1/02/2008

മത്തായിയും കണക്കും പിന്നെ വത്സലയും

അങ്ങനെ എല്ലാവരേയുംപോലെ മത്തായി സ്കൂളില്‍ ചേര്‍ന്നു. അപ്പന്റേയൊ അമ്മയുടേയൊ കൈയില്‍നിന്ന് അല്‍പ്പംപോലും ധൈര്യം ചൂരിനുപോലും അവന്‌ കിട്ടിയില്ല, കാരണം അപ്പന്‍ പുറത്ത്‌ ജോലിയില്‍, അമ്മ അമ്മായിയമ്മയുടെ കൈയിലെ മൂക്കില്‍പൊടി, മിണ്ടിയാല്‍ വലിച്ച്‌ തുമ്മിതെറിപ്പിച്ചു കളയും. തറപറ പഠിച്ചു, ഒന്നേരണ്ടേ പഠിച്ചു, രണ്ടാംക്ലാസില്‍ വച്ച്‌ ചൂരല്‌ പിടിച്ച്‌ കണക്ക്‌ പഠിപ്പിക്കുന്ന "സിസ്റ്റിന്റെ" കൈയില്‍ നിന്ന് കണക്കിനോടുള്ള പേടിയും കിട്ടി. മൂന്നാംക്ലാസില്‍ മത്തായിയും വത്സലയും കണക്ക്‌ ക്ലാസിന്റെ രോമാഞ്ചമായി. അത്‌ ഇങ്ങനെ.

മൂന്നാംക്ലാസിലെ "സിസ്റ്റ്‌" ഫ്രാന്‍സീസിന്‌ മത്തായിയുടെ ഉണ്ടക്കണ്ണിലെ കണക്കിനോടുള്ള പേടിയോട്‌ ഒരുതരം വല്ലാത്ത ഹരമാണ്‌. അവരുടെ കൈയിലെ ചൂരലിന്‌ ആറാടന്‍ പാകത്തില്‍ കാലിയായി കിടക്കുകയാണ്‌ മത്തയിയുടെ മണ്ടയിലെ കണക്കിനുള്ള കളം. ആദ്യത്തെ രണ്ട്‌ പീരിയഡ്‌ കഴിഞ്ഞാല്‍ 10 മിനിറ്റിന്റെ വിശ്രമം. അത്‌ കഴിഞ്ഞാല്‍ കണക്ക്‌ ക്ലാസ്‌ തുടങ്ങുകയായി. "സിസ്റ്റ്‌" ക്ലാസില്‍ എത്തുന്നതോടെ പതിവുള്ള കാഴ്ചക്ക്‌ അമര്‍ത്തിപിടിച്ച ചുണ്ടുകളോടെ കുട്ടികള്‍ കാത്തിരിക്കുന്നു. "മത്തായീ", സിസ്റ്റിന്റെ ചുണ്ട്‌ പിളര്‍ന്ന് വരുന്ന ആദ്യത്തെ ആ ശബ്ദം വെട്ടിമുറിക്കപെടാന്‍ പോകുന്ന രോഗിയുടെ മൂക്കില്‍ വയ്ക്കുന്ന കുളിരുള്ള ക്ലോറോഫോമിന്റെ പഞ്ഞിയാണവന്‌. പെട്ട്രൊമേക്സിന്റെ വെളിച്ചം കണ്ട തവളയുടെ ഗതിയാണവന്‌ പിന്നീട്‌. മുന്നില്‍ കറുത്ത തട്ടമിട്ട്‌ ആരാച്ചാരുടെ മൗനം നിറച്ച മുഖവുമായി "സിസ്റ്റ്‌" ഫ്രാന്‍സീസ്‌. അതിന്‌ പിന്നില്‍ തൂക്കുമരംപോലെ തൂങ്ങിനില്‍ക്കുന്ന കറുത്ത വലിയ എഴുത്ത്‌ പലക (the so called Blackboard). എഴുത്ത്‌ പലകയുടെ വിരിഞ്ഞ മാറില്‍ തന്റെ തലയറുക്കാന്‍ "സിസ്റ്റ്‌" കരുതിവച്ച തിളങ്ങുന്ന കഠാര ഇങ്ങനെ കാണാം

