11/17/2010

നേപ്പാൾ മത്തായി

Ramada Inn-ലെ വെയ്റ്ററുടെ പണി വാണില്ല. നലാം നാൾ പതിവുപോലെ മത്തായി ഒപ്പിട്ട് കയറാൻ നോക്കിയപ്പോൾ, കാവൽക്കാരൻ മെല്ലെ തടഞ്ഞു. 15 ആളേ വേണ്ടൂ, അത്രക്കും ആളെത്തി. പണിക്കു വന്ന മത്തായി ഞെട്ടി. ചോദിച്ചപ്പോൾ അറിഞ്ഞു ഓരോ സൽക്കാരപരിപാടിക്കും എത്ര വെയ്റ്റർമാർ വേണമെന്ന് തലേദിവസം നോട്ടീസ്സിൽ എഴുതും, അതനുസരിച്ച് ആദ്യം വരുന്ന അത്രയും പണിയാളർക്ക് ജോലിക്ക് കയറാം. തിരിച്ചുനടക്കുമ്പോൾ തീരുമാനിച്ചു, നാളത്തേ 1 മണിക്കുള്ള പണിക്ക് 11 മണിക്കു തന്നേ വന്നുകയറണം. മത്തായിക്കൂട്ടങ്ങൾ ദിവസക്കൂലിക്കാരായതുകൊണ്ടാണ്‌ ഈയൊരു കടമ്പ.

ഒരുമണിയുടെ പണിക്ക് 11-നേ വന്ന് ഒപ്പിട്ട് കയറിയപ്പോൾ ഒരു ജയത്തിന്റെ ആശ്വാസം നുണഞ്ഞു. നിർദ്ദേശങ്ങൾ നൽകാനായി കേപ്റ്റൻ മത്തായിക്കൂട്ടങ്ങളെ മുറിയിൽ കയറ്റി. കൂട്ടങ്ങളെ ആകെയൊന്ന് ഉഴിഞ്ഞുനോക്കി നിർദ്ദേശിക്കാൻ ഒരുങ്ങുമ്പോൾ കേപ്റ്റൻ പെട്ടെന്ന് മത്തായിയെ കണ്ടു. കണ്ണുകളിടഞ്ഞു. പന്തിക്കേട് എന്തോ ഉണ്ടെന്ന് തോന്നിയ മത്തായിക്ക് കേപ്റ്റന്‌ നേരെ നോക്കാൻ പേടി. “ഓഹോ..Matthaayi is in...Thilak is not here... hmm...Matthaayi is new, Thilak should have been here instead of him...anyway...guyz, lemme tell you..." ചുറുചുറുക്കില്ലാത്ത താൻ ഒരു ഭാരമായിപ്പോയി എന്ന് മത്തായി അറിഞ്ഞു. താൻ നേരത്തേ ചാടിക്കയറിയപ്പോൾ, കളരിയിൽ മുന്തിയ തിലകന്‌ പുറത്തിരിക്കേണ്ടിവന്നതാണ്‌ കേപ്റ്റനെ നിരാശനാക്കിയത്. ആറ്റിക്കുറിക്കി കിട്ടിയ പരിപാടി കൈവഴക്കമില്ലാത്ത താൻ കൊളാക്കുമോ എന്ന പേടി കേപ്റ്റന്റെ പോലെ തനിക്കും ഉണ്ടായി.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കിട്ടുന്ന ഈ ഉദ്യോഗം ഒരു മാസത്തെ ചിലവിന്റെ പകുതിപോലും ചുമക്കുന്നില്ല എന്ന പേടി ചേട്ടനെ അറിയിച്ചപ്പോൾ, മൂപ്പര്‌ ജോലി ചെയ്യുന്ന അലക്കുകടയിൽ പ്രതിമാസം 800 രൂപക്ക് നിയമനം തരമാക്കിതന്നു. ഒരു കട്ടൻച്ചായയോ, പാൽച്ചായയോ കുടിക്കാതെ, കുടി-വലികളില്ലാതെ, മുറിയിലെ മാസചിലവ് ചിലപ്പോൾ 855, 830, 845 എന്നീ ഏറ്റക്കുറച്ചിലുകളിലൂടെ നീങ്ങുമ്പോൾ, ശമ്പളം അണുവിട മാറാതെ 800-ൽ കുറ്റിയുറപ്പിച്ചു. മെല്ലെ മെല്ലെ പെരുകിവരുന്ന കടത്തിനെതിരെ 250 രൂപയുടെ ഒരു തടയണ അമ്മയോട് ചോദിച്ച് വാങ്ങി. ബോംബെയിലെത്തിയാൽ ഞാൻ എല്ലാം ശരിയാക്കിതരാം എന്ന് അമ്മയോട് പറഞ്ഞ വാക്ക് മുളപ്പൊട്ടാതെ മുരടിച്ചു. അലക്കുകടയിൽ വരുന്ന തുണികൾ സീനിയർ പണിക്കാർ തപ്പും, ഒരുതരം സ്കാനിങ്ങ്. പാന്റ്സിന്റേയൊ, കുപ്പായത്തിന്റേയോ കീശയിൽ ഉടമസ്ഥർ മറന്നുപോയ കാശ് അവരുടെ കീശയിലാക്കി അലക്കുയന്ത്രത്തെ അപകടത്തിൽനിന്ന് ഒഴിവാക്കും. അതുകഴിഞ്ഞാൽ ആ തുണികളിൽ നമ്പർ-തുണി തുന്നി മത്തായി മനസിലാവാത്ത ഹിന്ദിക്ക് പുഞ്ചിരിക്കൊണ്ട് ഉമ്മകൊടുത്ത് ദിവസങ്ങൾ കഴിച്ചു.

