4/08/2008

വെടിപ്പാക്കല്‍

പറമ്പിലാകെ ചുറ്റിനടന്ന്
തോന്നലുകള്‍ എല്ലാം വലിച്ചുകൂട്ടി
ഉണങ്ങിക്കരിഞ്ഞ കോഞ്ഞാട്ടകൊണ്ടു തീ കൊടുത്തു.
തോന്നലുകള്‍ കത്തികാളുന്നത്‌ കണ്ടപ്പോള്‍
അവയുടെ നാളങ്ങള്‍, ചൂട്‌ എല്ലാം തകര്‍പ്പനായിരുന്നു.
പിന്നെ, ഒന്നും സംഭവിക്കാത്തതു പോലെ, തെങ്ങിന്റെ കട
കത്തിയമര്‍ന്ന വെണ്ണീറേറ്റുവാങ്ങി,
പഴയപോലെ ഒരേ തേങ്ങകളുണ്ടാക്കാന്‍.

1/16/2008

പേടി

അനീതിയും അക്രമങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,
കപ്പയും പോത്തിറച്ചിയും തിന്നു
കുറച്ചു ദൂരം ഞങ്ങള്‍ ഒന്നിച്ച്‌ നടന്നു.
പിന്നെ അവന്‍ കാശ്‌ കുത്തിയൊഴുകുന്ന ഓടയിലേക്ക്‌
മറിഞ്ഞു വീണു

പുറത്ത്‌ അപ്പോള്‍,
ചര്‍ച്ച ചെയ്ത അക്രമങ്ങളും അനീതിയും
തിന്ന കപ്പയും പോത്തിറച്ചിയും
എനിക്ക്‌ ഒറ്റപെടലിന്റെ പേടി കാട്ടിത്തന്നു.

1/04/2008

ഇംഗ്ലീഷ്‌ നായാട്ട്‌ by മത്തായി

കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ്‌ ഉത്തരകടലാസ്സ്‌ നോക്കുന്ന ഗുരുക്കന്മാര്‍ എന്നും കരയും. മൊഴിഭംഗിക്കും, മൊഴികളുടെ ശരിയായ പ്രയോഗത്തിനും തെറ്റാത്ത അക്ഷരങ്ങള്‍ക്കും കൊടുക്കേണ്ട മാര്‍ക്കുകള്‍...പട്ടിണി താണ്ഡവമാടുന്ന എത്യോപിയ ഉത്തരകടലാസില്‍... നൂറില്‍ രണ്ടോ മൂന്നോ മിടുക്കന്മാര്‍ പഠിച്ചെഴുതും, അറുപതോ എഴുപതോ പേര്‍ എയ്ഡ്‌സ്‌ (AIDS)പരക്കുന്ന വേഗത്തില്‍ അവരെ പകര്‍ത്തും, ശേഷിക്കുന്ന ഇരുകാലികളുടെ ഉത്തരകടലാസ്സ്‌ കണ്ട്‌ ഉള്ളുനൊന്ത്‌ കരയുന്ന മാഷ്‌ന്മാരെ കണ്ട്‌ മത്തായിയുടെ ഉള്ളും നോവും. ഈ അവസാനത്തെ ഇരുകാലികളുടെ കൂട്ടത്തിലാണ്‌ മത്തായി. വീട്ടിലെ പട്ടിണിയും, ചൂരലിന്റെ ചൂടും കാരണം മിടുക്കനായില്ല, ധൈര്യമില്ലാത്തതിനാല്‍ പകര്‍പ്പ്‌തന്ത്രം അറിഞ്ഞില്ല. ശോഷിച്ചു വരണ്ട അവന്റെ തലയില്‍ വീണ അറിവോ, തീയില്‍ വീണ പേപ്പറുപോലെ കത്തിചുരുങ്ങി.

