12/01/2010

പുതിയ പേടികൾ

കൂട്ടുകാരനെ കാണുമ്പോൾ, കൂട്ടത്തിൽ, നിന്റെ “പെണ്ണിനെ” സുഖമാണോ എന്നു ചോദിക്കാൻ പേടി.
വൈഫെന്നോ, ചുരുങ്ങിയ പക്ഷം, ഭാര്യയെന്നോ ചോദിച്ചില്ലെങ്കിൽ ഇടിഞ്ഞുവീഴുന്ന അവന്റെ
മാനത്തിനെ പേടി.

റിക്ഷയിൽ പോകുമ്പോൾ “ഇടത്തേക്ക്” തിരിക്കൂ എന്നുപറയാൻ പേടി.
വണ്ടി “റൈറ്റിലേക്ക്” പോയെങ്കിലോ.

ആരുമില്ലാത്ത നാട്ടുവഴിയിൽ പച്ചപുല്ലിനു് ഒന്നു മുള്ളികൊടുക്കാൻ പേടി.
ഒരുർപ്യയ്ക്കു നാറ്റം സഹിക്കുന്ന പുരുഷവീര്യത്തിനെ പേടി.

പക്ഷേ...

കൂടെ നടത്തുന്ന നായയോട് ആംഗലേയമറിയാത്ത പുതുപണക്കാരൻ
“കം, കം, ജിമ്മി” എന്ന് കൊക്കി നടക്കുമ്പോൾ
പഴയപേടി ചുണ്ടിൽ ചിരിപടർത്തുന്നു.

11/29/2010

പ്ലാസ്റ്റിക് ശവം

നേരം പുലരുമ്പോൾ, തണുത്ത് നേരിയ കാറ്റിൽ കിളികൾ കൂകിയപ്പോൾ
ഞാൻ നടക്കുകയായിരുന്നു.
മുന്നിൽ അപ്പോൾ ഒരു പ്ലാസ്റ്റിക് ശവം തലയില്ലാതെ നടക്കുന്നു

അതിന്റെ കാലടികൾ വെട്ടിത്തിളങ്ങുന്ന കട്ടശീലകൊണ്ട് പൊതിഞ്ഞിരുന്നു
മണ്ണിനേയും പുല്ലിനേയും ചവുട്ടിയരച്ച് അത് നടന്നു...
വിയർത്തമർന്ന കാലടികളുടെ കരച്ചിൽ.

അയഞ്ഞ, ചുകന്ന അതിന്റെ കാലുറകളുടെ വശങ്ങളിൽ
രണ്ടംഗുലം വീതിയിൽ വെള്ള വര നെടുനീളെ...
മുറിഞ്ഞ മനസ്സുമായി നീളൻകാലുകൾ.

പഞ്ചപൂതങ്ങൾ നിറഞ്ഞാടിയ ഒരു കഴുത്തില്ലാത്ത T-ഷർട്ട്
ചത്തൊഴിയാത്ത നിറവയറിനെ പുതപ്പിച്ച്...
പൊട്ടിതെറികളെ ഞെരിച്ചമർത്തുന്നു.

കഴുത്തിലെ മിന്നുന്ന ചങ്ങലയും കൈത്തണ്ടയിലെ നാഴികമണിയും
അടിമയുടെ നേരിനെ പേറുന്നു, കോമാളിയെപോലെ...
തിണർത്തുണങ്ങിയ ചാട്ടയടികൾ.

അതിനു മുകളിൽ ഒന്നുമില്ല, തലയില്ല, തലയിലെ പേനില്ല, തലച്ചോറില്ല
പകരം പഴയ ഒരു ഫ്ളെക്സ് പലക ഉന്തിനിന്നു:
“ഞാൻ ജോഗിങ്ങ് ചെയ്യുന്നു.”

11/17/2010

നേപ്പാൾ മത്തായി

Ramada Inn-ലെ വെയ്റ്ററുടെ പണി വാണില്ല. നലാം നാൾ പതിവുപോലെ മത്തായി ഒപ്പിട്ട് കയറാൻ നോക്കിയപ്പോൾ, കാവൽക്കാരൻ മെല്ലെ തടഞ്ഞു. 15 ആളേ വേണ്ടൂ, അത്രക്കും ആളെത്തി. പണിക്കു വന്ന മത്തായി ഞെട്ടി. ചോദിച്ചപ്പോൾ അറിഞ്ഞു ഓരോ സൽക്കാരപരിപാടിക്കും എത്ര വെയ്റ്റർമാർ വേണമെന്ന് തലേദിവസം നോട്ടീസ്സിൽ എഴുതും, അതനുസരിച്ച് ആദ്യം വരുന്ന അത്രയും പണിയാളർക്ക് ജോലിക്ക് കയറാം. തിരിച്ചുനടക്കുമ്പോൾ തീരുമാനിച്ചു, നാളത്തേ 1 മണിക്കുള്ള പണിക്ക് 11 മണിക്കു തന്നേ വന്നുകയറണം. മത്തായിക്കൂട്ടങ്ങൾ ദിവസക്കൂലിക്കാരായതുകൊണ്ടാണ്‌ ഈയൊരു കടമ്പ.

ഒരുമണിയുടെ പണിക്ക് 11-നേ വന്ന് ഒപ്പിട്ട് കയറിയപ്പോൾ ഒരു ജയത്തിന്റെ ആശ്വാസം നുണഞ്ഞു. നിർദ്ദേശങ്ങൾ നൽകാനായി കേപ്റ്റൻ മത്തായിക്കൂട്ടങ്ങളെ മുറിയിൽ കയറ്റി. കൂട്ടങ്ങളെ ആകെയൊന്ന് ഉഴിഞ്ഞുനോക്കി നിർദ്ദേശിക്കാൻ ഒരുങ്ങുമ്പോൾ കേപ്റ്റൻ പെട്ടെന്ന് മത്തായിയെ കണ്ടു. കണ്ണുകളിടഞ്ഞു. പന്തിക്കേട് എന്തോ ഉണ്ടെന്ന് തോന്നിയ മത്തായിക്ക് കേപ്റ്റന്‌ നേരെ നോക്കാൻ പേടി. “ഓഹോ..Matthaayi is in...Thilak is not here... hmm...Matthaayi is new, Thilak should have been here instead of him...anyway...guyz, lemme tell you..." ചുറുചുറുക്കില്ലാത്ത താൻ ഒരു ഭാരമായിപ്പോയി എന്ന് മത്തായി അറിഞ്ഞു. താൻ നേരത്തേ ചാടിക്കയറിയപ്പോൾ, കളരിയിൽ മുന്തിയ തിലകന്‌ പുറത്തിരിക്കേണ്ടിവന്നതാണ്‌ കേപ്റ്റനെ നിരാശനാക്കിയത്. ആറ്റിക്കുറിക്കി കിട്ടിയ പരിപാടി കൈവഴക്കമില്ലാത്ത താൻ കൊളാക്കുമോ എന്ന പേടി കേപ്റ്റന്റെ പോലെ തനിക്കും ഉണ്ടായി.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കിട്ടുന്ന ഈ ഉദ്യോഗം ഒരു മാസത്തെ ചിലവിന്റെ പകുതിപോലും ചുമക്കുന്നില്ല എന്ന പേടി ചേട്ടനെ അറിയിച്ചപ്പോൾ, മൂപ്പര്‌ ജോലി ചെയ്യുന്ന അലക്കുകടയിൽ പ്രതിമാസം 800 രൂപക്ക് നിയമനം തരമാക്കിതന്നു. ഒരു കട്ടൻച്ചായയോ, പാൽച്ചായയോ കുടിക്കാതെ, കുടി-വലികളില്ലാതെ, മുറിയിലെ മാസചിലവ് ചിലപ്പോൾ 855, 830, 845 എന്നീ ഏറ്റക്കുറച്ചിലുകളിലൂടെ നീങ്ങുമ്പോൾ, ശമ്പളം അണുവിട മാറാതെ 800-ൽ കുറ്റിയുറപ്പിച്ചു. മെല്ലെ മെല്ലെ പെരുകിവരുന്ന കടത്തിനെതിരെ 250 രൂപയുടെ ഒരു തടയണ അമ്മയോട് ചോദിച്ച് വാങ്ങി. ബോംബെയിലെത്തിയാൽ ഞാൻ എല്ലാം ശരിയാക്കിതരാം എന്ന് അമ്മയോട് പറഞ്ഞ വാക്ക് മുളപ്പൊട്ടാതെ മുരടിച്ചു. അലക്കുകടയിൽ വരുന്ന തുണികൾ സീനിയർ പണിക്കാർ തപ്പും, ഒരുതരം സ്കാനിങ്ങ്. പാന്റ്സിന്റേയൊ, കുപ്പായത്തിന്റേയോ കീശയിൽ ഉടമസ്ഥർ മറന്നുപോയ കാശ് അവരുടെ കീശയിലാക്കി അലക്കുയന്ത്രത്തെ അപകടത്തിൽനിന്ന് ഒഴിവാക്കും. അതുകഴിഞ്ഞാൽ ആ തുണികളിൽ നമ്പർ-തുണി തുന്നി മത്തായി മനസിലാവാത്ത ഹിന്ദിക്ക് പുഞ്ചിരിക്കൊണ്ട് ഉമ്മകൊടുത്ത് ദിവസങ്ങൾ കഴിച്ചു.

ശമ്പളം 800-ൽ കുറ്റിയുറപ്പിച്ചപ്പോൾ, ചിലവ് അതിനപ്പുറമുള്ള വിശാലതയിലേക്ക് ഇടക്കും തലക്കും കയറ്‌പൊട്ടിച്ച് പാഞ്ഞു. പൊറുതിമുട്ടിയപ്പോൾ മത്തായി മറുകണ്ടം ചാടാൻ തീരുമാനിച്ചു. ഡെൽഹി. കൂടെപഠിച്ച ഒരു കൂട്ടുകാരൻ സർക്കാർ ശമ്പളത്തിൽ അവിടെ വിലസ്സുന്നുണ്ടായിരുന്നു. ഉടനേ പോന്നോളൂ എന്ന മറുപടിയിൽ തൂങ്ങി 91 മേയിൽ തീവണ്ടി കയറി. പള്ളിക്കൂടം പുസ്തകങ്ങൾ അച്ചടിക്കുന്ന കമ്പനിയിൽ ബില്ലിങ്ങ് ക്ലെർക്കായി പരസഹായമില്ലാതെ കടന്നുകൂടി. 1340 രൂപ ശമ്പളം. ചിലവ് 600-ൽ കൂടണമെങ്കിൽ മത്തായിയോട് ചൊദിക്കണം. അത്രക്ക് സുഖം മത്തായി അന്നേവരെ അനുഭവിച്ചിട്ടില്ല. പോരാത്തതിന്‌, ദീപാവലി ബോണസ്സ് 7000 രൂപ കൈയിൽ കിട്ടിയപ്പോൾ ”ഓ ആളുകൾ ഇങ്ങനെയാണല്ലേ വലുതാകുന്നത്“ എന്ന് മത്തായിക്ക് മനസിലായി.

അമ്മക്ക് രക്ഷകനായി, ബന്ധുക്കൾക്ക് സഹായമായി തലയുയർത്തി മത്തായി അങ്ങനെ നാട്ടിൽ വന്നു. വീണ്ടും തിരിച്ചുപോകുമ്പോൾ മത്തായിക്ക് ഒരു കുടുംബത്തിന്റെ നാഥൻ എന്ന സ്ഥാനം ഉറപ്പായി.

കമ്പനിയിൽ പത്ത്-പതിനഞ്ച് പണിക്കാരുണ്ട്. മത്തായി, മറ്റൊരു മലയാളി, മീററ്റിൽ നിന്നൊരു മന്ദബുദ്ധി, പിന്നെ ഇവറ്റകളെ മേയ്ക്കാൻ രണ്ട് ദില്ലി മേൽനോട്ടക്കാരും ചേർന്നതാണ്‌ ബില്ലിങ്ങ് വകുപ്പ്. കമ്പനിയുടെ വിൽപ്പനക്കാർ ഇന്ത്യയുടെ തലങ്ങും വിലങ്ങും പാഞ്ഞ് നടന്ന് പള്ളിക്കൂടങ്ങളിൽനിന്ന് വിൽപ്പന ഒപ്പിച്ചെടുക്കും. വിൽപ്പന തരമാവാത്തിടത്ത്, ഓരോ പുസ്തകത്തിന്റേയും ഒരു കോപ്പി അയച്ചുകൊടുക്കാനുള്ള മേൽവിലാസ്ം തപ്പിയെടുത്ത് വരും. പുസ്തകത്തിന്റെ പേര്‌, എണ്ണം, വില, ഇളവ്, രൊക്കം മുതലായവ എഴുതിപിടിപ്പിക്കലാണ്‌ മത്തായി വകുപ്പിന്റെ ചുമതല.