ശമ്പളം 800-ൽ കുറ്റിയുറപ്പിച്ചപ്പോൾ, ചിലവ് അതിനപ്പുറമുള്ള വിശാലതയിലേക്ക് ഇടക്കും തലക്കും കയറ്‌പൊട്ടിച്ച് പാഞ്ഞു. പൊറുതിമുട്ടിയപ്പോൾ മത്തായി മറുകണ്ടം ചാടാൻ തീരുമാനിച്ചു. ഡെൽഹി. കൂടെപഠിച്ച ഒരു കൂട്ടുകാരൻ സർക്കാർ ശമ്പളത്തിൽ അവിടെ വിലസ്സുന്നുണ്ടായിരുന്നു. ഉടനേ പോന്നോളൂ എന്ന മറുപടിയിൽ തൂങ്ങി 91 മേയിൽ തീവണ്ടി കയറി. പള്ളിക്കൂടം പുസ്തകങ്ങൾ അച്ചടിക്കുന്ന കമ്പനിയിൽ ബില്ലിങ്ങ് ക്ലെർക്കായി പരസഹായമില്ലാതെ കടന്നുകൂടി. 1340 രൂപ ശമ്പളം. ചിലവ് 600-ൽ കൂടണമെങ്കിൽ മത്തായിയോട് ചൊദിക്കണം. അത്രക്ക് സുഖം മത്തായി അന്നേവരെ അനുഭവിച്ചിട്ടില്ല. പോരാത്തതിന്‌, ദീപാവലി ബോണസ്സ് 7000 രൂപ കൈയിൽ കിട്ടിയപ്പോൾ ”ഓ ആളുകൾ ഇങ്ങനെയാണല്ലേ വലുതാകുന്നത്“ എന്ന് മത്തായിക്ക് മനസിലായി.

അമ്മക്ക് രക്ഷകനായി, ബന്ധുക്കൾക്ക് സഹായമായി തലയുയർത്തി മത്തായി അങ്ങനെ നാട്ടിൽ വന്നു. വീണ്ടും തിരിച്ചുപോകുമ്പോൾ മത്തായിക്ക് ഒരു കുടുംബത്തിന്റെ നാഥൻ എന്ന സ്ഥാനം ഉറപ്പായി.