മത്തായിക്കറിയാം is ന്റെ ഭൂതകാല രൂപമാണ്‌ was, are ന്റെ were, has ന്റെ had, my name is matthaayi എന്നാല്‍ "എന്റെ പേര്‌ മത്തായി" എന്നൊക്കെ. പക്ഷേ, is ഉം was ഉം എവിടെ വീശണമെന്നോ, has ഉം had ഉം വച്ച്‌ ഒരു വരി തന്റേതായി വാര്‍ക്കാനോ കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ആ പാവത്തിനറിയില്ല. പരാതിയുമില്ല. കൂട്ടത്തില്‍ കൂടുന്ന കൂട്ടുക്കാര്‍ക്കും മറിച്ചൊരവസ്ഥയില്ലാത്തതിനാല്‍ അവന്‍ അപ്പോഴെല്ലാം ശാന്തനുമായിരുന്നു. തന്റെ അയല്‍ക്കാരുടെ മുന്‍പില്‍ "ഞനൊരു ഡിഗ്രിക്കാരന്‍" എന്ന് പറഞ്ഞ്‌ നെഞ്ചുയര്‍ത്താന്‍ മോഹിക്കുമ്പോഴെല്ലാം ആരോ മണ്ടക്ക്‌ മേടുന്ന പോലൊരു തോന്നല്‍ പൊന്തിവരും. "ഇതാണോ ഡിഗ്രി? ലോകത്തിലെ ബാക്കി ഡിഗ്രിക്കാരൊക്കെ എന്നെപോലെ തന്നെയാണോ?" പിന്നെ സ്വയം ആശ്വസിക്കും "അവരും എന്നെപോലെ തന്ന്യാവും ലേ"

ഈ ക്രമസമാധാനം തകര്‍ന്നു, കൊച്ചേട്ടന്‍ പേര്‍ഷ്യേന്ന് വന്നപ്പോള്‍. കൊച്ചേട്ടന്‍ അയലത്തുള്ള അഞ്ചുമക്കളുടെ അച്ചന്‍, കൂലിപണിക്കാരന്‍, രണ്ടുകൊല്ലംമുന്‍പ്‌ പേര്‍ഷ്യക്ക്‌ പോയിരുന്നു. വന്നപ്പോള്‍ നാഷ്‌ണല്‍ പനസോണിക്കിന്റെ ടേപ്പ്‌ റെക്കോടും, ലേലാമു ലേലാ, കുര്‍ബാനി കുര്‍ബാനി എന്നൊക്കെ പാടുന്ന കേസ്സറ്റും, പിന്നെ എത്ര വലിച്ചുകെട്ടിയാലും അരയിലൊറക്കാത്ത പച്ചയും കറുപ്പും വരയുള്ള കള്ളിലുങ്കിയും കൊണ്ടുവന്നു.

ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്റെ ഒരു മോന്‍ മത്തായിയോട്‌ വീട്ടിലേക്ക്‌ വരാന്‍ അച്ചന്‍ പറഞ്ഞൂന്നും പറഞ്ഞ്‌ കൂട്ടികൊണ്ടുപോയി. ഡിഗ്രി പാസ്സായതിന്റെ മധുരം മാറാത്ത കാലം. ആ ചുറ്റുപാടിലെ ആകെയുള്ള മൂന്ന് ഡിഗ്രിക്കാരില്‍ ഒരാളാണ്‌ താനെന്നൊരഹംഭാവം ഒരു തരിപോലും കാണിക്കാതെ മത്തായി, പേര്‍ഷ്യക്കാശിന്റെ തണ്ട്‌ കാണിക്കാതെ, അഭിമാനത്തൊടെ ചിരിച്ചുക്കൊണ്ട്‌ കൊച്ചേട്ടന്‍. ഉമ്മറത്ത്‌ കയറി ഇരിക്കാന്‍ പറഞ്ഞ്‌ കൊച്ചേട്ടന്‍ തുടങ്ങി.

"നമ്മടെ നാട്ടിലൊരു ചെക്കന്‍ ഡിഗ്രി പാസ്സായീണ്ടേന്ന് ഞാനിപ്പ്‌ളാണ്ടോ അറിഞ്ഞത്‌. മത്തായിക്ക്‌ ഇംഗ്ലീഷറിയാലോ." മത്തായി ഒന്നമര്‍ന്നിരുന്നു. ചിരി മാറി. തിരക്കില്ലാത്ത നാട്ടിലെ വെട്ടോഴിയില്‍ സൈക്കിള്‍ ചവിട്ടിപഠിക്കുമ്പോള്‍ ഒന്നരയുടെ ബാലകൃഷ്ണ എതിരേ വരുമ്പോഴുണ്ടാകുന്ന ഒരു വെപ്രാളം മത്തായിയുടെ ഉള്ളില്‍ പുകഞ്ഞുതുടങ്ങി.