34 x
7
-----

പതിവുപോലെ, ചൂരലിന്റെ തുമ്പിലൂടെ വരുന്ന കല്‍പ്പനയനുസരിച്ച്‌ മേശയില്‍നിന്ന് ചോക്കെടെത്ത്‌ മത്തായി തൂക്കുമരത്തിലേക്ക്‌ നീങ്ങുന്നു. ഏതൊ വൃത്തിക്കെട്ട അക്കങ്ങളുടെ ഈ ഗുണിതകോപ്രായം എന്ന് തീരും എന്ന ആധിയോടെ അവന്റെ പിഞ്ചുകൈകള്‍ എഴുത്ത്‌പലകയുടെ തണുത്ത ഭീകരത അറിയുന്നു, ഒരു പാമ്പിനെ തൊട്ടപോലെ. നാലിനെ ഏഴ്‌ ഗുണിച്ചെറിഞ്ഞാല്‍ ഏത്‌ കുരുത്തംകെട്ട സന്തതി പുറത്തുവരും എന്നതിനെപറ്റി ഒരു ഗന്ധംപോലുമില്ലാത്ത അവന്റെ ചെവിയില്‍ "ങ്‌ഹും" എന്ന "സിസ്റ്റിന്റെ" കനത്ത ശബ്ദം. വിറക്കുന്ന വിരലുകള്‍ക്ക്‌ പിന്നില്‍ അവനറിയാം അവന്‍ ഒരു മാലപടക്കത്തിന്‌ തിരികൊടുക്കുകയാണെന്ന്. വിറക്കുന്ന വിരലുകളും, ഇറുകിചിമ്മിയ കണ്ണുകളും അവസാനം പെറ്റിട്ടു ആര്‍ക്കും വേണ്ടാത്ത ഒരു അക്കം, 5. ആദ്യം വെട്ടി ഒരു വെള്ളിടി, മനസ്സില്‍. പിന്നാലെ വന്നു പുറംതുടയില്‍ പൊള്ളുന്ന ഒരു കീറല്‍, അതിനും പിന്നാലെ വന്നു കൂടെപഠിക്കുന്നവരുടെ കൂട്ടച്ചിരി, അതിനും പിന്നാലെ തന്റെതന്നെ ഇടംകൈ അറിയാതെ ആ കീറലിന്‌ ഒന്നു തലോടി, ഈ മര്‍ദ്ദനം തീര്‍ന്നില്ലെന്നറിയിക്കാന്‍. കണ്ണുനീര്‍ വന്നിട്ടില്ല. വരാറായിട്ടില്ല.

ചൂട്‌മാറാത്ത ആ 5നെ തുടച്ച്‌മാറ്റി അടുത്ത ഏതു അക്കമാണെഴുതേണ്ടതെന്ന് ഒരു വിധ്വാനെപോലെ അവന്‍ ചിന്തിച്ചു. വീണ്ടും വിറക്കുന്ന വിരലുകളും ഇറുകിച്ചിമ്മിയ കണ്ണുകളും പെറ്റിട്ടു...8. വെള്ളിടി പാഞ്ഞു മനസില്‍, ആദ്യം. പക്ഷേ പൊള്ളുന്ന കീറല്‍ വീണില്ല ഇളംതുടയില്‍. മനസ്സ്‌ ഒരു നെടുവീര്‍പ്പിട്ടു ആഘോഷിച്ചു ഈ വിജയം. "ങ്‌ഹും" എന്ന അടുത്ത കനത്ത ശബ്ദം കേട്ട മനസ്സ്‌ മത്തായിക്ക്‌ കൊടുത്തത്‌ വീണ്ടും ആര്‍ക്കും വേണ്ടാത്ത അക്കം 4. മാലപടക്കം പൊട്ടി. കണ്ണ്‍ നിറഞ്ഞു. തുടച്ചുമാറ്റി 4നെ. 6 എഴുതിനോക്കിയപ്പൊള്‍ വീണ്ടും മാലപടക്കം. കണ്ണു തുളുമ്പി. കൂടെപഠിച്ചവരുടെ ചിരി കുറഞ്ഞു. ഇനി മത്തായിക്കുവേണ്ടി കളയാന്‍ സമയമില്ലാത്തതിനാല്‍, "സിസ്റ്റ്‌" മൂന്ന് കീറലുകളുംകൂടി ചാര്‍ത്തി മുറുക്കിചുവപ്പിച്ചു അവന്റെ തുടയെ. ഏങ്ങികരച്ചിലോടെ കണ്ണീര്‍ മുഖത്തും കൈതണ്ടയിലും നനച്ച്‌ മത്തായി അന്നത്തെ കുരിശുമരണം അവസാനിപ്പിച്ച്‌ ബഞ്ചിലേക്ക്‌ മടങ്ങുമ്പോള്‍ "വത്സലാ.." എന്ന നീണ്ട വിളി. അവളുടെ തലയിലും കണക്കിനുള്ള കളം എന്നും ഉണങ്ങികരിഞ്ഞതായിരുന്നു. അവളുടേയും കുരിശുമരണം കരച്ചിലിലോടെ തീരുമ്പോള്‍, "സിസ്റ്റ്‌" ഫ്രാന്‍സീസ്‌ പുതിയ പാഠം തുടങ്ങുന്നു, അടുത്ത ദിവസത്തേക്കുള്ള മത്തായിയുടെ കുരിശ്‌.