ഇതുകൂടാതെ, ചില ദിവസങ്ങളിൽ അൽപ്പം പോരായ്മയുള്ള ഒരു പണികൂടിയുണ്ട്. കമ്പനി ശിപായിമാർ നേരാനേരങ്ങളിൽ തപാലാപ്പീസ്സിൽ പോയി സേമ്പിളായി അയക്കേണ്ട പുസ്തകക്കെട്ടുകൾ സ്റ്റാമ്പൊട്ടിച്ച് ഒരു മുറിയിൽ സൂക്ഷിക്കും. ഈ പുസ്തകങ്ങൾ പുറത്തേക്കെടുക്കും മുമ്പ്, അയക്കുന്ന വിലാസം, സ്റ്റാമ്പ് വില എന്നിവ ഒരു കണക്കുപുസ്തകത്തിൽ ചേർക്കണം. മത്തായി വകുപ്പിന്‌ തിരക്കുള്ള ദിവസങ്ങളിൽ ഈ പണി ശിപായിമാർ ചെയ്യും. ശിപായി വകുപ്പിന്‌ തിരക്കുള്ള ദിവസം മത്തായി വകുപ്പും ഇത് കൈകാര്യം ചെയ്യും. മേൽപറഞ്ഞ പോരായ്മക്കുള്ള കാരണം, മത്തായിവകുപ്പിലുള്ളവർക്ക് അവരവരുടെ ഇരിപ്പിടം വിട്ട് ഗോഡൗവ്ണിൽ പോയി മേശയുടെ സഹായമില്ലാതെ ”എഴുതിതള്ളണം“. മാത്രമല്ല ശിപായിമാർക്ക് ചെയ്യാവുന്ന ഈ പണി മത്തായി വകുപ്പ് ചെയ്യുകയെന്നാൽ വെട്ടുകത്തികൊണ്ട് ഉള്ളി തൊലികളയുന്നപോലെയല്ലേ എന്ന ഒരു തോന്നലും.

നാട്ടിൽ പശുവിന്‌ ഒരു വല്ലം പുല്ലരിയുന്നതിന്റെ ഏഴയലത്ത് വരില്ല ഈ പണി മത്തായിക്ക്. പക്ഷേ ഒരു കല്ലുകടി തോന്നിതുടങ്ങിയത് കുറച്ച് കഴിഞ്ഞാണ്‌. ഒരിക്കൽപോലും മീററ്റിൽനിന്നുള്ള മന്ദബുദ്ധി ഈ പണി ചെയ്തിട്ടില്ല. മന്ദബുദ്ധി എന്ന് വിളിക്കുന്നതിന്‌ പ്രത്യേകിച്ച് കാരണമൊന്നുമില്ല; മന്ദബുദ്ധിയാണെന്നതല്ലാതെ. മത്തായിയും കൂട്ടുകാരനും ഇതേപറ്റി കൂടുതൽ ചികഞ്ഞപ്പോൾ വളരെയധികം ചീഞ്ഞളിഞ്ഞ ഒരു അനീതിയുടെ കുരുപ്പുറത്താണ്‌ തങ്ങൾ മാന്തിയതെന്ന് മനസ്സിലായി. മബു (മന്ദബുദ്ധി) മത്തായിയുടെ നാട്ടിലെ പറച്ചിൽ പോലെ ഒരു ”ബ്രാഹ്മണ്ണാനായിരുന്നു“. രണ്ട് മേൽനോട്ടക്കാരകട്ടെ ദില്ലിയിലെ ഏതോ താഴ്ന്ന ജാതിക്കാരും. ശിപായിമാർക്ക് തിരക്കുള്ള ഒരു ദിവസം മത്തായിയും കൂട്ടുക്കാരനും മുടക്കെടുത്തു. പിറ്റേദിവസം ചോദിച്ചറിഞ്ഞപ്പോൾ ഈ പോരായ്മ പണി ചെയ്തത് മേൽനോട്ടക്കാരായിരുന്നു എന്നും മബു ഇരിപ്പിടത്തിൽനിന്ന് ഇളകിയില്ല എന്നും അറിഞ്ഞു. അനീതികണ്ടാൽ പൊട്ടിത്തെറിക്കുന്ന ഒരു അന്തക്കേട് മത്തായി പേറികൊണ്ടിരുന്ന കാലമായിരുന്നു അന്ന്.

മത്തായി മുരണ്ടു, മനസ്സിൽ അലറി. മേൽനോട്ടക്കാരന്‌ താക്കീത് കൊടുത്തു. ”ഇന്നു മുതൽ ഞാൻ ഈ പണി ചെയ്യില്ല“. പോരായ്മ പണിയാണ്‌ മത്തായി ഉദ്ദേശിച്ചത്. മേൽനോട്ടക്കാരൻ ഉപദേശിച്ചുനോക്കി. ”മോനെ നിന്റെ പണി പോകും“. ”പോയാൽ പോട്ടേ, ഈ പണി ഒഴിച്ച് ബാക്കിയെല്ലാം ഞാൻ ചെയ്യാൻ തയ്യാറാ“. പോരാളിയുടെ പടപ്പുറപ്പാടിന്റെ പിന്നിലെ ചേതോവികാരം മേൽനോട്ടക്കാരന്‌ മനസ്സിലായില്ല, മത്തായി മനസ്സിലാക്കികൊടുക്കാനുള്ള മൂഡിലുമല്ല. കൊക്ക് കൊണ്ടേ അറിയൂ എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നാണ്‌ മത്തായിയുടെ പക്ഷം. അങ്ങനെ ആ ദിവസം വന്നു. മേനേജർ മേൽനോട്ടക്കരനെ ഇന്റർകോമിൽ വിളിച്ചു. ”മത്തായിയെ അയക്കൂ“. മേൽനോട്ടക്കാരൻ കത്തിയെരിയുന്ന മത്തായിയുടെ കണ്ണിലേക്ക് ”പോകാമോ“ എന്ന യാചനയൊടെ നോക്കിയപ്പോൾ മത്തായി ചീറ്റി. ”ഇല്ല, ഞാൻ ചെയ്യില്ല“. അല്പം പരിഭ്രമത്തോടെ മേനേജരെ അറിയിച്ചു; ”മത്തായി വരില്ല എന്നു പറയുന്നു...“.

അല്പനിമിഷങ്ങൾക്കകം മറ്റൊരു ഇന്റർകോം. ”മത്തായിയെ ഡയറക്റ്ററുടെ മുറിയിലേക്കയക്കൂ“. പോരാളി മാറ്‌ വിരിച്ച് നരിമടയിലേക്ക്.

”നീ ഈ പണി ചെയില്ല എന്ന് പറഞ്ഞോ?“
”ഉവ്വ്“
”ഗെറ്റൗട്ട്“

നരിയുടെ അലർച്ചയെ പിന്നിലാക്കി മത്തായി ഇരിപ്പിടത്തിലേക്ക്. ചോറ്റുപാത്രമുള്ള ബേഗെടുത്ത് പുറത്തിറങ്ങുമ്പോൾ മറ്റൊരു നിർദ്ദേശം ”ഡയറക്റ്റർ വിളിക്കുന്നു“. വീണ്ടും നരിമടയിലേക്ക് ചെന്നപ്പോൾ നരിയെ കണ്ടില്ല. ”എന്ത് പറ്റി മത്തായി? നിങ്ങളെപറ്റി നല്ലത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, എന്താണ്‌ ഉണ്ടായത്?“

അനീതിയുടെ കപടമുഖം പിച്ചിചീന്താൻ മത്തായിയുടെ നെഞ്ച് കുതിച്ചു. പക്ഷേ ഇംഗ്ലീഷിലും ഹിന്ദിയിലും പിള്ളവാതം മാറാത്ത മത്തായിക്ക് കാര്യങ്ങൾ തുറന്നുകാട്ടാനായില്ല. ആരുടേയും ദയയും യാചിച്ചില്ല. നരി മേൽനോട്ടക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു ”ഞങ്ങൾ പോലും ഈ പണി എത്രയോ പ്രാവശ്യം ചെയ്യുന്നത് സാർ കണ്ടിട്ടില്ലേ“ ഇതിനെതിരെ മത്തായിക്ക് പറയാനുള്ളത് നെഞ്ചിൽ എരിഞ്ഞുപൊങ്ങി. ”സാർ ഈ പണി ചെയ്യാൻ എനിക്ക് ഒരു വിഷമവും ഇല്ല; പക്ഷേ എന്തുകൊണ്ട് ഇവർ ഒരിക്കൽപോലും മബുവിനെകൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നില്ല?“ പക്ഷേ ഈ ചോദ്യം ഒരിക്കലും പ്രുറത്ത് വന്നില്ല. അവസാനം നരി മൊഴിഞ്ഞു: "matthaayi, it means you are not loyal to company, you have to resign. Can't you carry on with the work?", "No". പിന്നെ എല്ലാം പെട്ടന്നായിരുന്നു. കണക്കപിള്ള മത്തായിക്ക് കിട്ടാനുള്ള തുക കണക്കാക്കി. 8000 രൂപ. അത് കീശയിലിട്ട് മത്തായി മുറിയിലേക്ക് മടങ്ങി. നേരം 4 മണി. സഹമുറിയന്മാരാരും ചേക്കേറിയിട്ടില്ല.

മുറിയിൽ ഒറ്റക്കിരുന്ന് ഉണ്ടായതെല്ലാം ആലോചിച്ചപ്പോൾ, പേടി തുടങ്ങി. നാളെമുതൽ പണിയില്ല. അമ്മയ്ക്ക് മുന്നിൽ വീരനായകനായി നിന്നതെല്ലാം ഇനി മാഞ്ഞുപോകില്ലേ. അന്തിക്ക് മുറിയന്മാർ വന്നുകേറിയപ്പോൾ പോരാളിയുടെ പോരാട്ടത്തിന്റെ കഥ വിഷമത്തോടെ കേട്ടു. ഞാൻ നാട്ടിലേക്ക് പോകുന്നുവെന്ന മത്തായിയുടെ തീരുമാനം മുറിയന്മാർക്ക് നന്നായി തോന്നിയില്ല. ”നാട്ടിൽ പോയി എന്ത് ചെയ്യാനാ, ഇവിടെതന്നെ എന്തെങ്കിലും നോക്കടാ?“

മത്തായി അനുസരിച്ചു. പിറ്റേന്നുമുതൽ ഹിന്ദുസ്ഥാൻ റ്റൈംസിൽ തപ്പൽ തുടങ്ങി. ഉടുത്തൊരുങ്ങി ചെല്ലുമ്പോൾ ഒരോ ഓഫീസിനുമുന്നിലും ഇംഗ്ലീഷും ഹിന്ദിയും കലപിലാ പറയുന്ന ചെറുപ്പക്കാരുടെ നീണ്ടനിര. നാളുകൾ നീങ്ങി, മത്തായിയുടെ വീട്ടിൽ ജോലിപോയ വിവരം അറിയിച്ചിട്ടില്ല. ദിവസങ്ങൾ മാസത്തിലേക്ക് നീങ്ങുന്ന ഒരു ദിവസം മറ്റൊരു ഓഫിസ്-കൂടികാഴ്ച്ചയിൽ തോറ്റ് മടങ്ങുമ്പോൾ ഒരു മലയാളി ശബ്ദം. ”ഞാനും തോറ്റു, ഈ ജോലി കിട്ടുമെന്ന് കരുതി. എനിക്ക് മറ്റൊരു ജോലി ശരിയായിട്ടുണ്ട്... പക്ഷേ അത് നേപ്പാളിലാ... എനിക്ക് പോകാൻ തോന്നുന്നില്ല...“. ഇതുകേട്ടപ്പോൾ മത്തായി ഉണർന്നു. മുങ്ങിതാഴുന്നവന്‌ കിട്ടുന്ന കച്ചിതുരുമ്പിന്റെ വില മത്തായി അറിഞ്ഞു. ”നിങ്ങൾക്ക് വിഷമമില്ലെങ്കിൽ ആ ജോലി തന്നയാളിനെ ഞാൻ കണ്ടോട്ടെ?“ എന്ന് ചോദിച്ച് മത്തായി അയാളെ പിന്തുടർന്നു.

രണ്ടുപേരും മത്തായിയേക്കാൾ പ്രായം കുറഞ്ഞ പുതിയ മുതലാളിയുടെ മുന്നിലെത്തി. ശമരിയാക്കാരൻ മൊഴിഞ്ഞു. ”എനിക്ക് നേപ്പാളിൽ പോകാൻ പേടി തോന്നുന്നു, ആരും പരിചയക്കാരില്ല, നല്ല തണുപ്പാണെന്ന് കേൾക്കുന്നു...ഇയ്യാൾ പോകാൻ തയ്യാറാണെന്ന് പറയുന്നു...“ മത്തായിയെ നോക്കി അവൻ പറഞ്ഞുനിർത്തി. മത്തായി നീട്ടിക്കിട്ടിയ കയറിൽ ആഞ്ഞുപിടിച്ചു. ”ജോലിയില്ലാതെ ഒരു മാസത്തിലേറെയായി..., ഏത് നരകത്തിലേക്കും ഞാൻ തയ്യാറാ, സാർ“. മുതലാളി മത്തായിയെ മൊത്തം ഒന്നു ഉഴിഞ്ഞുനോക്കി മൊഴിഞ്ഞു. ”ഇയ്യാളെ നോക്കൂ, ഒരു റ്റീച്ചറുടെ ശരിയായ ലൂക്ക്, ആ ഒരു ഇരുത്തം വന്ന രീതി... താങ്കൾക്ക് അതില്ല...“ ഒന്നിനും കൊള്ളാത്തവനാണ്‌ താൻ എന്ന് മോത്ത് നോക്കി പറയുകയാണെന്ന് മത്തായിക്ക് തോന്നിയെങ്കിലും പഴയ അന്തക്കേടിൽ കൈ പൊള്ളിയതിന്റെ ചൂട് മത്തായിയെ തളച്ചിട്ടു. ”നോക്കൂ, നിങ്ങൾ ഒറ്റക്കല്ലലോ, മത്തായിയും കൂടെയില്ലേ, എനിക്ക് നിങ്ങളേയാണ്‌ കൂടുതൽ ആവശ്യം“ എന്ന യാചനയൊന്നും ശമരിയാക്കാരനെ ഏശിയില്ല.

