11/15/2010

പുറമ്പോക്കിലിറങ്ങിയ മത്തായി

നാട്ടിലെ പട്ടിണിയിൽ നിന്ന് ഓടാൻ അന്നൊക്കെ ബോംബെ ആയിരുന്നു എല്ലാവർക്കും തുണ. കോഴിക്കോട് കലാശാല എറിഞ്ഞുകൊടുത്ത കളരികുറിപ്പ് (B.Sc-Physics) ഒരു തുണക്കായി കയ്യിലെടുത്ത് മത്തായി ആദ്യമായി കാൽസ്സറായിയിൽ തീവണ്ടി കയറി. ഒന്നര ദിവസം കഴിഞ്ഞ് വണ്ടിയിറങ്ങുമ്പോൾ അമ്മവഴിയിലെ ഒരു ചേട്ടൻ കയ്യോടെ പൊക്കിയെടുത്ത് മൂപ്പരുടെ വീട്ടിൽ കൊണ്ടുവന്നിറക്കി.

സ്വപ്നങ്ങളിൽപോലും പേടിപെടുത്തുന്ന ഹിന്ദിയും ഇംഗ്ളീഷും ബോംബെയിൽ മത്തായിക്കു മുന്നിൽ എന്നും ഒരു വഴിമുടക്കിയായി തെറിവിളിച്ചു. മത്തായിയുടെ തല കുനിയൽ അങ്ങിനെയാണ്‌ തുടങ്ങിയത്. വായതുറന്നൊട്ടഹസ്സിക്കാൻ, നാട്ടിലെപോലെ, ഇവിടെ പറ്റില്ല എന്നറിവ്, പച്ചിലക്കൂട്ടങ്ങളിലൂടെ മിന്നിതിളങ്ങി വരുന്ന പൊൻവെളിച്ചം കണ്ട് ഉമിക്കരിക്കൊണ്ട് പല്ലുതേയ്ക്കാൻ പറ്റില്ലെന്നറിവ്, വിശാലമായ മതിലുകളില്ലാത്ത പറമ്പുകളിൽ വീടുകളുടെ അതിർത്തികളറിയാതെ കയറുപൊട്ടിച്ച് പാഞ്ഞ്നടക്കൽ പറ്റില്ലെന്നറിവ്, കുളങ്ങളും പാടങ്ങളും മഴയിലും വെയ്യില്ലത്തും സ്വന്തമാക്കാൻ പറ്റില്ലെന്നറിവ്... തല കുനിക്കാനും, താനാരെന്ന് തിരയാനും, ഈ ഉലകം എന്തെന്നറിയാനും അന്നുതൊട്ട് മത്തായി തുടങ്ങി. എന്തും തന്റെ വരുതിലാണെന്ന തോന്നൽ, ആ തണ്ട്, എല്ലാം നാട് വിട്ടതോടെ വെള്ളം വീഴുമ്പോൾ കെട്ടണയുന്ന ചകിരികനലിന്റെ നീറ്റലോടെ കെട്ടടങ്ങി; താനൊറ്റയാണെന്ന പേടി കൂട്ടിനുണ്ടായത് മാത്രം ഒരാശ്വാസം. മീശ അപ്പോൾ കനം വയ്ക്കാനും തുടങ്ങിയിരുന്നു.