കമ്പനിയിൽ പത്ത്-പതിനഞ്ച് പണിക്കാരുണ്ട്. മത്തായി, മറ്റൊരു മലയാളി, മീററ്റിൽ നിന്നൊരു മന്ദബുദ്ധി, പിന്നെ ഇവറ്റകളെ മേയ്ക്കാൻ രണ്ട് ദില്ലി മേൽനോട്ടക്കാരും ചേർന്നതാണ്‌ ബില്ലിങ്ങ് വകുപ്പ്. കമ്പനിയുടെ വിൽപ്പനക്കാർ ഇന്ത്യയുടെ തലങ്ങും വിലങ്ങും പാഞ്ഞ് നടന്ന് പള്ളിക്കൂടങ്ങളിൽനിന്ന് വിൽപ്പന ഒപ്പിച്ചെടുക്കും. വിൽപ്പന തരമാവാത്തിടത്ത്, ഓരോ പുസ്തകത്തിന്റേയും ഒരു കോപ്പി അയച്ചുകൊടുക്കാനുള്ള മേൽവിലാസ്ം തപ്പിയെടുത്ത് വരും. പുസ്തകത്തിന്റെ പേര്‌, എണ്ണം, വില, ഇളവ്, രൊക്കം മുതലായവ എഴുതിപിടിപ്പിക്കലാണ്‌ മത്തായി വകുപ്പിന്റെ ചുമതല.

ഇതുകൂടാതെ, ചില ദിവസങ്ങളിൽ അൽപ്പം പോരായ്മയുള്ള ഒരു പണികൂടിയുണ്ട്. കമ്പനി ശിപായിമാർ നേരാനേരങ്ങളിൽ തപാലാപ്പീസ്സിൽ പോയി സേമ്പിളായി അയക്കേണ്ട പുസ്തകക്കെട്ടുകൾ സ്റ്റാമ്പൊട്ടിച്ച് ഒരു മുറിയിൽ സൂക്ഷിക്കും. ഈ പുസ്തകങ്ങൾ പുറത്തേക്കെടുക്കും മുമ്പ്, അയക്കുന്ന വിലാസം, സ്റ്റാമ്പ് വില എന്നിവ ഒരു കണക്കുപുസ്തകത്തിൽ ചേർക്കണം. മത്തായി വകുപ്പിന്‌ തിരക്കുള്ള ദിവസങ്ങളിൽ ഈ പണി ശിപായിമാർ ചെയ്യും. ശിപായി വകുപ്പിന്‌ തിരക്കുള്ള ദിവസം മത്തായി വകുപ്പും ഇത് കൈകാര്യം ചെയ്യും. മേൽപറഞ്ഞ പോരായ്മക്കുള്ള കാരണം, മത്തായിവകുപ്പിലുള്ളവർക്ക് അവരവരുടെ ഇരിപ്പിടം വിട്ട് ഗോഡൗവ്ണിൽ പോയി മേശയുടെ സഹായമില്ലാതെ ”എഴുതിതള്ളണം“. മാത്രമല്ല ശിപായിമാർക്ക് ചെയ്യാവുന്ന ഈ പണി മത്തായി വകുപ്പ് ചെയ്യുകയെന്നാൽ വെട്ടുകത്തികൊണ്ട് ഉള്ളി തൊലികളയുന്നപോലെയല്ലേ എന്ന ഒരു തോന്നലും.

നാട്ടിൽ പശുവിന്‌ ഒരു വല്ലം പുല്ലരിയുന്നതിന്റെ ഏഴയലത്ത് വരില്ല ഈ പണി മത്തായിക്ക്. പക്ഷേ ഒരു കല്ലുകടി തോന്നിതുടങ്ങിയത് കുറച്ച് കഴിഞ്ഞാണ്‌. ഒരിക്കൽപോലും മീററ്റിൽനിന്നുള്ള മന്ദബുദ്ധി ഈ പണി ചെയ്തിട്ടില്ല. മന്ദബുദ്ധി എന്ന് വിളിക്കുന്നതിന്‌ പ്രത്യേകിച്ച് കാരണമൊന്നുമില്ല; മന്ദബുദ്ധിയാണെന്നതല്ലാതെ. മത്തായിയും കൂട്ടുകാരനും ഇതേപറ്റി കൂടുതൽ ചികഞ്ഞപ്പോൾ വളരെയധികം ചീഞ്ഞളിഞ്ഞ ഒരു അനീതിയുടെ കുരുപ്പുറത്താണ്‌ തങ്ങൾ മാന്തിയതെന്ന് മനസ്സിലായി. മബു (മന്ദബുദ്ധി) മത്തായിയുടെ നാട്ടിലെ പറച്ചിൽ പോലെ ഒരു ”ബ്രാഹ്മണ്ണാനായിരുന്നു“. രണ്ട് മേൽനോട്ടക്കാരകട്ടെ ദില്ലിയിലെ ഏതോ താഴ്ന്ന ജാതിക്കാരും. ശിപായിമാർക്ക് തിരക്കുള്ള ഒരു ദിവസം മത്തായിയും കൂട്ടുക്കാരനും മുടക്കെടുത്തു. പിറ്റേദിവസം ചോദിച്ചറിഞ്ഞപ്പോൾ ഈ പോരായ്മ പണി ചെയ്തത് മേൽനോട്ടക്കാരായിരുന്നു എന്നും മബു ഇരിപ്പിടത്തിൽനിന്ന് ഇളകിയില്ല എന്നും അറിഞ്ഞു. അനീതികണ്ടാൽ പൊട്ടിത്തെറിക്കുന്ന ഒരു അന്തക്കേട് മത്തായി പേറികൊണ്ടിരുന്ന കാലമായിരുന്നു അന്ന്.

