കൂട്ടുകാരെ, ഇന്നത്തെ ഈ കൂടിചേരലിന് പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ല. നമ്മുടെ അറിവുകളും ആളെന്റെ അറിവുകളും തമ്മിൽ ഒന്നു മുട്ടിച്ചുനോക്കാനുള്ള ഒരു അവസരം ഇന്നെനിക്കുണ്ടായി. ഇന്ന് ആളൻ കേരളത്തിൽ ഒരു തീരുമാനമെടുത്തത് നിങ്ങൾക്ക് ഈ ഞെരമ്പിൽ ഞെക്കിയാൽ കാണാം.
ഈ ആളുകൾ ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോൾ നമ്മൾക്ക് എന്ത് സംഭവിക്കും എന്നത് സംഭവിക്കുമ്പോൾ കാണാം. അല്ലാതെ ഇതിൽ പേടിക്കാൻ ഒന്നുമില്ല. നമ്മോടപ്പമുള്ള മറ്റ് മീനുകൾ ഈ മണ്ടത്തരത്തെ നമ്മേ പോലെ തന്നെ മണ്ടത്തരമായിട്ടേ കാണുന്നുള്ളൂവെന്ന് എന്നെ അറിയച്ച വിവരം നിങ്ങളെ ഞാൻ അറിയിക്കേണ്ടതില്ലല്ലോ. കാശുകൊതിമൂലം ഇരിക്കുന്ന കൊമ്പ്‌മുറിക്കുന്ന അവന്റെ അറിവിൽ സ്നേഹം ചേർക്കാൻ കഴിയാത്തതിൽ മാത്രേ നമ്മുക്ക് വേദനയുള്ളൂ. നമ്മൾ “സംസ്ഥാന മീനാ”യതിൽ അവർക്ക് പരിഭവമില്ലെന്നും, ആളെന്റെ മണ്ടത്തരത്തേക്കാൾ പഴയപോലെ അവന്റെ തീറ്റകൊതിയെ മാത്രമേ നമ്മുക്ക് പേടിക്കേണ്ടതുള്ളൂ എന്നും അവർ അറിയച്ച വിവരം പറഞ്ഞുകൊണ്ട് ഞാൻ പായുന്നു.
11/02/2010
കരിമീൻ കരയോഗം
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 1:12 PM 1 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
10/22/2010
വെളിവും വെളിപാടും
70 വയസ്സായ അമ്മ വീടിനു മുന്നിലെ എറ്റവും ഉയരമുള്ള തെങ്ങിൽ കയറി, കൊതമ്പും കോഞ്ഞാട്ടയും വലിച്ചു താഴെയിടുന്നത് കണ്ടപ്പോൾ മനസ്സ് പെട്ടെന്ന് കലങ്ങിമറിഞ്ഞു. ആരും സഹായത്തില്ലാത്തതുകൊണ്ടല്ലേ അമ്മക്കീ ഗതി. ശ്ശേ, എനിക്ക് ഇതു തടയാമായിരുന്നു. ഉണങ്ങിയ ഒരു പട്ടയുടെ കവളിയിൽ പിടിച്ച് താഴെയിറങ്ങാൻ നോക്കുമ്പോൾ വിറക്കുന്ന ആ കൈകൾ അറിയാതെ തെറ്റി വീണെങ്കിലോ എന്ന് പേടിച്ചു. “അമ്മേ എന്തിനാ വെറുതേ ഇതിനൊക്കെ നിന്നത്...” എന്ന് വെറുതേ ചോദിക്കാൻ തോന്നിയെങ്കിലും കുറ്റബോധംകൊണ്ട് ഒന്നും പറഞ്ഞില്ല. മനസ്സ് കലങ്ങിമറിയുക തന്നെയാണ്.
പെട്ടെന്നാണ് വെളിവുണ്ടായത്: "ഓ ഇതു ഒരു സ്വപ്നമായിരുന്നല്ലേ". മനസ്സ് സമാധാനിച്ചു.
പക്ഷേ, പെട്ടെന്ന് തന്നെ ഒരു വെളിപാടുണ്ടായി: “അത് ഒരു സ്വപ്നമായിരുന്നോ?”
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 11:09 AM 0 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
10/21/2010
കഴുത്തിൽ ചരടു കെട്ടിയ പൂച്ചക്കുട്ടി
മഴ പെയ്തുകഴിഞ്ഞ ഒരു ഞായറാഴ്ച. തെളിഞ്ഞ ഒരു നാൾ. നാട് പതിവുപോലെ: ഒരു ചെറിയ റോഡും, അതിൻമേൽ ഉരുളുന്ന, പായുന്ന കുറച്ച് വണ്ടികളും, പിന്നെ വശങ്ങളിൽ പൊങ്ങച്ചം കാണിക്കാനില്ലാത്ത കുറച്ച് പീടികകളും, അതിന്റെ ഉള്ളിലും പുറത്തും ഇരിക്കുന്ന, നടക്കുന്ന, പറയുന്ന കുറച്ച് ആളുകളും, പിന്നെ തുടിക്കുന്ന പച്ചപ്പുകളും. ആളൻ* കൂർത്ത തലകൊണ്ട് കുത്തിമറിക്കാത്ത ഒരിടം, അതാണല്ലോ നാട്. കാട് കടന്ന്, നാട് കടന്ന് പട്ടണം ഉണ്ടാക്കിയ ആളൻ അവന്റെ പട്ടണം വെട്ടിയും കെട്ടിയും വലുതാക്കി കാടും നാടും മുടിക്കുമ്പോൾ ഞാൻ പേടിക്കുന്നതിന് കാരണമറിയില്ല.
ആറു വയസ്സുള്ള മോൻ കൂടെ, ഞങ്ങൾ സൈക്കിളിൽ. തീപിടിച്ച അവന്റെ തലയിൽ ചോദ്യങ്ങൾ പെരുത്തുണ്ട്. മറുപടി എന്തായാലും കളങ്കമില്ലാതെ കോരിക്കുടിക്കുന്നവൻ. ലോകത്തെ പറ്റിയോ, ഓരോ സംഭവങ്ങളെ പറ്റിയോ ഞാൻ പറഞ്ഞാൽ കൂർത്ത കാതോടെ, മിഴിച്ച കണ്ണോടെ ഏതോ ലോകത്തിലേക്ക് പറക്കുന്ന അവൻ. പക്ഷേ ഒരു പണി അവനോട് പറഞ്ഞാൽ, കാതടപ്പിക്കുന്ന ഒരു വെടി പൊട്ടിക്കണം, കാര്യം നടന്നുക്കിട്ടാൻ. ഞാൻ പറയുന്നത്, അവെന്റെ അമ്മ പറയുന്നത്, അവന്റെ കൂട്ടുക്കാർ പറയുന്നത്, പള്ളിയിലും പള്ളിക്കൂടത്തിലും അവനെ പഠിപ്പിക്കുന്നത് എല്ലാം കേട്ട് അവൻ ഏത് കോലത്തിലാകുമെന്ന് ഞാൻ ആധിപിടിക്കുന്നതിന് കാരണമറിയില്ല.