തത്ക്കാലം, ഹിന്ദി,ഇംഗ്ലീഷാദി കളരിയിൽ കാലുറക്കുംവരെ ഏത് പണിയെടുക്കാനും തയ്യാറാവണം എന്ന് ചേട്ടൻ; തയ്യാറായി മത്തായി. ബഹളത്തിൽ പായുന്ന ആളുകളും വണ്ടികളും വണ്ടക്കൻ കെട്ടിടങ്ങളും മത്തായിയുടെ ഉണ്ടക്കണ്ണുകളെ കൊത്തിവലിച്ചു. ചേട്ടന്റെ പലതരം താക്കീതുകൾ തലക്ക് മുകളിൽ പാഞ്ഞു. അവസ്സാനം പഴംകഥകൾ കാണിച്ചു തന്നപോലത്തെ ഒരു രാജകൊട്ടാരത്തിന്റെ മുന്നിലേക്ക്..."Ramada Inn - Palm Groove", ജുഹു കടൽക്കരയിൽ കറ്റേറ്റുകൊണ്ട് വിരിഞ്ഞു വിശാലയായി നിൽക്കുന്ന ഒരു മദാലസ സുന്ദരി. അവൾ പഞ്ചനക്ഷത്ര! വിരുന്നുകാരെ വിളിച്ചുകയറ്റി ഊട്ടിയുറക്കുന്നവൾ. മത്തായി ആഞ്ഞുവലിച്ചു പ്രാണവായു. ഇവളുടെ ഈ മുറ്റമടിക്കാൻ കിട്ടിയാൽപോലും അതു അറുതിയില്ലാത്ത ദൈവകൃപ. അതുവരെ കാണാത്ത വലിയ കാറുകൾ മയങ്ങിയുറങ്ങുന്ന അവളുടെ മാറിലൂടെ ചേട്ടന്റെ കൂടെ മുന്മുറിയിലേക്ക് കടന്നപ്പോൾ, ഭംഗിയോടെ തുണിയുടുത്ത് തൊപ്പി വെച്ച ആളുകൾ, ഇംഗ്ലീഷിന്റെ മുറുമുറുക്കലുകൾ, വായുവിൽ വാരിപുണർന്ന് നിൽക്കുന്ന ഇളംതണുപ്പുള്ള ചന്ദനമണം. ഹാ.. അടക്കിപിടിച്ച വായു മത്തായി മെല്ലെ ഒച്ചയുണ്ടാക്കാതെ മൂക്കിലൂടെ ഒഴുക്കിവിട്ടു. നാട്ടിലെ മഴ ചോരുന്ന കുടിലും ചാണകതറയും ഒരു നൊടിയിട മത്തായിയെ നോക്കി കണ്ണിറുക്കി; തനിക്കു കൈവന്ന ഈ സൗഭാഗ്യത്തിൽ അസൂയപൂണ്ട്.

ചേട്ടൻ ആരോടോ ഹിന്ദിച്ചു, ഞങ്ങൾ കുറച്ചുനേരം ആഴ്ന്നുപോകുന്ന ഇരിപ്പിടത്തിലമർന്നു. ഒരു മാന്യൻ വന്നു, കൈകൊടുത്തു, ഞങ്ങളെ അകത്തേക്ക് വിളിച്ചു. “ഞാൻ ഇവിടത്തെ ആൾകാര്യസ്ഥൻ, നാട്ടിൽ എന്തു വിശേഷം? ഇതാണല്ലേ നമ്മുടെ ആള്‌, എന്താ പേര്‌? സ്ദ്ഫ്ജസ്..ദ്സ്ഫ്സജ്...തൊവ്യ്‌വ്യൂർജ്വ്ഫൊദ്സ്ദ്” അവസാനം പറഞ്ഞത്‌ ഇംഗ്ളീഷിലായതുകൊണ്ട് മത്തായിക്ക് മനസ്സിലാക്കേണ്ടി വന്നില്ല; കൺപോളകൾ മരം കോച്ചുന്ന തണുപ്പത്തെന്നപോലെ ഇടറിവിറച്ച് അന്തംവിട്ടുനിന്നു. വീണ്ടും ആൾകാര്യസ്ഥൻ തുടർന്നു. “മംഗളോം മനോരമേം വായിച്ച് നടന്നിട്ടുണ്ടാവുംല്ലേ, എന്താ ഒന്നും ഇംഗ്ളീഷിൽ പറയാത്തത്, മത്തായി? തന്നെ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ലല്ലോ?” വീണ്ടും തല കുനിഞ്ഞു. സുകുമാർ അഴീകോടിന്റെ തത്ത്വമസി, എസ്. രാധാകൃഷ്ണന്റെ ഭാരതീയ ദർശനം, ഉലകത്തിലെ എഴുത്തുനരികളെക്കുറിച്ചുള്ള അറിവ് ഇതെല്ലാം പേറിനടക്കുന്ന ഒരു പെരുത്ത ജന്തുവാണെന്ന് താനെന്ന് ആൾകാര്യസ്ഥന്‌ അറിയില്ലലോ എന്ന വേദന ഇംഗ്ളീഷിന്റെ കാൽചുവട്ടിൽ കിടന്ന്‌ പിടഞ്ഞു.

