കൂട്ടുകാരനെ കാണുമ്പോൾ, കൂട്ടത്തിൽ, നിന്റെ “പെണ്ണിനെ” സുഖമാണോ എന്നു ചോദിക്കാൻ പേടി.
വൈഫെന്നോ, ചുരുങ്ങിയ പക്ഷം, ഭാര്യയെന്നോ ചോദിച്ചില്ലെങ്കിൽ ഇടിഞ്ഞുവീഴുന്ന അവന്റെ
മാനത്തിനെ പേടി.
റിക്ഷയിൽ പോകുമ്പോൾ “ഇടത്തേക്ക്” തിരിക്കൂ എന്നുപറയാൻ പേടി.
വണ്ടി “റൈറ്റിലേക്ക്” പോയെങ്കിലോ.
ആരുമില്ലാത്ത നാട്ടുവഴിയിൽ പച്ചപുല്ലിനു് ഒന്നു മുള്ളികൊടുക്കാൻ പേടി.
ഒരുർപ്യയ്ക്കു നാറ്റം സഹിക്കുന്ന പുരുഷവീര്യത്തിനെ പേടി.
പക്ഷേ...
കൂടെ നടത്തുന്ന നായയോട് ആംഗലേയമറിയാത്ത പുതുപണക്കാരൻ
“കം, കം, ജിമ്മി” എന്ന് കൊക്കി നടക്കുമ്പോൾ
പഴയപേടി ചുണ്ടിൽ ചിരിപടർത്തുന്നു.
12/01/2010
പുതിയ പേടികൾ
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 12:32 PM 2 മറുമൊഴികള്‍
പട്ടിക : വരികള്‍
11/29/2010
പ്ലാസ്റ്റിക് ശവം
നേരം പുലരുമ്പോൾ, തണുത്ത് നേരിയ കാറ്റിൽ കിളികൾ കൂകിയപ്പോൾ
ഞാൻ നടക്കുകയായിരുന്നു.
മുന്നിൽ അപ്പോൾ ഒരു പ്ലാസ്റ്റിക് ശവം തലയില്ലാതെ നടക്കുന്നു
അതിന്റെ കാലടികൾ വെട്ടിത്തിളങ്ങുന്ന കട്ടശീലകൊണ്ട് പൊതിഞ്ഞിരുന്നു
മണ്ണിനേയും പുല്ലിനേയും ചവുട്ടിയരച്ച് അത് നടന്നു...
വിയർത്തമർന്ന കാലടികളുടെ കരച്ചിൽ.
അയഞ്ഞ, ചുകന്ന അതിന്റെ കാലുറകളുടെ വശങ്ങളിൽ
രണ്ടംഗുലം വീതിയിൽ വെള്ള വര നെടുനീളെ...
മുറിഞ്ഞ മനസ്സുമായി നീളൻകാലുകൾ.
പഞ്ചപൂതങ്ങൾ നിറഞ്ഞാടിയ ഒരു കഴുത്തില്ലാത്ത T-ഷർട്ട്
ചത്തൊഴിയാത്ത നിറവയറിനെ പുതപ്പിച്ച്...
പൊട്ടിതെറികളെ ഞെരിച്ചമർത്തുന്നു.
കഴുത്തിലെ മിന്നുന്ന ചങ്ങലയും കൈത്തണ്ടയിലെ നാഴികമണിയും
അടിമയുടെ നേരിനെ പേറുന്നു, കോമാളിയെപോലെ...
തിണർത്തുണങ്ങിയ ചാട്ടയടികൾ.
അതിനു മുകളിൽ ഒന്നുമില്ല, തലയില്ല, തലയിലെ പേനില്ല, തലച്ചോറില്ല
പകരം പഴയ ഒരു ഫ്ളെക്സ് പലക ഉന്തിനിന്നു:
“ഞാൻ ജോഗിങ്ങ് ചെയ്യുന്നു.”
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 3:01 PM 1 മറുമൊഴികള്‍
പട്ടിക : വരികള്‍
10/19/2010
ഈയ്യൊഴുക്ക്
പായുന്ന പുഴ തലതല്ലി ചിതറുമ്പോള്‍
വിരിയുന്ന പോളകള്‍ മേയ്യുന്നീയ്യൊഴുക്കില്‍
പകലോന്‍ തഴുകിയുണറ്ത്തുമ്പോള്‍ നാണിച്ചേ-
ഴഴകായ് ചിരിതൂകുന്നീപോളകളിവിടെ
ഇണയായ് ചേരുന്നു, പിരിയുന്നു പിന്നെ
താളം തുള്ളിയൊഴുകുന്നീകാഴ്ച്ചയെന്നും
മുന്നോട്ടൊരല്പ്പം നീങ്ങിയാപോളകള്‍
പൊട്ടിത്തകറ്ന്നടങ്ങുംപോളതിന്നു-
യിരെങ്ങുപോയി, അവയെങ്ങുപോയെന്നു
തിരയുന്നെന്‍ മുന്നിലാപ്പുഴ
പിന്നെയും തീറ്ക്കുന്നടക്കുന്നു പോളകള്‍
നിറങ്ങളേഴിലും താളത്തിലും
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 12:50 PM 1 മറുമൊഴികള്‍
പട്ടിക : വരികള്‍
4/08/2008
വെടിപ്പാക്കല്‍
പറമ്പിലാകെ ചുറ്റിനടന്ന്
തോന്നലുകള്‍ എല്ലാം വലിച്ചുകൂട്ടി
ഉണങ്ങിക്കരിഞ്ഞ കോഞ്ഞാട്ടകൊണ്ടു തീ കൊടുത്തു.