കൊച്ചേട്ടന്‍ പറഞ്ഞു, "എന്റെ വിസ അടുത്ത രണ്ടാന്തീ തീരും. അതിന്‌മുമ്പ്‌ അടുത്ത വിസ അയച്ചു തരണമ്ന്ന് എന്റെ പുത്യേ അറബാബിന്‌ ഒരു കത്തെഴുതണം. ഇതണ്‌ മൂപ്പര്‌ടെ വിലാസം".

ഒരു തുണ്ടു കടലാസ്‌ തന്റെ മനസമാധാനം തകര്‍ക്കുന്നത്‌ മത്തായി അറിഞ്ഞു. എല്ലാം കേട്ട്‌ "ഞാന്‍ ശരിയാക്കി തരാം" എന്ന ഭാവത്തില്‍ മത്തായി തല താഴ്ത്തി അധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ പടിയിറങ്ങി.

ജോലി കിട്ടാന്‍വേണ്ടിയുള്ള അപേക്ഷ, അവധിയെടുക്കാനുള്ള അപേക്ഷ, ഇതു രണ്ടിന്റേയും ഒരു പകര്‍പ്പാണ്‌ മത്തായിക്ക്‌ പയറ്റാനുള്ള ആകെയുള്ള ആയുധം. വീടിന്റെ തിണ്ണപ്പുറത്തിരുന്ന് പഴയ ഇംഗ്ലീഷ്‌ നോട്ട്‌ബുക്കിന്റെ ഏടുകള്‍ മറിച്ച്‌ മത്തായി പുറംലോകമെന്തെന്നറിയാതെ പണിതുടങ്ങി. രണ്ടില്‍നിന്നും വാക്കുകള്‍ മുറിച്ചെടുത്ത്‌ അറബാബിനുള്ള കത്ത്‌ ശരിയാക്കി. എത്ര വായിച്ചാലും, മഠത്തില്‍നിന്ന് കിട്ടുന്ന പാവങ്ങള്‍ക്കുള്ള (മത്തായിയുടെ കൂട്ടം) അമേരിക്കന്‍ ഉപ്പുമാവ്‌ തിന്നുമ്പോഴുള്ള അവസ്ഥ-കല്ലുകടി. കൊച്ചേട്ടന്‌ ഇംഗ്ലീഷ്‌ അറിയില്ല എന്ന ഒരു മനസമാധാനത്തോടെ കത്ത്‌ കൊടുത്തു.

ആ കത്തിന്റെ പിന്നീടുള്ള അവസ്ഥയോ, തുടര്‍നടപടികളേകുറിച്ചോ ഒന്നും മത്തായി അന്വേഷിക്കാന്‍ പോയില്ല. കൊച്ചേട്ടന്‍ വീണ്ടും പേര്‍ഷ്യക്ക്‌ പോയീന്ന്മാത്രം മത്തായിക്കറിയാം. പക്ഷേ അന്ന് മത്തായി തീരുമാനിച്ചു. "ഞാന്‍ ഇംഗ്ലീഷ്‌ പഠിക്കും, ഛേ നാണക്കേട്‌"