“ഒരു കാര്യം ചെയ്യൂ, ഭാഷ പഠിക്കുന്നതുവരെ വെയ്റ്ററായിട്ട് ഒന്നുരണ്ട് മാസം നിൽക്കൂ, അതുകഴിഞ്ഞ് നമ്മുക്ക് നോക്കാം, വിഷമം തോന്നല്ലേ, പ്ലീസ്. അടുത്ത ആഴ്ച ജോയിൻ ചെയ്യാം, കറുത്ത ഷൂസിട്ട് വരണം”. ആയിരം താമരകൾ ഒന്നിച്ചു വിരിയുന്നതുപോലെ മത്തായിയുടെ ഉള്ളു ചിരിച്ചു, “എത്ര കത്തുകൾ നട്ടിലേക്കെഴുതിയാലാ ഈ വിസ്മയങ്ങൾ വിവരിച്ച് തീരാ”. പലതും മനസ്സ് വരച്ചുവച്ചു.

അടുത്ത ആഴ്ച വന്നു. കുളിച്ചൊരുങ്ങി മത്തായി ഒറ്റക്ക് ആൾകാര്യസ്ഥന്റെ മുന്നിലെത്തി. തെളിയാത്ത മുഖം മൂപ്പർക്ക്, അതുകണ്ട് മത്തായിയുടെ മനസ്സ് കനത്തിടിഞ്ഞു. “സോറി, മത്തായി...ഹ്‌ംം.. കുവൈറ്റ് യുദ്ധം കാരണം, കച്ചോടം ഒന്നും ഇല്ല.. എന്താ ചെയ്യാ...എന്തായാലും അടുത്ത ആഴ്ച നമ്മുക്ക് ശരിയാക്കാം, കേട്ടോ”. ആവുന്നത്ര സമാധാനിപ്പിച്ച് അയാൾ ആ കൂറ്റൻ കൊട്ടാരത്തിന്റെ മുറികളൊന്നിലേക്ക് മറഞ്ഞു.

ഏതോ നാട്ടിൽ കിടക്കുന്ന സദ്ദാം ഹുസൈൻ ഇത്തിരിപോന്ന കുവൈത്തിനെ പിടിച്ചതിന്‌ മത്തായിയുടെ അന്നംമുടങ്ങുന്നതിന്റെ കാര്യം പാവം മത്തായിക്ക് മനസ്സിലായില്ല. പഞ്ചനക്ഷത്രങ്ങളിൽ നടക്കുന്ന കച്ചവട ചേരലുകൾ, കടലുകൾക്കപ്പുറത്തും ഇപ്പുറത്തും നടക്കുന്ന തീരുമാനങ്ങൾ, അടവുകൾ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ.. ഇതൊന്നും പശുവിനെ കറന്നും കൈകോട്ട് കിളച്ചും നടന്ന മത്തായിക്കറിയില്ലലോ, ഡിഗ്രീ പഠിച്ചെങ്കിലും. ഒരു വലിയ ഹോട്ടലിൽ പാത്രം കഴുകുന്നതിൽ പോലും കൈകടത്തുന്ന സദ്ദാം ഹുസൈനെ മത്തായി മാപ്പ് കൊടുത്ത് അലറിപരക്കുന്ന തിരക്കിൽ അലിഞ്ഞ് ചേരുമ്പോൾ കുനിഞ്ഞ തലയിൽ നിറങ്ങളെല്ലാം കറുപ്പും വെളുപ്പുമായി മാറുന്നുണ്ടായിരുന്നു.

അടുത്ത ആഴ്ച വീണ്ടും വന്നു. കറുത്ത ഷൂസിട്ട് മത്തായി. ആൾകാര്യസ്ഥൻ, മത്തായിയെ കൂട്ടികൊണ്ടുപോയി, പല വരാന്തകളിലൂടെ, പല വാതിലുകളുടെ മുന്നിലൂടെ, പല കോണികളിലൂടെ... അവസാനം ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് മത്തായിയെ ആൾകാര്യസ്ഥൻ ഏൽപ്പിച്ചു. വിശാലമായ ഒരു മുറിയിൽ വലിയ വട്ടകുടുക്കുകളുള്ള ചുകന്ന മുഴുക്കയ്യൻ കോട്ടിട്ട കുറച്ചു ചെറുപ്പക്കാർക്ക് കറുത്ത കോട്ടിട്ട ഒരുവൻ ഏതോ വരാനിരിക്കുന്ന യുദ്ധത്തെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിക്കുകയാണോ എന്നു തോന്നി മത്തായിക്ക്.