ഞങ്ങൾ അങ്ങനെ വെട്ടോഴിയിലൂടെ, ഉലകം മുഴുവൻ വിഴുങ്ങാൻ തയാറായി അവൻ സൈക്കിളിന്റെ പിന്നിലും. അപ്പോൾ ഒരു പൂച്ചയുടെ കരച്ചിൽ. വെട്ടോഴിയുടെ അരികിൽ ഒരു രണ്ടാൾ നീളത്തിൽ വീതിയുള്ള വെള്ളം നിറഞ്ഞ ഒരു കാന. കാനയോട് ചേർന്ന് ഒരു വലിയ വീടിന്റെ മതിൽ. മതിലിന്റെ തറയുടെ തിണ്ടിൽ അത് ഇരിക്കുന്നു, വഴിപോക്കരെ നോക്കി കരയുന്നു. ആ തിണ്ടിൽ നിന്ന് ഒരാൾ ഉയരമുണ്ട് മതിലിന്. മതിലിന്റെ തറയുടെ താഴെ വെള്ളം കെട്ടിനില്ക്കുന്നു. വെളുത്ത ഒരു പൂച്ചക്കുട്ടി. കഴുത്തിൽ ചരട് കെട്ടിയ പൂച്ചക്കുട്ടി. അല്പ്പം ഇരുണ്ട ചുകപ്പ് നിറമുള്ള വീതി കുറഞ്ഞ ഒരു തുണികൊണ്ടാണ് ആ ചരട്. ഉപേക്ഷിച്ചുപോരുമ്പോൾ കൂടെ വരാതിരിക്കാൻ ആരോ വെള്ളത്തിലിറങ്ങി അതിനെ ആ തിണ്ടിൽ വെച്ചതാണ്. പൂച്ചക്കുട്ടിക്ക് മുന്നോട്ടോ പിന്നോട്ടോ മതിലിനോട് ചേർന്ന് കുറച്ച് നടക്കാം. അതിന്റെ വലത് വശത്ത് മുട്ടിനില്ക്കുന്ന ഉയർന്ന മതിൽ, ഇടത്, അതിനെ ആയിരം മടങ്ങ് മുക്കികൊല്ലാൻ കെല്പുള്ള വെള്ളം. എത്രയോ തവണ അത് കരയിലെത്താനുള്ള വഴി തേടിയിരിക്കാം. മരണം മണത്ത് പേടിച്ച് പേടിച്ച് അതിന്റെ കുഞ്ഞിക്കാലുകൾ വിറച്ചുതുടങ്ങിയിരുന്നു.
കരച്ചിൽകേട്ട് നോക്കിയപ്പോൾ അതിന്റെ കണ്ൺ നിറയെ അതിന്റെ ഇത്തിരിപ്പോന്ന ഉയിരിനുവേണ്ടിയുള്ള യാചന. കണ്ണെടുത്ത് സൈക്കിളിന്റെ പാച്ചിൽ ശരിയാക്കി മുന്നോട്ട് കുതിക്കുമ്പോൾ ഉള്ളുതുടുത്തു, അതിന്റെ കണ്ൺ എന്റെ ഉള്ളുകൊളുത്തിവലിച്ചു. ഒരു നിമിഷം ആകാശത്ത് പറന്ന് നടക്കുന്ന മോനോട് പൂച്ചക്കുട്ടിയെപ്പറ്റി പറഞ്ഞു. “ടാ, ആ പാവം രക്ഷിക്കണേന്ന് പറയണ്‌കണ്ടോ, നമ്മുക്ക് അതിനെ പുറത്തേക്ക് എടുത്ത് വെക്ക്യാ?” പിന്നിലേക്ക് പൂച്ചക്കുട്ടിയെ നോക്കി അവൻ “ആ അപ്പാ, വേഗം വാ, അതിനെ എടുക്ക് അപ്പാ” എന്ന് പറയുമ്പോൾ സൈക്കിൾ തിരിച്ച്, ഞങ്ങൾ റോഡിന്നരികിൽ തയ്യാറായി. “പേടിക്കണ്ട്രാ കുട്ടാ, കരയണ്ടട്ടോ..” എന്ന് പറഞ്ഞ് അതിനെ നോക്കുമ്പോൾ അതിന്റെ നിലവിളിയും പരാക്രമവും കൂടി. മോൻ ഒന്നും മിണ്ടാതെ നെഞ്ചടക്കി നോക്കി നില്ക്കുന്നു. “വാ” എന്നു പറഞ്ഞപ്പോൾ വെള്ളത്തിലേക്ക് കാലെടുത്ത് വെക്കുന്നു, വെള്ളം തൊട്ടപ്പോൾ കാൽ പിൻവലിക്കുന്നു, കരച്ചിൽ കൂട്ടുന്നു, എന്റെ കണ്ണിൽ നോക്കി എന്നെവിട്ട് പോകല്ലേ എന്ന് നിലവിളിക്കുന്നു. മുണ്ട് പൊക്കി ഒരു വിധേനെ അതിന്നടുത്തേക്ക് കൈനീട്ടിയപ്പോൾ എന്റെ മലയാളം മൊഴിയും ആ പൂച്ചക്കുട്ടിയുടെ മൊഴിയും ഒന്നായിമറഞ്ഞ് അതിരില്ലാത്ത ഒരു തുടിപ്പറിഞ്ഞു. കരച്ചിലടക്കി അത് എന്റെ കൈവെള്ളയിൽ വിറച്ചുനിന്നു, കാനക്കരികിൽ അന്തം വിട്ട്, കണ്ണുതള്ളി അമ്പരപ്പോടെ അനങ്ങാതെ നിന്നു മോൻ. കരയ്ക്കുകയറി അതിനെ നിലത്ത് വെച്ചപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരെയോ, എന്തിനേയോ നോക്കുന്നപോലെ അതു തൊട്ടടുത്ത പറമ്പിലേക്ക് തേങ്ങലോടെ പാഞ്ഞു.
