1/04/2008

ഇംഗ്ലീഷ്‌ നായാട്ട്‌ by മത്തായി

കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ്‌ ഉത്തരകടലാസ്സ്‌ നോക്കുന്ന ഗുരുക്കന്മാര്‍ എന്നും കരയും. മൊഴിഭംഗിക്കും, മൊഴികളുടെ ശരിയായ പ്രയോഗത്തിനും തെറ്റാത്ത അക്ഷരങ്ങള്‍ക്കും കൊടുക്കേണ്ട മാര്‍ക്കുകള്‍...പട്ടിണി താണ്ഡവമാടുന്ന എത്യോപിയ ഉത്തരകടലാസില്‍... നൂറില്‍ രണ്ടോ മൂന്നോ മിടുക്കന്മാര്‍ പഠിച്ചെഴുതും, അറുപതോ എഴുപതോ പേര്‍ എയ്ഡ്‌സ്‌ (AIDS)പരക്കുന്ന വേഗത്തില്‍ അവരെ പകര്‍ത്തും, ശേഷിക്കുന്ന ഇരുകാലികളുടെ ഉത്തരകടലാസ്സ്‌ കണ്ട്‌ ഉള്ളുനൊന്ത്‌ കരയുന്ന മാഷ്‌ന്മാരെ കണ്ട്‌ മത്തായിയുടെ ഉള്ളും നോവും. ഈ അവസാനത്തെ ഇരുകാലികളുടെ കൂട്ടത്തിലാണ്‌ മത്തായി. വീട്ടിലെ പട്ടിണിയും, ചൂരലിന്റെ ചൂടും കാരണം മിടുക്കനായില്ല, ധൈര്യമില്ലാത്തതിനാല്‍ പകര്‍പ്പ്‌തന്ത്രം അറിഞ്ഞില്ല. ശോഷിച്ചു വരണ്ട അവന്റെ തലയില്‍ വീണ അറിവോ, തീയില്‍ വീണ പേപ്പറുപോലെ കത്തിചുരുങ്ങി.

മത്തായിക്കറിയാം is ന്റെ ഭൂതകാല രൂപമാണ്‌ was, are ന്റെ were, has ന്റെ had, my name is matthaayi എന്നാല്‍ "എന്റെ പേര്‌ മത്തായി" എന്നൊക്കെ. പക്ഷേ, is ഉം was ഉം എവിടെ വീശണമെന്നോ, has ഉം had ഉം വച്ച്‌ ഒരു വരി തന്റേതായി വാര്‍ക്കാനോ കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ആ പാവത്തിനറിയില്ല. പരാതിയുമില്ല. കൂട്ടത്തില്‍ കൂടുന്ന കൂട്ടുക്കാര്‍ക്കും മറിച്ചൊരവസ്ഥയില്ലാത്തതിനാല്‍ അവന്‍ അപ്പോഴെല്ലാം ശാന്തനുമായിരുന്നു. തന്റെ അയല്‍ക്കാരുടെ മുന്‍പില്‍ "ഞനൊരു ഡിഗ്രിക്കാരന്‍" എന്ന് പറഞ്ഞ്‌ നെഞ്ചുയര്‍ത്താന്‍ മോഹിക്കുമ്പോഴെല്ലാം ആരോ മണ്ടക്ക്‌ മേടുന്ന പോലൊരു തോന്നല്‍ പൊന്തിവരും. "ഇതാണോ ഡിഗ്രി? ലോകത്തിലെ ബാക്കി ഡിഗ്രിക്കാരൊക്കെ എന്നെപോലെ തന്നെയാണോ?" പിന്നെ സ്വയം ആശ്വസിക്കും "അവരും എന്നെപോലെ തന്ന്യാവും ലേ"

ഈ ക്രമസമാധാനം തകര്‍ന്നു, കൊച്ചേട്ടന്‍ പേര്‍ഷ്യേന്ന് വന്നപ്പോള്‍. കൊച്ചേട്ടന്‍ അയലത്തുള്ള അഞ്ചുമക്കളുടെ അച്ചന്‍, കൂലിപണിക്കാരന്‍, രണ്ടുകൊല്ലംമുന്‍പ്‌ പേര്‍ഷ്യക്ക്‌ പോയിരുന്നു. വന്നപ്പോള്‍ നാഷ്‌ണല്‍ പനസോണിക്കിന്റെ ടേപ്പ്‌ റെക്കോടും, ലേലാമു ലേലാ, കുര്‍ബാനി കുര്‍ബാനി എന്നൊക്കെ പാടുന്ന കേസ്സറ്റും, പിന്നെ എത്ര വലിച്ചുകെട്ടിയാലും അരയിലൊറക്കാത്ത പച്ചയും കറുപ്പും വരയുള്ള കള്ളിലുങ്കിയും കൊണ്ടുവന്നു.

ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്റെ ഒരു മോന്‍ മത്തായിയോട്‌ വീട്ടിലേക്ക്‌ വരാന്‍ അച്ചന്‍ പറഞ്ഞൂന്നും പറഞ്ഞ്‌ കൂട്ടികൊണ്ടുപോയി. ഡിഗ്രി പാസ്സായതിന്റെ മധുരം മാറാത്ത കാലം. ആ ചുറ്റുപാടിലെ ആകെയുള്ള മൂന്ന് ഡിഗ്രിക്കാരില്‍ ഒരാളാണ്‌ താനെന്നൊരഹംഭാവം ഒരു തരിപോലും കാണിക്കാതെ മത്തായി, പേര്‍ഷ്യക്കാശിന്റെ തണ്ട്‌ കാണിക്കാതെ, അഭിമാനത്തൊടെ ചിരിച്ചുക്കൊണ്ട്‌ കൊച്ചേട്ടന്‍. ഉമ്മറത്ത്‌ കയറി ഇരിക്കാന്‍ പറഞ്ഞ്‌ കൊച്ചേട്ടന്‍ തുടങ്ങി.

"നമ്മടെ നാട്ടിലൊരു ചെക്കന്‍ ഡിഗ്രി പാസ്സായീണ്ടേന്ന് ഞാനിപ്പ്‌ളാണ്ടോ അറിഞ്ഞത്‌. മത്തായിക്ക്‌ ഇംഗ്ലീഷറിയാലോ." മത്തായി ഒന്നമര്‍ന്നിരുന്നു. ചിരി മാറി. തിരക്കില്ലാത്ത നാട്ടിലെ വെട്ടോഴിയില്‍ സൈക്കിള്‍ ചവിട്ടിപഠിക്കുമ്പോള്‍ ഒന്നരയുടെ ബാലകൃഷ്ണ എതിരേ വരുമ്പോഴുണ്ടാകുന്ന ഒരു വെപ്രാളം മത്തായിയുടെ ഉള്ളില്‍ പുകഞ്ഞുതുടങ്ങി.

കൊച്ചേട്ടന്‍ പറഞ്ഞു, "എന്റെ വിസ അടുത്ത രണ്ടാന്തീ തീരും. അതിന്‌മുമ്പ്‌ അടുത്ത വിസ അയച്ചു തരണമ്ന്ന് എന്റെ പുത്യേ അറബാബിന്‌ ഒരു കത്തെഴുതണം. ഇതണ്‌ മൂപ്പര്‌ടെ വിലാസം".

ഒരു തുണ്ടു കടലാസ്‌ തന്റെ മനസമാധാനം തകര്‍ക്കുന്നത്‌ മത്തായി അറിഞ്ഞു. എല്ലാം കേട്ട്‌ "ഞാന്‍ ശരിയാക്കി തരാം" എന്ന ഭാവത്തില്‍ മത്തായി തല താഴ്ത്തി അധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ പടിയിറങ്ങി.

ജോലി കിട്ടാന്‍വേണ്ടിയുള്ള അപേക്ഷ, അവധിയെടുക്കാനുള്ള അപേക്ഷ, ഇതു രണ്ടിന്റേയും ഒരു പകര്‍പ്പാണ്‌ മത്തായിക്ക്‌ പയറ്റാനുള്ള ആകെയുള്ള ആയുധം. വീടിന്റെ തിണ്ണപ്പുറത്തിരുന്ന് പഴയ ഇംഗ്ലീഷ്‌ നോട്ട്‌ബുക്കിന്റെ ഏടുകള്‍ മറിച്ച്‌ മത്തായി പുറംലോകമെന്തെന്നറിയാതെ പണിതുടങ്ങി. രണ്ടില്‍നിന്നും വാക്കുകള്‍ മുറിച്ചെടുത്ത്‌ അറബാബിനുള്ള കത്ത്‌ ശരിയാക്കി. എത്ര വായിച്ചാലും, മഠത്തില്‍നിന്ന് കിട്ടുന്ന പാവങ്ങള്‍ക്കുള്ള (മത്തായിയുടെ കൂട്ടം) അമേരിക്കന്‍ ഉപ്പുമാവ്‌ തിന്നുമ്പോഴുള്ള അവസ്ഥ-കല്ലുകടി. കൊച്ചേട്ടന്‌ ഇംഗ്ലീഷ്‌ അറിയില്ല എന്ന ഒരു മനസമാധാനത്തോടെ കത്ത്‌ കൊടുത്തു.