“കാലങ്ങൾക്ക് ശേഷം നമ്മുക്ക് കിട്ടുന്ന ഒരു പരിപാടിയാണ്‌, എല്ലാവരും നന്നായി ഇംഗ്ലീഷിൽ സംസാരിക്കണം, ചുറുചുറുക്കോടെ, ചിരിച്ചുകൊണ്ടു പണി ചെയ്യണം...” അയാൾ പറഞ്ഞതിന്റെ ഏകദേശം രൂപം മത്തായിക്ക് മനസിലായി. റോഡ് കാണാത്ത ആടിനെ പണ്ട് “ചവിട്ടിക്കാൻ” മത്തായി കൊണ്ടുപോയതിന്റെ ഓർമ. ഏത് പാടത്തും പറമ്പിലും അനുസരണയോടെ തന്റെകൂടെ വന്നിരുന്ന ആട്, റോഡിൽ കാലുകുത്തിയതും പാറപോലെ ഉറച്ചുപോയി. ഇന്ന് ആ ആടായോ താൻ? ആരോ തന്റെ കഴുത്തിലെ കയറിൽ ആഞ്ഞുവലിക്കുന്നു. ആടിനേപോലെ ഉറച്ചു നിൽക്കാൻ പറ്റിയില്ല; വലിക്കുന്നത് മത്തായിയല്ലലോ!

കറുത്ത കോട്ടിട്ടവൻ, സ്റ്റിവൊഡ് (Steward), അവനു മുകളിൽ കേപ്റ്റൻ (Captain). വിരുന്നു സൽക്കാരം ഭംഗിയാക്കാൻ വെയ്റ്റർമാരായ മത്തായിയേയും കൂട്ടത്തെയും മേയ്ക്കുന്നവർ, Ramada Inn എന്ന വിരുന്നുസൽക്കാരപ്രിയയുടെ ഞെരമ്പുകളിലെവിടെയോ തുടിക്കുന്ന ചോരയിൽ അവർ അലിഞ്ഞുചേർന്നു.

മേലങ്കിയണിഞ്ഞ മത്തായിയോട് കൂട്ടങ്ങൾ ഓരോന്ന് പറഞ്ഞുകൊടുത്തു: ചിരിയ്ക്കാൻ, എങ്ങനെ പാത്രങ്ങൾ പിടിക്കണം, thank you എങ്ങനെ എപ്പോൾ പറയണം എന്നൊക്കെ. നിറഞ്ഞ വിരുന്നുമുറിയിൽ ചടങ്ങ് തുടങ്ങി. "go fast, quick, come here..." ശല്ല്യപെടുത്തുന്ന വാക്കുകളുടെ മുരൾച്ച, അലർച്ച. പേടിച്ചും വിറച്ചും വെള്ളം നിറച്ച ഗ്ലാസുകൾ നിരന്ന വലിയ തട്ടുകൾ താങ്ങി വിരുന്നുകാരുടെ മുന്നിലൂടെ വിളറിചിരിച്ച് മത്തായി... തലകുനിച്ച് അവശിഷ്ട്ടങ്ങൾ ഏറ്റുവാങ്ങി, വിയർത്ത്, കാലിടറി... കഴുകകണ്ണുകളോടെ കൂട്ടങ്ങളുടെ ചെയ്തികൾ വിലയിരുത്തുന്ന, നിർദ്ദേശിക്കുന്ന സ്റ്റിവൊഡും കേപ്റ്റനും...