മത്തായി മുരണ്ടു, മനസ്സിൽ അലറി. മേൽനോട്ടക്കാരന്‌ താക്കീത് കൊടുത്തു. ”ഇന്നു മുതൽ ഞാൻ ഈ പണി ചെയ്യില്ല“. പോരായ്മ പണിയാണ്‌ മത്തായി ഉദ്ദേശിച്ചത്. മേൽനോട്ടക്കാരൻ ഉപദേശിച്ചുനോക്കി. ”മോനെ നിന്റെ പണി പോകും“. ”പോയാൽ പോട്ടേ, ഈ പണി ഒഴിച്ച് ബാക്കിയെല്ലാം ഞാൻ ചെയ്യാൻ തയ്യാറാ“. പോരാളിയുടെ പടപ്പുറപ്പാടിന്റെ പിന്നിലെ ചേതോവികാരം മേൽനോട്ടക്കാരന്‌ മനസ്സിലായില്ല, മത്തായി മനസ്സിലാക്കികൊടുക്കാനുള്ള മൂഡിലുമല്ല. കൊക്ക് കൊണ്ടേ അറിയൂ എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നാണ്‌ മത്തായിയുടെ പക്ഷം. അങ്ങനെ ആ ദിവസം വന്നു. മേനേജർ മേൽനോട്ടക്കരനെ ഇന്റർകോമിൽ വിളിച്ചു. ”മത്തായിയെ അയക്കൂ“. മേൽനോട്ടക്കാരൻ കത്തിയെരിയുന്ന മത്തായിയുടെ കണ്ണിലേക്ക് ”പോകാമോ“ എന്ന യാചനയൊടെ നോക്കിയപ്പോൾ മത്തായി ചീറ്റി. ”ഇല്ല, ഞാൻ ചെയ്യില്ല“. അല്പം പരിഭ്രമത്തോടെ മേനേജരെ അറിയിച്ചു; ”മത്തായി വരില്ല എന്നു പറയുന്നു...“.

അല്പനിമിഷങ്ങൾക്കകം മറ്റൊരു ഇന്റർകോം. ”മത്തായിയെ ഡയറക്റ്ററുടെ മുറിയിലേക്കയക്കൂ“. പോരാളി മാറ്‌ വിരിച്ച് നരിമടയിലേക്ക്.

”നീ ഈ പണി ചെയില്ല എന്ന് പറഞ്ഞോ?“
”ഉവ്വ്“
”ഗെറ്റൗട്ട്“

നരിയുടെ അലർച്ചയെ പിന്നിലാക്കി മത്തായി ഇരിപ്പിടത്തിലേക്ക്. ചോറ്റുപാത്രമുള്ള ബേഗെടുത്ത് പുറത്തിറങ്ങുമ്പോൾ മറ്റൊരു നിർദ്ദേശം ”ഡയറക്റ്റർ വിളിക്കുന്നു“. വീണ്ടും നരിമടയിലേക്ക് ചെന്നപ്പോൾ നരിയെ കണ്ടില്ല. ”എന്ത് പറ്റി മത്തായി? നിങ്ങളെപറ്റി നല്ലത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, എന്താണ്‌ ഉണ്ടായത്?“