അങ്ങനെ ഇംഗ്ലീഷിനായുള്ള നായാട്ട്‌ മത്തായി തുടങ്ങി, ഒരു ചെറിയ വ്യാകരണ പുസ്തകത്തിലൂടെ. എല്ലാ വാചകങ്ങള്‍ക്കും ഒരു നേരമുണ്ട്‌ (tense). ഈ നേരങ്ങള്‍ മൂന്നാണ്‌, ഭൂതം, വര്‍ത്തമാനം, ഭാവി. ഈ ഒരോ നേരങ്ങള്‍ക്കും നാലു ചെറുനേരങ്ങളുണ്ട്‌. ഭൂതത്തിന്റെ ചെറുനേരങ്ങള്‍: simple past-ചെറുഭൂതം, past continuous-തുടര്‍ച്ചഭൂതം, past perfect-തികഞ്ഞഭൂതം, past perfect continuous-തികഞ്ഞ തുടര്‍ച്ചഭൂതം. അതുപോലെതന്നെ വര്‍ത്തമാനത്തിനും, ഭാവിക്കും നാലുവീതം ചെറുനേരങ്ങള്‍. മൊത്തം പന്ത്രണ്ട്‌ ചെറുനേരങ്ങളില്‍ ഇംഗ്ലീഷ്‌ വിലസിക്കുന്നു. മത്തായിയുടെ മണ്ട ഈ അറിവുകള്‍ മൊത്തിക്കുടിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഉള്ളിലുറപ്പിച്ചു. വീണ്ടും പഠിച്ചു. ഓരോ ചെറുനേരത്തിന്റേയും കോലം നന്നായി നോക്കിക്കണ്ട്‌ നെഞ്ചിലുറപ്പിച്ചു. നേരങ്ങള്‍ മാറുമ്പോള്‍ ചെയ്‌ത്തങ്ങള്‍(verbs)ക്കുണ്ടാകുന്ന മാറ്റങ്ങളും നോക്കിവച്ചു. ഉദാഹരണത്തിന്‌, ഭൂതത്തിന്റെ നാലുചെറുനേരങ്ങള്‍:
Raman went home:- simple past
Raman was going home:- past continuous
Raman had gone home:- past perfect
Raman had been going home:- past perfect continuous
ഹാ... ഇതുപോലെ ബാക്കി നാലും നാലും എട്ട്‌ ചെറുനേരങ്ങളും പഠിച്ചു.

ചുരുക്കി പറഞ്ഞാല്‍, is/am/are, was/were, will be/shall be കഴിഞ്ഞാല്‍ ing ചെയ്‌ത്തങ്ങള്‍ വരുന്നത്‌ കാണാം. അവ തുടര്‍ച്ചകളില്‍ പെടും. അതുപോലെ has/have/had ന്റെ കൂടെ ചെയ്‌ത്തങ്ങള്‍ വന്നാല്‍ അവ തികഞ്ഞ നേരങ്ങളില്‍പെടും. പിന്നെ has/have/had ന്റെ കൂടെ been ഉം ing ചെയ്‌ത്തങ്ങളും വന്നാല്‍ തികഞ്ഞ തുടര്‍ച്ചകളുമാവും. പിന്നെ ചെറുഭൂതത്തിനും, ചെറുവര്‍ത്താനത്തിനും ഒറ്റ ചെയ്‌ത്തങ്ങളേ ഉള്ളൂ(went-goes). ചെറുഭാവിക്ക്‌ will/shall+ചെയ്‌ത്തം.

കഷ്ടപ്പെട്ടാണെങ്കിലും രണ്ട്‌-മൂന്ന് ദിവസങ്ങള്‍ക്കൊണ്ട്‌ പന്ത്രണ്ട്‌ ചെറുനേരങ്ങളുടെ കോലം ഉറപ്പിച്ചെടുത്തു. എല്ലാം ഉറപ്പായപ്പോള്‍ മത്തായിയുടെ നെഞ്ചുയര്‍ന്നു. ചിരി വിടര്‍ന്നു. കാരണം ഗ്രന്ഥകര്‍ത്താവ്‌ എഴുതി, ഇംഗ്ലീഷിലെ എല്ലാ വരികളും ഈ പന്ത്രണ്ട്‌ നേരങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ്‌ എന്ന്. ഇംഗ്ലീഷ്‌നെ ഇത്ര അനായാസേനെ കീഴ്‌പ്പെടുത്തിയതിന്റെ ലഹരി നുരഞ്ഞ്‌പൊന്തി. പുസ്തകത്തിന്റെ ശേഷിച്ച ഭാഗമൊന്നും അത്ര കാര്യമില്ലെന്ന് മത്തായി മനസിലാക്കി.

