10/29/2010

മാസാദി വെള്ളി

നേരം വെളുത്തപ്പോൾ, അമ്മാമ്മ (അപ്പന്റെ അമ്മ) കൊരലുവിളിച്ച് തുടങ്ങി, “ടാ ഇന്ന് മാസാദി വെള്ള്യാ, കുമ്പസ്സാരിക്കാണ്ട് ഇങ്ങ്ട്ട് വന്നാ ചൂലുംകെട്ടാ പൊറത്ത്, ഏനിക്കറാ കെടന്നൊറങ്ങാണ്ട്”.

അഞ്ചിൽ പഠിക്കുന്ന മത്തായിക്ക് ഉറക്കം ധാരാളം മതിയായി. മുളംതൂണിൽ കെട്ടിത്തൂക്കിയ തകരപാത്രത്തിൽ നിന്ന് ഉമിക്കരിയെടുത്ത് പല്ലുതേക്കുമ്പോൾ നെഞ്ചിൽ ആധിയുടെ ഉമിത്തീ ആളിതുടങ്ങി. “ഇന്ന് എന്ത് നുണ്യാ പറയാ കരാത്ര അഛനോട്?”

“കരാത്ര” പള്ളീലെ വികാരിയഛൻ, വയസ്സൻ. മുൻകോപത്തിൽ ഒന്നാമൻ. പിള്ളേർക്ക് “ചെവിയാട്ടത്തിന്റെ” നിറകുടം. രണ്ട് ചെവിയും പിടിച്ച് തിരുമ്പി വട്ടത്തിലാടിച്ച് മണ്ടക്ക് നല്ല മുഴക്കമുള്ള മേട്ടംകൊടുത്തനുഗ്രഹിക്കുന്ന കരടി. സ്കൂളിന്റെയോ, പള്ളിയുടെയോ പരിസരത്ത് അഛനെ കണ്ടാൽ കുടലുവിറച്ച് ചൂളിപോകും ക്രിസ്ത്യാനി പിള്ളേര്‌.

നാലാം ക്ളാസ്സിൽ കുർബാന “കൈകൊണ്ട”തിൽ പിന്നെ “മനസ്സിൽകൊണ്ടു” നടക്കുന്ന ഭാണ്ഡകെട്ടാണ്‌ കുമ്പസാരം.

“നമ്മൾ പാപികളായാണ്‌ പിറക്കുന്നത്, ഈ പിറവിപാപത്തിൽ നിന്ന് നമ്മേ രക്ഷിക്കാൻ കർത്താവ് കുരിശിൽ കിടന്ന് മരിച്ച് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ്, ശിഷന്മാർ മുഖേനെ തന്ന കൂദാശയാണ്‌ കുമ്പസ്സാരം.” ഇങ്ങനെയൊരു ദുരിതം തരാനാണോ മൂപ്പര്‌ കഷ്ട്ടപ്പെട്ട് ഉയിർത്തതെന്ന് മത്തായി മനസ്സിൽ പറയും. “സ്വർഗ്ഗത്തിൽ എല്ലാവരും കൂടി സ്വർഗ്ഗീയവിരുന്നിൽ പങ്കെടുത്ത്” തിന്ന് കുടിക്കാൻ തരമാവുമല്ലോ എന്നൊരാശ്വസം മൂലം ഇതെല്ലാം സഹിക്കുന്നു മത്തായി.

മത്തായിയുടെ പ്രശ്നം കുമ്പസ്സാരമാണ്‌. കുമ്പസ്സാരിക്കുമ്പോൾ അഛനോട് തെറ്റുകൾ ഏറ്റുപറയണം. കുമ്പസ്സാരക്കൂടിന്റെ ഒരു വശത്ത് ആൺകുട്ടികൾ, മറുവശത്ത് പെൺകുട്ടികൾ. കുമ്പസ്സാരക്കൂട്ടിൽ കരടിയെപോലെ മുരളുന്ന കരാത്ത്രഛൻ, ചെറിയ ഓട്ടകളുള്ള ജനലിലൂടെ മത്തായി നുണകൾ ഒന്നൊന്നായി പറയുമ്പോൾ മൂക്കുപൊടിയുടെ ഗന്ധം വമിക്കുന്ന അഛന്റെ മൂളലുകൾ. അഞ്ചാറ്‌ തെറ്റുകളെങ്കിലും പറഞ്ഞില്ലെങ്കിൽ കരടി പുറത്ത് ചാടും, എല്ലാവരുടേയും മുന്നിൽ വച്ച് ചീത്തപറച്ചിലും ചെവിയാട്ടവും മതിയാവോളം കിട്ടും.