അവസാനം മുതലാളി താത്പര്യത്തോടെ മത്തായിയോട് പറഞ്ഞുതുടങ്ങി. ”ഞങ്ങൾ നിങ്ങളെ കമ്പ്യൂട്ടറിൽ പയറ്റിക്കും, അതു കഴിഞ്ഞാൽ ഞങ്ങൾ കരാറെടുത്ത നേപ്പാളിലെ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിൽ നിങ്ങൾ കമ്പ്യൂട്ടർ പഠിപ്പിക്കണം...“. മത്തായി റാൻ മൂളി. ”നിങ്ങൾ അവിടെ ഹിന്ദി പറയരുത്, ഇംഗ്ലീഷ് മാത്രം... ഡൽഹിയിൽ നിന്ന് സുനൗലിയിലേക്ക് ബസ്സുണ്ട്, 24 മണിക്കൂർ. അവിടെ നിന്ന് അതിര്‌ കടക്കുക. 1200 രൂപ ഇന്ത്യൻ പിന്നെ താമസസ്ഥലവും ഞങ്ങൾ തരാം. ഈ അഡ്രസ്സിൽ ബന്ധപെടുക. നന്നായി വരട്ടെ!“

വെയ്റ്ററായിരുന്നപ്പോൾ നേരിട്ട മാനക്കേടിനു ശേഷം മത്തായി ഇംഗ്ലീഷിന്റെ തറവാട്ടിൽ കയറിനിരങ്ങിയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നു പയറ്റിനോക്കാനും പറ്റിയിരുന്നില്ല. എല്ലം ഉള്ളിലൊതുക്കിയിരുന്നു. ആദ്യമായി പുതിയ മുതലാളിയോട് തന്റെ വായിലൂടെ ഈ ഇംഗ്ലീഷ് മതിയാവുമോ ഈ പണിക്ക് എന്ന് ചോദിച്ചപ്പോൾ ”ഓ ഇതൊക്കെ ധാരാളം“ എന്ന മറുപടി പക്ഷേ കുളിരുകോരിയിട്ടില്ല മത്തായിയുടെ മനസ്സിൽ. കാരണം അതുവരെ കാണാത്ത കമ്പ്യൂട്ടർ അതുവരെ തീണ്ടാത്ത ഇംഗ്ലീഷിൽ കുട്ടികൾക്ക് പറഞ്ഞുക്കൊടുക്കുന്നത് താൻ പണ്ട് കണ്ടിരുന്ന സ്വപ്നത്തിലെപോലെ വായുവിൽ നടക്കലല്ലേ.

ഒരു മാസത്തിലേറെ പണിയില്ലാതെ നടന്ന മത്തായി അനുഭവിച്ച വേദന ഒന്നു ശമിച്ചു. 1340 രൂപയിൽ തുടങ്ങിയ ശമ്പളം 2100 രൂപയായി വളർന്ന് പയറ്‌മണിപോലെ കഴിഞ്ഞിരുന്ന മത്തായിക്ക് ഇപ്പൊഴത്തെ 1200+താമസം ദു:ഖമുണ്ടാക്കിയില്ല. വീട്ടിൽ ജോലിപോയതോ ഒന്നര മാസതോളം തെണ്ടിതിരിഞ്ഞതോ അറിയിച്ചിരുന്നില്ല. തൊയിരക്കേടല്ലാതെ മറ്റൊന്നും അതുകൊണ്ടുണ്ടാവില്ല എന്നറിവ്.

മുറിയന്മാരുടെ യാത്രയയപ്പോടെ മത്തായി ബസ്സ് കയറി. ഭാഗ്യത്തിന്‌ തൊട്ടടുത്തിരുന്നത് ഒരു നേപ്പാളി ചെക്കൻ. അതിരുകടത്തിതരാമെന്ന് അവൻ ആശ്വസിപ്പിച്ചു. ഭാണ്ഡക്കെട്ടായി തുണിക്കെട്ടുകളും കുറിപ്പുകളെഴുതിയിരുന്ന ഒരു പഴയ നോട്ടുപുസ്തകവും ഒരു കാവിമുണ്ടും മാത്രമുണ്ടായിരുന്നതുകൊണ്ട് പാലായനം എളുപ്പമായിരുന്നു. പിറ്റേന്ന് 11 മണിയോടെ സുനൗലിയിൽ വണ്ടിയിറങ്ങി നടന്നു. അതിരിലേക്ക്, കൂടെ ചെക്കനുമുണ്ട്. പരന്ന് വിശാലമായ പാടങ്ങളുടെ അകലങ്ങളിലെവിടെയൊ തെളിഞ്ഞ മാനം ഉമ്മവെച്ചു.

അതിരുകാവൽ തെണ്ടികൾ (BSF) തോക്കും നീണ്ട മുളങ്കോലുമായി വന്ന് കടുത്ത വക്കുകളോടെ കാശിനു് തെണ്ടി. അതുകഴിഞ്ഞപ്പോൾ വരുമാനപിരിവു തെണ്ടികൾ (Income Tax) മീശപിരിച്ച് കാശിന്‌ തെണ്ടി. ചെറിയ ഭാണ്ഡക്കെട്ട് തുറന്ന് കാണിച്ചപ്പോൾ മണ്ണെണ്ണ മണത്ത അട്ടയെപ്പോലെ അവർ മത്തായിയെ വിട്ട് അടുത്ത ഇരയെതേടി. സൈക്കിൾറിക്ഷകൾ പോലിസിനെ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് ഓരോ യാത്രക്കാരനെയും പോലിസിന്‌ മുമ്പിൽ കൊണ്ടുപെടുത്തും. അവരുടെ നിത്യക്കച്ചോടം ഇതാണെന്ന് അറിയാത്ത പാവങ്ങളിൽ തന്നെ പെടുത്താതിരുന്നത് ആ നേപ്പാളിച്ചെക്കനായിരുന്നു.

അട്ടശല്ല്യങ്ങൾ കഴിഞ്ഞ് അവർ കാലുക്കുത്തിയത് ആരുടെയുമല്ലാത്ത പച്ചമണ്ണിൽ (Noman's Land). ആളന്റെ വളഞ്ഞബുദ്ധികൊണ്ട് നീറാത്ത മണ്ൺ. അവന്റെ വരകൊണ്ട് വരുതിയിലാവാത്ത മണ്ൺ. അതിൽ ചവിട്ടി ഇടവും വലവും നോക്കിയപ്പോൾ ആ മുപ്പതടി വീതിയിലുള്ള മണ്ൺ കോലാഹലങ്ങളില്ലാതെ, വെറുക്കാതെ, വാരിപ്പുണരാതെ മത്തായിയോട് ഒതുക്കത്തിൽ പറഞ്ഞു, ”ഞാൻ നീയാണ്‌, തുടര്‌ന്നോളൂ...“

മത്തായി പിന്നെ കാലുവെച്ചു, മറ്റൊരു ബഹളത്തിലേക്ക്, ശമനമുള്ള ബഹളത്തിലേക്ക്, നേപ്പാളിലേക്ക്. പാവം പട്ടാളക്കാരോട് നേപ്പാളിചെക്കൻ എന്തോ പറഞ്ഞപ്പോൾ ഉപദ്രവിക്കാതെ മത്തായിയെ അകത്തേക്ക് വിളിച്ചു, ഒരു പുഞ്ചിരിയോടെ. പൊക്കാറ എന്ന മണ്ണിലേക്ക് ബസ്സിൽകയറി നീങ്ങിയപ്പോൾ ആ വരണ്ട അതിരുനാട്ടിലെ കാറ്റിൽ ഒരു അപ്പൂപ്പൻതാടിയായി മത്തായി മാറി. കാറ്റ്തെളിച്ച വഴിയേ ആ അപ്പൂപ്പൻതാടി ഒഴുകിയപ്പോൾ ചങ്ങലകളില്ലാത്ത ബന്ധുക്കളില്ലാത്ത കൂട്ടുകാരില്ലാത്ത ഒന്നുമില്ലായ്മയുടെ നിറവറിഞ്ഞു. താഴെ, പച്ചമുളച്ച അതിരില്ലാത്ത പാടങ്ങളും, കുട്ടികളും ആട്ടിൻകുട്ടികളും തത്തിക്കളിക്കുന്ന, കുറ്റിയിലെ കയറിൽ അയവെട്ടി കിടക്കുന്ന എരുമകളുള്ള ചെറുവീടുകളും, ലുങ്കിയെടുത്ത് തലേക്കെട്ടിട്ട ചിരിക്കുന്ന പെണ്ണുങ്ങളും മത്തായിയുടെ ചുണ്ടുകളെ തെളിഞ്ഞതാക്കി. നേരിയ തണുപ്പിലൂടെ വണ്ടി മുരണ്ടുകൊണ്ടിരുന്നു...

11/15/2010

പുറമ്പോക്കിലിറങ്ങിയ മത്തായി

നാട്ടിലെ പട്ടിണിയിൽ നിന്ന് ഓടാൻ അന്നൊക്കെ ബോംബെ ആയിരുന്നു എല്ലാവർക്കും തുണ. കോഴിക്കോട് കലാശാല എറിഞ്ഞുകൊടുത്ത കളരികുറിപ്പ് (B.Sc-Physics) ഒരു തുണക്കായി കയ്യിലെടുത്ത് മത്തായി ആദ്യമായി കാൽസ്സറായിയിൽ തീവണ്ടി കയറി. ഒന്നര ദിവസം കഴിഞ്ഞ് വണ്ടിയിറങ്ങുമ്പോൾ അമ്മവഴിയിലെ ഒരു ചേട്ടൻ കയ്യോടെ പൊക്കിയെടുത്ത് മൂപ്പരുടെ വീട്ടിൽ കൊണ്ടുവന്നിറക്കി.

സ്വപ്നങ്ങളിൽപോലും പേടിപെടുത്തുന്ന ഹിന്ദിയും ഇംഗ്ളീഷും ബോംബെയിൽ മത്തായിക്കു മുന്നിൽ എന്നും ഒരു വഴിമുടക്കിയായി തെറിവിളിച്ചു. മത്തായിയുടെ തല കുനിയൽ അങ്ങിനെയാണ്‌ തുടങ്ങിയത്. വായതുറന്നൊട്ടഹസ്സിക്കാൻ, നാട്ടിലെപോലെ, ഇവിടെ പറ്റില്ല എന്നറിവ്, പച്ചിലക്കൂട്ടങ്ങളിലൂടെ മിന്നിതിളങ്ങി വരുന്ന പൊൻവെളിച്ചം കണ്ട് ഉമിക്കരിക്കൊണ്ട് പല്ലുതേയ്ക്കാൻ പറ്റില്ലെന്നറിവ്, വിശാലമായ മതിലുകളില്ലാത്ത പറമ്പുകളിൽ വീടുകളുടെ അതിർത്തികളറിയാതെ കയറുപൊട്ടിച്ച് പാഞ്ഞ്നടക്കൽ പറ്റില്ലെന്നറിവ്, കുളങ്ങളും പാടങ്ങളും മഴയിലും വെയ്യില്ലത്തും സ്വന്തമാക്കാൻ പറ്റില്ലെന്നറിവ്... തല കുനിക്കാനും, താനാരെന്ന് തിരയാനും, ഈ ഉലകം എന്തെന്നറിയാനും അന്നുതൊട്ട് മത്തായി തുടങ്ങി. എന്തും തന്റെ വരുതിലാണെന്ന തോന്നൽ, ആ തണ്ട്, എല്ലാം നാട് വിട്ടതോടെ വെള്ളം വീഴുമ്പോൾ കെട്ടണയുന്ന ചകിരികനലിന്റെ നീറ്റലോടെ കെട്ടടങ്ങി; താനൊറ്റയാണെന്ന പേടി കൂട്ടിനുണ്ടായത് മാത്രം ഒരാശ്വാസം. മീശ അപ്പോൾ കനം വയ്ക്കാനും തുടങ്ങിയിരുന്നു.

തത്ക്കാലം, ഹിന്ദി,ഇംഗ്ലീഷാദി കളരിയിൽ കാലുറക്കുംവരെ ഏത് പണിയെടുക്കാനും തയ്യാറാവണം എന്ന് ചേട്ടൻ; തയ്യാറായി മത്തായി. ബഹളത്തിൽ പായുന്ന ആളുകളും വണ്ടികളും വണ്ടക്കൻ കെട്ടിടങ്ങളും മത്തായിയുടെ ഉണ്ടക്കണ്ണുകളെ കൊത്തിവലിച്ചു. ചേട്ടന്റെ പലതരം താക്കീതുകൾ തലക്ക് മുകളിൽ പാഞ്ഞു. അവസ്സാനം പഴംകഥകൾ കാണിച്ചു തന്നപോലത്തെ ഒരു രാജകൊട്ടാരത്തിന്റെ മുന്നിലേക്ക്..."Ramada Inn - Palm Groove", ജുഹു കടൽക്കരയിൽ കറ്റേറ്റുകൊണ്ട് വിരിഞ്ഞു വിശാലയായി നിൽക്കുന്ന ഒരു മദാലസ സുന്ദരി. അവൾ പഞ്ചനക്ഷത്ര! വിരുന്നുകാരെ വിളിച്ചുകയറ്റി ഊട്ടിയുറക്കുന്നവൾ. മത്തായി ആഞ്ഞുവലിച്ചു പ്രാണവായു. ഇവളുടെ ഈ മുറ്റമടിക്കാൻ കിട്ടിയാൽപോലും അതു അറുതിയില്ലാത്ത ദൈവകൃപ. അതുവരെ കാണാത്ത വലിയ കാറുകൾ മയങ്ങിയുറങ്ങുന്ന അവളുടെ മാറിലൂടെ ചേട്ടന്റെ കൂടെ മുന്മുറിയിലേക്ക് കടന്നപ്പോൾ, ഭംഗിയോടെ തുണിയുടുത്ത് തൊപ്പി വെച്ച ആളുകൾ, ഇംഗ്ലീഷിന്റെ മുറുമുറുക്കലുകൾ, വായുവിൽ വാരിപുണർന്ന് നിൽക്കുന്ന ഇളംതണുപ്പുള്ള ചന്ദനമണം. ഹാ.. അടക്കിപിടിച്ച വായു മത്തായി മെല്ലെ ഒച്ചയുണ്ടാക്കാതെ മൂക്കിലൂടെ ഒഴുക്കിവിട്ടു. നാട്ടിലെ മഴ ചോരുന്ന കുടിലും ചാണകതറയും ഒരു നൊടിയിട മത്തായിയെ നോക്കി കണ്ണിറുക്കി; തനിക്കു കൈവന്ന ഈ സൗഭാഗ്യത്തിൽ അസൂയപൂണ്ട്.