ഈ തകര്‍പ്പന്‍ നേട്ടം നടപ്പിലാക്കാന്‍ മത്തായിയുടെ ഉള്ള്‌ വെമ്പി. കെട്ടിട ആശാരിത്തം(civil engineering) പഠിക്കുന്ന അനിയനോട്‌ ഒരു ദിവസം മത്തായി പറഞ്ഞു. "നിനക്ക്‌ ഇംഗ്ലീഷില്‍ വെല്ല സംശയങ്ങളുണ്ടെങ്കില്‍ എന്നോട്‌ ചോദിച്ചോ, ഞാന്‍ പറഞ്ഞ്‌തരാം. ഞാന്‍ ഇപ്പോഴാണ്‌ എല്ലാം മനസിലാക്കിയത്‌".

നിത്യവും കാണുന്ന ചേട്ടന്റെ മണ്ടയില്‍ അനിയന്‌ അത്ര വിശ്വാസം തോന്നീല്ല്യ. പക്ഷേ മത്തായിയുടെ ഉറച്ച നിലപാട്‌ കണ്ടപ്പോള്‍ അനിയന്‌ ഒരു പാതി മനസ്സ്‌. ഇഷ്ടികകനമുള്ള ഒരു പുസ്തകമെടുത്ത്‌ അവന്‍ ഒരു വരി വായിച്ച്‌ കാണിച്ചുകൊടുത്തു. "The machine is sold at Rs.2500. ഇതിന്റെ അര്‍ത്ഥം എന്താ, നീ ഒന്ന് പറഞ്ഞേ?"

മത്തായി സൂക്ഷിച്ചുനോക്കി. ഒരു കാര്യം ഒറപ്പായി, സംഗതി വര്‍ത്തമാനമാണ്‌. പക്ഷേ ing ചെയ്‌ത്തമില്ലാത്തതിനാല്‍ തുടര്‍ച്ചവര്‍ത്തമാനമല്ല. has/have/had ഇല്ലാത്തതിനാല്‍ തികഞ്ഞവര്‍ത്താനവുമല്ല. is ഓ sells ഓ ഒറ്റക്കായിരുന്നെങ്കില്‍ ചെറുവര്‍ത്താനമായിരുന്നേനെ. ആ വരി തെറ്റാണെന്ന് പറഞ്ഞാല്‍ അനിയന്റെ വായീന്ന് പുളിച്ച തെറി കിട്ടുമെന്നും ഉറപ്പാ. ഈ വരിയുടെ ശരിയായ അര്‍ത്ഥമറിയാതെ മത്തായി അങ്ങനെ കുനികൂടി ഇരിക്കുമ്പോള്‍ അനിയന്‍ ഇഷ്ടിക വലിച്ചെടുത്ത്‌ മടക്കി അകത്തേക്ക്‌ നടക്കുന്നതിനിടെ പറഞ്ഞു. "ഇതൊക്കെ അറിയണമെങ്കില്‍ അത്യാവശ്യത്തിന്‌ പഠിക്കണംഷ്ടാ, നീ വിചാരിക്കണത്ര എളുപ്പോന്നല്ലത്‌"

B.Sc പാസ്സായത്‌ എങ്ങനെയാണ്‌, എന്തിനാണ്‌, ആര്‍ക്‌ക്‍വേണ്ടി എന്നൊക്കെ ആലോചിക്കുന്ന മുറിവേറ്റ ആ നായാട്ടുകാരന്റെ മുന്നില്‍ ഇരുള്‌ നിറഞ്ഞ കാട്‌ അവനെ കണ്ട ഭാവം പോലും നടിച്ചില്ല.

