്ചുതുടങ്ങിയിരുന്നു.

കരച്ചിൽകേട്ട് നോക്കിയപ്പോൾ അതിന്റെ കണ്ൺ നിറയെ അതിന്റെ ഇത്തിരിപ്പോന്ന ഉയിരിനുവേണ്ടിയുള്ള യാചന. കണ്ണെടുത്ത് സൈക്കിളിന്റെ പാച്ചിൽ ശരിയാക്കി മുന്നോട്ട് കുതിക്കുമ്പോൾ ഉള്ളുതുടുത്തു, അതിന്റെ കണ്ൺ എന്റെ ഉള്ളുകൊളുത്തിവലിച്ചു. ഒരു നിമിഷം ആകാശത്ത് പറന്ന് നടക്കുന്ന മോനോട് പൂച്ചക്കുട്ടിയെപ്പറ്റി പറഞ്ഞു. “ടാ, ആ പാവം രക്ഷിക്കണേന്ന് പറയണ്‌കണ്ടോ, നമ്മുക്ക് അതിനെ പുറത്തേക്ക് എടുത്ത് വെക്ക്യാ?” പിന്നിലേക്ക് പൂച്ചക്കുട്ടിയെ നോക്കി അവൻ “ആ അപ്പാ, വേഗം വാ, അതിനെ എടുക്ക് അപ്പാ” എന്ന് പറയുമ്പോൾ സൈക്കിൾ തിരിച്ച്, ഞങ്ങൾ റോഡിന്നരികിൽ തയ്യാറായി. “പേടിക്കണ്ട്രാ കുട്ടാ, കരയണ്ടട്ടോ..” എന്ന് പറഞ്ഞ് അതിനെ നോക്കുമ്പോൾ അതിന്റെ നിലവിളിയും പരാക്രമവും കൂടി. മോൻ ഒന്നും മിണ്ടാതെ നെഞ്ചടക്കി നോക്കി നില്ക്കുന്നു. “വാ” എന്നു പറഞ്ഞപ്പോൾ വെള്ളത്തിലേക്ക് കാലെടുത്ത് വെക്കുന്നു, വെള്ളം തൊട്ടപ്പോൾ കാൽ പിൻവലിക്കുന്നു, കരച്ചിൽ കൂട്ടുന്നു, എന്റെ കണ്ണിൽ നോക്കി എന്നെവിട്ട് പോകല്ലേ എന്ന് നിലവിളിക്കുന്നു. മുണ്ട് പൊക്കി ഒരു വിധേനെ അതിന്നടുത്തേക്ക് കൈനീട്ടിയപ്പോൾ എന്റെ മലയാളം മൊഴിയും ആ പൂച്ചക്കുട്ടിയുടെ മൊഴിയും ഒന്നായിമറഞ്ഞ് അതിരില്ലാത്ത ഒരു തുടിപ്പറിഞ്ഞു. കരച്ചിലടക്കി അത് എന്റെ കൈവെള്ളയിൽ വിറച്ചുനിന്നു, കാനക്കരികിൽ അന്തം വിട്ട്, കണ്ണുതള്ളി അമ്പരപ്പോടെ അനങ്ങാതെ നിന്നു മോൻ. കരയ്ക്കുകയറി അതിനെ നിലത്ത് വെച്ചപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരെയോ, എന്തിനേയോ നോക്കുന്നപോലെ അതു തൊട്ടടുത്ത പറമ്പിലേക്ക് തേങ്ങലോടെ പാഞ്ഞു.

എന്തൊക്കൊയോ സംഭവിച്ചുകഴിഞ്ഞു എന്ന ഞെട്ടലിൽ നിന്നുണർന്നപ്പോൾ “അതിനെ പിടിക്ക് അപ്പാ, നമ്മുക്കതിനെ വീട്ടീ കൊണ്ടുവാം” എന്ന് മോൻ പറയുമ്പോൾ എന്റെ കണ്ണിൽ ആ പൂച്ചക്കുട്ടിയുടെ കഴുത്തിലെ ചരട് തറച്ചുനിന്നു. ആരുകെട്ടി ആ ചരട്? എന്തിനു കെട്ടി? ചരട്കെട്ടി കരക്കും വെള്ളത്തിനുമിടയിൽ അനങ്ങാതാവതെ ആരതിനെ വെച്ചു? ആരുടെയൊക്കെയോ സൗകര്യത്തിനുവേണ്ടി ഉപയോഗിച്ചുതീർന്നപ്പോൾ സ്വന്തമായൊരു കരയില്ലാതെ അത് മരണത്തെ മണത്തു. പെട്ടെന്ന്, എന്താണ്‌ സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ്, മരണത്തെ കാത്ത് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ട ഒരു അവസ്ഥയിൽ ആ പൂച്ചക്കുട്ടി എത്തിചേർന്നിരിക്കുന്നു. ഒന്നുകിൽ പെട്ടെന്നൊരു മരണം, അല്ലെങ്കിൽ, മരണത്തെ കാത്ത് ഒന്നും ചെയ്യാനില്ലാതെ തളർന്ന് കിടക്കുക, അത് വിധി. പക്ഷേ ഇത്, ആളൻ കെട്ടികൊടുത്ത ചരട്, അല്ലെങ്കിൽ വരുത്തിതീർത്ത മണ്ടത്തരം. സൈക്കിളിൽ കയറുന്നതിനുമുമ്പ് ഞാൻ മോന്റെ കഴുത്തിലേക്ക് നോക്കി, അറിയാതെ ഞാൻ അവനു ചരട് കെട്ടിയിരുന്നോ? ഒന്നുമില്ല, ഇളം നെഞ്ചും കഴുത്തും അല്ലാതെ; സമാധാനം!. പൂച്ചക്കുട്ടിയുടെ കരച്ചിൽ അകലെയായിരുന്നു, സൈക്കിൾ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിൽ മോന്റെ പരാതി അതിനെ വീട്ടിലെത്തിക്കാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ജാലകം