അനീതിയുടെ കപടമുഖം പിച്ചിചീന്താൻ മത്തായിയുടെ നെഞ്ച് കുതിച്ചു. പക്ഷേ ഇംഗ്ലീഷിലും ഹിന്ദിയിലും പിള്ളവാതം മാറാത്ത മത്തായിക്ക് കാര്യങ്ങൾ തുറന്നുകാട്ടാനായില്ല. ആരുടേയും ദയയും യാചിച്ചില്ല. നരി മേൽനോട്ടക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു ”ഞങ്ങൾ പോലും ഈ പണി എത്രയോ പ്രാവശ്യം ചെയ്യുന്നത് സാർ കണ്ടിട്ടില്ലേ“ ഇതിനെതിരെ മത്തായിക്ക് പറയാനുള്ളത് നെഞ്ചിൽ എരിഞ്ഞുപൊങ്ങി. ”സാർ ഈ പണി ചെയ്യാൻ എനിക്ക് ഒരു വിഷമവും ഇല്ല; പക്ഷേ എന്തുകൊണ്ട് ഇവർ ഒരിക്കൽപോലും മബുവിനെകൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നില്ല?“ പക്ഷേ ഈ ചോദ്യം ഒരിക്കലും പ്രുറത്ത് വന്നില്ല. അവസാനം നരി മൊഴിഞ്ഞു: "matthaayi, it means you are not loyal to company, you have to resign. Can't you carry on with the work?", "No". പിന്നെ എല്ലാം പെട്ടന്നായിരുന്നു. കണക്കപിള്ള മത്തായിക്ക് കിട്ടാനുള്ള തുക കണക്കാക്കി. 8000 രൂപ. അത് കീശയിലിട്ട് മത്തായി മുറിയിലേക്ക് മടങ്ങി. നേരം 4 മണി. സഹമുറിയന്മാരാരും ചേക്കേറിയിട്ടില്ല.

മുറിയിൽ ഒറ്റക്കിരുന്ന് ഉണ്ടായതെല്ലാം ആലോചിച്ചപ്പോൾ, പേടി തുടങ്ങി. നാളെമുതൽ പണിയില്ല. അമ്മയ്ക്ക് മുന്നിൽ വീരനായകനായി നിന്നതെല്ലാം ഇനി മാഞ്ഞുപോകില്ലേ. അന്തിക്ക് മുറിയന്മാർ വന്നുകേറിയപ്പോൾ പോരാളിയുടെ പോരാട്ടത്തിന്റെ കഥ വിഷമത്തോടെ കേട്ടു. ഞാൻ നാട്ടിലേക്ക് പോകുന്നുവെന്ന മത്തായിയുടെ തീരുമാനം മുറിയന്മാർക്ക് നന്നായി തോന്നിയില്ല. ”നാട്ടിൽ പോയി എന്ത് ചെയ്യാനാ, ഇവിടെതന്നെ എന്തെങ്കിലും നോക്കടാ?“

മത്തായി അനുസരിച്ചു. പിറ്റേന്നുമുതൽ ഹിന്ദുസ്ഥാൻ റ്റൈംസിൽ തപ്പൽ തുടങ്ങി. ഉടുത്തൊരുങ്ങി ചെല്ലുമ്പോൾ ഒരോ ഓഫീസിനുമുന്നിലും ഇംഗ്ലീഷും ഹിന്ദിയും കലപിലാ പറയുന്ന ചെറുപ്പക്കാരുടെ നീണ്ടനിര. നാളുകൾ നീങ്ങി, മത്തായിയുടെ വീട്ടിൽ ജോലിപോയ വിവരം അറിയിച്ചിട്ടില്ല. ദിവസങ്ങൾ മാസത്തിലേക്ക് നീങ്ങുന്ന ഒരു ദിവസം മറ്റൊരു ഓഫിസ്-കൂടികാഴ്ച്ചയിൽ തോറ്റ് മടങ്ങുമ്പോൾ ഒരു മലയാളി ശബ്ദം. ”ഞാനും തോറ്റു, ഈ ജോലി കിട്ടുമെന്ന് കരുതി. എനിക്ക് മറ്റൊരു ജോലി ശരിയായിട്ടുണ്ട്... പക്ഷേ അത് നേപ്പാളിലാ... എനിക്ക് പോകാൻ തോന്നുന്നില്ല...“. ഇതുകേട്ടപ്പോൾ മത്തായി ഉണർന്നു. മുങ്ങിതാഴുന്നവന്‌ കിട്ടുന്ന കച്ചിതുരുമ്പിന്റെ വില മത്തായി അറിഞ്ഞു. ”നിങ്ങൾക്ക് വിഷമമില്ലെങ്കിൽ ആ ജോലി തന്നയാളിനെ ഞാൻ കണ്ടോട്ടെ?“ എന്ന് ചോദിച്ച് മത്തായി അയാളെ പിന്തുടർന്നു.