1/02/2008

മത്തായിയും കണക്കും പിന്നെ വത്സലയും

അങ്ങനെ എല്ലാവരേയുംപോലെ മത്തായി സ്കൂളില്‍ ചേര്‍ന്നു. അപ്പന്റേയൊ അമ്മയുടേയൊ കൈയില്‍നിന്ന് അല്‍പ്പംപോലും ധൈര്യം ചൂരിനുപോലും അവന്‌ കിട്ടിയില്ല, കാരണം അപ്പന്‍ പുറത്ത്‌ ജോലിയില്‍, അമ്മ അമ്മായിയമ്മയുടെ കൈയിലെ മൂക്കില്‍പൊടി, മിണ്ടിയാല്‍ വലിച്ച്‌ തുമ്മിതെറിപ്പിച്ചു കളയും. തറപറ പഠിച്ചു, ഒന്നേരണ്ടേ പഠിച്ചു, രണ്ടാംക്ലാസില്‍ വച്ച്‌ ചൂരല്‌ പിടിച്ച്‌ കണക്ക്‌ പഠിപ്പിക്കുന്ന "സിസ്റ്റിന്റെ" കൈയില്‍ നിന്ന് കണക്കിനോടുള്ള പേടിയും കിട്ടി. മൂന്നാംക്ലാസില്‍ മത്തായിയും വത്സലയും കണക്ക്‌ ക്ലാസിന്റെ രോമാഞ്ചമായി. അത്‌ ഇങ്ങനെ.

മൂന്നാംക്ലാസിലെ "സിസ്റ്റ്‌" ഫ്രാന്‍സീസിന്‌ മത്തായിയുടെ ഉണ്ടക്കണ്ണിലെ കണക്കിനോടുള്ള പേടിയോട്‌ ഒരുതരം വല്ലാത്ത ഹരമാണ്‌. അവരുടെ കൈയിലെ ചൂരലിന്‌ ആറാടന്‍ പാകത്തില്‍ കാലിയായി കിടക്കുകയാണ്‌ മത്തയിയുടെ മണ്ടയിലെ കണക്കിനുള്ള കളം. ആദ്യത്തെ രണ്ട്‌ പീരിയഡ്‌ കഴിഞ്ഞാല്‍ 10 മിനിറ്റിന്റെ വിശ്രമം. അത്‌ കഴിഞ്ഞാല്‍ കണക്ക്‌ ക്ലാസ്‌ തുടങ്ങുകയായി. "സിസ്റ്റ്‌" ക്ലാസില്‍ എത്തുന്നതോടെ പതിവുള്ള കാഴ്ചക്ക്‌ അമര്‍ത്തിപിടിച്ച ചുണ്ടുകളോടെ കുട്ടികള്‍ കാത്തിരിക്കുന്നു. "മത്തായീ", സിസ്റ്റിന്റെ ചുണ്ട്‌ പിളര്‍ന്ന് വരുന്ന ആദ്യത്തെ ആ ശബ്ദം വെട്ടിമുറിക്കപെടാന്‍ പോകുന്ന രോഗിയുടെ മൂക്കില്‍ വയ്ക്കുന്ന കുളിരുള്ള ക്ലോറോഫോമിന്റെ പഞ്ഞിയാണവന്‌. പെട്ട്രൊമേക്സിന്റെ വെളിച്ചം കണ്ട തവളയുടെ ഗതിയാണവന്‌ പിന്നീട്‌. മുന്നില്‍ കറുത്ത തട്ടമിട്ട്‌ ആരാച്ചാരുടെ മൗനം നിറച്ച മുഖവുമായി "സിസ്റ്റ്‌" ഫ്രാന്‍സീസ്‌. അതിന്‌ പിന്നില്‍ തൂക്കുമരംപോലെ തൂങ്ങിനില്‍ക്കുന്ന കറുത്ത വലിയ എഴുത്ത്‌ പലക (the so called Blackboard). എഴുത്ത്‌ പലകയുടെ വിരിഞ്ഞ മാറില്‍ തന്റെ തലയറുക്കാന്‍ "സിസ്റ്റ്‌" കരുതിവച്ച തിളങ്ങുന്ന കഠാര ഇങ്ങനെ കാണാം