എന്തൊക്കൊയോ സംഭവിച്ചുകഴിഞ്ഞു എന്ന ഞെട്ടലിൽ നിന്നുണർന്നപ്പോൾ “അതിനെ പിടിക്ക് അപ്പാ, നമ്മുക്കതിനെ വീട്ടീ കൊണ്ടുവാം” എന്ന് മോൻ പറയുമ്പോൾ എന്റെ കണ്ണിൽ ആ പൂച്ചക്കുട്ടിയുടെ കഴുത്തിലെ ചരട് തറച്ചുനിന്നു. ആരുകെട്ടി ആ ചരട്? എന്തിനു കെട്ടി? ചരട്കെട്ടി കരക്കും വെള്ളത്തിനുമിടയിൽ അനങ്ങാതാവതെ ആരതിനെ വെച്ചു? ആരുടെയൊക്കെയോ സൗകര്യത്തിനുവേണ്ടി ഉപയോഗിച്ചുതീർന്നപ്പോൾ സ്വന്തമായൊരു കരയില്ലാതെ അത് മരണത്തെ മണത്തു. പെട്ടെന്ന്, എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ്, മരണത്തെ കാത്ത് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ട ഒരു അവസ്ഥയിൽ ആ പൂച്ചക്കുട്ടി എത്തിചേർന്നിരിക്കുന്നു. ഒന്നുകിൽ പെട്ടെന്നൊരു മരണം, അല്ലെങ്കിൽ, മരണത്തെ കാത്ത് ഒന്നും ചെയ്യാനില്ലാതെ തളർന്ന് കിടക്കുക, അത് വിധി. പക്ഷേ ഇത്, ആളൻ കെട്ടികൊടുത്ത ചരട്, അല്ലെങ്കിൽ വരുത്തിതീർത്ത മണ്ടത്തരം. സൈക്കിളിൽ കയറുന്നതിനുമുമ്പ് ഞാൻ മോന്റെ കഴുത്തിലേക്ക് നോക്കി, അറിയാതെ ഞാൻ അവനു ചരട് കെട്ടിയിരുന്നോ? ഒന്നുമില്ല, ഇളം നെഞ്ചും കഴുത്തും അല്ലാതെ; സമാധാനം!. പൂച്ചക്കുട്ടിയുടെ കരച്ചിൽ അകലെയായിരുന്നു, സൈക്കിൾ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിൽ മോന്റെ പരാതി അതിനെ വീട്ടിലെത്തിക്കാൻ.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:01 PM 0 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
3/26/2010
ഇമ്പോച്ചി ഡീബിയെ
കോരന്‍ ഭ്രാന്തരം നാട്ടില്‍ ജനിച്ചു. പണ്ട് നല്ല മൂളയുള്ള ആള്‍ക്കാര് വളര്‍ത്തി വലുതാക്കിയ നാടാണിത്. പിന്നെ സായിപ്പ് വന്നു ചവിട്ടി കൊളാക്കി. പിന്നെ നാട്ടു രാസാക്കന്മാര്‍ നാട് ഭരവിപ്പിച്ചു. ഒരഞ്ചെട്ടു കൊല്ലംമുമ്പ് ഭ്രാന്തരം നാട് അവിടത്തെ അങ്ങാടികള്‍ മുഴുവന്‍ Full Time ആയി തുറന്നു വച്ചു. വികസിക്കാന്‍... അത്തറു നാട്ടില്‍ നിന്നു മുമ്പ് വന്നിരുന്ന കാശ് തെല്ലൊന്ന് ശമിച്ച നേരമായിരുന്നു. അപ്പോഴാണ് ഭ്രാന്തരം നാടിന്റെ തലപ്പത്ത് കൊമ്പനായി മനുമോന്‍ കയറികൂടിയത്. അതിനുമുമ്പ് ഏതൊ ഒരു ഗമണ്ടന്‍ ബ്ലേഡ് കമ്പനിയുടെ (IMF) പലിശകണക്കപ്പിള്ളയായിരുന്നു മൂപ്പര്. പിന്നങ്ങോട്ട് ഭ്രാന്തരം ഒരു വികസിക്കലായിരുന്നു. വികസിച്ച് വികസിച്ച് പൊളിയുമെന്നു വരെ തോന്നി. എല്ലാ നരകങ്ങളിലും വണ്ടക്കന്‍ ബംഗ്ലാവുകള്‍ വരിവരിയായി പൊന്തിതുടങ്ങി. പക്ഷെ കേരളത്തില്‍ വികസിക്കന്‍ പറ്റാത്ത അവസ്ഥ. വളരെ വീതി കുറവല്ലേ? ഇതൊക്കെ നാട്ടില്‍ നടക്കുമ്പോള്‍, കോരന്‍ പക്ഷെ പണിയന്വേഷിച്ച് ഭ്രാന്തരത്തിന്റെ തെക്കുവടക്ക് അലയുകയായിരുന്നു. കാലം കുറെ കഴിഞ്ഞ് കോരന്‍ നാട്ടില്‍ വന്ന കാലം. എല്ലാവര്‍ക്കും നല്ല ജോലി കിട്ടുന്നു, നാടു വികസിക്കുന്നു, അവനും ലവനും ആയിട്ടിയില്‍( IT )യില്‍ ജോലി. കണക്കുപ്പെട്ടി (computer) പഠിച്ചവരെല്ലാവരും ആയിട്ടിയില്‍, നല്ല ശമ്പളം. എവിടെ നോക്കിയാലും ആയിട്ടിക്കുട്ടന്മാരും ആയിട്ടിക്കുട്ടിച്ചികളും സ്ലേറ്റില്‍ പോകുന്നു, ലന്തനിലും കോറോപ്പിലും പോകുന്നു, അമ്പതും അറുപതും മാസ ശമ്പളം. മൊത്തം ആകെ ഒരു വികസനം തന്നെ.
അപ്പോഴാണ് കോരനും ഒരു പൂതി കേറിയത്. കണക്കുപ്പെട്ടി പഠിക്ക്യാന്‍ തന്നെ തീരുമാനിച്ചു. പത്തിരുപത് കൊല്ലം മുമ്പ് സര്‍വ്വകൊലാശാല കഴുത്തു പിടിച്ച് ഉന്തിത്തള്ളി പൊറാത്താക്കിയതാണ് കോരനെ, "എവിട്യേങ്കിലും പോയി തൊലയടാ, ഇന്നാ നിന്റെ സര്‍ട്ടിഫിക്കറ്റ്, 35% പാസ്മാര്‍ക്കുംണ്ട്,you are passed out(away)..! get lost" എന്നും പറഞ്ഞ്. ഭാഗ്യത്തിന്, അകലിരിപ്പ് സമ്പ്രദായം (Distant Education) നാട്ടില്‍ സമൃദ്ധി. കോരന്‍ പഠിപ്പ് തുടങ്ങി. കോരന്റെ പെണ്ണിന് ഇതു പിടിച്ചില്ല. "കഷ്ടപ്പെട്ട് ഇണ്ടാക്‌ക്‍ണ കാശ് ഈ വയസ്സാന്‍കാലത്ത് ഇങ്ങനെ നശിപ്പിക്കണോ". പക്ഷെ കാലം കോരനൊത്തു കളിച്ചു. കോരന്‍ പാസ്സായി(ക്കി). Koran MCA. പെണ്ണിനല്‍ഫുതം. ആരാ..ധന... പിന്നെ ബംഗളൂരു വന്ന് ആയിട്ടിക്കമ്പനികളുടെ തെളങ്ങണ കൊട്ടാരങ്ങളുടെ പടിക്കല്‍ ചട്ടിയും പിടിച്ച് പാണ്ഡ്യത്ത സമ്പര്‍ക്കങ്ങള്‍! കൊല്ലം ഒന്നു കഴിഞ്ഞപ്പോള്‍ കുത്തുവലക്കാരനായി (.Net programer) ഒരു ചെറിയ ആയിട്ടിക്കമ്പനിയില്‍ ജോലി. കോരന്റെ വയസ്സു കണ്ടിട്ടാണോ അതോ പട്ടിണി കണ്ടിട്ടാണോ അതോ കുത്തുവലക്കാര്‍ കമ്പനിയില്‍ കൂടുതല്‍ ഉള്ളതുക്കൊണ്ടാണോ എന്നറിയില്ല, കോരനോട് ആയിട്ടി പറഞ്ഞു "നീ കമ്പനിയുടെ പത്തായപണിക്കാരനാണ് (Database Developer), പത്തായപുരയില്‍ വേറെ ആളില്ല". കോരന്‍ കോഴി കഞ്ചാവടിച്ച പോലെ അന്തംവിട്ട് എല്ലാം കേട്ടു. കമ്പനി മൊതലാളി തന്ന പേപ്പറില്‍ നോക്കിയപ്പൊള്‍ ...you will be working in the company in the capacity of a software engineer... ഞെട്ടി. താന്‍ ഒരു കാണാകുറിപ്പാശാരി(Software Engineer)!... ഉള്ളിലോതുക്കി, പേടി കയറി, ഇതു സത്യമാണോ! പശുവിനെ കറന്നും, പറമ്പ് കെളച്ചും, സദ്ദാം കുവൈത്തു പിടിച്ച് കക്ഷത്തിലൊതുക്കിയ കാലത്ത് ചോന്ന കോട്ടിട്ട് ബോംബയിലെ ഹോട്ടലില്‍ വൈറ്റററായി ഞെരങ്ങി നടന്നതും ഓര്‍ത്തുപോയി. നാട്ടില്‍ ചെന്ന് പെണ്ണിന്റെടുത്ത് കൂരിനെഞ്ച് വിരിച്ച് ഈ വിശേഷം പങ്കിടുമ്പോഴും കോരന്റേയും പെണ്ണിന്റേയും ഉള്ളുപെടഞ്ഞു... ഇതു സത്യാണോ!