ചേട്ടൻ ആരോടോ ഹിന്ദിച്ചു, ഞങ്ങൾ കുറച്ചുനേരം ആഴ്ന്നുപോകുന്ന ഇരിപ്പിടത്തിലമർന്നു. ഒരു മാന്യൻ വന്നു, കൈകൊടുത്തു, ഞങ്ങളെ അകത്തേക്ക് വിളിച്ചു. “ഞാൻ ഇവിടത്തെ ആൾകാര്യസ്ഥൻ, നാട്ടിൽ എന്തു വിശേഷം? ഇതാണല്ലേ നമ്മുടെ ആള്‌, എന്താ പേര്‌? സ്ദ്ഫ്ജസ്..ദ്സ്ഫ്സജ്...തൊവ്യ്‌വ്യൂർജ്വ്ഫൊദ്സ്ദ്” അവസാനം പറഞ്ഞത്‌ ഇംഗ്ളീഷിലായതുകൊണ്ട് മത്തായിക്ക് മനസ്സിലാക്കേണ്ടി വന്നില്ല; കൺപോളകൾ മരം കോച്ചുന്ന തണുപ്പത്തെന്നപോലെ ഇടറിവിറച്ച് അന്തംവിട്ടുനിന്നു. വീണ്ടും ആൾകാര്യസ്ഥൻ തുടർന്നു. “മംഗളോം മനോരമേം വായിച്ച് നടന്നിട്ടുണ്ടാവുംല്ലേ, എന്താ ഒന്നും ഇംഗ്ളീഷിൽ പറയാത്തത്, മത്തായി? തന്നെ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ലല്ലോ?” വീണ്ടും തല കുനിഞ്ഞു. സുകുമാർ അഴീകോടിന്റെ തത്ത്വമസി, എസ്. രാധാകൃഷ്ണന്റെ ഭാരതീയ ദർശനം, ഉലകത്തിലെ എഴുത്തുനരികളെക്കുറിച്ചുള്ള അറിവ് ഇതെല്ലാം പേറിനടക്കുന്ന ഒരു പെരുത്ത ജന്തുവാണെന്ന് താനെന്ന് ആൾകാര്യസ്ഥന്‌ അറിയില്ലലോ എന്ന വേദന ഇംഗ്ളീഷിന്റെ കാൽചുവട്ടിൽ കിടന്ന്‌ പിടഞ്ഞു.

“ഒരു കാര്യം ചെയ്യൂ, ഭാഷ പഠിക്കുന്നതുവരെ വെയ്റ്ററായിട്ട് ഒന്നുരണ്ട് മാസം നിൽക്കൂ, അതുകഴിഞ്ഞ് നമ്മുക്ക് നോക്കാം, വിഷമം തോന്നല്ലേ, പ്ലീസ്. അടുത്ത ആഴ്ച ജോയിൻ ചെയ്യാം, കറുത്ത ഷൂസിട്ട് വരണം”. ആയിരം താമരകൾ ഒന്നിച്ചു വിരിയുന്നതുപോലെ മത്തായിയുടെ ഉള്ളു ചിരിച്ചു, “എത്ര കത്തുകൾ നട്ടിലേക്കെഴുതിയാലാ ഈ വിസ്മയങ്ങൾ വിവരിച്ച് തീരാ”. പലതും മനസ്സ് വരച്ചുവച്ചു.

അടുത്ത ആഴ്ച വന്നു. കുളിച്ചൊരുങ്ങി മത്തായി ഒറ്റക്ക് ആൾകാര്യസ്ഥന്റെ മുന്നിലെത്തി. തെളിയാത്ത മുഖം മൂപ്പർക്ക്, അതുകണ്ട് മത്തായിയുടെ മനസ്സ് കനത്തിടിഞ്ഞു. “സോറി, മത്തായി...ഹ്‌ംം.. കുവൈറ്റ് യുദ്ധം കാരണം, കച്ചോടം ഒന്നും ഇല്ല.. എന്താ ചെയ്യാ...എന്തായാലും അടുത്ത ആഴ്ച നമ്മുക്ക് ശരിയാക്കാം, കേട്ടോ”. ആവുന്നത്ര സമാധാനിപ്പിച്ച് അയാൾ ആ കൂറ്റൻ കൊട്ടാരത്തിന്റെ മുറികളൊന്നിലേക്ക് മറഞ്ഞു.

ഏതോ നാട്ടിൽ കിടക്കുന്ന സദ്ദാം ഹുസൈൻ ഇത്തിരിപോന്ന കുവൈത്തിനെ പിടിച്ചതിന്‌ മത്തായിയുടെ അന്നംമുടങ്ങുന്നതിന്റെ കാര്യം പാവം മത്തായിക്ക് മനസ്സിലായില്ല. പഞ്ചനക്ഷത്രങ്ങളിൽ നടക്കുന്ന കച്ചവട ചേരലുകൾ, കടലുകൾക്കപ്പുറത്തും ഇപ്പുറത്തും നടക്കുന്ന തീരുമാനങ്ങൾ, അടവുകൾ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ.. ഇതൊന്നും പശുവിനെ കറന്നും കൈകോട്ട് കിളച്ചും നടന്ന മത്തായിക്കറിയില്ലലോ, ഡിഗ്രീ പഠിച്ചെങ്കിലും. ഒരു വലിയ ഹോട്ടലിൽ പാത്രം കഴുകുന്നതിൽ പോലും കൈകടത്തുന്ന സദ്ദാം ഹുസൈനെ മത്തായി മാപ്പ് കൊടുത്ത് അലറിപരക്കുന്ന തിരക്കിൽ അലിഞ്ഞ് ചേരുമ്പോൾ കുനിഞ്ഞ തലയിൽ നിറങ്ങളെല്ലാം കറുപ്പും വെളുപ്പുമായി മാറുന്നുണ്ടായിരുന്നു.

അടുത്ത ആഴ്ച വീണ്ടും വന്നു. കറുത്ത ഷൂസിട്ട് മത്തായി. ആൾകാര്യസ്ഥൻ, മത്തായിയെ കൂട്ടികൊണ്ടുപോയി, പല വരാന്തകളിലൂടെ, പല വാതിലുകളുടെ മുന്നിലൂടെ, പല കോണികളിലൂടെ... അവസാനം ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് മത്തായിയെ ആൾകാര്യസ്ഥൻ ഏൽപ്പിച്ചു. വിശാലമായ ഒരു മുറിയിൽ വലിയ വട്ടകുടുക്കുകളുള്ള ചുകന്ന മുഴുക്കയ്യൻ കോട്ടിട്ട കുറച്ചു ചെറുപ്പക്കാർക്ക് കറുത്ത കോട്ടിട്ട ഒരുവൻ ഏതോ വരാനിരിക്കുന്ന യുദ്ധത്തെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിക്കുകയാണോ എന്നു തോന്നി മത്തായിക്ക്.

“കാലങ്ങൾക്ക് ശേഷം നമ്മുക്ക് കിട്ടുന്ന ഒരു പരിപാടിയാണ്‌, എല്ലാവരും നന്നായി ഇംഗ്ലീഷിൽ സംസാരിക്കണം, ചുറുചുറുക്കോടെ, ചിരിച്ചുകൊണ്ടു പണി ചെയ്യണം...” അയാൾ പറഞ്ഞതിന്റെ ഏകദേശം രൂപം മത്തായിക്ക് മനസിലായി. റോഡ് കാണാത്ത ആടിനെ പണ്ട് “ചവിട്ടിക്കാൻ” മത്തായി കൊണ്ടുപോയതിന്റെ ഓർമ. ഏത് പാടത്തും പറമ്പിലും അനുസരണയോടെ തന്റെകൂടെ വന്നിരുന്ന ആട്, റോഡിൽ കാലുകുത്തിയതും പാറപോലെ ഉറച്ചുപോയി. ഇന്ന് ആ ആടായോ താൻ? ആരോ തന്റെ കഴുത്തിലെ കയറിൽ ആഞ്ഞുവലിക്കുന്നു. ആടിനേപോലെ ഉറച്ചു നിൽക്കാൻ പറ്റിയില്ല; വലിക്കുന്നത് മത്തായിയല്ലലോ!

കറുത്ത കോട്ടിട്ടവൻ, സ്റ്റിവൊഡ് (Steward), അവനു മുകളിൽ കേപ്റ്റൻ (Captain). വിരുന്നു സൽക്കാരം ഭംഗിയാക്കാൻ വെയ്റ്റർമാരായ മത്തായിയേയും കൂട്ടത്തെയും മേയ്ക്കുന്നവർ, Ramada Inn എന്ന വിരുന്നുസൽക്കാരപ്രിയയുടെ ഞെരമ്പുകളിലെവിടെയോ തുടിക്കുന്ന ചോരയിൽ അവർ അലിഞ്ഞുചേർന്നു.

മേലങ്കിയണിഞ്ഞ മത്തായിയോട് കൂട്ടങ്ങൾ ഓരോന്ന് പറഞ്ഞുകൊടുത്തു: ചിരിയ്ക്കാൻ, എങ്ങനെ പാത്രങ്ങൾ പിടിക്കണം, thank you എങ്ങനെ എപ്പോൾ പറയണം എന്നൊക്കെ. നിറഞ്ഞ വിരുന്നുമുറിയിൽ ചടങ്ങ് തുടങ്ങി. "go fast, quick, come here..." ശല്ല്യപെടുത്തുന്ന വാക്കുകളുടെ മുരൾച്ച, അലർച്ച. പേടിച്ചും വിറച്ചും വെള്ളം നിറച്ച ഗ്ലാസുകൾ നിരന്ന വലിയ തട്ടുകൾ താങ്ങി വിരുന്നുകാരുടെ മുന്നിലൂടെ വിളറിചിരിച്ച് മത്തായി... തലകുനിച്ച് അവശിഷ്ട്ടങ്ങൾ ഏറ്റുവാങ്ങി, വിയർത്ത്, കാലിടറി... കഴുകകണ്ണുകളോടെ കൂട്ടങ്ങളുടെ ചെയ്തികൾ വിലയിരുത്തുന്ന, നിർദ്ദേശിക്കുന്ന സ്റ്റിവൊഡും കേപ്റ്റനും...

എല്ലാം കഴിഞ്ഞപ്പോൾ കൂട്ടങ്ങൾ അവരുടെ കൂട്ടിൽ കയറി. വിലയേറിയ തീറ്റിസാധനങ്ങളിൽ ബാക്കി വന്നവ തിരഞ്ഞെടുത്ത്, ബാക്കി വന്ന പല തരത്തിലുള്ള ഛാരായങ്ങളുടെ രുചിയറിഞ്ഞ് ചടങ്ങുവേഷം അഴിച്ചുവച്ച് അവർ പുറത്തു വന്നു. മുക്കിയും മൂളിയും പുഞ്ചിരികൊണ്ട് മറുപടി പറഞ്ഞും മത്തായി 25 രൂപ കൂലിവേടിച്ച് 8 മണിക്കൂറുകൾ തീർത്ത് പുറത്തു കടന്നു. ഉൾവലിഞ്ഞ് മത്തായി വിടർന്ന കണ്ണോടെ നോക്കി. ഒന്നും കാണാനില്ല. കിനാവുകൾ, വിഷമങ്ങൾ, ചിരികൾ, നാട്ടുകാർ, മഴ, വെയിൽ... ഒന്നും ഇല്ല. തന്റെ കൂടെ പണിയെടുത്ത വെയിറ്റർമാരുടെ മുഴങ്ങി മുരളുന്ന ഇംഗ്ലീഷ് വാക്കുകൾ തലക്കുചുറ്റും. അവരൊക്കെ എന്തു പഠിച്ചു, എവിടെ പഠിച്ചു, എന്തു കടുത്ത തകർപ്പൻ ഇംഗ്ലീഷ്, ദൈവമേ!

അടുത്ത ദിവസം വീണ്ടും മത്തായി ഉടുത്തൊരുങ്ങി Ramada Inn ലേക്ക് കടന്നു കയറി. ചടങ്ങുകൾ തുടങ്ങുന്നതിനുമുമ്പ് കൂട്ടുപണിക്കാരോട് മെല്ലെ അവരുടെ കളരിമുറകളെപറ്റി ചോദിച്ചു. പല മറുപടികൾ, "8th failed, SSLC failed, 9th failed..." ഭാഗ്യത്തിന്‌ ആരും മത്തായിയോട് അവന്റെ കളരിപയറ്റിനെപറ്റി ചോദിച്ചില്ല. തൊണ്ടതുറന്ന് ഒരു വാക്കെങ്കിലും ഇംഗ്ലീഷിലലറാൻ മത്തായി കൊതിച്ചു. പക്ഷേ കുനിഞ്ഞ തലക്കും നെഞ്ചിൻകൂടിനുമിടയിൽ ഇംഗ്ലീഷിന്റെ ഏങ്ങലടികൾ ചത്തുവീഴുന്നത് മാത്രം മത്തായി കേട്ടു; മുന്നോട്ട് നടക്കാൻ പല വഴികളും കണ്ടു.