ആ കത്തിന്റെ പിന്നീടുള്ള അവസ്ഥയോ, തുടര്‍നടപടികളേകുറിച്ചോ ഒന്നും മത്തായി അന്വേഷിക്കാന്‍ പോയില്ല. കൊച്ചേട്ടന്‍ വീണ്ടും പേര്‍ഷ്യക്ക്‌ പോയീന്ന്മാത്രം മത്തായിക്കറിയാം. പക്ഷേ അന്ന് മത്തായി തീരുമാനിച്ചു. "ഞാന്‍ ഇംഗ്ലീഷ്‌ പഠിക്കും, ഛേ നാണക്കേട്‌"

അങ്ങനെ ഇംഗ്ലീഷിനായുള്ള നായാട്ട്‌ മത്തായി തുടങ്ങി, ഒരു ചെറിയ വ്യാകരണ പുസ്തകത്തിലൂടെ. എല്ലാ വാചകങ്ങള്‍ക്കും ഒരു നേരമുണ്ട്‌ (tense). ഈ നേരങ്ങള്‍ മൂന്നാണ്‌, ഭൂതം, വര്‍ത്തമാനം, ഭാവി. ഈ ഒരോ നേരങ്ങള്‍ക്കും നാലു ചെറുനേരങ്ങളുണ്ട്‌. ഭൂതത്തിന്റെ ചെറുനേരങ്ങള്‍: simple past-ചെറുഭൂതം, past continuous-തുടര്‍ച്ചഭൂതം, past perfect-തികഞ്ഞഭൂതം, past perfect continuous-തികഞ്ഞ തുടര്‍ച്ചഭൂതം. അതുപോലെതന്നെ വര്‍ത്തമാനത്തിനും, ഭാവിക്കും നാലുവീതം ചെറുനേരങ്ങള്‍. മൊത്തം പന്ത്രണ്ട്‌ ചെറുനേരങ്ങളില്‍ ഇംഗ്ലീഷ്‌ വിലസിക്കുന്നു. മത്തായിയുടെ മണ്ട ഈ അറിവുകള്‍ മൊത്തിക്കുടിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഉള്ളിലുറപ്പിച്ചു. വീണ്ടും പഠിച്ചു. ഓരോ ചെറുനേരത്തിന്റേയും കോലം നന്നായി നോക്കിക്കണ്ട്‌ നെഞ്ചിലുറപ്പിച്ചു. നേരങ്ങള്‍ മാറുമ്പോള്‍ ചെയ്‌ത്തങ്ങള്‍(verbs)ക്കുണ്ടാകുന്ന മാറ്റങ്ങളും നോക്കിവച്ചു. ഉദാഹരണത്തിന്‌, ഭൂതത്തിന്റെ നാലുചെറുനേരങ്ങള്‍:
Raman went home:- simple past
Raman was going home:- past continuous
Raman had gone home:- past perfect
Raman had been going home:- past perfect continuous
ഹാ... ഇതുപോലെ ബാക്കി നാലും നാലും എട്ട്‌ ചെറുനേരങ്ങളും പഠിച്ചു.

ചുരുക്കി പറഞ്ഞാല്‍, is/am/are, was/were, will be/shall be കഴിഞ്ഞാല്‍ ing ചെയ്‌ത്തങ്ങള്‍ വരുന്നത്‌ കാണാം. അവ തുടര്‍ച്ചകളില്‍ പെടും. അതുപോലെ has/have/had ന്റെ കൂടെ ചെയ്‌ത്തങ്ങള്‍ വന്നാല്‍ അവ തികഞ്ഞ നേരങ്ങളില്‍പെടും. പിന്നെ has/have/had ന്റെ കൂടെ been ഉം ing ചെയ്‌ത്തങ്ങളും വന്നാല്‍ തികഞ്ഞ തുടര്‍ച്ചകളുമാവും. പിന്നെ ചെറുഭൂതത്തിനും, ചെറുവര്‍ത്താനത്തിനും ഒറ്റ ചെയ്‌ത്തങ്ങളേ ഉള്ളൂ(went-goes). ചെറുഭാവിക്ക്‌ will/shall+ചെയ്‌ത്തം.