എല്ലാം കഴിഞ്ഞപ്പോൾ കൂട്ടങ്ങൾ അവരുടെ കൂട്ടിൽ കയറി. വിലയേറിയ തീറ്റിസാധനങ്ങളിൽ ബാക്കി വന്നവ തിരഞ്ഞെടുത്ത്, ബാക്കി വന്ന പല തരത്തിലുള്ള ഛാരായങ്ങളുടെ രുചിയറിഞ്ഞ് ചടങ്ങുവേഷം അഴിച്ചുവച്ച് അവർ പുറത്തു വന്നു. മുക്കിയും മൂളിയും പുഞ്ചിരികൊണ്ട് മറുപടി പറഞ്ഞും മത്തായി 25 രൂപ കൂലിവേടിച്ച് 8 മണിക്കൂറുകൾ തീർത്ത് പുറത്തു കടന്നു. ഉൾവലിഞ്ഞ് മത്തായി വിടർന്ന കണ്ണോടെ നോക്കി. ഒന്നും കാണാനില്ല. കിനാവുകൾ, വിഷമങ്ങൾ, ചിരികൾ, നാട്ടുകാർ, മഴ, വെയിൽ... ഒന്നും ഇല്ല. തന്റെ കൂടെ പണിയെടുത്ത വെയിറ്റർമാരുടെ മുഴങ്ങി മുരളുന്ന ഇംഗ്ലീഷ് വാക്കുകൾ തലക്കുചുറ്റും. അവരൊക്കെ എന്തു പഠിച്ചു, എവിടെ പഠിച്ചു, എന്തു കടുത്ത തകർപ്പൻ ഇംഗ്ലീഷ്, ദൈവമേ!

അടുത്ത ദിവസം വീണ്ടും മത്തായി ഉടുത്തൊരുങ്ങി Ramada Inn ലേക്ക് കടന്നു കയറി. ചടങ്ങുകൾ തുടങ്ങുന്നതിനുമുമ്പ് കൂട്ടുപണിക്കാരോട് മെല്ലെ അവരുടെ കളരിമുറകളെപറ്റി ചോദിച്ചു. പല മറുപടികൾ, "8th failed, SSLC failed, 9th failed..." ഭാഗ്യത്തിന്‌ ആരും മത്തായിയോട് അവന്റെ കളരിപയറ്റിനെപറ്റി ചോദിച്ചില്ല. തൊണ്ടതുറന്ന് ഒരു വാക്കെങ്കിലും ഇംഗ്ലീഷിലലറാൻ മത്തായി കൊതിച്ചു. പക്ഷേ കുനിഞ്ഞ തലക്കും നെഞ്ചിൻകൂടിനുമിടയിൽ ഇംഗ്ലീഷിന്റെ ഏങ്ങലടികൾ ചത്തുവീഴുന്നത് മാത്രം മത്തായി കേട്ടു; മുന്നോട്ട് നടക്കാൻ പല വഴികളും കണ്ടു.

5 അഭിപ്രായങ്ങൾ:

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹഹാ കലക്കി
മത്തായി സുവിശേഷം

Unknown പറഞ്ഞു...

പാവം മത്തായി. 'Speak like an American' എന്നൊരു ഇ-ബുക്ക് ഉണ്ട്. അതിന്റെ ഒരു കോപ്പി മത്തായിക്ക് അയച്ചു കൊടുക്കട്ടെ?

മിഴിയോരം പറഞ്ഞു...

ഭാഷ ആയാലും ജീവിതം ആയാലും , അനുഭവങ്ങള്‍ തന്നെ ആണ് യാദര്ഥ ഗുരു !!!
അവിടെ പഠിച്ചവന്‍ എവിടെയും "പിഴയ്ക്കും" :)
അഭിനന്ദനങ്ങള്‍ , എഴുത്ത് തുടരട്ടെ ............

ശ്രീ പറഞ്ഞു...

പാവം മത്തായി!

...sijEEsh... പറഞ്ഞു...

പക്ഷേ കുനിഞ്ഞ തലക്കും നെഞ്ചിൻകൂടിനുമിടയിൽ ഇംഗ്ലീഷിന്റെ ഏങ്ങലടികൾ ചത്തുവീഴുന്നത് മാത്രം മത്തായി കേട്ടു; മുന്നോട്ട് നടക്കാൻ പല വഴികളും കണ്ടു.

ആ വഴികള്‍ അടുത്ത ബ്ലോഗില്‍ എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.


ആശംസകള്‍.. അഭിവാദ്യങ്ങള്‍..

ജാലകം