പക്ഷേ, ആയിട്ടികുട്ട്യോളുടെ പുത്തിയല്ലലോ കാലത്തിന്റെ... പിന്നെ കോരന്റെയും!
കോരന്‍ കണക്കുപ്പെട്ടി തുറന്ന് പത്തായപ്പെട്ടിയിലേക്ക് എങ്ങനെ കടക്കാം എന്നു ഒരു ആയിട്ടിക്കാരനോടു ചോദിച്ചു മനസ്സിലാക്കി. പത്തായപ്പെട്ടി മുഴുവന്‍ വിവരങ്ങളും വിവരകഷ്ണങ്ങളുമാണ്(Information and Data, you know?). ഈ വിവരങ്ങളും വിവരകഷ്ണങ്ങളും അരിച്ചു പറുക്കലും (analysis), ആവശ്യമില്ലാത്തത് പുറത്തേക്ക് ചേറി കളയലും(delete), പുതിയ വിവരകഷ്ണങ്ങള്‍ ശുത്തം വരുത്തി അറയിലേക്ക് കോരിയിടലും(insert), ഉള്ള വിവരങ്ങളെ ഇടക്ക് പുറത്തേക്ക് എടുത്ത് കാറ്റും വെയിലും കൊള്ളിച്ച് പുതുക്കലും(update), പത്തായപ്പെട്ടിക്ക് വരുന്ന കേടുപാടുകള്‍ നേരാനേരത്തിന് കണ്ടുപിടിച്ച് ശരിപ്പെടുത്തലും, ഇടയ്ക്ക് കയറി വരുന്ന എലി,മൂട്ടാതികളെ തുരത്തലും (trouble shooting, maintenance and bug fixing, you got me?) ഒക്കെയാണ് കോരന്റെ പണി. ഈ പണിയൊക്കെ ചെയ്യാന്‍ പാകത്തില്‍ കോരന്റെ തലേലെ മസ്സില്‍ വളര്‍ന്നിട്ടില്ലായിരുന്നു. ശോഷിച്ച കൈകാലുകളുടെ അതേ അവസ്ഥ തന്നെ തലേലും. പോരാത്തതിന് കണക്കുപ്പെട്ടിയിലൂടെ പത്തായപ്പെട്ടിയില്‍ കയറി പണിയെടുക്കാന്‍ ആവശ്യമുള്ള കുറിപ്പടി(code)യുടെ അന്തമില്ലാത്ത കടലും അതില്‍ കിടന്നലയ്ക്കുന്ന Englisഷും കോരനെ വലച്ചു. അകലിരിപ്പ് സമ്പ്രദായത്തില്‍ പഠിച്ച കാരണം കോരന് കണക്കുപ്പെട്ടിയുമായി അത്ര നല്ല വഴക്കവും ഇല്ലായിരുന്നു.
മഴ പെയതു,മഞ്ഞു വീണു,വേനല് വന്നു... നേരം കോരന്റൊപ്പം കുതിച്ചു പാഞ്ഞു. കോരന്റെ തലയിലെ മൂള പുതുമഴകൊണ്ട പാടത്തെ പുല്ലുപോലെ മെല്ലെ മുളപൊട്ടി പച്ചിച്ചു. അധികം വൈകാതെ ഒരു ദിവസം വിപ്രാണി എന്ന ആയിട്ടി കൊപ്രയാട്ട് കമ്പനിയില്‍ നിന്ന് കോരന്റെ കൊണ്ടുനടക്കിയിലേയ്ക്ക് ഒരു ഫോണ്‍. Are you looking for a job change? ഞെട്ടി. ആയിട്ടിയില്‍ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഞെട്ടല്‍. ഞെട്ടല്‍ മറച്ച് കോരന്‍ മൊഴിഞ്ഞു. yaaaa... ഭ്രാന്തരത്തിലെ വളരേ വിശേഷപ്പെട്ട രണ്ട് കമ്പനികളാണ് വിപ്രാണിയും ഇമ്പോച്ചിയും. ഞെട്ടാനുള്ള കാരണവും ഇതുതന്നെ. സ്വപ്നം കണ്ടതിലും വലിയ ശമ്പളം, ബന്ധുക്കളുടെയിടയില്‍ പേര്... കോരന്റെ ഉള്ളു തുടുത്തു, പെണ്ണ് പരിഭ്രമിച്ചു, ഒപ്പം കോരനും. കാരണം, ഈ ആയിട്ടിയെ അത്രക്ക് വിശ്വസിക്കാന്‍ കോരന് പേടി. പോരാത്തതിന് അള്ളാക്കറിയാം പള്ളീലെ കാര്യം എന്ന് പറഞ്ഞപോലെ കോരനറിയാം തലേലെ കുറിപ്പടിയുടെ ദാരിദ്ര്യം.
പേപ്പറായ പേപ്പറിലെല്ലാം അന്നൊക്കെ ഭ്രാന്തരത്തിന്റെ ആയിട്ടി പാഞ്ഞുകയറ്റം വാര്‍ത്തയായിരുന്നു, ഭ്രാന്തരത്തിന്റെ കുന്തമുന(സെക്സുമായി ബന്ധപ്പെട്ട എന്തോ ഒരു സെന്‍സ് ആണ് എന്ന് കോരനറിയാം) ഒരുനാള്‍ 21000 ഒക്കെ മുട്ടിയത്രേ! നാട്ടിലെ ആയിട്ടികുട്ടികള്‍ ചെന്നയിലും ബംഗളൂരിലും ഭൂമിയിലാകെയും പുളച്ചുകയറി, അടിച്ചുപ്പൊളിച്ചു, യാഗങ്ങളിലും തര്‍ക്കങ്ങളിലും പങ്കെടുത്തു, ചന്ദനത്തിരിയും കുന്തിരിക്കവും വയറ്റിലെ ഗ്യാസും പുകച്ചു. മടിപ്പെട്ടി(laptop) തോളത്തിട്ട് ട്രെയിനിലും, വോള്‍വോയിലും yaa yaa കുരച്ച് വഴിവക്കിലെ പട്ടിണിപാവങ്ങളെ ഉണര്‍ത്തി, തകര്‍ത്താടി, ഊശാന്താടി ഉഴിഞ്ഞു. കാതടച്ച് വള്ളി തൂക്കി പാട്ടുമൂളി, സെന്‍, സ്കോര്‍പിയൊ, i10,i20 വാങ്ങിച്ചുകൂട്ടി, ലീവൈസിന്റെ വാലറ്റത്തില്‍ (പേഴ്സ് എന്ന് മലയാലം,you know?) പത്തിരുപത് credit പാത്തികള്‍ തിരുകി കയറ്റി, ഒപ്പം കാശുക്കൊട്ടയില്‍നിന്ന് കാശ് കൈയിട്ടുവാരാന്‍ debit പാത്തികളും... വികസിച്ചു. ഭ്രാന്തരം വികസിച്ചു. ഇതെല്ലാം കണ്ട് കോരന്‍ ഒന്നു വിയര്‍ത്തു.