കഷ്ടപ്പെട്ടാണെങ്കിലും രണ്ട്‌-മൂന്ന് ദിവസങ്ങള്‍ക്കൊണ്ട്‌ പന്ത്രണ്ട്‌ ചെറുനേരങ്ങളുടെ കോലം ഉറപ്പിച്ചെടുത്തു. എല്ലാം ഉറപ്പായപ്പോള്‍ മത്തായിയുടെ നെഞ്ചുയര്‍ന്നു. ചിരി വിടര്‍ന്നു. കാരണം ഗ്രന്ഥകര്‍ത്താവ്‌ എഴുതി, ഇംഗ്ലീഷിലെ എല്ലാ വരികളും ഈ പന്ത്രണ്ട്‌ നേരങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ്‌ എന്ന്. ഇംഗ്ലീഷ്‌നെ ഇത്ര അനായാസേനെ കീഴ്‌പ്പെടുത്തിയതിന്റെ ലഹരി നുരഞ്ഞ്‌പൊന്തി. പുസ്തകത്തിന്റെ ശേഷിച്ച ഭാഗമൊന്നും അത്ര കാര്യമില്ലെന്ന് മത്തായി മനസിലാക്കി.

ഈ തകര്‍പ്പന്‍ നേട്ടം നടപ്പിലാക്കാന്‍ മത്തായിയുടെ ഉള്ള്‌ വെമ്പി. കെട്ടിട ആശാരിത്തം(civil engineering) പഠിക്കുന്ന അനിയനോട്‌ ഒരു ദിവസം മത്തായി പറഞ്ഞു. "നിനക്ക്‌ ഇംഗ്ലീഷില്‍ വെല്ല സംശയങ്ങളുണ്ടെങ്കില്‍ എന്നോട്‌ ചോദിച്ചോ, ഞാന്‍ പറഞ്ഞ്‌തരാം. ഞാന്‍ ഇപ്പോഴാണ്‌ എല്ലാം മനസിലാക്കിയത്‌".

നിത്യവും കാണുന്ന ചേട്ടന്റെ മണ്ടയില്‍ അനിയന്‌ അത്ര വിശ്വാസം തോന്നീല്ല്യ. പക്ഷേ മത്തായിയുടെ ഉറച്ച നിലപാട്‌ കണ്ടപ്പോള്‍ അനിയന്‌ ഒരു പാതി മനസ്സ്‌. ഇഷ്ടികകനമുള്ള ഒരു പുസ്തകമെടുത്ത്‌ അവന്‍ ഒരു വരി വായിച്ച്‌ കാണിച്ചുകൊടുത്തു. "The machine is sold at Rs.2500. ഇതിന്റെ അര്‍ത്ഥം എന്താ, നീ ഒന്ന് പറഞ്ഞേ?"

മത്തായി സൂക്ഷിച്ചുനോക്കി. ഒരു കാര്യം ഒറപ്പായി, സംഗതി വര്‍ത്തമാനമാണ്‌. പക്ഷേ ing ചെയ്‌ത്തമില്ലാത്തതിനാല്‍ തുടര്‍ച്ചവര്‍ത്തമാനമല്ല. has/have/had ഇല്ലാത്തതിനാല്‍ തികഞ്ഞവര്‍ത്താനവുമല്ല. is ഓ sells ഓ ഒറ്റക്കായിരുന്നെങ്കില്‍ ചെറുവര്‍ത്താനമായിരുന്നേനെ. ആ വരി തെറ്റാണെന്ന് പറഞ്ഞാല്‍ അനിയന്റെ വായീന്ന് പുളിച്ച തെറി കിട്ടുമെന്നും ഉറപ്പാ. ഈ വരിയുടെ ശരിയായ അര്‍ത്ഥമറിയാതെ മത്തായി അങ്ങനെ കുനികൂടി ഇരിക്കുമ്പോള്‍ അനിയന്‍ ഇഷ്ടിക വലിച്ചെടുത്ത്‌ മടക്കി അകത്തേക്ക്‌ നടക്കുന്നതിനിടെ പറഞ്ഞു. "ഇതൊക്കെ അറിയണമെങ്കില്‍ അത്യാവശ്യത്തിന്‌ പഠിക്കണംഷ്ടാ, നീ വിചാരിക്കണത്ര എളുപ്പോന്നല്ലത്‌"

B.Sc പാസ്സായത്‌ എങ്ങനെയാണ്‌, എന്തിനാണ്‌, ആര്‍ക്‌ക്‍വേണ്ടി എന്നൊക്കെ ആലോചിക്കുന്ന മുറിവേറ്റ ആ നായാട്ടുകാരന്റെ മുന്നില്‍ ഇരുള്‌ നിറഞ്ഞ കാട്‌ അവനെ കണ്ട ഭാവം പോലും നടിച്ചില്ല.

1 അഭിപ്രായം:

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഇതു കൊള്ളാംട്ടാ.. ഒരു നല്ല ശൈലി. ഇപ്പോഴാണ് എല്ലാം കൂടി വായിച്ചത്. എഴുത്ത് മുടക്കണ്ട്. പൂശിക്കോ...

ജാലകം