11/02/2010

കരിമീൻ കരയോഗം

കൂട്ടുകാരെ, ഇന്നത്തെ ഈ കൂടിചേരലിന്‌ പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ല. നമ്മുടെ അറിവുകളും ആളെന്റെ അറിവുകളും തമ്മിൽ ഒന്നു മുട്ടിച്ചുനോക്കാനുള്ള ഒരു അവസരം ഇന്നെനിക്കുണ്ടായി. ഇന്ന് ആളൻ കേരളത്തിൽ ഒരു തീരുമാനമെടുത്തത് നിങ്ങൾക്ക് ഈ ഞെരമ്പിൽ ഞെക്കിയാൽ കാണാം.
ഈ ആളുകൾ ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോൾ നമ്മൾക്ക് എന്ത്‌ സംഭവിക്കും എന്നത്‌ സംഭവിക്കുമ്പോൾ കാണാം. അല്ലാതെ ഇതിൽ പേടിക്കാൻ ഒന്നുമില്ല. നമ്മോടപ്പമുള്ള മറ്റ്‌ മീനുകൾ ഈ മണ്ടത്തരത്തെ നമ്മേ പോലെ തന്നെ മണ്ടത്തരമായിട്ടേ കാണുന്നുള്ളൂവെന്ന്‌ എന്നെ അറിയച്ച വിവരം നിങ്ങളെ ഞാൻ അറിയിക്കേണ്ടതില്ലല്ലോ. കാശുകൊതിമൂലം ഇരിക്കുന്ന കൊമ്പ്‌മുറിക്കുന്ന അവന്റെ അറിവിൽ സ്നേഹം ചേർക്കാൻ കഴിയാത്തതിൽ മാത്രേ നമ്മുക്ക് വേദനയുള്ളൂ. നമ്മൾ “സംസ്ഥാന മീനാ”യതിൽ അവർക്ക് പരിഭവമില്ലെന്നും, ആളെന്റെ മണ്ടത്തരത്തേക്കാൾ പഴയപോലെ അവന്റെ തീറ്റകൊതിയെ മാത്രമേ നമ്മുക്ക് പേടിക്കേണ്ടതുള്ളൂ എന്നും അവർ അറിയച്ച വിവരം പറഞ്ഞുകൊണ്ട് ഞാൻ പായുന്നു.

10/29/2010

മാസാദി വെള്ളി

നേരം വെളുത്തപ്പോൾ, അമ്മാമ്മ (അപ്പന്റെ അമ്മ) കൊരലുവിളിച്ച് തുടങ്ങി, “ടാ ഇന്ന് മാസാദി വെള്ള്യാ, കുമ്പസ്സാരിക്കാണ്ട് ഇങ്ങ്ട്ട് വന്നാ ചൂലുംകെട്ടാ പൊറത്ത്, ഏനിക്കറാ കെടന്നൊറങ്ങാണ്ട്”.

അഞ്ചിൽ പഠിക്കുന്ന മത്തായിക്ക് ഉറക്കം ധാരാളം മതിയായി. മുളംതൂണിൽ കെട്ടിത്തൂക്കിയ തകരപാത്രത്തിൽ നിന്ന് ഉമിക്കരിയെടുത്ത് പല്ലുതേക്കുമ്പോൾ നെഞ്ചിൽ ആധിയുടെ ഉമിത്തീ ആളിതുടങ്ങി. “ഇന്ന് എന്ത് നുണ്യാ പറയാ കരാത്ര അഛനോട്?”

“കരാത്ര” പള്ളീലെ വികാരിയഛൻ, വയസ്സൻ. മുൻകോപത്തിൽ ഒന്നാമൻ. പിള്ളേർക്ക് “ചെവിയാട്ടത്തിന്റെ” നിറകുടം. രണ്ട് ചെവിയും പിടിച്ച് തിരുമ്പി വട്ടത്തിലാടിച്ച് മണ്ടക്ക് നല്ല മുഴക്കമുള്ള മേട്ടംകൊടുത്തനുഗ്രഹിക്കുന്ന കരടി. സ്കൂളിന്റെയോ, പള്ളിയുടെയോ പരിസരത്ത് അഛനെ കണ്ടാൽ കുടലുവിറച്ച് ചൂളിപോകും ക്രിസ്ത്യാനി പിള്ളേര്‌.

നാലാം ക്ളാസ്സിൽ കുർബാന “കൈകൊണ്ട”തിൽ പിന്നെ “മനസ്സിൽകൊണ്ടു” നടക്കുന്ന ഭാണ്ഡകെട്ടാണ്‌ കുമ്പസാരം.

“നമ്മൾ പാപികളായാണ്‌ പിറക്കുന്നത്, ഈ പിറവിപാപത്തിൽ നിന്ന് നമ്മേ രക്ഷിക്കാൻ കർത്താവ് കുരിശിൽ കിടന്ന് മരിച്ച് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ്, ശിഷന്മാർ മുഖേനെ തന്ന കൂദാശയാണ്‌ കുമ്പസ്സാരം.” ഇങ്ങനെയൊരു ദുരിതം തരാനാണോ മൂപ്പര്‌ കഷ്ട്ടപ്പെട്ട് ഉയിർത്തതെന്ന് മത്തായി മനസ്സിൽ പറയും. “സ്വർഗ്ഗത്തിൽ എല്ലാവരും കൂടി സ്വർഗ്ഗീയവിരുന്നിൽ പങ്കെടുത്ത്” തിന്ന് കുടിക്കാൻ തരമാവുമല്ലോ എന്നൊരാശ്വസം മൂലം ഇതെല്ലാം സഹിക്കുന്നു മത്തായി.

മത്തായിയുടെ പ്രശ്നം കുമ്പസ്സാരമാണ്‌. കുമ്പസ്സാരിക്കുമ്പോൾ അഛനോട് തെറ്റുകൾ ഏറ്റുപറയണം. കുമ്പസ്സാരക്കൂടിന്റെ ഒരു വശത്ത് ആൺകുട്ടികൾ, മറുവശത്ത് പെൺകുട്ടികൾ. കുമ്പസ്സാരക്കൂട്ടിൽ കരടിയെപോലെ മുരളുന്ന കരാത്ത്രഛൻ, ചെറിയ ഓട്ടകളുള്ള ജനലിലൂടെ മത്തായി നുണകൾ ഒന്നൊന്നായി പറയുമ്പോൾ മൂക്കുപൊടിയുടെ ഗന്ധം വമിക്കുന്ന അഛന്റെ മൂളലുകൾ. അഞ്ചാറ്‌ തെറ്റുകളെങ്കിലും പറഞ്ഞില്ലെങ്കിൽ കരടി പുറത്ത് ചാടും, എല്ലാവരുടേയും മുന്നിൽ വച്ച് ചീത്തപറച്ചിലും ചെവിയാട്ടവും മതിയാവോളം കിട്ടും.

ക്ലാസ്സുകഴിഞ്ഞാൽ, ക്രിസ്ത്യാനി കുട്ട്യോള്‌ കുമ്പസ്സാരിക്കണം, മാസാദി വെള്ളിയാഴ്ച്ച. കർശനം. മത്തായി പതിവ്‌പോലെ കൂട്ടുകാരോട് കു​‍ൂടിയാലോചിച്ചു. എല്ലാവരും അവരവരുടെ തെറ്റുകൾ പങ്കുവച്ചു, അതിൽ തരക്കേടില്ലാത്ത രണ്ടുമൂന്ന്‌ തെറ്റുകൾ കിട്ടിയാൽ മത്തായിക്ക് സന്തോഷം. പിന്നെ രണ്ടുമൂന്ന് നുണകൾ മത്തായിക്ക് സ്വന്തം ഉണ്ടാക്കാൻ പറ്റും. എല്ലാംകൂടി അഞ്ചാറെണ്ണം തികച്ചാൽ കുമ്പസ്സാരം കഴിഞ്ഞ് തടികേടുകൂടാതെ രക്ഷ്പ്പെടാം.

മുമ്പൊരിക്കൽ കുമ്പസ്സാരിക്കുമ്പോൾ മത്തായി പറഞ്ഞു “അമ്മയോട് നുണപറഞ്ഞു, അനിയനെ തല്ലി, പഠിക്കാതെ സ്കൂളിൽ പോയി, കഴിഞ്ഞു”. തെറ്റുകൾ നിരത്തികഴിഞ്ഞാൽ പോലീസ്സുകാർ വാക്കിട്ടോക്കിയിൽ “ഓവർ” എന്നു പറയുന്നതുപോലെ “കഴിഞ്ഞു” എന്നു പറയണം. അപ്പോൾ കരടി മുരണ്ടു, “കഴിഞ്ഞോ, ഇനീം ആലോയിക്കടാ, പറയടാ”. അത് കേട്ടാൽ മത്തായിക്ക് വിറയൽ തുടങ്ങും, “എന്തു തെറ്റു ചെയ്തൂന്നാ പറയാ ദൈവമേ, വേദേശം പഠിച്ചില്ല...”. “അത് പഠിക്കാതെ സ്കൂളിൽപോയി എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞില്ലേ, വേറെ പറയടാ”.

ഈ പെടാപ്പാട് അറിഞ്ഞകാരണം തെറ്റുകളുടെ പട്ടിക മുന്നേ ചിന്തിച്ചു തുടങ്ങും. കുറൊച്ചൊക്കെ ഒപ്പിച്ചെടുത്തു. “പാൽപ്പൊടി കട്ടു”, “കുടുംബപ്രാർത്ഥനക്കിടക്ക് ഉറങ്ങി”,“ചേട്ടനായി തല്ലൂടി”, “അമ്മയെ സഹായിച്ചില്ല”. പക്ഷേ പട്ടികയിൽ ഇനിയും വേണം. കൂട്ടുകാരോട് അവരുടെ തെറ്റുകളുടെ പട്ടികയിൽനിന്നും തനിക്ക് വല്ലതും കിട്ടുമോ എന്നു നോക്കി. നല്ല തരക്കേടില്ലാത്ത “തെറ്റ്” ഒന്നും കിട്ടിയില്ല. രാവിലെ മുതൽ മത്തായി തെറ്റുകൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു. ഒരു തെറ്റുകൂടെ കിട്ടാൻ ആവുന്നത്രെ ആലോയിച്ചു. നാലരക്കുള്ള ബെല്ലടിച്ചു, ക്ലാസ്സു കഴിഞ്ഞു. പള്ളിയിലേക്ക് പോയി. കുട്ടികളെല്ലാവരും അഛൻ വരുന്നതു വരെ കളിക്കും. പക്ഷേ മത്തായിക്ക് ഒരു തെറ്റ് കൂടി കിട്ടണം, പട്ടിക തികയ്ക്കാൻ.

അത്ര നല്ല രസത്തിലല്ലാത്ത ക്ലാസിലെ ഒരുത്തനെ, കളിക്കിടയിൽ പോയി തെറിപറഞ്ഞു. അവൻ ഈ പെട്ടെന്നുള്ള തെറിവിളിയെ കാര്യമാക്കി. കൈരണ്ടും അരയിൽകുത്തി കാലുവിരിച്ച് “ദൈര്യണ്ടെങ്കി മൂക്ക് തൊടറാ” എന്നായി. മത്തായി കുരിശ്ശുചുമക്കാൻ തീരുമാനിച്ചു, മൂക്ക് തൊട്ടു, ട്ടപാ ട്ടപാന്ന് അടിപൊട്ടി, എല്ലൻ മത്തായി നിലത്തു വീണു. പിടെഞ്ഞെഴുന്നേറ്റു. തല്ലു കഴിഞ്ഞു. അപ്പോഴേക്കും കരാത്ത്രഛൻ കുമ്പസ്സാരിപ്പിക്കാൻ പള്ളിയിലെത്തി.

മത്തായിക്ക് സമാധാനായി. തികഞ്ഞ ശാന്തതയോടെ അവൻ കുമ്പസ്സാരകൂടിന്റെ ആണ്‌കുട്ടികളുടെ വരിയിൽ നിന്നു. അടിയുടെ വേദനയുണ്ടെങ്കിലും, പറയാൻ ഒരു തെറ്റുകൂടെ കിട്ടിയതിന്റെ സന്തോഷം അവന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.

10/22/2010

വെളിവും വെളിപാടും

70 വയസ്സായ അമ്മ വീടിനു മുന്നിലെ എറ്റവും ഉയരമുള്ള തെങ്ങിൽ കയറി, കൊതമ്പും കോഞ്ഞാട്ടയും വലിച്ചു താഴെയിടുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ പെട്ടെന്ന്‌ കലങ്ങിമറിഞ്ഞു. ആരും സഹായത്തില്ലാത്തതുകൊണ്ടല്ലേ അമ്മക്കീ ഗതി. ശ്ശേ, എനിക്ക്‌ ഇതു തടയാമായിരുന്നു. ഉണങ്ങിയ ഒരു പട്ടയുടെ കവളിയിൽ പിടിച്ച് താഴെയിറങ്ങാൻ നോക്കുമ്പോൾ വിറക്കുന്ന ആ കൈകൾ അറിയാതെ തെറ്റി വീണെങ്കിലോ എന്ന് പേടിച്ചു. “അമ്മേ എന്തിനാ വെറുതേ ഇതിനൊക്കെ നിന്നത്...” എന്ന് വെറുതേ ചോദിക്കാൻ തോന്നിയെങ്കിലും കുറ്റബോധംകൊണ്ട് ഒന്നും പറഞ്ഞില്ല. മനസ്സ് കലങ്ങിമറിയുക തന്നെയാണ്‌.

പെട്ടെന്നാണ്‌ വെളിവുണ്ടായത്‌: "ഓ ഇതു ഒരു സ്വപ്നമായിരുന്നല്ലേ". മനസ്സ് സമാധാനിച്ചു.
പക്ഷേ, പെട്ടെന്ന് തന്നെ ഒരു വെളിപാടുണ്ടായി: “അത് ഒരു സ്വപ്നമായിരുന്നോ?”