രണ്ടുപേരും മത്തായിയേക്കാൾ പ്രായം കുറഞ്ഞ പുതിയ മുതലാളിയുടെ മുന്നിലെത്തി. ശമരിയാക്കാരൻ മൊഴിഞ്ഞു. ”എനിക്ക് നേപ്പാളിൽ പോകാൻ പേടി തോന്നുന്നു, ആരും പരിചയക്കാരില്ല, നല്ല തണുപ്പാണെന്ന് കേൾക്കുന്നു...ഇയ്യാൾ പോകാൻ തയ്യാറാണെന്ന് പറയുന്നു...“ മത്തായിയെ നോക്കി അവൻ പറഞ്ഞുനിർത്തി. മത്തായി നീട്ടിക്കിട്ടിയ കയറിൽ ആഞ്ഞുപിടിച്ചു. ”ജോലിയില്ലാതെ ഒരു മാസത്തിലേറെയായി..., ഏത് നരകത്തിലേക്കും ഞാൻ തയ്യാറാ, സാർ“. മുതലാളി മത്തായിയെ മൊത്തം ഒന്നു ഉഴിഞ്ഞുനോക്കി മൊഴിഞ്ഞു. ”ഇയ്യാളെ നോക്കൂ, ഒരു റ്റീച്ചറുടെ ശരിയായ ലൂക്ക്, ആ ഒരു ഇരുത്തം വന്ന രീതി... താങ്കൾക്ക് അതില്ല...“ ഒന്നിനും കൊള്ളാത്തവനാണ്‌ താൻ എന്ന് മോത്ത് നോക്കി പറയുകയാണെന്ന് മത്തായിക്ക് തോന്നിയെങ്കിലും പഴയ അന്തക്കേടിൽ കൈ പൊള്ളിയതിന്റെ ചൂട് മത്തായിയെ തളച്ചിട്ടു. ”നോക്കൂ, നിങ്ങൾ ഒറ്റക്കല്ലലോ, മത്തായിയും കൂടെയില്ലേ, എനിക്ക് നിങ്ങളേയാണ്‌ കൂടുതൽ ആവശ്യം“ എന്ന യാചനയൊന്നും ശമരിയാക്കാരനെ ഏശിയില്ല.

അവസാനം മുതലാളി താത്പര്യത്തോടെ മത്തായിയോട് പറഞ്ഞുതുടങ്ങി. ”ഞങ്ങൾ നിങ്ങളെ കമ്പ്യൂട്ടറിൽ പയറ്റിക്കും, അതു കഴിഞ്ഞാൽ ഞങ്ങൾ കരാറെടുത്ത നേപ്പാളിലെ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിൽ നിങ്ങൾ കമ്പ്യൂട്ടർ പഠിപ്പിക്കണം...“. മത്തായി റാൻ മൂളി. ”നിങ്ങൾ അവിടെ ഹിന്ദി പറയരുത്, ഇംഗ്ലീഷ് മാത്രം... ഡൽഹിയിൽ നിന്ന് സുനൗലിയിലേക്ക് ബസ്സുണ്ട്, 24 മണിക്കൂർ. അവിടെ നിന്ന് അതിര്‌ കടക്കുക. 1200 രൂപ ഇന്ത്യൻ പിന്നെ താമസസ്ഥലവും ഞങ്ങൾ തരാം. ഈ അഡ്രസ്സിൽ ബന്ധപെടുക. നന്നായി വരട്ടെ!“