ആയിട്ടികള്‍ ചാറ്റി തുടങ്ങി, യാഹുവില്‍. നാടു വികസിക്കാത്തതിന്റെ കാരണങ്ങളും അവര്‍ ചീറ്റി വച്ചു, ഓര്‍ക്കുട്ടയില്‍. ഭ്രാന്തരത്തിന്റെ അഭിമാന നായ മനുമോന്‍ മുലകുടിച്ചത് തൊട്ട് കൊമ്പത്ത് കയറിയതു വരെ എപ്പോഴും ഫസ്റ്റടിച്ചതിന്റെ പഞ്ചാംഗം ആയിട്ടികള്‍ ഈ-ക്കത്തിലൂടെ കൈമാറി. മൂന്നാം ക്ലാസ്സുമുതല്‍ 10-ആം ക്ലാസ്സുവരെ കണക്കിലും engളീഷിലും 0,1,2,3 എന്നീ strike ratuള്ള കോരന് ഇതൊന്നും അത്ര ദഹിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ മാന്തികള്‍ക്ക് (mind you, they are Ministers) ആയിട്ടികളുടെ സങ്കടങ്ങള്‍ ignoറിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. പോരാത്തതിന്, ചാന്ദിയും കോന്നിത്തലയും ഇടതു കക്ഷത്തില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു..."വികസനം പോരാ, പോരാ, ഇടതു കക്ഷം, വികസന വിരോധി..." അവസാനം രക്ഷയില്ലാതെ ഇളയമരം അണികളോട് ആക്ക്രോശിച്ചു. "നമ്മള്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ 'വ്യപിചരിക്കാന്‍' അവസരം നല്‍കണം, മരം മുറിച്ചായാലും അവര്‍ക്ക് കുടിലുക്കെട്ടികൊടുക്കണം, തെങ്ങിന്റെ മുകളില്‍ 'വ്യപിചരിക്കാന്‍' പറ്റുമോ? നിങ്ങള്‍ പറയൂ.". അങ്ങനെ ഇടത് കക്ഷം മാന്താന്‍ തുടങ്ങി, മല, മണ്ണ്, കുളം എല്ലാം. അങ്ങനെ വികസനത്തിനുവേണ്ടി കേരളം കാത്തുകിടന്നു. പക്ഷേ കടുത്ത വേനലുപോലെ ലോകമാന്ദ്യം കേരളത്തിനേയും പൊതിഞ്ഞു.
ഇതിനിടെ, കൊപ്രയാട്ട് കമ്പനിയിലെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ട് കോരന്‍ വിപ്രാണി വിട്ട് വേറൊരു പല-നാട് കമ്പനിയിലേക്ക്(MNC) ചാടി. ഭാഗ്യത്തിന് അത് നന്നായി. കാരണം, വിപ്രാണിയും ഇമ്പോച്ചിയും പോലുള്ള പല കമ്പനികളും ആയിട്ടികുട്ടന്മാരോടും ആയിട്ടികുട്ടിച്ചികളോടും വീട്ടില്‍ പോയി വിശ്രമിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം എന്നു പറഞ്ഞ് ഓല കൊടുത്തുകൊണ്ടിരുന്നു. ഒരു ഓല കോരന് ഉറപ്പായിരുന്നു. ചാടിയതുകൊണ്ട് ആ ഓല ഒഴിവായിക്കിട്ടി.
കോരന്‍ പെണ്ണിനെ നാട്ടില്‍ വിട്ട് നാലഞ്ച് ചെറുപ്പക്കാരുടെ കൂടെയായിരുന്നു പൊറുതി. ആട്ടവും കൂടിയാട്ടവും പതിവ്, വെപ്പും തീനും ഉണ്ട്. സഹമുറിയന്മാര്‍ക്ക് ജോലി ഇമ്പോച്ചിയിലും വിപ്രാണിയിലുമൊക്കെയാണ്. പക്ഷേ പാത്രം കഴുകല്‍, ചവറ്(തീറ്റബാക്കിയും മറ്റ് ചപ്പ്‌ചവറുകള്‍) കളയല്‍ എന്നിവ ഒരു പട്ടികജാതി/പട്ടികവര്‍ഗ്ഗ പണിയായി സഹമുറിയര്‍ കാണുന്നത് കോര്‍ന് മനസിലാക്കാന്‍ പറ്റിയില്ല. തീറ്റബാക്കി നാലഞ്ച് ദിവസം കഴിഞ്ഞ് മുറിയില്‍ ചീഞ്ഞ്‌നാറിയാലും, "ക്രൂരത"(brute), "മഴു"(axe) തുടങ്ങിയ സെന്റുകള്‍ കക്ഷങ്ങളില്‍ തൂറ്റിച്ചും, തേച്ചുമിനിപ്പിച്ച കുപ്പായങ്ങളുമിട്ട് അവര്‍ നടക്കും. ഒരു ആയിട്ടികുട്ടന്‍ ചവറു എടുത്ത് കളയുന്നത് അവര്‍ക്ക് ഓര്‍ക്കാനേ കഴിയില്ല. കുറേയൊക്കെ കോരന്‍ സഹിച്ചു. ഒരു ദിവസം, ക്ഷമകെട്ട് ഒരുത്തനെ പിടിച്ച് "അടിച്ച് തൂപ്പെറക്കി". അതില്‍ ക്ഷോഭിച്ച് അവന്‍ പത്തിരുപത് ഓണമധികമുണ്ട കോരനോട് കയര്‍ക്കുകയും തീറ്റമതിയാക്കുകയും ചെയ്തു. അവനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പെട്ടെന്ന് അവന്‍ ഒരിക്കല്‍ അയച്ചുത്തന്ന ഈ-ക്കത്ത് കോരന്‍ ഓര്‍ത്തു. അതിന്റെ അവസാനത്തില്‍ അവന്‍ കുറിച്ചിട്ട അവന്റെ അടയാളം.
Regards,
Knaa K Kma,
ഇമ്പോച്ചി DBA.
ഒന്നോ രണ്ടു കൊല്ലമായി ഇമ്പോച്ചിയില്‍ ജോലി ചെയ്തത ഇവന്‍ ഒരു DBA ആയതിന്റെ കനം അഞ്ചാറു കൊല്ലമായി ആയിട്ടിയില്‍ ജോലി ചെയ്തിട്ടുള്ള കോരന്‍ ഇനി എന്നാണ് മനസ്സിലാക്കുക?