10/21/2010

കഴുത്തിൽ ചരടു കെട്ടിയ പൂച്ചക്കുട്ടി

മഴ പെയ്തുകഴിഞ്ഞ ഒരു ഞായറാഴ്ച. തെളിഞ്ഞ ഒരു നാൾ. നാട്‌ പതിവുപോലെ: ഒരു ചെറിയ റോഡും, അതിൻമേൽ ഉരുളുന്ന, പായുന്ന കുറച്ച്‌ വണ്ടികളും, പിന്നെ വശങ്ങളിൽ പൊങ്ങച്ചം കാണിക്കാനില്ലാത്ത കുറച്ച്‌ പീടികകളും, അതിന്റെ ഉള്ളിലും പുറത്തും ഇരിക്കുന്ന, നടക്കുന്ന, പറയുന്ന കുറച്ച്‌ ആളുകളും, പിന്നെ തുടിക്കുന്ന പച്ചപ്പുകളും. ആളൻ* കൂർത്ത തലകൊണ്ട്‌ കുത്തിമറിക്കാത്ത ഒരിടം, അതാണല്ലോ നാട്‌. കാട്‌ കടന്ന്‌, നാട്‌ കടന്ന്‌ പട്ടണം ഉണ്ടാക്കിയ ആളൻ അവന്റെ പട്ടണം വെട്ടിയും കെട്ടിയും വലുതാക്കി കാടും നാടും മുടിക്കുമ്പോൾ ഞാൻ പേടിക്കുന്നതിന്‌ കാരണമറിയില്ല.

ആറു വയസ്സുള്ള മോൻ കൂടെ, ഞങ്ങൾ സൈക്കിളിൽ. തീപിടിച്ച അവന്റെ തലയിൽ ചോദ്യങ്ങൾ പെരുത്തുണ്ട്‌. മറുപടി എന്തായാലും കളങ്കമില്ലാതെ കോരിക്കുടിക്കുന്നവൻ. ലോകത്തെ പറ്റിയോ, ഓരോ സംഭവങ്ങളെ പറ്റിയോ ഞാൻ പറഞ്ഞാൽ കൂർത്ത കാതോടെ, മിഴിച്ച കണ്ണോടെ ഏതോ ലോകത്തിലേക്ക്‌ പറക്കുന്ന അവൻ. പക്ഷേ ഒരു പണി അവനോട്‌ പറഞ്ഞാൽ, കാതടപ്പിക്കുന്ന ഒരു വെടി പൊട്ടിക്കണം, കാര്യം നടന്നുക്കിട്ടാൻ. ഞാൻ പറയുന്നത്‌, അവെന്റെ അമ്മ പറയുന്നത്‌, അവന്റെ കൂട്ടുക്കാർ പറയുന്നത്‌, പള്ളിയിലും പള്ളിക്കൂടത്തിലും അവനെ പഠിപ്പിക്കുന്നത്‌ എല്ലാം കേട്ട്‌ അവൻ ഏത്‌ കോലത്തിലാകുമെന്ന്‌ ഞാൻ ആധിപിടിക്കുന്നതിന്‌ കാരണമറിയില്ല.

ഞങ്ങൾ അങ്ങനെ വെട്ടോഴിയിലൂടെ, ഉലകം മുഴുവൻ വിഴുങ്ങാൻ തയാറായി അവൻ സൈക്കിളിന്റെ പിന്നിലും. അപ്പോൾ ഒരു പൂച്ചയുടെ കരച്ചിൽ. വെട്ടോഴിയുടെ അരികിൽ ഒരു രണ്ടാൾ നീളത്തിൽ വീതിയുള്ള വെള്ളം നിറഞ്ഞ ഒരു കാന. കാനയോട്‌ ചേർന്ന്‌ ഒരു വലിയ വീടിന്റെ മതിൽ. മതിലിന്റെ തറയുടെ തിണ്ടിൽ അത് ഇരിക്കുന്നു, വഴിപോക്കരെ നോക്കി കരയുന്നു. ആ തിണ്ടിൽ നിന്ന് ഒരാൾ ഉയരമുണ്ട് മതിലിന്‌. മതിലിന്റെ തറയുടെ താഴെ വെള്ളം കെട്ടിനില്ക്കുന്നു. വെളുത്ത ഒരു പൂച്ചക്കുട്ടി. കഴുത്തിൽ ചരട് കെട്ടിയ പൂച്ചക്കുട്ടി. അല്പ്പം ഇരുണ്ട ചുകപ്പ് നിറമുള്ള വീതി കുറഞ്ഞ ഒരു തുണികൊണ്ടാണ്‌ ആ ചരട്. ഉപേക്ഷിച്ചുപോരുമ്പോൾ കൂടെ വരാതിരിക്കാൻ ആരോ വെള്ളത്തിലിറങ്ങി അതിനെ ആ തിണ്ടിൽ വെച്ചതാണ്‌. പൂച്ചക്കുട്ടിക്ക് മുന്നോട്ടോ പിന്നോട്ടോ മതിലിനോട് ചേർന്ന് കുറച്ച് നടക്കാം. അതിന്റെ വലത് വശത്ത് മുട്ടിനില്ക്കുന്ന ഉയർന്ന മതിൽ, ഇടത്, അതിനെ ആയിരം മടങ്ങ് മുക്കികൊല്ലാൻ കെല്പുള്ള വെള്ളം. എത്രയോ തവണ അത് കരയിലെത്താനുള്ള വഴി തേടിയിരിക്കാം. മരണം മണത്ത് പേടിച്ച് പേടിച്ച് അതിന്റെ കുഞ്ഞിക്കാലുകൾ വിറച്ചുതുടങ്ങിയിരുന്നു.

കരച്ചിൽകേട്ട് നോക്കിയപ്പോൾ അതിന്റെ കണ്ൺ നിറയെ അതിന്റെ ഇത്തിരിപ്പോന്ന ഉയിരിനുവേണ്ടിയുള്ള യാചന. കണ്ണെടുത്ത് സൈക്കിളിന്റെ പാച്ചിൽ ശരിയാക്കി മുന്നോട്ട് കുതിക്കുമ്പോൾ ഉള്ളുതുടുത്തു, അതിന്റെ കണ്ൺ എന്റെ ഉള്ളുകൊളുത്തിവലിച്ചു. ഒരു നിമിഷം ആകാശത്ത് പറന്ന് നടക്കുന്ന മോനോട് പൂച്ചക്കുട്ടിയെപ്പറ്റി പറഞ്ഞു. “ടാ, ആ പാവം രക്ഷിക്കണേന്ന് പറയണ്‌കണ്ടോ, നമ്മുക്ക് അതിനെ പുറത്തേക്ക് എടുത്ത് വെക്ക്യാ?” പിന്നിലേക്ക് പൂച്ചക്കുട്ടിയെ നോക്കി അവൻ “ആ അപ്പാ, വേഗം വാ, അതിനെ എടുക്ക് അപ്പാ” എന്ന് പറയുമ്പോൾ സൈക്കിൾ തിരിച്ച്, ഞങ്ങൾ റോഡിന്നരികിൽ തയ്യാറായി. “പേടിക്കണ്ട്രാ കുട്ടാ, കരയണ്ടട്ടോ..” എന്ന് പറഞ്ഞ് അതിനെ നോക്കുമ്പോൾ അതിന്റെ നിലവിളിയും പരാക്രമവും കൂടി. മോൻ ഒന്നും മിണ്ടാതെ നെഞ്ചടക്കി നോക്കി നില്ക്കുന്നു. “വാ” എന്നു പറഞ്ഞപ്പോൾ വെള്ളത്തിലേക്ക് കാലെടുത്ത് വെക്കുന്നു, വെള്ളം തൊട്ടപ്പോൾ കാൽ പിൻവലിക്കുന്നു, കരച്ചിൽ കൂട്ടുന്നു, എന്റെ കണ്ണിൽ നോക്കി എന്നെവിട്ട് പോകല്ലേ എന്ന് നിലവിളിക്കുന്നു. മുണ്ട് പൊക്കി ഒരു വിധേനെ അതിന്നടുത്തേക്ക് കൈനീട്ടിയപ്പോൾ എന്റെ മലയാളം മൊഴിയും ആ പൂച്ചക്കുട്ടിയുടെ മൊഴിയും ഒന്നായിമറഞ്ഞ് അതിരില്ലാത്ത ഒരു തുടിപ്പറിഞ്ഞു. കരച്ചിലടക്കി അത് എന്റെ കൈവെള്ളയിൽ വിറച്ചുനിന്നു, കാനക്കരികിൽ അന്തം വിട്ട്, കണ്ണുതള്ളി അമ്പരപ്പോടെ അനങ്ങാതെ നിന്നു മോൻ. കരയ്ക്കുകയറി അതിനെ നിലത്ത് വെച്ചപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരെയോ, എന്തിനേയോ നോക്കുന്നപോലെ അതു തൊട്ടടുത്ത പറമ്പിലേക്ക് തേങ്ങലോടെ പാഞ്ഞു.

എന്തൊക്കൊയോ സംഭവിച്ചുകഴിഞ്ഞു എന്ന ഞെട്ടലിൽ നിന്നുണർന്നപ്പോൾ “അതിനെ പിടിക്ക് അപ്പാ, നമ്മുക്കതിനെ വീട്ടീ കൊണ്ടുവാം” എന്ന് മോൻ പറയുമ്പോൾ എന്റെ കണ്ണിൽ ആ പൂച്ചക്കുട്ടിയുടെ കഴുത്തിലെ ചരട് തറച്ചുനിന്നു. ആരുകെട്ടി ആ ചരട്? എന്തിനു കെട്ടി? ചരട്കെട്ടി കരക്കും വെള്ളത്തിനുമിടയിൽ അനങ്ങാതാവതെ ആരതിനെ വെച്ചു? ആരുടെയൊക്കെയോ സൗകര്യത്തിനുവേണ്ടി ഉപയോഗിച്ചുതീർന്നപ്പോൾ സ്വന്തമായൊരു കരയില്ലാതെ അത് മരണത്തെ മണത്തു. പെട്ടെന്ന്, എന്താണ്‌ സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ്, മരണത്തെ കാത്ത് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ട ഒരു അവസ്ഥയിൽ ആ പൂച്ചക്കുട്ടി എത്തിചേർന്നിരിക്കുന്നു. ഒന്നുകിൽ പെട്ടെന്നൊരു മരണം, അല്ലെങ്കിൽ, മരണത്തെ കാത്ത് ഒന്നും ചെയ്യാനില്ലാതെ തളർന്ന് കിടക്കുക, അത് വിധി. പക്ഷേ ഇത്, ആളൻ കെട്ടികൊടുത്ത ചരട്, അല്ലെങ്കിൽ വരുത്തിതീർത്ത മണ്ടത്തരം. സൈക്കിളിൽ കയറുന്നതിനുമുമ്പ് ഞാൻ മോന്റെ കഴുത്തിലേക്ക് നോക്കി, അറിയാതെ ഞാൻ അവനു ചരട് കെട്ടിയിരുന്നോ? ഒന്നുമില്ല, ഇളം നെഞ്ചും കഴുത്തും അല്ലാതെ; സമാധാനം!. പൂച്ചക്കുട്ടിയുടെ കരച്ചിൽ അകലെയായിരുന്നു, സൈക്കിൾ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിൽ മോന്റെ പരാതി അതിനെ വീട്ടിലെത്തിക്കാൻ.

10/19/2010

ഈയ്യൊഴുക്ക്

പായുന്ന പുഴ തലതല്ലി ചിതറുമ്പോള്‍
വിരിയുന്ന പോളകള്‍ മേയ്യുന്നീയ്യൊഴുക്കില്‍
പകലോന്‍ തഴുകിയുണറ്ത്തുമ്പോള്‍ നാണിച്ചേ-
ഴഴകായ് ചിരിതൂകുന്നീപോളകളിവിടെ
ഇണയായ് ചേരുന്നു, പിരിയുന്നു പിന്നെ
താളം തുള്ളിയൊഴുകുന്നീകാഴ്ച്ചയെന്നും

മുന്നോട്ടൊരല്പ്പം നീങ്ങിയാപോളകള്‍
പൊട്ടിത്തകറ്ന്നടങ്ങുംപോളതിന്നു-
യിരെങ്ങുപോയി, അവയെങ്ങുപോയെന്നു
തിരയുന്നെന്‍ മുന്നിലാപ്പുഴ
പിന്നെയും തീറ്ക്കുന്നടക്കുന്നു പോളകള്‍
നിറങ്ങളേഴിലും താളത്തിലും

