സ്വര്‍ണവും മദ്യവും എങ്ങിനെ കേരളത്തിന്റെ ശാപമായി മാറി എന്നത് ഒരു അന്വേഷകനെ വിട്ടുകൊടുത്താല്‍, നമ്മുക്ക് മുന്നില്‍ ബാക്കിയാവുന്നത് അതിന്റെ ക്രൂരതകളും ഇരകളും കണ്ടുംകൊണ്ടും ന്‍ല്‍ക്കുന്ന നമ്മുടെ കലമ്പലുകളുമാണ്. മോഹന്‍ലാലിന്റെ സ്വര്‍ണ പരസ്യത്തിനെതിരെ സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍ ഒരു കച്ചവടക്കാരന് അവകാശമുള്ള ചെയ്തികളിന്മേലുള്ള കടന്നുകയറ്റമായി നമ്മുടെ യുവത്ത്വവും സിനിമയെ നെഞ്ചേറ്റിയ സാധാരണക്കാരും മുറുമുറുത്തപ്പോള്‍, മദ്യത്തിനെതിരെ എല്ലാവര്‍ക്കും ഒരേ മൗനസമ്മാതമായിരുന്നു, കലമ്പലുകളില്ലാതെ. മദ്യമെന്ന ദുര്‍വ്യാധിക്കെതിരെ മനംനൊന്ത് എല്ലാവരും ഉരുകി. കാരണം എന്താ? കുടുംബങ്ങള്‍ തകരുന്നു, ജീവിതങ്ങള്‍ തകരുന്നു.
ഛാരായത്തിന്റെ പരസ്യത്തില്‍ സ്വര്‍ണപരസ്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയൊടെ മോഹന്‍ലാല്‍ തകര്‍ത്താടിയിരുന്നെങ്കില്‍, ഇതേ ജനം ലാലിനേയും പരസ്യത്തേയും തീക്കൊളുത്തുമായിരുന്നു... എന്താ സ്വര്‍ണം പാവനമാണോ? കേരളത്തില്‍ സ്വര്‍ണം സമാധാനത്തിന്റെയും ശാന്തിയുടെയും അമ്മരൂപമാണോ? കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലക്കണ്ണിയാണോ?
സ്വര്‍ണം പരിശുദ്ധിയുടെയും ഛാരായം അശുദ്ധിയുടെയും രൂപങ്ങളായതുകൊണ്ടാണോ നമ്മള്‍ ഇങ്ങനെ പെരുമാറുന്നത്? അല്ല എന്ന് പറയാന്‍ മനസ്സ് വെമ്പുന്നു.
ഇന്ന് കേരളത്തില്‍, സ്ത്രീക്ക് സ്വര്‍ണവും പുരുഷന് മദ്യവും ലഹരിയാണ്, അര്‍ബുദംപോലെ വളര്‍ന്ന് തലചോറ് കാര്‍ന്ന് തിന്നുന്ന ലഹരി. എല്ലാ പുരുഷനും സ്ത്രീക്കും ഇതു ബാധിക്കുന്നില്ല. ആര്‍ക്ക് എങ്ങിനെ ഇതു ബാധിക്കുന്നു എന്നത് കേരളത്തിന്റെ ഒരു പ്രശ്നമാണ്. മറ്റൊരു ദേശത്ത് മറ്റ് സാധനങ്ങളോ പ്രവര്‍ത്തിയോ ആയിരിക്കാം അവരുടെ അര്‍ബുദം. ഒരു പക്ഷേ അര്‍ബുദം ബാധിക്കാത്ത ഒരു ദേശവും ഉണ്ടായിരിക്കാം. വീണു ചതഞ്ഞ ഒരു പഴം കൊട്ടയിലുള്ള മറ്റ് പഴങ്ങളെ പുഴുക്കുത്തേല്‍പ്പിക്കുന്നതുപോലെ, ചീഞ്ഞഴുകിയ ഒരു സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ ഈ ലഹരി ഇന്നും നമ്മില്‍ പലരേയും ബാധിക്കുന്നു, നമ്മുടെ കേരളത്തില്‍.
ഇതില്‍ ഏതു ലഹരിയാണ് മാന്യമായത്? കുഴഞ്ഞാടി തെറിയും അക്രമവും ശര്‍ദ്ദിക്കുന്ന മദ്യലഹരിയോ, വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണചങ്ങലയില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചും സ്റ്റൗ പോട്ടിത്തെറിപ്പിച്ചും മച്ചിയാക്കിയും തെരുവിലെറിയുന്ന സ്വര്‍ണലഹരിയോ? നമ്മള്‍ തിരഞ്ഞെടുത്തു...സ്വര്‍ണലഹരി. നമ്മുക്കിന്ന് ഈ ലഹരി കണ്മണിയാണ്, അരുമയാണ്, പ്രമാണിത്തമാണ്. കാരണം...?
കാരണം, മദ്യലഹരി ലക്കില്ലാത്ത ആണ്‍കോയ്മയുടെ പരസ്യമായ തളര്‍ന്നുവീഴലാണ്, മറിച്ച് പെണ്ണിന്റെ രഹസ്യമായ പ്രതികാരത്തിന്റെ സ്വകാര്യതയാണ് സ്വര്‍ണലഹരി. അതുകൊണ്ട് പെണ്ണിനുമുമ്പില്‍ ആണാവാന്‍ ബലക്കുറവുള്ള പുരുഷന് ഇതിലും നല്ല ലഹരി വേറെയുണ്ടോ? അതുകൊണ്ടല്ലേ ഇന്നത്തെ 70% റ്റീവീ പരസ്യങ്ങളില്‍ സ്വര്‍ണലഹരി നുരഞ്ഞ്‌പൊന്തുന്നത്? സിനിമാനടന്മാര്‍ ആണത്തമില്ലാത്ത ചിരിയുമായി സ്വര്‍ണലഹരി വില്‍ക്കുന്നത്?
എന്തിനീ അരികുചേരല്‍? സ്വര്‍ണലഹരിപോലെ മദ്യലഹരിയും നിങ്ങള്‍ പരസ്യമാക്കണം, ആകര്‍ഷകമാക്കണം. എങ്കിലേ നമ്മള്‍ നമ്മളാകൂ, സത്യസന്ധരാകൂ. ചര്‍ച്ചകളില്‍, ഛാരായത്തിന്റെ നാറ്റം അസഹ്യമാണെങ്കില്‍, പൊന്നിന്റെ വിഷം എന്തുകൊണ്ട് ഭീഭത്സമായിക്കൂടാ? പുരുഷന്റെ ലഹരി മാന്യമാക്കാത്തവര്‍, എന്തിന് സ്ത്രീയുടെ ലഹരി മാന്യമാക്കുന്നു?
പരസ്യമായ തളര്‍ച്ചയേക്കാള്‍, രഹസ്യമായ ക്രൂരതയാണ് മാന്യമെന്ന നമ്മുടെ മനോരോഗം ഇനിയും നാം പേറണോ?
3/24/2010
സ്വര്‍ണവും മോഹന്‍ലാലും
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 11:42 AM
പട്ടിക : കുറിപ്പുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