11/29/2010

പ്ലാസ്റ്റിക് ശവം

നേരം പുലരുമ്പോൾ, തണുത്ത് നേരിയ കാറ്റിൽ കിളികൾ കൂകിയപ്പോൾ
ഞാൻ നടക്കുകയായിരുന്നു.
മുന്നിൽ അപ്പോൾ ഒരു പ്ലാസ്റ്റിക് ശവം തലയില്ലാതെ നടക്കുന്നു

അതിന്റെ കാലടികൾ വെട്ടിത്തിളങ്ങുന്ന കട്ടശീലകൊണ്ട് പൊതിഞ്ഞിരുന്നു
മണ്ണിനേയും പുല്ലിനേയും ചവുട്ടിയരച്ച് അത് നടന്നു...
വിയർത്തമർന്ന കാലടികളുടെ കരച്ചിൽ.

അയഞ്ഞ, ചുകന്ന അതിന്റെ കാലുറകളുടെ വശങ്ങളിൽ
രണ്ടംഗുലം വീതിയിൽ വെള്ള വര നെടുനീളെ...
മുറിഞ്ഞ മനസ്സുമായി നീളൻകാലുകൾ.

പഞ്ചപൂതങ്ങൾ നിറഞ്ഞാടിയ ഒരു കഴുത്തില്ലാത്ത T-ഷർട്ട്
ചത്തൊഴിയാത്ത നിറവയറിനെ പുതപ്പിച്ച്...
പൊട്ടിതെറികളെ ഞെരിച്ചമർത്തുന്നു.

കഴുത്തിലെ മിന്നുന്ന ചങ്ങലയും കൈത്തണ്ടയിലെ നാഴികമണിയും
അടിമയുടെ നേരിനെ പേറുന്നു, കോമാളിയെപോലെ...
തിണർത്തുണങ്ങിയ ചാട്ടയടികൾ.

അതിനു മുകളിൽ ഒന്നുമില്ല, തലയില്ല, തലയിലെ പേനില്ല, തലച്ചോറില്ല
പകരം പഴയ ഒരു ഫ്ളെക്സ് പലക ഉന്തിനിന്നു:
“ഞാൻ ജോഗിങ്ങ് ചെയ്യുന്നു.”

1 അഭിപ്രായം:

മിഴിയോരം പറഞ്ഞു...

ഇവര്‍ അഴുകി ദ്രവിച്ചു "നൈസര്‍ഗീയം" ആകാന്‍ ചുരുങ്ങിയത് 1000 വര്ഷം എങ്കിലും എടുക്കും ( അതോ കൂടുതലോ ?)

ജാലകം