വെയ്റ്ററായിരുന്നപ്പോൾ നേരിട്ട മാനക്കേടിനു ശേഷം മത്തായി ഇംഗ്ലീഷിന്റെ തറവാട്ടിൽ കയറിനിരങ്ങിയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നു പയറ്റിനോക്കാനും പറ്റിയിരുന്നില്ല. എല്ലം ഉള്ളിലൊതുക്കിയിരുന്നു. ആദ്യമായി പുതിയ മുതലാളിയോട് തന്റെ വായിലൂടെ ഈ ഇംഗ്ലീഷ് മതിയാവുമോ ഈ പണിക്ക് എന്ന് ചോദിച്ചപ്പോൾ ”ഓ ഇതൊക്കെ ധാരാളം“ എന്ന മറുപടി പക്ഷേ കുളിരുകോരിയിട്ടില്ല മത്തായിയുടെ മനസ്സിൽ. കാരണം അതുവരെ കാണാത്ത കമ്പ്യൂട്ടർ അതുവരെ തീണ്ടാത്ത ഇംഗ്ലീഷിൽ കുട്ടികൾക്ക് പറഞ്ഞുക്കൊടുക്കുന്നത് താൻ പണ്ട് കണ്ടിരുന്ന സ്വപ്നത്തിലെപോലെ വായുവിൽ നടക്കലല്ലേ.

ഒരു മാസത്തിലേറെ പണിയില്ലാതെ നടന്ന മത്തായി അനുഭവിച്ച വേദന ഒന്നു ശമിച്ചു. 1340 രൂപയിൽ തുടങ്ങിയ ശമ്പളം 2100 രൂപയായി വളർന്ന് പയറ്‌മണിപോലെ കഴിഞ്ഞിരുന്ന മത്തായിക്ക് ഇപ്പൊഴത്തെ 1200+താമസം ദു:ഖമുണ്ടാക്കിയില്ല. വീട്ടിൽ ജോലിപോയതോ ഒന്നര മാസതോളം തെണ്ടിതിരിഞ്ഞതോ അറിയിച്ചിരുന്നില്ല. തൊയിരക്കേടല്ലാതെ മറ്റൊന്നും അതുകൊണ്ടുണ്ടാവില്ല എന്നറിവ്.

മുറിയന്മാരുടെ യാത്രയയപ്പോടെ മത്തായി ബസ്സ് കയറി. ഭാഗ്യത്തിന്‌ തൊട്ടടുത്തിരുന്നത് ഒരു നേപ്പാളി ചെക്കൻ. അതിരുകടത്തിതരാമെന്ന് അവൻ ആശ്വസിപ്പിച്ചു. ഭാണ്ഡക്കെട്ടായി തുണിക്കെട്ടുകളും കുറിപ്പുകളെഴുതിയിരുന്ന ഒരു പഴയ നോട്ടുപുസ്തകവും ഒരു കാവിമുണ്ടും മാത്രമുണ്ടായിരുന്നതുകൊണ്ട് പാലായനം എളുപ്പമായിരുന്നു. പിറ്റേന്ന് 11 മണിയോടെ സുനൗലിയിൽ വണ്ടിയിറങ്ങി നടന്നു. അതിരിലേക്ക്, കൂടെ ചെക്കനുമുണ്ട്. പരന്ന് വിശാലമായ പാടങ്ങളുടെ അകലങ്ങളിലെവിടെയൊ തെളിഞ്ഞ മാനം ഉമ്മവെച്ചു.

അതിരുകാവൽ തെണ്ടികൾ (BSF) തോക്കും നീണ്ട മുളങ്കോലുമായി വന്ന് കടുത്ത വക്കുകളോടെ കാശിനു് തെണ്ടി. അതുകഴിഞ്ഞപ്പോൾ വരുമാനപിരിവു തെണ്ടികൾ (Income Tax) മീശപിരിച്ച് കാശിന്‌ തെണ്ടി. ചെറിയ ഭാണ്ഡക്കെട്ട് തുറന്ന് കാണിച്ചപ്പോൾ മണ്ണെണ്ണ മണത്ത അട്ടയെപ്പോലെ അവർ മത്തായിയെ വിട്ട് അടുത്ത ഇരയെതേടി. സൈക്കിൾറിക്ഷകൾ പോലിസിനെ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് ഓരോ യാത്രക്കാരനെയും പോലിസിന്‌ മുമ്പിൽ കൊണ്ടുപെടുത്തും. അവരുടെ നിത്യക്കച്ചോടം ഇതാണെന്ന് അറിയാത്ത പാവങ്ങളിൽ തന്നെ പെടുത്താതിരുന്നത് ആ നേപ്പാളിച്ചെക്കനായിരുന്നു.