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 8:38 AM 2 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
3/24/2010
സ്വര്‍ണവും മോഹന്‍ലാലും
സ്വര്‍ണവും മദ്യവും എങ്ങിനെ കേരളത്തിന്റെ ശാപമായി മാറി എന്നത് ഒരു അന്വേഷകനെ വിട്ടുകൊടുത്താല്‍, നമ്മുക്ക് മുന്നില്‍ ബാക്കിയാവുന്നത് അതിന്റെ ക്രൂരതകളും ഇരകളും കണ്ടുംകൊണ്ടും ന്‍ല്‍ക്കുന്ന നമ്മുടെ കലമ്പലുകളുമാണ്. മോഹന്‍ലാലിന്റെ സ്വര്‍ണ പരസ്യത്തിനെതിരെ സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍ ഒരു കച്ചവടക്കാരന് അവകാശമുള്ള ചെയ്തികളിന്മേലുള്ള കടന്നുകയറ്റമായി നമ്മുടെ യുവത്ത്വവും സിനിമയെ നെഞ്ചേറ്റിയ സാധാരണക്കാരും മുറുമുറുത്തപ്പോള്‍, മദ്യത്തിനെതിരെ എല്ലാവര്‍ക്കും ഒരേ മൗനസമ്മാതമായിരുന്നു, കലമ്പലുകളില്ലാതെ. മദ്യമെന്ന ദുര്‍വ്യാധിക്കെതിരെ മനംനൊന്ത് എല്ലാവരും ഉരുകി. കാരണം എന്താ? കുടുംബങ്ങള്‍ തകരുന്നു, ജീവിതങ്ങള്‍ തകരുന്നു.
ഛാരായത്തിന്റെ പരസ്യത്തില്‍ സ്വര്‍ണപരസ്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയൊടെ മോഹന്‍ലാല്‍ തകര്‍ത്താടിയിരുന്നെങ്കില്‍, ഇതേ ജനം ലാലിനേയും പരസ്യത്തേയും തീക്കൊളുത്തുമായിരുന്നു... എന്താ സ്വര്‍ണം പാവനമാണോ? കേരളത്തില്‍ സ്വര്‍ണം സമാധാനത്തിന്റെയും ശാന്തിയുടെയും അമ്മരൂപമാണോ? കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലക്കണ്ണിയാണോ?
സ്വര്‍ണം പരിശുദ്ധിയുടെയും ഛാരായം അശുദ്ധിയുടെയും രൂപങ്ങളായതുകൊണ്ടാണോ നമ്മള്‍ ഇങ്ങനെ പെരുമാറുന്നത്? അല്ല എന്ന് പറയാന്‍ മനസ്സ് വെമ്പുന്നു.
ഇന്ന് കേരളത്തില്‍, സ്ത്രീക്ക് സ്വര്‍ണവും പുരുഷന് മദ്യവും ലഹരിയാണ്, അര്‍ബുദംപോലെ വളര്‍ന്ന് തലചോറ് കാര്‍ന്ന് തിന്നുന്ന ലഹരി. എല്ലാ പുരുഷനും സ്ത്രീക്കും ഇതു ബാധിക്കുന്നില്ല. ആര്‍ക്ക് എങ്ങിനെ ഇതു ബാധിക്കുന്നു എന്നത് കേരളത്തിന്റെ ഒരു പ്രശ്നമാണ്. മറ്റൊരു ദേശത്ത് മറ്റ് സാധനങ്ങളോ പ്രവര്‍ത്തിയോ ആയിരിക്കാം അവരുടെ അര്‍ബുദം. ഒരു പക്ഷേ അര്‍ബുദം ബാധിക്കാത്ത ഒരു ദേശവും ഉണ്ടായിരിക്കാം. വീണു ചതഞ്ഞ ഒരു പഴം കൊട്ടയിലുള്ള മറ്റ് പഴങ്ങളെ പുഴുക്കുത്തേല്‍പ്പിക്കുന്നതുപോലെ, ചീഞ്ഞഴുകിയ ഒരു സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ ഈ ലഹരി ഇന്നും നമ്മില്‍ പലരേയും ബാധിക്കുന്നു, നമ്മുടെ കേരളത്തില്‍.
ഇതില്‍ ഏതു ലഹരിയാണ് മാന്യമായത്? കുഴഞ്ഞാടി തെറിയും അക്രമവും ശര്‍ദ്ദിക്കുന്ന മദ്യലഹരിയോ, വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണചങ്ങലയില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചും സ്റ്റൗ പോട്ടിത്തെറിപ്പിച്ചും മച്ചിയാക്കിയും തെരുവിലെറിയുന്ന സ്വര്‍ണലഹരിയോ? നമ്മള്‍ തിരഞ്ഞെടുത്തു...സ്വര്‍ണലഹരി. നമ്മുക്കിന്ന് ഈ ലഹരി കണ്മണിയാണ്, അരുമയാണ്, പ്രമാണിത്തമാണ്. കാരണം...?
കാരണം, മദ്യലഹരി ലക്കില്ലാത്ത ആണ്‍കോയ്മയുടെ പരസ്യമായ തളര്‍ന്നുവീഴലാണ്, മറിച്ച് പെണ്ണിന്റെ രഹസ്യമായ പ്രതികാരത്തിന്റെ സ്വകാര്യതയാണ് സ്വര്‍ണലഹരി. അതുകൊണ്ട് പെണ്ണിനുമുമ്പില്‍ ആണാവാന്‍ ബലക്കുറവുള്ള പുരുഷന് ഇതിലും നല്ല ലഹരി വേറെയുണ്ടോ? അതുകൊണ്ടല്ലേ ഇന്നത്തെ 70% റ്റീവീ പരസ്യങ്ങളില്‍ സ്വര്‍ണലഹരി നുരഞ്ഞ്‌പൊന്തുന്നത്? സിനിമാനടന്മാര്‍ ആണത്തമില്ലാത്ത ചിരിയുമായി സ്വര്‍ണലഹരി വില്‍ക്കുന്നത്?
എന്തിനീ അരികുചേരല്‍? സ്വര്‍ണലഹരിപോലെ മദ്യലഹരിയും നിങ്ങള്‍ പരസ്യമാക്കണം, ആകര്‍ഷകമാക്കണം. എങ്കിലേ നമ്മള്‍ നമ്മളാകൂ, സത്യസന്ധരാകൂ. ചര്‍ച്ചകളില്‍, ഛാരായത്തിന്റെ നാറ്റം അസഹ്യമാണെങ്കില്‍, പൊന്നിന്റെ വിഷം എന്തുകൊണ്ട് ഭീഭത്സമായിക്കൂടാ? പുരുഷന്റെ ലഹരി മാന്യമാക്കാത്തവര്‍, എന്തിന് സ്ത്രീയുടെ ലഹരി മാന്യമാക്കുന്നു?
പരസ്യമായ തളര്‍ച്ചയേക്കാള്‍, രഹസ്യമായ ക്രൂരതയാണ് മാന്യമെന്ന നമ്മുടെ മനോരോഗം ഇനിയും നാം പേറണോ?