34 x
7
-----

പതിവുപോലെ, ചൂരലിന്റെ തുമ്പിലൂടെ വരുന്ന കല്‍പ്പനയനുസരിച്ച്‌ മേശയില്‍നിന്ന് ചോക്കെടെത്ത്‌ മത്തായി തൂക്കുമരത്തിലേക്ക്‌ നീങ്ങുന്നു. ഏതൊ വൃത്തിക്കെട്ട അക്കങ്ങളുടെ ഈ ഗുണിതകോപ്രായം എന്ന് തീരും എന്ന ആധിയോടെ അവന്റെ പിഞ്ചുകൈകള്‍ എഴുത്ത്‌പലകയുടെ തണുത്ത ഭീകരത അറിയുന്നു, ഒരു പാമ്പിനെ തൊട്ടപോലെ. നാലിനെ ഏഴ്‌ ഗുണിച്ചെറിഞ്ഞാല്‍ ഏത്‌ കുരുത്തംകെട്ട സന്തതി പുറത്തുവരും എന്നതിനെപറ്റി ഒരു ഗന്ധംപോലുമില്ലാത്ത അവന്റെ ചെവിയില്‍ "ങ്‌ഹും" എന്ന "സിസ്റ്റിന്റെ" കനത്ത ശബ്ദം. വിറക്കുന്ന വിരലുകള്‍ക്ക്‌ പിന്നില്‍ അവനറിയാം അവന്‍ ഒരു മാലപടക്കത്തിന്‌ തിരികൊടുക്കുകയാണെന്ന്. വിറക്കുന്ന വിരലുകളും, ഇറുകിചിമ്മിയ കണ്ണുകളും അവസാനം പെറ്റിട്ടു ആര്‍ക്കും വേണ്ടാത്ത ഒരു അക്കം, 5. ആദ്യം വെട്ടി ഒരു വെള്ളിടി, മനസ്സില്‍. പിന്നാലെ വന്നു പുറംതുടയില്‍ പൊള്ളുന്ന ഒരു കീറല്‍, അതിനും പിന്നാലെ വന്നു കൂടെപഠിക്കുന്നവരുടെ കൂട്ടച്ചിരി, അതിനും പിന്നാലെ തന്റെതന്നെ ഇടംകൈ അറിയാതെ ആ കീറലിന്‌ ഒന്നു തലോടി, ഈ മര്‍ദ്ദനം തീര്‍ന്നില്ലെന്നറിയിക്കാന്‍. കണ്ണുനീര്‍ വന്നിട്ടില്ല. വരാറായിട്ടില്ല.

ചൂട്‌മാറാത്ത ആ 5നെ തുടച്ച്‌മാറ്റി അടുത്ത ഏതു അക്കമാണെഴുതേണ്ടതെന്ന് ഒരു വിധ്വാനെപോലെ അവന്‍ ചിന്തിച്ചു. വീണ്ടും വിറക്കുന്ന വിരലുകളും ഇറുകിച്ചിമ്മിയ കണ്ണുകളും പെറ്റിട്ടു...8. വെള്ളിടി പാഞ്ഞു മനസില്‍, ആദ്യം. പക്ഷേ പൊള്ളുന്ന കീറല്‍ വീണില്ല ഇളംതുടയില്‍. മനസ്സ്‌ ഒരു നെടുവീര്‍പ്പിട്ടു ആഘോഷിച്ചു ഈ വിജയം. "ങ്‌ഹും" എന്ന അടുത്ത കനത്ത ശബ്ദം കേട്ട മനസ്സ്‌ മത്തായിക്ക്‌ കൊടുത്തത്‌ വീണ്ടും ആര്‍ക്കും വേണ്ടാത്ത അക്കം 4. മാലപടക്കം പൊട്ടി. കണ്ണ്‍ നിറഞ്ഞു. തുടച്ചുമാറ്റി 4നെ. 6 എഴുതിനോക്കിയപ്പൊള്‍ വീണ്ടും മാലപടക്കം. കണ്ണു തുളുമ്പി. കൂടെപഠിച്ചവരുടെ ചിരി കുറഞ്ഞു. ഇനി മത്തായിക്കുവേണ്ടി കളയാന്‍ സമയമില്ലാത്തതിനാല്‍, "സിസ്റ്റ്‌" മൂന്ന് കീറലുകളുംകൂടി ചാര്‍ത്തി മുറുക്കിചുവപ്പിച്ചു അവന്റെ തുടയെ. ഏങ്ങികരച്ചിലോടെ കണ്ണീര്‍ മുഖത്തും കൈതണ്ടയിലും നനച്ച്‌ മത്തായി അന്നത്തെ കുരിശുമരണം അവസാനിപ്പിച്ച്‌ ബഞ്ചിലേക്ക്‌ മടങ്ങുമ്പോള്‍ "വത്സലാ.." എന്ന നീണ്ട വിളി. അവളുടെ തലയിലും കണക്കിനുള്ള കളം എന്നും ഉണങ്ങികരിഞ്ഞതായിരുന്നു. അവളുടേയും കുരിശുമരണം കരച്ചിലിലോടെ തീരുമ്പോള്‍, "സിസ്റ്റ്‌" ഫ്രാന്‍സീസ്‌ പുതിയ പാഠം തുടങ്ങുന്നു, അടുത്ത ദിവസത്തേക്കുള്ള മത്തായിയുടെ കുരിശ്‌.