അട്ടശല്ല്യങ്ങൾ കഴിഞ്ഞ് അവർ കാലുക്കുത്തിയത് ആരുടെയുമല്ലാത്ത പച്ചമണ്ണിൽ (Noman's Land). ആളന്റെ വളഞ്ഞബുദ്ധികൊണ്ട് നീറാത്ത മണ്ൺ. അവന്റെ വരകൊണ്ട് വരുതിയിലാവാത്ത മണ്ൺ. അതിൽ ചവിട്ടി ഇടവും വലവും നോക്കിയപ്പോൾ ആ മുപ്പതടി വീതിയിലുള്ള മണ്ൺ കോലാഹലങ്ങളില്ലാതെ, വെറുക്കാതെ, വാരിപ്പുണരാതെ മത്തായിയോട് ഒതുക്കത്തിൽ പറഞ്ഞു, ”ഞാൻ നീയാണ്‌, തുടര്‌ന്നോളൂ...“

മത്തായി പിന്നെ കാലുവെച്ചു, മറ്റൊരു ബഹളത്തിലേക്ക്, ശമനമുള്ള ബഹളത്തിലേക്ക്, നേപ്പാളിലേക്ക്. പാവം പട്ടാളക്കാരോട് നേപ്പാളിചെക്കൻ എന്തോ പറഞ്ഞപ്പോൾ ഉപദ്രവിക്കാതെ മത്തായിയെ അകത്തേക്ക് വിളിച്ചു, ഒരു പുഞ്ചിരിയോടെ. പൊക്കാറ എന്ന മണ്ണിലേക്ക് ബസ്സിൽകയറി നീങ്ങിയപ്പോൾ ആ വരണ്ട അതിരുനാട്ടിലെ കാറ്റിൽ ഒരു അപ്പൂപ്പൻതാടിയായി മത്തായി മാറി. കാറ്റ്തെളിച്ച വഴിയേ ആ അപ്പൂപ്പൻതാടി ഒഴുകിയപ്പോൾ ചങ്ങലകളില്ലാത്ത ബന്ധുക്കളില്ലാത്ത കൂട്ടുകാരില്ലാത്ത ഒന്നുമില്ലായ്മയുടെ നിറവറിഞ്ഞു. താഴെ, പച്ചമുളച്ച അതിരില്ലാത്ത പാടങ്ങളും, കുട്ടികളും ആട്ടിൻകുട്ടികളും തത്തിക്കളിക്കുന്ന, കുറ്റിയിലെ കയറിൽ അയവെട്ടി കിടക്കുന്ന എരുമകളുള്ള ചെറുവീടുകളും, ലുങ്കിയെടുത്ത് തലേക്കെട്ടിട്ട ചിരിക്കുന്ന പെണ്ണുങ്ങളും മത്തായിയുടെ ചുണ്ടുകളെ തെളിഞ്ഞതാക്കി. നേരിയ തണുപ്പിലൂടെ വണ്ടി മുരണ്ടുകൊണ്ടിരുന്നു...

2 അഭിപ്രായങ്ങൾ:

മിഴിയോരം പറഞ്ഞു...

****ചെറിയ ഭാണ്ഡക്കെട്ട് തുറന്ന് കാണിച്ചപ്പോൾ മണ്ണെണ്ണ മണത്ത അട്ടയെപ്പോലെ അവർ മത്തായിയെ വിട്ട് അടുത്ത ഇരയെതേടി.***

പ്രയോഗം നന്നായിട്ടുണ്ട് ..

...sijEEsh... പറഞ്ഞു...

നന്നായിട്ടുണ്ട്.. ബാക്കിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ജാലകം