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 11:42 AM 0 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
12/06/2007
മൊഴിയറ
നടപ്പാക്കാന്‍ പാടാണെങ്കിലും, കുറച്ച് തനിമലയാളം വാക്കുകള്‍ ചേര്‍ക്കുന്നു. സംസ്കൃത മൊഴികള്‍ പരമാവധി കുറക്കാന്‍ നോക്കുന്നു, പകരം ചേര്‍ക്കാവുന്ന തമിഴ് മൊഴികള്‍ നന്നായിരിക്കും. കൂടുതല്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അതും, മാറ്റാനുണ്ടെങ്കില്‍ തിരുത്തലുകളും കാത്തുകൊണ്ട്...
നിഘണ്ടു-------------------------- മൊഴിയറ
Hotel--------------------------- തീന്‍ത്താവളം
Five Star Hotel----------------- അഞ്ചുമിന്നി തീന്‍ത്താവളം
Personal Manager----------- ആള്‍കാര്യാക്കാരന്‍
Waiter------------------------- ആള്‍താങ്ങി
Engineer------------------------- ആശാരി
Carpenter, ആശാരി---------- മരാശാരി
Software Engineer----------- കാണാകുറിപ്പാശാരി
Hardware Engineer----------- പുറംക്കൂട്ടാശാരി
Network Engineer------------ വലക്കൂട്ടാശാരി
Computer----------------------- കണക്കന്‍
User Id--------------------------- ആളടി (ആളടയാളം, ചുരുക്കി)
Password------------------------ ഒളിവാക്ക്
Mobile---------------------------- കൊണ്ടുനടക്കി
Land Line----------------------- ഇരിപ്പു നമ്പ്ര്
Technology-------------------- പണിക്കൂട്ട്
ശുദ്ധമലയാളം------------------ പച്ചമലയാളം, തനിമലയാളം
SMS,message,സന്ദേശം----- ഓല
missed call---------------------- ഒറ്റവിളി
Switch---------------------------- തട
Switch on----------------------- തട മാറ്റുക
Switch off----------------------- തടയിടുക
യന്ത്രം, machine---------------- പണിയന്‍
Pass------------------------------- കുറി
Buss pass ----------------------- വണ്ടികുറി
General compartment ------ പൊതുപ്പാട്ട
Reserved compartment ---- നല്‍പ്പാട്ട
A.C ------------------------------- കറ്റാറി
Current -------------------------- ഒഴുക്കന്‍
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 2:59 PM 5 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍
12/04/2007
മത്തായേട്ടനും പള്ളീലച്ചന്മാരും...
ടാ, പൗലോസ് കോഴിത്തിങ്കല്‍ സാധാരണ അച്ചന്മാരെപോലെ അടങ്ങിയൊതുങ്ങി കഴ്യ്‌ആര്‍ന്നൂ...അവര്‍ക്ക് അതേ പാടുള്ളൂ... നല്ല പടക്കം ഊണ്, ചായ, പലഹാരങ്ങള്‍... പിന്നെ കുഞ്ഞാട്‌ങ്ങള്‍ക്ക് തീറ്റക്കൊടുക്കലും...പഷേ ഇപ്പൊ സംഗതി ആകെ കൊളാക്കുന്ന ലെഷണാ...
മാഷേ, ഇവിടെ രണ്ടെണ്ണംട്ടാ... അതു വരട്ടേ...അയിലും മുന്നെ ഒരു കാര്യം..
പൊതുവേ മണ്ടൂസോളായ (മണ്ടൂസ്സാക്കാന്‍ 10 കൊല്ലത്തെ നീണ്ട കഷ്ടപ്പാട്‌ണ്ടേന്ന് അറിയോടാ നിനക്ക്) ഇവര് ശല്ല്യോന്നും ചെയ്യാറില്ലാട്ട. ചെല മിടുക്കന്മാര് ഈ പണി പറ്റില്ലാന്ന് പറഞ്ഞിട്ട് ളോഹൂരീട്ട് വേലിക്ക് പൊറത്ത് ചാട്‌ണത് ഞാന്‍ കണ്ട്‌ണ്ട്. പിന്നെ ചെലോര് മദര്‍ തെരേസ, ഫ്രാന്‍സീസ് സേവ്‌യര്‍ പോലുള്ളോര് നല്ല തെളിഞ്ഞ പുത്തിയും വെണ്ണപോലത്തെ ഹൃദയോംകൊണ്ട് മന്‍ഷ്യന്മാര്‍ക്ക് പുണ്യംചെയ്ത് പോവും... ബാക്കിള്ളോര് ഇമ്പ്‌ടെ കോഴിത്തിങ്കല്‍ന്റെ പോല്യാ, മണ്ടൂസ്സാണ്ടാ, ലോകെന്താന്ന് ഒരു ബോതോംല്ല്യാത്തോര്... അവര്‍ക്ക് ദേഷ്യം വന്നാ, പറയണ സുഗോംന്നുംല്ല്യാട്ടാ. നീര്‍ക്കോലി കടിച്ചാല്‍ അന്നം മുടങ്ങുമ്ന്നറിയാലോ...അതന്നെ സിതി. അവര് അവരുടെ സ്കൂളൊക്കെ അടച്ചിടും, ഇന്ന്ട്ട് നമ്മുടെ ബീഹാറിലെ ലാലൊക്കെ അലറണപോലെ ഇവരും ജാഥിം മീറ്റിങ്ങൊക്കെ നടത്തീട്ട് തണ്ട് കാണിക്കും. സ്കൂളില് വേറ്യം പിള്ളേര് പഠിക്‌ക്‍ണതാന്ന്ള്ള ബോതൊന്നില്ല്യാവര്‍ക്ക്.
ദേ സാധനം വന്നു... വീശല്ലേ...പിടിചൂര്‍ടങ്ങ്‌ട്ട്... ഞാന്‍ പറഞ്ഞ്‌വന്നത്...