3/26/2010

ഇമ്പോച്ചി ഡീബിയെ

കോരന്‍ ഭ്രാന്തരം നാട്ടില്‍ ജനിച്ചു. പണ്ട്‌ നല്ല മൂളയുള്ള ആള്‍ക്കാര്‌ വളര്‍ത്തി വലുതാക്കിയ നാടാണിത്‌. പിന്നെ സായിപ്പ്‌ വന്നു ചവിട്ടി കൊളാക്കി. പിന്നെ നാട്ടു രാസാക്കന്മാര്‍ നാട്‌ ഭരവിപ്പിച്ചു. ഒരഞ്ചെട്ടു കൊല്ലംമുമ്പ്‌ ഭ്രാന്തരം നാട്‌ അവിടത്തെ അങ്ങാടികള്‍ മുഴുവന്‍ Full Time ആയി തുറന്നു വച്ചു. വികസിക്കാന്‍... അത്തറു നാട്ടില്‍ നിന്നു മുമ്പ്‌ വന്നിരുന്ന കാശ്‌ തെല്ലൊന്ന്‌ ശമിച്ച നേരമായിരുന്നു. അപ്പോഴാണ്‌ ഭ്രാന്തരം നാടിന്റെ തലപ്പത്ത്‌ കൊമ്പനായി മനുമോന്‍ കയറികൂടിയത്‌. അതിനുമുമ്പ്‌ ഏതൊ ഒരു ഗമണ്ടന്‍ ബ്ലേഡ്‌ കമ്പനിയുടെ (IMF) പലിശകണക്കപ്പിള്ളയായിരുന്നു മൂപ്പര്‌. പിന്നങ്ങോട്ട്‌ ഭ്രാന്തരം ഒരു വികസിക്കലായിരുന്നു. വികസിച്ച്‌ വികസിച്ച്‌ പൊളിയുമെന്നു വരെ തോന്നി. എല്ലാ നരകങ്ങളിലും വണ്ടക്കന്‍ ബംഗ്ലാവുകള്‍ വരിവരിയായി പൊന്തിതുടങ്ങി. പക്ഷെ കേരളത്തില്‍ വികസിക്കന്‍ പറ്റാത്ത അവസ്ഥ. വളരെ വീതി കുറവല്ലേ? ഇതൊക്കെ നാട്ടില്‍ നടക്കുമ്പോള്‍, കോരന്‍ പക്ഷെ പണിയന്വേഷിച്ച്‌ ഭ്രാന്തരത്തിന്റെ തെക്കുവടക്ക്‌ അലയുകയായിരുന്നു. കാലം കുറെ കഴിഞ്ഞ്‌ കോരന്‍ നാട്ടില്‍ വന്ന കാലം. എല്ലാവര്‍ക്കും നല്ല ജോലി കിട്ടുന്നു, നാടു വികസിക്കുന്നു, അവനും ലവനും ആയിട്ടിയില്‍( IT )യില്‍ ജോലി. കണക്കുപ്പെട്ടി (computer) പഠിച്ചവരെല്ലാവരും ആയിട്ടിയില്‍, നല്ല ശമ്പളം. എവിടെ നോക്കിയാലും ആയിട്ടിക്കുട്ടന്മാരും ആയിട്ടിക്കുട്ടിച്ചികളും സ്ലേറ്റില്‍ പോകുന്നു, ലന്തനിലും കോറോപ്പിലും പോകുന്നു, അമ്പതും അറുപതും മാസ ശമ്പളം. മൊത്തം ആകെ ഒരു വികസനം തന്നെ.

അപ്പോഴാണ്‌ കോരനും ഒരു പൂതി കേറിയത്‌. കണക്കുപ്പെട്ടി പഠിക്ക്യാന്‍ തന്നെ തീരുമാനിച്ചു. പത്തിരുപത്‌ കൊല്ലം മുമ്പ്‌ സര്‍വ്വകൊലാശാല കഴുത്തു പിടിച്ച്‌ ഉന്തിത്തള്ളി പൊറാത്താക്കിയതാണ്‌ കോരനെ, "എവിട്യേങ്കിലും പോയി തൊലയടാ, ഇന്നാ നിന്റെ സര്‍ട്ടിഫിക്കറ്റ്‌, 35% പാസ്മാര്‍ക്കുംണ്ട്‌,you are passed out(away)..! get lost" എന്നും പറഞ്ഞ്‌. ഭാഗ്യത്തിന്‌, അകലിരിപ്പ്‌ സമ്പ്രദായം (Distant Education) നാട്ടില്‍ സമൃദ്ധി. കോരന്‍ പഠിപ്പ്‌ തുടങ്ങി. കോരന്റെ പെണ്ണിന്‌ ഇതു പിടിച്ചില്ല. "കഷ്ടപ്പെട്ട്‌ ഇണ്ടാക്‌ക്‍ണ കാശ്‌ ഈ വയസ്സാന്‍കാലത്ത്‌ ഇങ്ങനെ നശിപ്പിക്കണോ". പക്ഷെ കാലം കോരനൊത്തു കളിച്ചു. കോരന്‍ പാസ്സായി(ക്കി). Koran MCA. പെണ്ണിനല്‍ഫുതം. ആരാ..ധന... പിന്നെ ബംഗളൂരു വന്ന്‌ ആയിട്ടിക്കമ്പനികളുടെ തെളങ്ങണ കൊട്ടാരങ്ങളുടെ പടിക്കല്‍ ചട്ടിയും പിടിച്ച്‌ പാണ്ഡ്യത്ത സമ്പര്‍ക്കങ്ങള്‍! കൊല്ലം ഒന്നു കഴിഞ്ഞപ്പോള്‍ കുത്തുവലക്കാരനായി (.Net programer) ഒരു ചെറിയ ആയിട്ടിക്കമ്പനിയില്‍ ജോലി. കോരന്റെ വയസ്സു കണ്ടിട്ടാണോ അതോ പട്ടിണി കണ്ടിട്ടാണോ അതോ കുത്തുവലക്കാര്‍ കമ്പനിയില്‍ കൂടുതല്‍ ഉള്ളതുക്കൊണ്ടാണോ എന്നറിയില്ല, കോരനോട്‌ ആയിട്ടി പറഞ്ഞു "നീ കമ്പനിയുടെ പത്തായപണിക്കാരനാണ്‌ (Database Developer), പത്തായപുരയില്‍ വേറെ ആളില്ല". കോരന്‍ കോഴി കഞ്ചാവടിച്ച പോലെ അന്തംവിട്ട്‌ എല്ലാം കേട്ടു. കമ്പനി മൊതലാളി തന്ന പേപ്പറില്‍ നോക്കിയപ്പൊള്‍ ...you will be working in the company in the capacity of a software engineer... ഞെട്ടി. താന്‍ ഒരു കാണാകുറിപ്പാശാരി(Software Engineer)!... ഉള്ളിലോതുക്കി, പേടി കയറി, ഇതു സത്യമാണോ! പശുവിനെ കറന്നും, പറമ്പ്‌ കെളച്ചും, സദ്ദാം കുവൈത്തു പിടിച്ച്‌ കക്ഷത്തിലൊതുക്കിയ കാലത്ത്‌ ചോന്ന കോട്ടിട്ട്‌ ബോംബയിലെ ഹോട്ടലില്‍ വൈറ്റററായി ഞെരങ്ങി നടന്നതും ഓര്‍ത്തുപോയി. നാട്ടില്‍ ചെന്ന്‌ പെണ്ണിന്റെടുത്ത്‌ കൂരിനെഞ്ച്‌ വിരിച്ച്‌ ഈ വിശേഷം പങ്കിടുമ്പോഴും കോരന്റേയും പെണ്ണിന്റേയും ഉള്ളുപെടഞ്ഞു... ഇതു സത്യാണോ!

പക്ഷേ, ആയിട്ടികുട്ട്യോളുടെ പുത്തിയല്ലലോ കാലത്തിന്റെ... പിന്നെ കോരന്റെയും!
കോരന്‍ കണക്കുപ്പെട്ടി തുറന്ന്‌ പത്തായപ്പെട്ടിയിലേക്ക്‌ എങ്ങനെ കടക്കാം എന്നു ഒരു ആയിട്ടിക്കാരനോടു ചോദിച്ചു മനസ്സിലാക്കി. പത്തായപ്പെട്ടി മുഴുവന്‍ വിവരങ്ങളും വിവരകഷ്ണങ്ങളുമാണ്‌(Information and Data, you know?). ഈ വിവരങ്ങളും വിവരകഷ്ണങ്ങളും അരിച്ചു പറുക്കലും (analysis), ആവശ്യമില്ലാത്തത്‌ പുറത്തേക്ക്‌ ചേറി കളയലും(delete), പുതിയ വിവരകഷ്ണങ്ങള്‍ ശുത്തം വരുത്തി അറയിലേക്ക്‌ കോരിയിടലും(insert), ഉള്ള വിവരങ്ങളെ ഇടക്ക്‌ പുറത്തേക്ക്‌ എടുത്ത്‌ കാറ്റും വെയിലും കൊള്ളിച്ച്‌ പുതുക്കലും(update), പത്തായപ്പെട്ടിക്ക്‌ വരുന്ന കേടുപാടുകള്‍ നേരാനേരത്തിന്‌ കണ്ടുപിടിച്ച്‌ ശരിപ്പെടുത്തലും, ഇടയ്ക്ക്‌ കയറി വരുന്ന എലി,മൂട്ടാതികളെ തുരത്തലും (trouble shooting, maintenance and bug fixing, you got me?) ഒക്കെയാണ്‌ കോരന്റെ പണി. ഈ പണിയൊക്കെ ചെയ്യാന്‍ പാകത്തില്‍ കോരന്റെ തലേലെ മസ്സില്‍ വളര്‍ന്നിട്ടില്ലായിരുന്നു. ശോഷിച്ച കൈകാലുകളുടെ അതേ അവസ്ഥ തന്നെ തലേലും. പോരാത്തതിന്‌ കണക്കുപ്പെട്ടിയിലൂടെ പത്തായപ്പെട്ടിയില്‍ കയറി പണിയെടുക്കാന്‍ ആവശ്യമുള്ള കുറിപ്പടി(code)യുടെ അന്തമില്ലാത്ത കടലും അതില്‍ കിടന്നലയ്ക്കുന്ന Englisഷും കോരനെ വലച്ചു. അകലിരിപ്പ്‌ സമ്പ്രദായത്തില്‍ പഠിച്ച കാരണം കോരന്‌ കണക്കുപ്പെട്ടിയുമായി അത്ര നല്ല വഴക്കവും ഇല്ലായിരുന്നു.

മഴ പെയതു,മഞ്ഞു വീണു,വേനല്‌ വന്നു... നേരം കോരന്റൊപ്പം കുതിച്ചു പാഞ്ഞു. കോരന്റെ തലയിലെ മൂള പുതുമഴകൊണ്ട പാടത്തെ പുല്ലുപോലെ മെല്ലെ മുളപൊട്ടി പച്ചിച്ചു. അധികം വൈകാതെ ഒരു ദിവസം വിപ്രാണി എന്ന ആയിട്ടി കൊപ്രയാട്ട്‌ കമ്പനിയില്‍ നിന്ന്‌ കോരന്റെ കൊണ്ടുനടക്കിയിലേയ്ക്ക്‌ ഒരു ഫോണ്‍. Are you looking for a job change? ഞെട്ടി. ആയിട്ടിയില്‍ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഞെട്ടല്‍. ഞെട്ടല്‍ മറച്ച്‌ കോരന്‍ മൊഴിഞ്ഞു. yaaaa... ഭ്രാന്തരത്തിലെ വളരേ വിശേഷപ്പെട്ട രണ്ട്‌ കമ്പനികളാണ്‌ വിപ്രാണിയും ഇമ്പോച്ചിയും. ഞെട്ടാനുള്ള കാരണവും ഇതുതന്നെ. സ്വപ്നം കണ്ടതിലും വലിയ ശമ്പളം, ബന്ധുക്കളുടെയിടയില്‍ പേര്‌... കോരന്റെ ഉള്ളു തുടുത്തു, പെണ്ണ്‌ പരിഭ്രമിച്ചു, ഒപ്പം കോരനും. കാരണം, ഈ ആയിട്ടിയെ അത്രക്ക്‌ വിശ്വസിക്കാന്‍ കോരന്‌ പേടി. പോരാത്തതിന്‌ അള്ളാക്കറിയാം പള്ളീലെ കാര്യം എന്ന്‌ പറഞ്ഞപോലെ കോരനറിയാം തലേലെ കുറിപ്പടിയുടെ ദാരിദ്ര്യം.

പേപ്പറായ പേപ്പറിലെല്ലാം അന്നൊക്കെ ഭ്രാന്തരത്തിന്റെ ആയിട്ടി പാഞ്ഞുകയറ്റം വാര്‍ത്തയായിരുന്നു, ഭ്രാന്തരത്തിന്റെ കുന്തമുന(സെക്സുമായി ബന്ധപ്പെട്ട എന്തോ ഒരു സെന്‍സ്‌ ആണ്‌ എന്ന്‌ കോരനറിയാം) ഒരുനാള്‍ 21000 ഒക്കെ മുട്ടിയത്രേ! നാട്ടിലെ ആയിട്ടികുട്ടികള്‍ ചെന്നയിലും ബംഗളൂരിലും ഭൂമിയിലാകെയും പുളച്ചുകയറി, അടിച്ചുപ്പൊളിച്ചു, യാഗങ്ങളിലും തര്‍ക്കങ്ങളിലും പങ്കെടുത്തു, ചന്ദനത്തിരിയും കുന്തിരിക്കവും വയറ്റിലെ ഗ്യാസും പുകച്ചു. മടിപ്പെട്ടി(laptop) തോളത്തിട്ട്‌ ട്രെയിനിലും, വോള്‍വോയിലും yaa yaa കുരച്ച്‌ വഴിവക്കിലെ പട്ടിണിപാവങ്ങളെ ഉണര്‍ത്തി, തകര്‍ത്താടി, ഊശാന്താടി ഉഴിഞ്ഞു. കാതടച്ച്‌ വള്ളി തൂക്കി പാട്ടുമൂളി, സെന്‍, സ്കോര്‍പിയൊ, i10,i20 വാങ്ങിച്ചുകൂട്ടി, ലീവൈസിന്റെ വാലറ്റത്തില്‍ (പേഴ്സ്‌ എന്ന്‌ മലയാലം,you know?) പത്തിരുപത്‌ credit പാത്തികള്‍ തിരുകി കയറ്റി, ഒപ്പം കാശുക്കൊട്ടയില്‍നിന്ന്‌ കാശ്‌ കൈയിട്ടുവാരാന്‍ debit പാത്തികളും... വികസിച്ചു. ഭ്രാന്തരം വികസിച്ചു. ഇതെല്ലാം കണ്ട്‌ കോരന്‍ ഒന്നു വിയര്‍ത്തു.