തോന്നലുകള്‍ കത്തികാളുന്നത് കണ്ടപ്പോള്‍
അവയുടെ നാളങ്ങള്‍, ചൂട് എല്ലാം തകര്‍പ്പനായിരുന്നു.
പിന്നെ, ഒന്നും സംഭവിക്കാത്തതു പോലെ, തെങ്ങിന്റെ കട
കത്തിയമര്‍ന്ന വെണ്ണീറേറ്റുവാങ്ങി,
പഴയപോലെ ഒരേ തേങ്ങകളുണ്ടാക്കാന്‍.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 12:06 PM 0 മറുമൊഴികള്‍
പട്ടിക : വരികള്‍
1/16/2008
പേടി
അനീതിയും അക്രമങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,
കപ്പയും പോത്തിറച്ചിയും തിന്നു
കുറച്ചു ദൂരം ഞങ്ങള്‍ ഒന്നിച്ച് നടന്നു.
പിന്നെ അവന്‍ കാശ് കുത്തിയൊഴുകുന്ന ഓടയിലേക്ക്
മറിഞ്ഞു വീണു
പുറത്ത് അപ്പോള്‍,
ചര്‍ച്ച ചെയ്ത അക്രമങ്ങളും അനീതിയും
തിന്ന കപ്പയും പോത്തിറച്ചിയും
എനിക്ക് ഒറ്റപെടലിന്റെ പേടി കാട്ടിത്തന്നു.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 8:08 PM 4 മറുമൊഴികള്‍
പട്ടിക : വരികള്‍
1/01/2008
ടാ നീ ചിരിക്കണം...
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നീ എന്തിനാ വേദനിക്കുന്നത്?
നിന്റെ തിളങ്ങാത്ത മുണ്ടും കുപ്പായവും
കൈക്കോട്ടും തൂമ്പയും വാര്‍ക്കചട്ടിയുമെല്ലാം
നിന്റെ മുഖത്തെ ചിരി മായ്കുന്നതെന്തിന്?
തേച്ചുമിനുക്കിയ വേഷങ്ങളുമായി ഓഫിസ് ജോലിക്കും മറ്റും
പോകുന്നവര്‍ പുഛ്ത്തോടെ നിന്നെ നോക്കാം
നിന്റെ ഒതുക്കമില്ലാത്ത പണിയായുധങ്ങള്‍ യാത്രക്കാര്‍ക്ക്
ശല്ല്യമായിരിക്കാം...എങ്കിലും നീ ചിരിക്കണം
കാരണം, അവരുടെ തേച്ചുമിനുക്കിയ വേഷങ്ങള്‍
അവരുടെ പണിയായുധങ്ങളാണ്
ചിരിക്കാത്ത അവരുടെ ചുണ്ടുകള്‍
നീ വെട്ടിപൊളിക്കുന്ന കല്ലുകളാണ്
അവര്‍ പുലമ്പുന്ന കറുത്ത വാക്കുകള്‍
നിന്റെ തൂമ്പയില്‍ പുരണ്ട ചെളിയാണ്
അവരുടെ കറുത്ത നോട്ടങ്ങള്‍
നീ വെട്ടിതെളിക്കുന്ന കാടുകളാണ്
അര്‍ബുദം ബാധിച്ച അവരുടെ മനസ്സ്
മുറിപ്പാടുകള്‍ വീണ നിന്റെ തൊലിപ്പുറമാണ്
അന്തിക്കൊരു കുളത്തിലോ, പുഴയിലോ നീ മുങ്ങികുളിക്കുമ്പോള്‍
അന്തിമാനത്തില്‍ പരന്ന് പാറുന്ന കാറ്റാവുന്നു നീ
വേഷം മാറി ടീവിയിലേക്ക് നോക്കി ചാഞ്ഞിരിക്കുന്ന അവരോ
ഒരു ബ്രോയിലര്‍ കോഴിയുടെ അകലം കാണാത്ത കണ്ണാവുന്നു.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 4:04 PM 0 മറുമൊഴികള്‍
പട്ടിക : വരികള്‍
12/03/2007
രണ്ടിന്റെ ഗുണിതം
ബുദ്ധിയില്ലാത്തവന്‍ ബുദ്ധിയില്ലെന്നറിയുമ്പോള്‍
ബുദ്ധിജീവിയാകുന്നു, കുരിശാകുന്നു...
ബുദ്ധിയില്ലാത്തവന്‍ ബുദ്ധിയുണ്ടെന്നറിയുമ്പോള്‍
സീസറാകുന്നു, കുരിശിലേറ്റുന്നു...
ബുദ്ധിയുള്ളവന്‍ ബുദ്ധിയുണ്ടെന്നറിയുമ്പോള്‍
കുബുദ്ധിയാകുന്നു, കുരിശു പണിയുന്നു...
ബുദ്ധിയുള്ളവന്‍ ബുദ്ധിയില്ലെന്നറിയുമ്പോള്‍
യേശുവാകുന്നു, കുരിശിലേറുന്നു...
ഇനിയാരുമില്ലല്ലോ എന്തെങ്കിലുമാവാന്‍, ചെയ്യാന്‍...
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:18 PM 4 മറുമൊഴികള്‍
പട്ടിക : വരികള്‍