പള്ളീരുള്ളിലൊക്കെ അവര് സ്നേഹം, ശാന്തി, ഷമാന്നൊക്കെ പറയും. പഷേ, ദേഷ്യം വന്നാ ഇമ്പ്‌ടെ ചങ്കരേട്ടന്‍ പിന്ന്യേം ബേതാ...ന്‍ന്താ തുള്ളല്...അയ്‌നൊക്കെ ഇമ്പ്‌ടെ കര്‍ത്താവിനെ കണ്ട് പഠിക്കണം... ആണത്തംന്ന്ള്ളത് എന്താന്ന് മൂപ്പര് കാണിച്ചതറിയോ ന്‌ക്ക്...അന്ന് യൂദന്മാരുടെ പള്ളീല് ഇന്ന് ഇമ്പ്‌ടെ പള്ളീല് നടക്കണപോലെ പൊരിഞ്ഞ കച്ചോടം നടക്കാര്‍ന്നു...മൂപ്പര്‍ക്ക് അത് പിടിച്ചില്ലാന്ന് മാത്രംല്ലാ, എടോം വലോം നോക്കാണ്ട് ചാട്ടവാറോണ്ട് നാല് വീശ്‌ലാ വീശി. ന്ന്ട്ട് പറഞ്ഞു "നായന്റെ മക്കളേ, കച്ചോടം നടത്താന്‍ ഇതെന്താ ഭൂലോക കച്ചോട കളാണോ?" (world trade center) ന്ന്...ചന്താന്നാ മൂപ്പര് ഉദേശിച്ചത്‌ട്ടാ...കരുണാകരന്റെ സമ്മേളനത്ത്‌ല് മുരളീടെ ഗുണ്ടോള് നെരങ്ങ്യാപോല്യായി പിന്നെ പള്ളി...അതും മൂപ്പര് ഒറ്റക്ക്യാ ഈ നെരത്തല് നെരത്തീത്
അത് വിട്, ന്‍ന്താണ്ടാ ങ്‌നെ നോക്കിര്‍ക്ക്യണേ, ഒറ്റ വലി വലിക്കടാ... അങ്ങനന്ന്യേ...ഞാന്‍ പറഞ്ഞ് വന്നത് ഇമ്പ്‌ടെ പള്ളീലച്ചന്‍ കോഴിത്തിങ്കല്‌ന്റെ പോല്യല്ലാ കര്‍ത്താവ്ന്ന്. നമ്പടാശാന്‍ കുറേ കുഞ്ഞാടോളേംകൊണ്ട് പൂരപറമ്പില് മൈക്ക്യേം പീക്കറൊക്കെ വെച്ച് കലിതുള്ളണത് കണ്ടപ്പോ, സത്യം പറഞ്ഞാ ഇമ്പ്‌ളൊക്കെ നസ്രാണ്യോളാന്ന് പറയാന്‍ നാണാവാ ഷ്ട്ടാ... അത്‌പോട്ടെ. കുഞ്ഞാടോള് അതും ഷെമിക്കും, കാരണം അവര്‍ക്ക് ലോകെന്താന്ന് ഒരൊറക്കം കഴിഞ്ഞാലേങ്കിലും മന്‍സ്‌ലാവും, കാരണം കര്‍ത്താവ് പറഞ്ഞ്‌ണ്ട് "മന്‍ഷ്യന്‍ വചനം കൊണ്ട് മാത്രല്ലാ ജീവിക്കണേ, അപ്പംകൊണ്ടും കൂട്യാ"ന്ന്. അച്ചന് മഠ്‌ത്ത്‌ല് പോയാ അപ്പോം വീഞ്ഞും നല്ല പൊരിച്ച മീനും എര്‍ചീം ഫേന്‍ന്റെ ചോട്ടിലിര്‌ന്ന് തിന്നേ വേണ്ടോ, ഇമ്പ്‌ക്കത് പറ്റില്ലല്ലോ...ഇമ്പ്‌ള് ഇമ്പ്‌ടെ മഠത്തില്‍ക്ക് ഇതുപോലെ ചെന്നാ പെണ്ണൊര്‌ത്തീരെ പുളിച്ച തെറീം, ചൂലുംകെട്ടാ കിട്ടാ...
സംഗതി അതല്ലാ...ഒരു കമ്മൂണിസ്റ്റ്‌കാരന്‍ മത്തായേട്ടന്‍ മരിച്ചപ്പോള്‍, അയാള് അന്ത്യകൂദാശ സീകരിച്ചൂംന്ന് പറഞ്ഞ് സര്‍വത്ര പേപ്പര്‍ലും വാര്‍ത്ത. അയിന്റെ പിന്നാലെ മൂപ്പര്‌ടെ പെണ്ണ് പറയാ അച്ചന്‍ ഐസീയൂന്റുള്ളില് പാര്‍ഥിക്കാന്‍ പോയതാന്ന്. പിന്നെ കല്ല്യാണം കഴിച്ചതും ഒപ്പ്‌ട്ട്‌തും ഒക്കെ പറഞ്ഞ് ബെഹളം... ന്റപ്പന്‍ ചത്തപ്പോള്‍ ഒരച്ചനും കന്ന്യാസൃീയും എന്തെങ്കിലും ഒന്ന് പറയാന്‍ കണ്ടില്ലല്ലോ...
അതുംപോട്ടെ, ഇയ്ക്ക് മനസിലാവാത്തത്, ഒരു വിജയന്മൂപ്പര് എന്തോന്ന് പറഞ്ഞൂന്നും പറഞ്ഞ് ഈ അച്ചന്മാരൊക്കെ പട്ടിക്ക് പ്‌രാന്ത് പിടിച്ച നെട്ടോട്ടോടണത് എന്തിനാന്ന്. ഇപ്പ പറയണ് കമ്മൂണിസ്റ്റോളേ പള്ള്യേ കേറ്റില്ലാന്ന്, ഗേറ്‌മേണ്ടിന്റെ പീയെസ്സീന്ന്(psc) പഠിച്ച് വര്‌ണ മിടുക്കന്മാര് ഇമ്പ്‌ടേപോലെ കള്ളുകുടിയന്മാരാന്ന്, നസ്രാണ്യോള് കമ്മൂണിസ്റ്റ് പാര്‍ട്ടി വിടണമ്ന്ന്...അതുംപോരണ്ട് ദേ ഇപ്പ പറേണ് നസ്രാണികുട്ട്യോള് പള്ളീരെ സ്കൂളില് പഠിച്ചാ മതീന്ന്. കൊറേക്കെ കുഞ്ഞാടോള് കേക്കും. ഇതു പഷേ അച്ചന്മാര്‍ക്ക് ഇമ്പ്‌ടെ കയ്യീന്ന് തല്ല് കിട്ടൂംന്നാ തോന്നണേ... ഈ പോക്ക് പോയാ ഇവര് നാളെ നിങ്ങള് ചോന്ന കുപ്പായം ഇടാന്‍ പാടില്ലാ, മഞ്ഞകുപ്പയോം വെള്ളമുണ്ടും ഉട്‌ത്താമതീ, മോന്തേമെ കരിംകുരിശ് വരക്കണംന്നൊക്കെ പറയില്ലേ...ടോ ഈ വിശോസംന്ന്‌ള്ളത് അവനാന്റെ മനസമാധാനത്ത്‌ന്‌ള്ളതാ. അച്ചന്മാര്‍ക്കോ, മൊല്ലാക്കക്കോ ഇരുന്ന് നെരങ്ങാന്‍ള്ളതല്ലാന്ന് മന്‍സ്‌ലാക്ക്... കര്‍ത്താവ് പറഞ്ഞ്‌ട്ട്‌ണ്ട് "സാബത്ത് മന്‍ഷ്യന് വേണ്ട്യാ, മന്‍ഷ്യന്‍ സാബത്തിന് വേണ്ട്യല്ലാന്ന്". സാബത്ത്ന്ന് പറഞ്ഞാ നെയമംന്ന് അര്‍ത്ഥം. ഇമ്പ്‌ള് നസ്രാണ്യോള് ആരാന്ന് അച്ചന്മര്‍ക്ക് അറിയാത്തതൊന്നല്ലാ... 5 കാശുകിട്ടുമ്ന്ന് കണ്ടാ രാവും പകലും പീഠ്യേം തൊറന്നിരിക്കും, കിസ്മസ്സായലും ശരി, ദു:ഖവെള്ള്യായാലും ശരി.
നീയിപ്പ്‌ളും ആ ഗ്ലാസും വെച്ചിരിക്ക്യാ, ന്‌ക്ക് കുടുംബത്ത്യേക്കൊന്നും പോണ്ടേ... ഞാന്‍ പൂവാ, കാശ് നീയന്നെ കൊട്‌ത്തോ...
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:54 PM 5 മറുമൊഴികള്‍
പട്ടിക : കുറിപ്പുകള്‍