പിന്നെയുള്ള ഏഴുകൊല്ലങ്ങളില്‍ കണക്കിനെക്കുറിച്ച്‌ മത്തായിക്ക്‌ ആധിയുണ്ടായിരുന്നില്ല്ല. കാരണം ആധിപ്പെടാന്‍ ഒന്നും ബാക്കിയില്ലായിരുന്നു, കണക്കില്‍. എല്ലാ കണക്ക്‌ പരീക്ഷകള്‍ക്കും മൂന്നില്‍ കുറഞ്ഞ മാര്‍ക്കും, അനാഥാലയത്തില്‍ നിന്ന് വന്നിരുന്ന വത്സല എന്ന പെണ്‍കുട്ടിയും ആഴങ്ങളില്‍ മൂടപെട്ട വെറുംകല്ലുകളാണ്‌.

4 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

പാവം മത്തായി.

പറഞ്ഞു കൊടുത്തു മനസ്സിലാക്കാന്‍- കഴിവില്ലാതെ വെറുതേ അവരെ തല്ലിയിട്ടെന്തു കാര്യം!

R. പറഞ്ഞു...

ഒരുപാടു മത്തായിമാരുടെ ദൈന‍്യമുഖങ്ങള്‍ ഓര്‍മ്മ വരുന്നു മാഷേ. അടുത്തത് ഇനി ഏത് അക്കം എഴുതണമെന്നു ഭീതിയോടെ ശങ്കിച്ചു നില്‍ക്കുന്നവര്‍.

അതു വരികളിലൂടെ വരച്ചിട്ടിട്ടുണ്ട്, വളരെ ഭംഗിയായി.

Kaithamullu പറഞ്ഞു...

വെളിച്ചപ്പാട് എന്ന ബോര്‍ഡ് കണ്ട് വന്നപ്പോള്‍ കേറീത് ചായപ്പീടികയില്‍. ബെഞ്ചിലിരുന്ന് ചായ ഓര്‍ഡര്‍ ചെയ്യാന്‍ നോക്കീപ്പഴോ: മുന്‍പില്‍ ‘സിസ്റ്റ്’ വടിയുമായി....

-‍ മത്തായിയാകാന്‍ നില്‍ക്കാതെ വത്സലേം കുട്ടി ഇതാ ഞാന്‍ ഓടുന്നു.

Sethunath UN പറഞ്ഞു...

ന‌ന്നായിട്ടുണ്ട് എഴുത്ത് വെളിച്ചപ്പാടെ. കഥ പറയാനറിയാം... വെളിച്ചപ്പാടിന്റെ സ്വന്തം ഭാഷയില്‍.
പോരട്ടെ അടുത്തത്.

ജാലകം