പിന്നെയുള്ള ഏഴുകൊല്ലങ്ങളില്‍ കണക്കിനെക്കുറിച്ച്‌ മത്തായിക്ക്‌ ആധിയുണ്ടായിരുന്നില്ല്ല. കാരണം ആധിപ്പെടാന്‍ ഒന്നും ബാക്കിയില്ലായിരുന്നു, കണക്കില്‍. എല്ലാ കണക്ക്‌ പരീക്ഷകള്‍ക്കും മൂന്നില്‍ കുറഞ്ഞ മാര്‍ക്കും, അനാഥാലയത്തില്‍ നിന്ന് വന്നിരുന്ന വത്സല എന്ന പെണ്‍കുട്ടിയും ആഴങ്ങളില്‍ മൂടപെട്ട വെറുംകല്ലുകളാണ്‌.

1/01/2008

ടാ നീ ചിരിക്കണം...

ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നീ എന്തിനാ വേദനിക്കുന്നത്‌?
നിന്റെ തിളങ്ങാത്ത മുണ്ടും കുപ്പായവും
കൈക്കോട്ടും തൂമ്പയും വാര്‍ക്കചട്ടിയുമെല്ലാം
നിന്റെ മുഖത്തെ ചിരി മായ്കുന്നതെന്തിന്‌?

തേച്ചുമിനുക്കിയ വേഷങ്ങളുമായി ഓഫിസ്‌ ജോലിക്കും മറ്റും
പോകുന്നവര്‍ പുഛ്ത്തോടെ നിന്നെ നോക്കാം
നിന്റെ ഒതുക്കമില്ലാത്ത പണിയായുധങ്ങള്‍ യാത്രക്കാര്‍ക്ക്‌
ശല്ല്യമായിരിക്കാം...എങ്കിലും നീ ചിരിക്കണം

കാരണം, അവരുടെ തേച്ചുമിനുക്കിയ വേഷങ്ങള്‍
അവരുടെ പണിയായുധങ്ങളാണ്‌
ചിരിക്കാത്ത അവരുടെ ചുണ്ടുകള്‍
നീ വെട്ടിപൊളിക്കുന്ന കല്ലുകളാണ്‌
അവര്‍ പുലമ്പുന്ന കറുത്ത വാക്കുകള്‍
നിന്റെ തൂമ്പയില്‍ പുരണ്ട ചെളിയാണ്‌
അവരുടെ കറുത്ത നോട്ടങ്ങള്‍
നീ വെട്ടിതെളിക്കുന്ന കാടുകളാണ്‌
അര്‍ബുദം ബാധിച്ച അവരുടെ മനസ്സ്‌
മുറിപ്പാടുകള്‍ വീണ നിന്റെ തൊലിപ്പുറമാണ്‌

അന്തിക്കൊരു കുളത്തിലോ, പുഴയിലോ നീ മുങ്ങികുളിക്കുമ്പോള്‍
അന്തിമാനത്തില്‍ പരന്ന്‌ പാറുന്ന കാറ്റാവുന്നു നീ
വേഷം മാറി ടീവിയിലേക്ക്‌ നോക്കി ചാഞ്ഞിരിക്കുന്ന അവരോ
ഒരു ബ്രോയിലര്‍ കോഴിയുടെ അകലം കാണാത്ത കണ്ണാവുന്നു.

ജാലകം