ക്ലാസ്സുകഴിഞ്ഞാൽ, ക്രിസ്ത്യാനി കുട്ട്യോള്‌ കുമ്പസ്സാരിക്കണം, മാസാദി വെള്ളിയാഴ്ച്ച. കർശനം. മത്തായി പതിവ്‌പോലെ കൂട്ടുകാരോട് കു​‍ൂടിയാലോചിച്ചു. എല്ലാവരും അവരവരുടെ തെറ്റുകൾ പങ്കുവച്ചു, അതിൽ തരക്കേടില്ലാത്ത രണ്ടുമൂന്ന്‌ തെറ്റുകൾ കിട്ടിയാൽ മത്തായിക്ക് സന്തോഷം. പിന്നെ രണ്ടുമൂന്ന് നുണകൾ മത്തായിക്ക് സ്വന്തം ഉണ്ടാക്കാൻ പറ്റും. എല്ലാംകൂടി അഞ്ചാറെണ്ണം തികച്ചാൽ കുമ്പസ്സാരം കഴിഞ്ഞ് തടികേടുകൂടാതെ രക്ഷ്പ്പെടാം.

മുമ്പൊരിക്കൽ കുമ്പസ്സാരിക്കുമ്പോൾ മത്തായി പറഞ്ഞു “അമ്മയോട് നുണപറഞ്ഞു, അനിയനെ തല്ലി, പഠിക്കാതെ സ്കൂളിൽ പോയി, കഴിഞ്ഞു”. തെറ്റുകൾ നിരത്തികഴിഞ്ഞാൽ പോലീസ്സുകാർ വാക്കിട്ടോക്കിയിൽ “ഓവർ” എന്നു പറയുന്നതുപോലെ “കഴിഞ്ഞു” എന്നു പറയണം. അപ്പോൾ കരടി മുരണ്ടു, “കഴിഞ്ഞോ, ഇനീം ആലോയിക്കടാ, പറയടാ”. അത് കേട്ടാൽ മത്തായിക്ക് വിറയൽ തുടങ്ങും, “എന്തു തെറ്റു ചെയ്തൂന്നാ പറയാ ദൈവമേ, വേദേശം പഠിച്ചില്ല...”. “അത് പഠിക്കാതെ സ്കൂളിൽപോയി എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞില്ലേ, വേറെ പറയടാ”.

ഈ പെടാപ്പാട് അറിഞ്ഞകാരണം തെറ്റുകളുടെ പട്ടിക മുന്നേ ചിന്തിച്ചു തുടങ്ങും. കുറൊച്ചൊക്കെ ഒപ്പിച്ചെടുത്തു. “പാൽപ്പൊടി കട്ടു”, “കുടുംബപ്രാർത്ഥനക്കിടക്ക് ഉറങ്ങി”,“ചേട്ടനായി തല്ലൂടി”, “അമ്മയെ സഹായിച്ചില്ല”. പക്ഷേ പട്ടികയിൽ ഇനിയും വേണം. കൂട്ടുകാരോട് അവരുടെ തെറ്റുകളുടെ പട്ടികയിൽനിന്നും തനിക്ക് വല്ലതും കിട്ടുമോ എന്നു നോക്കി. നല്ല തരക്കേടില്ലാത്ത “തെറ്റ്” ഒന്നും കിട്ടിയില്ല. രാവിലെ മുതൽ മത്തായി തെറ്റുകൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു. ഒരു തെറ്റുകൂടെ കിട്ടാൻ ആവുന്നത്രെ ആലോയിച്ചു. നാലരക്കുള്ള ബെല്ലടിച്ചു, ക്ലാസ്സു കഴിഞ്ഞു. പള്ളിയിലേക്ക് പോയി. കുട്ടികളെല്ലാവരും അഛൻ വരുന്നതു വരെ കളിക്കും. പക്ഷേ മത്തായിക്ക് ഒരു തെറ്റ് കൂടി കിട്ടണം, പട്ടിക തികയ്ക്കാൻ.

അത്ര നല്ല രസത്തിലല്ലാത്ത ക്ലാസിലെ ഒരുത്തനെ, കളിക്കിടയിൽ പോയി തെറിപറഞ്ഞു. അവൻ ഈ പെട്ടെന്നുള്ള തെറിവിളിയെ കാര്യമാക്കി. കൈരണ്ടും അരയിൽകുത്തി കാലുവിരിച്ച് “ദൈര്യണ്ടെങ്കി മൂക്ക് തൊടറാ” എന്നായി. മത്തായി കുരിശ്ശുചുമക്കാൻ തീരുമാനിച്ചു, മൂക്ക് തൊട്ടു, ട്ടപാ ട്ടപാന്ന് അടിപൊട്ടി, എല്ലൻ മത്തായി നിലത്തു വീണു. പിടെഞ്ഞെഴുന്നേറ്റു. തല്ലു കഴിഞ്ഞു. അപ്പോഴേക്കും കരാത്ത്രഛൻ കുമ്പസ്സാരിപ്പിക്കാൻ പള്ളിയിലെത്തി.

മത്തായിക്ക് സമാധാനായി. തികഞ്ഞ ശാന്തതയോടെ അവൻ കുമ്പസ്സാരകൂടിന്റെ ആണ്‌കുട്ടികളുടെ വരിയിൽ നിന്നു. അടിയുടെ വേദനയുണ്ടെങ്കിലും, പറയാൻ ഒരു തെറ്റുകൂടെ കിട്ടിയതിന്റെ സന്തോഷം അവന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.

1 അഭിപ്രായം:

മിഴിയോരം പറഞ്ഞു...

ചുമ്മാതല്ല ചേട്ടന്‍ "ആന ചെവിയന്‍" ആയതു

ജാലകം