ആയിട്ടികള്‍ ചാറ്റി തുടങ്ങി, യാഹുവില്‍. നാടു വികസിക്കാത്തതിന്റെ കാരണങ്ങളും അവര്‍ ചീറ്റി വച്ചു, ഓര്‍ക്കുട്ടയില്‍. ഭ്രാന്തരത്തിന്റെ അഭിമാന നായ മനുമോന്‍ മുലകുടിച്ചത്‌ തൊട്ട്‌ കൊമ്പത്ത്‌ കയറിയതു വരെ എപ്പോഴും ഫസ്റ്റടിച്ചതിന്റെ പഞ്ചാംഗം ആയിട്ടികള്‍ ഈ-ക്കത്തിലൂടെ കൈമാറി. മൂന്നാം ക്ലാസ്സുമുതല്‍ 10-ആം ക്ലാസ്സുവരെ കണക്കിലും engളീഷിലും 0,1,2,3 എന്നീ strike ratuള്ള കോരന്‌ ഇതൊന്നും അത്ര ദഹിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ മാന്തികള്‍ക്ക്‌ (mind you, they are Ministers) ആയിട്ടികളുടെ സങ്കടങ്ങള്‍ ignoറിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. പോരാത്തതിന്‌, ചാന്ദിയും കോന്നിത്തലയും ഇടതു കക്ഷത്തില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു..."വികസനം പോരാ, പോരാ, ഇടതു കക്ഷം, വികസന വിരോധി..." അവസാനം രക്ഷയില്ലാതെ ഇളയമരം അണികളോട്‌ ആക്ക്രോശിച്ചു. "നമ്മള്‍ വ്യാപാരികള്‍ക്ക്‌ കൂടുതല്‍ 'വ്യപിചരിക്കാന്‍' അവസരം നല്‍കണം, മരം മുറിച്ചായാലും അവര്‍ക്ക്‌ കുടിലുക്കെട്ടികൊടുക്കണം, തെങ്ങിന്റെ മുകളില്‍ 'വ്യപിചരിക്കാന്‍' പറ്റുമോ? നിങ്ങള്‍ പറയൂ.". അങ്ങനെ ഇടത്‌ കക്ഷം മാന്താന്‍ തുടങ്ങി, മല, മണ്ണ്‌, കുളം എല്ലാം. അങ്ങനെ വികസനത്തിനുവേണ്ടി കേരളം കാത്തുകിടന്നു. പക്ഷേ കടുത്ത വേനലുപോലെ ലോകമാന്ദ്യം കേരളത്തിനേയും പൊതിഞ്ഞു.

ഇതിനിടെ, കൊപ്രയാട്ട്‌ കമ്പനിയിലെ പോക്ക്‌ അത്ര ശരിയല്ലെന്ന്‌ കണ്ട്‌ കോരന്‍ വിപ്രാണി വിട്ട്‌ വേറൊരു പല-നാട്‌ കമ്പനിയിലേക്ക്‌(MNC) ചാടി. ഭാഗ്യത്തിന്‌ അത്‌ നന്നായി. കാരണം, വിപ്രാണിയും ഇമ്പോച്ചിയും പോലുള്ള പല കമ്പനികളും ആയിട്ടികുട്ടന്മാരോടും ആയിട്ടികുട്ടിച്ചികളോടും വീട്ടില്‍ പോയി വിശ്രമിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം എന്നു പറഞ്ഞ്‌ ഓല കൊടുത്തുകൊണ്ടിരുന്നു. ഒരു ഓല കോരന്‌ ഉറപ്പായിരുന്നു. ചാടിയതുകൊണ്ട്‌ ആ ഓല ഒഴിവായിക്കിട്ടി.

കോരന്‍ പെണ്ണിനെ നാട്ടില്‍ വിട്ട്‌ നാലഞ്ച്‌ ചെറുപ്പക്കാരുടെ കൂടെയായിരുന്നു പൊറുതി. ആട്ടവും കൂടിയാട്ടവും പതിവ്‌, വെപ്പും തീനും ഉണ്ട്‌. സഹമുറിയന്മാര്‍ക്ക്‌ ജോലി ഇമ്പോച്ചിയിലും വിപ്രാണിയിലുമൊക്കെയാണ്‌. പക്ഷേ പാത്രം കഴുകല്‍, ചവറ്‌(തീറ്റബാക്കിയും മറ്റ്‌ ചപ്പ്‌ചവറുകള്‍) കളയല്‍ എന്നിവ ഒരു പട്ടികജാതി/പട്ടികവര്‍ഗ്ഗ പണിയായി സഹമുറിയര്‍ കാണുന്നത്‌ കോര്‍ന്‌ മനസിലാക്കാന്‍ പറ്റിയില്ല. തീറ്റബാക്കി നാലഞ്ച്‌ ദിവസം കഴിഞ്ഞ്‌ മുറിയില്‍ ചീഞ്ഞ്‌നാറിയാലും, "ക്രൂരത"(brute), "മഴു"(axe) തുടങ്ങിയ സെന്റുകള്‍ കക്ഷങ്ങളില്‍ തൂറ്റിച്ചും, തേച്ചുമിനിപ്പിച്ച കുപ്പായങ്ങളുമിട്ട്‌ അവര്‍ നടക്കും. ഒരു ആയിട്ടികുട്ടന്‍ ചവറു എടുത്ത്‌ കളയുന്നത്‌ അവര്‍ക്ക്‌ ഓര്‍ക്കാനേ കഴിയില്ല. കുറേയൊക്കെ കോരന്‍ സഹിച്ചു. ഒരു ദിവസം, ക്ഷമകെട്ട്‌ ഒരുത്തനെ പിടിച്ച്‌ "അടിച്ച്‌ തൂപ്പെറക്കി". അതില്‍ ക്ഷോഭിച്ച്‌ അവന്‍ പത്തിരുപത്‌ ഓണമധികമുണ്ട കോരനോട്‌ കയര്‍ക്കുകയും തീറ്റമതിയാക്കുകയും ചെയ്തു. അവനെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ പെട്ടെന്ന്‌ അവന്‍ ഒരിക്കല്‍ അയച്ചുത്തന്ന ഈ-ക്കത്ത്‌ കോരന്‍ ഓര്‍ത്തു. അതിന്റെ അവസാനത്തില്‍ അവന്‍ കുറിച്ചിട്ട അവന്റെ അടയാളം.

Regards,
Knaa K Kma,
ഇമ്പോച്ചി DBA.

ഒന്നോ രണ്ടു കൊല്ലമായി ഇമ്പോച്ചിയില്‍ ജോലി ചെയ്തത ഇവന്‍ ഒരു DBA ആയതിന്റെ കനം അഞ്ചാറു കൊല്ലമായി ആയിട്ടിയില്‍ ജോലി ചെയ്തിട്ടുള്ള കോരന്‍ ഇനി എന്നാണ്‌ മനസ്സിലാക്കുക?

3/24/2010

സ്വര്‍ണവും മോഹന്‍ലാലും

സ്വര്‍ണവും മദ്യവും എങ്ങിനെ കേരളത്തിന്റെ ശാപമായി മാറി എന്നത്‌ ഒരു അന്വേഷകനെ വിട്ടുകൊടുത്താല്‍, നമ്മുക്ക്‌ മുന്നില്‍ ബാക്കിയാവുന്നത്‌ അതിന്റെ ക്രൂരതകളും ഇരകളും കണ്ടുംകൊണ്ടും ന്‍ല്‍ക്കുന്ന നമ്മുടെ കലമ്പലുകളുമാണ്‌. മോഹന്‍ലാലിന്റെ സ്വര്‍ണ പരസ്യത്തിനെതിരെ സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍ ഒരു കച്ചവടക്കാരന്‌ അവകാശമുള്ള ചെയ്തികളിന്മേലുള്ള കടന്നുകയറ്റമായി നമ്മുടെ യുവത്ത്വവും സിനിമയെ നെഞ്ചേറ്റിയ സാധാരണക്കാരും മുറുമുറുത്തപ്പോള്‍, മദ്യത്തിനെതിരെ എല്ലാവര്‍ക്കും ഒരേ മൗനസമ്മാതമായിരുന്നു, കലമ്പലുകളില്ലാതെ. മദ്യമെന്ന ദുര്‍വ്യാധിക്കെതിരെ മനംനൊന്ത്‌ എല്ലാവരും ഉരുകി. കാരണം എന്താ? കുടുംബങ്ങള്‍ തകരുന്നു, ജീവിതങ്ങള്‍ തകരുന്നു.

ഛാരായത്തിന്റെ പരസ്യത്തില്‍ സ്വര്‍ണപരസ്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയൊടെ മോഹന്‍ലാല്‍ തകര്‍ത്താടിയിരുന്നെങ്കില്‍, ഇതേ ജനം ലാലിനേയും പരസ്യത്തേയും തീക്കൊളുത്തുമായിരുന്നു... എന്താ സ്വര്‍ണം പാവനമാണോ? കേരളത്തില്‍ സ്വര്‍ണം സമാധാനത്തിന്റെയും ശാന്തിയുടെയും അമ്മരൂപമാണോ? കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലക്കണ്ണിയാണോ?

സ്വര്‍ണം പരിശുദ്ധിയുടെയും ഛാരായം അശുദ്ധിയുടെയും രൂപങ്ങളായതുകൊണ്ടാണോ നമ്മള്‍ ഇങ്ങനെ പെരുമാറുന്നത്‌? അല്ല എന്ന്‌ പറയാന്‍ മനസ്സ്‌ വെമ്പുന്നു.

ഇന്ന് കേരളത്തില്‍, സ്ത്രീക്ക്‌ സ്വര്‍ണവും പുരുഷന്‌ മദ്യവും ലഹരിയാണ്‌, അര്‍ബുദംപോലെ വളര്‍ന്ന്‌ തലചോറ്‌ കാര്‍ന്ന് തിന്നുന്ന ലഹരി. എല്ലാ പുരുഷനും സ്ത്രീക്കും ഇതു ബാധിക്കുന്നില്ല. ആര്‍ക്ക്‌ എങ്ങിനെ ഇതു ബാധിക്കുന്നു എന്നത്‌ കേരളത്തിന്റെ ഒരു പ്രശ്നമാണ്‌. മറ്റൊരു ദേശത്ത്‌ മറ്റ്‌ സാധനങ്ങളോ പ്രവര്‍ത്തിയോ ആയിരിക്കാം അവരുടെ അര്‍ബുദം. ഒരു പക്ഷേ അര്‍ബുദം ബാധിക്കാത്ത ഒരു ദേശവും ഉണ്ടായിരിക്കാം. വീണു ചതഞ്ഞ ഒരു പഴം കൊട്ടയിലുള്ള മറ്റ്‌ പഴങ്ങളെ പുഴുക്കുത്തേല്‍പ്പിക്കുന്നതുപോലെ, ചീഞ്ഞഴുകിയ ഒരു സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ ഈ ലഹരി ഇന്നും നമ്മില്‍ പലരേയും ബാധിക്കുന്നു, നമ്മുടെ കേരളത്തില്‍.

ഇതില്‍ ഏതു ലഹരിയാണ്‌ മാന്യമായത്‌? കുഴഞ്ഞാടി തെറിയും അക്രമവും ശര്‍ദ്ദിക്കുന്ന മദ്യലഹരിയോ, വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണചങ്ങലയില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചും സ്റ്റൗ പോട്ടിത്തെറിപ്പിച്ചും മച്ചിയാക്കിയും തെരുവിലെറിയുന്ന സ്വര്‍ണലഹരിയോ? നമ്മള്‍ തിരഞ്ഞെടുത്തു...സ്വര്‍ണലഹരി. നമ്മുക്കിന്ന്‌ ഈ ലഹരി കണ്മണിയാണ്‌, അരുമയാണ്‌, പ്രമാണിത്തമാണ്‌. കാരണം...?

കാരണം, മദ്യലഹരി ലക്കില്ലാത്ത ആണ്‍കോയ്മയുടെ പരസ്യമായ തളര്‍ന്നുവീഴലാണ്‌, മറിച്ച്‌ പെണ്ണിന്റെ രഹസ്യമായ പ്രതികാരത്തിന്റെ സ്വകാര്യതയാണ്‌ സ്വര്‍ണലഹരി. അതുകൊണ്ട്‌ പെണ്ണിനുമുമ്പില്‍ ആണാവാന്‍ ബലക്കുറവുള്ള പുരുഷന്‌ ഇതിലും നല്ല ലഹരി വേറെയുണ്ടോ? അതുകൊണ്ടല്ലേ ഇന്നത്തെ 70% റ്റീവീ പരസ്യങ്ങളില്‍ സ്വര്‍ണലഹരി നുരഞ്ഞ്‌പൊന്തുന്നത്‌? സിനിമാനടന്മാര്‍ ആണത്തമില്ലാത്ത ചിരിയുമായി സ്വര്‍ണലഹരി വില്‍ക്കുന്നത്‌?

എന്തിനീ അരികുചേരല്‍? സ്വര്‍ണലഹരിപോലെ മദ്യലഹരിയും നിങ്ങള്‍ പരസ്യമാക്കണം, ആകര്‍ഷകമാക്കണം. എങ്കിലേ നമ്മള്‍ നമ്മളാകൂ, സത്യസന്ധരാകൂ. ചര്‍ച്ചകളില്‍, ഛാരായത്തിന്റെ നാറ്റം അസഹ്യമാണെങ്കില്‍, പൊന്നിന്റെ വിഷം എന്തുകൊണ്ട്‌ ഭീഭത്സമായിക്കൂടാ? പുരുഷന്റെ ലഹരി മാന്യമാക്കാത്തവര്‍, എന്തിന്‌ സ്ത്രീയുടെ ലഹരി മാന്യമാക്കുന്നു?

പരസ്യമായ തളര്‍ച്ചയേക്കാള്‍, രഹസ്യമായ ക്രൂരതയാണ്‌ മാന്യമെന്ന നമ്മുടെ മനോരോഗം ഇനിയും നാം പേറണോ?

ജാലകം